ഒരു ദിവസം രാവിലെ ഞാൻ എന്റെ മുറിയിൽ ആയിരുന്നു. അപ്പോഴാണ് അച്ഛന്റെ സംസാരം കേട്ടത്. ഞാൻ റൂമിന്റെ പുറത്തേക്ക് പോയി. അച്ഛൻ ഹാളിൽ ആണ് ഉള്ളത്. എനിക്ക് ക്ഷീണം പോലെ തോന്നിയത് കൊണ്ട് ഞാൻ ഹാളിലുള്ള സോഫയിൽ ഇരുന്നു. ഇപ്പോൾ കുറച്ചായി ക്ഷീണം കൂടുതൽ ആണ്.
അച്ഛൻ ആരോടോ ഫോണിൽ സംസാരിക്കുകയാണ്..
“ശരിക്കും… നേരാണോ? എന്നാൽ ഇതൊരു സന്തോഷ വാർത്ത ആണല്ലോ?
എന്നാൽ ശരി ഞാൻ വിളിക്കാം”
അച്ഛൻ ഫോൺ വെച്ചയുടെനെ അടുക്കളയിൽ നോക്കി അമ്മയെ വിളിച്ചു. എന്നിട്ട് അമ്മയോട് പറഞ്ഞു.
“എടിയേ എടിയേ ഇങ്ങ് വന്നേ നീ അറിഞ്ഞോ ഒരു വാർത്തയുണ്ട്? നീയേ നീ ഒരു മുത്തശ്ശി ആകാൻ പോകുന്നു. ഞാൻ ഒരു മുത്തച്ചനും. നമ്മുടെ അമൃത മോൾക്ക് വിശേഷം ഉണ്ടെന്ന്.?”
“ഇത് ആരാ നിങ്ങളോട് പറഞ്ഞത് മോളാണോ..? ” അമ്മ അത് കേട്ട ഉടനെ ചോദിച്ചു.
“അല്ല. ജീവന്റെ അമ്മയാ. ഇപ്പോൾ വിളിച്ചു പറഞ്ഞതെ ഉള്ളൂ. അവർ ഇന്ന് തന്നെ അങ്ങോട്ട് പോവുകയാണ് പോലും. നമുക്കും പോയാലോ? ”
അച്ഛൻ അത് പറയുമ്പോഴേക്കും ഞാൻ തല ചുറ്റി സോഫയിൽ വീണു കിടന്നു. അത് കണ്ട് നിലവിളിച്ചു അമ്മ എന്റെ അടുത്തേക്ക് ഓടി വന്നു.
“അയ്യോ എന്റെ മോളെ… എന്റെ മോൾക്ക് എന്താ പറ്റിയത്.. ” അമ്മ വേഗം എന്റെ തല എടുത്തു അമ്മയുടെ മടിയിൽ വെച്ചു എന്റെ മുഖത്തു തലോടി.
“എന്റെ മനുഷ്യാ വേഗം കുറച്ചു വെള്ളം ഇങ്ങ് എടുത്തു വാ.. എന്നിട്ട് കാർ എടുക്ക് നമുക്ക് ഹോസ്പിറ്റലിൽ പോകാം. എന്റെ അമൃത മോളുടെ കല്യാണം കഴിഞ്ഞ അന്നുമുതൽ തുടങ്ങിയതാ എന്റെ വർഷ മോളുടെ ഈ തല കറക്കം. എന്റെ അമൃത മോൾ പോയത് കൊണ്ടാ ഇവൾക്ക് ഇങ്ങനെ വരുന്നത്. രണ്ടു പേരെയും ഒരു വീട്ടിൽ കെട്ടിച്ചു വിട്ടാൽ മതി ആയിരുന്നു.”
അപ്പോഴേക്കും അച്ഛൻ വെള്ളം എടുത്തു വന്നു എന്റെ മുഖത്തു തെളിച്ചു. എനിക്ക് ബോധം തെളിഞ്ഞു.
” കുറച്ചു വെള്ളം കുടിക്ക് എന്നിട്ട് നമുക്ക് ഹോസ്പിറ്റലിൽ പോകാം.
. മോൾ ഈ വേഷം മാറി വാ . .” അമ്മ പറഞ്ഞു.
“നീ ഒന്ന് അടങ്ങ്. അതിന് മുൻപ് നമുക്ക് ബി പി ഒന്ന് നോക്കാം. എന്നിട്ട് ഹോസ്പിറ്റലിൽ പോകാം. നീ ആ ബി പി നോക്കുന്ന മെഷീൻ ഇങ്ങ് എടുക്ക്.” അച്ഛൻ പറഞ്ഞു. അമ്മ ചെന്ന് അത് എടുത്തു വന്നു. അച്ഛൻ എന്റെ ബി പി നോക്കി. അതിൽ ബി പി കുറവായിരുന്നു.
“നിന്നോട് ഞാൻ പലപ്പോഴും പറഞ്ഞതാ മോൾക്ക് ഉപ്പിട്ട് കഞ്ഞിവെള്ളം കൊടുക്കണം എന്ന് . എവിടെ കേക്കാൻ.”
അച്ഛൻ ചൂടായികൊണ്ട് പറഞ്ഞു.
“ഞാൻ കൊടുക്കാഞ്ഞിട്ടൊന്നും അല്ല. ഇത് കുടിക്കാഞ്ഞിട്ട. കണ്ടില്ലേ കുറച്ചു ദിവസായി മോൾക്ക് ആകെ ഒരു തളർച്ചയും ക്ഷീണവും പോലെ. ഈ പെണ്ണ് അത് പുറത്തു കാണിക്കുന്നില്ല എന്നെ ഉള്ളൂ. നിങ്ങൾ നല്ല എവിടെയെങ്കിലും കൊണ്ട് പോയി മോളെ ഒന്ന് കാണിക്ക്. എന്റെ മോൾക് എന്താ പറ്റിയത് എന്ന് അറിയാലോ.. ” അമ്മ പറഞ്ഞു.
“ഞാൻ ഇപ്പോൾ എവിടേയും വരുന്നില്ല.. എനിക്ക് എവിടേയും പോകുകയും വേണ്ട അമ്മ എന്നെ വിട്ടേ.. ഞാൻ കുറച്ചു സമയം പോയി കിടക്കട്ടെ. അമ്മ എനിക്ക് കുറച്ചു വെള്ളം കുടിക്കാൻ തന്നാൽ മതി. ”
അതും പറഞ്ഞു ഞാൻ എഴുനേറ്റ് എന്റെ റൂമിലേക്ക് പോയി. അതു മുതൽ ഒരു ഭയം എന്നിൽ നിറഞ്ഞു. ഞാൻ കലണ്ടർ എടുത്തു നോക്കി. അതേ ചേച്ചിയുടെ വിവാഹം കഴിഞ്ഞിട്ട് രണ്ടു മാസം ആകാൻ ആയി. ചേച്ചിയുടെ വിവാഹത്തിന്റെ രണ്ടാഴ്ച മുൻപ് എനിക്ക് പിരീഡ് ആയതാ.. പിന്നെ പിരീഡ് ആയില്ല. അപ്പോൾ. ഞാൻ എന്റെ വയറിൽ തഴുകി. ജീവേട്ടന്റെ കുഞ്ഞ് തന്റെ വയറ്റിൽ വളരുന്നുണ്ടോ? അതാണോ ഈ ക്ഷീണവും തളർച്ചയും. അങ്ങനെ എങ്കിൽ എന്ത് ചെയ്യും.
എനിക്ക് ആകെ പേടി തോന്നി. പക്ഷെ ഇത് സത്യം ആണെങ്കിൽ ഞാൻ പ്രസവിക്കും വളർത്തും. ഇനി എന്തായാലും എനിക്ക് വേറെ ഒരു വിവാഹം വേണ്ട. എന്റെ ജീവൻ ഉള്ളത് വരെ ജീവേട്ടനെ മറക്കാൻ ആകില്ല. ജീവേട്ടൻ തന്ന സ്നേഹത്തിന്റെ ഓർമ്മയുണ്ട് അത് മതി. ഭാഗ്യം ഉണ്ടെങ്കിൽ ജീവേട്ടന്റെ ഒരു കുഞ്ഞും.
