“ ഇല്ല ചേട്ടാ.. എന്തൊക്കെ സംഭവിച്ചാലും ഞാൻ മിസ്സിനേ കൈവിടത്തില്ല. ” ജെസ്സിക്ക് ഞാൻ കൊടുത്ത വാക്കാണ്. അത് മറക്കാൻ എൻ്റെ മനസാക്ഷി സമ്മതിച്ചില്ല.
“ നീ പിന്നെ എന്തൊണ്ടാക്കാനാ?? മൈരേ എന്നെകൊണ്ടൊന്നും പറയിപ്പിക്കല്. ”
ഇനി എന്തെങ്കിലും എതിർത്ത് പറഞ്ഞാല് അടികിട്ടുമെന്ന് തോന്നിയത് കൊണ്ട് ഞാൻ ഒന്നും മിണ്ടിയില്ല.
“ നീ ദേ മുഖം ഒക്കെ തുടക്ക്. വാ നിൻ്റെ അമ്മ വിളിക്കാൻ തുടങ്ങിയിട്ട് നേരം കുറേയായി. ”
“ നീ വാ.. ബാക്കി നമുക്ക് നോക്കാമെടാ.. നീ പേടിക്കാതെ. ഒന്നില്ലേലും നീ പെഴച്ചുപോയതിൽ എനിക്കുമില്ലേ ഒരു പങ്ക് ”എൻ്റെ മുഖത്തെ ഭാവം കണ്ട് ചേട്ടൻ ഒന്ന് ചിരിച്ച് കൊണ്ട് പറഞ്ഞു.
അതെന്തായാലും എനിക്ക് വല്ലാത്തൊരു സമാധാനം തന്നു.
തിരിച്ച് വീട്ടിലേക്ക് പോകുന്ന വഴി കൂടുതൽ സംസാരം ഒന്നും ഞങ്ങൾക്ക് ഇടയിൽ കടന്നു വന്നില്ല. ചേട്ടൻ്റെ കൈ അപ്പോഴും എൻ്റെ തോളിലൂടെ ഇട്ടിരുന്നു.
വീട്ടിൽ ചെല്ലുമ്പോ അമ്മ മുറ്റത്ത് മാവിന് താഴെ നിന്ന് ആരെയോ വിളിക്കുവാണ്. ഞങ്ങളെ കണ്ടപ്പോ ധൃതിയിൽ കോൾ കട്ടാക്കി ഞങ്ങൾക്ക് അടുത്തേക്ക് വന്നു. കണ്ണൻ ചേട്ടൻ്റെ മുഖത്തേക്ക് നോക്കിയുള്ള അമ്മയുടെ പുഞ്ചിരിയിൽ ഞങ്ങള് നിന്നുരുകി.
“ എന്താ കാര്യം.. എന്തിനാ പെട്ടന്ന് വരാൻ പറഞ്ഞേ??”
എൻ്റെ കുരു പൊട്ടി ഞാൻ ചോദിച്ചു.
“ അതൊക്കെയൊണ്ട്.. ഒരു പത്ത് മിനിട്ട് വെയിറ്റ് ചെയ്യ്. ”
“ അനിതാമ്മേ ഒള്ള കാര്യം പറ.. ചുമ്മാ സസ്പെൻസ് ഇടാതെ. ഇപ്പൊ അതിനൊള്ള മൂടല്ല.”
ചേട്ടനും അൽപ്പം തറപിച്ചാണ് അമ്മയോട് സംസാരിച്ചത്.
അമ്മയ്ക്ക് അത് മനസ്സിലാകുകയും ചെയ്തു.
“ നിങൾ എന്തിനാ ഇങ്ങനെ ചൊടിക്കുന്നത് പിള്ളാരെ…
ദേ കണ്ണാ അകത്ത് നിൻ്റെ അമ്മ ജെസ്സി മോളോട് സംസാരിക്കാൻ ഇരിക്കുവാ. ഒരു കല്യാണ ആലോചനയൊക്കെ ആണ്. ഞാൻ ഇപ്പോ ദേ ചേട്ടൻ വിളിച്ചപ്പോ പുറത്തോട്ട് വന്നതാ..”
“ കല്യാണമോ.. ആർക്ക്..??”
“ നിങ്ങടെ!!. രധേച്ചിക്ക് മോളെ പിരിയാൻ വയ്യാണ്ടായി.
നിങ്ങടെ കല്യാണം നടന്നാ പിന്നെ അത് ഓകെ”
“ അനിതാമ്മേ.. ദേ ഒരുമാതിരി കോപ്പിലെ വർത്താനം പറയരുത്. ഞാൻ ആരെ കെട്ടണം എന്ന് ഞാനല്ലേ തീരുമാനിക്കുന്നേ?? ”
എൻ്റെ അമ്മയോട് ഇത്രയ്ക്ക് കടുപ്പിച്ച് സംസാരിക്കുന്നത് ഇതാദ്യമാണ്. അമ്മക്കും ആത് വല്ലാതെ ഫീൽ ആയപോലെ.
“ ടാ. അപ്പോ നിനക്ക് ഇഷ്ടമല്ലേ.. നിനക്ക് ഓക്കേ ആണെന്ന് രാധേച്ചി പറഞ്ഞല്ലോ..”
“ ആര്.. നിങ്ങള് ഇവിടെ നിക്ക്. ഞാൻ ഇപ്പൊ വരാം ”
ചേട്ടൻ വീട്ടിലേക്ക് ഓടി. അമ്മ പിന്നാലെ പോകാൻ നോക്കിയെങ്കിലും ഞാൻ പെട്ടെന്ന് തടഞ്ഞു. എന്താണെന്നറിയില്ല. അറിഞ്ഞോണ്ടല്ല..
ഇതുവരെയും ഒന്നും മിണ്ടാതെ നിന്ന എന്നെ അമ്മ അൽപ്പം സംശയത്തോടെ നോക്കി.
“ മിസ്സ് എവിടെ?? ”
യാതൊരു ഭാവ മാറ്റവും കൂടാതെ ഞാൻ അമ്മയോട് ചോദിച്ചു.
“ അകത്ത് പാത്രം എന്തോ കഴുകുന്നു. ഞങ്ങളെ അങ്ങോട്ട് കേറ്റിയില്ല. ”
ചിരിച്ച് കൊണ്ട് അമ്മ മറുപടി തന്നു.
പെട്ടെന്ന് ചേട്ടൻ രാധമ്മേയും കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് പുറത്തേക്കിറങ്ങി വന്നു.
“ എന്തോന്നടാ.. വലിക്കാതെ.. കൈ വേദനയെടുക്കുന്നു.”
ചേട്ടൻ്റെ പിന്നാലെ ചേട്ടനെ വഴക്കും പറഞ്ഞ് രാധാമ്മയും നടന്ന് ഞങ്ങൾടെ അടുത്തെത്തി.
“ എന്തോന്നാ അനിതെ.. ഇവനിതെന്തോ പറ്റി??. ”
ചേട്ടൻ്റെ ചെയ്തിയിൽ സംശയത്തോടെ രാധാമ്മാ അമ്മയോട് തിരക്കി.
അമ്മ അറയില്ലെന്ന മട്ടിൽ കൈ മലർത്തി കാട്ടി.
ചേട്ടൻ എന്താ പറയാൻ പോകുന്നതെന്ന് അറിയാതെ ഞാൻ നിന്ന് വലഞ്ഞു. അവിടെ വാതിൽ പടിയിൽ പുറത്തേക്ക് നോക്കി നിൽക്കുന്നു മിസ്സ്. എന്നെ കണ്ടപ്പോ മുഖത്ത് ഒരു നൂറ് വോൾട്ടിൻ്റെ പുഞ്ചിരിയും. അത്രയും നേരം ഞാൻ തിന്ന തീയെല്ലാം ഇപ്പൊ ഉള്ളിനെ വല്ലാതെ തണുപ്പിക്കുന്നു. ഞാൻ തിരിച്ചും ഓൺ ചിരിച്ചിട്ട് മറ്റാരും കാണാതേ കൈകൊണ്ട് അവളോട് അകത്തേക്ക് പോകാൻ കാണിച്ചു.
മിസ്സ് ഒന്ന് സംശയിച്ചെങ്കിലും എൻ്റെ മുഖത്തെ വിളർച്ച കണ്ടിട്ടാവണം ഉടനെ അവിടെനിന്നും പോയി.
