അരവിന്ദനയനം – 1 Like

കളിയുടെ കാര്യത്തിൽ ഞാൻ പണ്ടുമുതലേ നോ പറയാറില്ല. പോരാത്തതിന് അവന്മാർ അവിടെ അധികം നേരം നിന്നു അത് അമ്മ കണ്ടാൽ ഇന്നത്തെ ദിവസം ഫുൾ ഞാൻ ചീത്ത കേക്കും. അത്കൊണ്ട് തന്നെ വരാം എന്ന് പറഞ്ഞു അവരെ മടക്കി അയച്ചു. എന്നിട്ട് ഞാൻ വീണ്ടും പത്രത്തിൽ തല പൂഴ്ത്തി.

“അർജുനെ വിളിച്ചു ഫസ്റ്റ് നൈറ്റ്‌ എങ്ങനെ ഉണ്ടെന്നു ചോയ്ച്ചാലോ..?, അല്ലേ വേണ്ട പിന്നെ വിളിക്കാം ഇപ്പൊ തിരക്കാവും.” അങ്ങനെ ഓരോന്ന് ഓർത്ത് ഇരിക്കണ നേരം അമ്മ വന്നു തലയ്ക്കു ഒരു കൊട്ടും തന്നു 2 വഴക്കും പറഞ്ഞു പോയി.

സത്യം പറഞ്ഞാൽ ഞങ്ങൾ ആൺപിള്ളേർക്കു ഡെയിലി അമ്മേടെ കയ്യിൽ നിന്നു ഓരോന്ന് വാങ്ങിയില്ലേൽ ആകെ ഒരു സമാധാനകേട് ആണ് എന്താണോ എന്തോ…
ഞാൻ എഴുന്നേറ്റു അന്നത്തെ കാര്യപരിപാടികളിലേക്ക് കടന്നു. ഉച്ചവരെ പുറത്ത് തെണ്ടി നടന്നിട്ട് കഴിക്കാൻ സമയം ആയപ്പോൾ തന്നെ വീട്ടിൽ ഹാജർ വെച്ചു. കഴിച്ച് കഴിഞ്ഞു ഒന്ന് കിടന്നതേ ഓർമ്മയുള്ളൂ ഫോൺ ബെൽ അടിക്കുന്ന കേട്ടാണ് കണ്ണ് തുറന്നത്.

പരിചയം ഇല്ലാത്ത ഒരു നമ്പർ..
“ഹലോ ചേട്ടാ അഭിഷേക് ആണ്, കളി തൊടങ്ങാറായി ചേട്ടൻ എവിടാ? വേഗം വാ.”

“ആഹ് ഞാൻ ദേ എത്തി നീ എല്ലാം റെഡി ആക്കിക്കോ.”
സമയം നോക്കിയപ്പോൾ 4 മണി ആവാറായി, ശോ ഇത്ര നേരം ഉറങ്ങിയോ.
ഞാൻ നേരെ ബാത്‌റൂമിൽ കേറി ഒന്ന് ഫ്രഷ് ആയി ജേർസി, ഷൂ മുതലായ സാധനസാമഗ്രികൾ എല്ലാം എടുത്തു അമ്മേടെ കണ്ണിൽ പെടാതെ ഓടി പാടത്തു എത്തി.

കളി ഒരുവിധം ജയിക്കാനായി, അപ്പോഴേക്കും എന്റെ അയലത്തെ വീട്ടിലെ ഒരു കാന്താരി ഒരുത്തി ഉണ്ട് ആമി, എന്റെ എല്ലാ കുരുത്തക്കേടും അമ്മയുടെ കാതിൽ എത്തിക്കുന്നത് ഇവൾ ആണ്.
അവൾ ഓടി വന്നു പറഞ്ഞു
“അരവിന്ദേട്ടാ ഏട്ടനെ അമ്മ വിളിക്കുന്നു അത്യാവശ്യം ആയിട്ട് ചെല്ലാൻ പറഞ്ഞു”

“ആഹ് ഇപ്പൊ പോവാം ഈ കളി ഇപ്പൊ തീരും. നീ അമ്മയോട് ചെന്ന് പറ.”
ഞാൻ അവളെ പറഞ്ഞു വിടാൻ നോക്കി.

“ഏട്ടൻ ചെന്നില്ലേ അമ്മ ഇങ്ങോട്ട് വരുമെന്ന് പറയാൻ പറഞ്ഞു.”

“ങേ…” ഞാൻ ഒന്ന് ഞെട്ടി. ഇതെന്താ ഇപ്പൊ ഇത്ര അത്യാവശ്യം. ആഹ് പോയിനോക്കാം. ഞാൻ പിള്ളേർ സെറ്റിനോട് പറഞ്ഞിട്ട് ഒരുത്തനെ സബ് ഇറക്കിട്ടു അവിടെ നിന്നു വീട്ടിലേക്കു അവളേം കൂട്ടി നടന്നു.

“എന്താടി കാര്യം എന്താ ഇത്ര അത്യാവശ്യം? റേഷൻ കടയിൽ വല്ലതും പോവാൻ ആണോ? ” ഞാൻ ചോദിച്ചു.

“പിന്നെ അതൊന്നും ആവില്ല ഇത് വേറെ എന്തോ പ്രശ്നം ആണ് സത്യം പറ വല്ലതും ഒപ്പിച്ചോ?” അവളുടെ ചോദ്യം കേട്ട് എന്റെ നെഞ്ച് ഒന്ന് കാളി.

“ദൈവമേ വല്ല സിഗരറ്റ് കുറ്റി വല്ലതും കിട്ടികാണുവോ കയ്യിൽ. വല്ലപ്പോഴും കൂടി ഒന്ന് പുകയ്ക്കും എന്നല്ലാതെ ഇത് ഞാൻ അങ്ങനെ സ്ഥിരം ഉപയോഗിക്കാറില്ല.”

ഗേറ്റിനു മുന്നിൽ എത്തിയപ്പോൾ ഒരു പുതിയ കാർ കിടക്കുന്നു.

“ഇതാരാ ഇപ്പൊ പുതിയ കാറിൽ ഒക്കെ വരാൻ മാത്രം?”

ഞാൻ പതിയെ ഗേറ്റിനു മോളിൽ കൂടി ഒന്ന് എത്തിനോക്കി. നോക്കുമ്പോ അമ്മ എളിയിൽ കയ്യും കുത്തി മുറ്റത്തോട്ട് നോക്കി നിൽക്കുന്നുണ്ട്. മുഖത്ത് വല്യ കലിപ്പ് ഭാവം ഒന്നും ഇല്ല, ആശ്വാസം…

ഞാൻ പരിസരം വീക്ഷിക്കുന്നതിനിടയ്ക്ക് ആമി ഗേറ്റ് തള്ളി തുറന്നു അകത്തേക്ക് നടന്നു.

“ഹോ.. ഈ പെണ്ണിനെ കൊണ്ട്…” പഠിക്കുന്നത് ഏഴാം ക്ലാസ്സിൽ ആണെങ്കിലും അവളുടെ നാക്ക് ഡിഗ്രിക്ക് ആണ് പഠിക്കുന്നെ.
വേറെ വഴി ഇല്ലാതെ ഞാനും അവളെ അനുഗമിച്ചു.
ഏതോ ഗസ്റ്റ് വന്ന ലക്ഷണം ഉണ്ട്. ഞാൻ കുട്ടിനിക്കറും ഇട്ടു വിയർത്തൊലിച്ചു മുറ്റത്തേക്കു കയറിയപ്പഴേ അമ്മേടെ മുഖം മാറി.

“എന്ത് കോലമാടാ ഇത് മനുഷ്യനെ നാണംകെടുത്താൻ ആയിട്ട് തുണീം കോണാനും ഇല്ലാണ്ട് വന്നോളും പോയി മുണ്ട് എടുത്തു ഉടുത്തു വാ” അമ്മയുടെ വർത്തമാനം കേട്ട് ആമി നിന്നു ചിരിക്കാൻ തുടങ്ങി.

അപ്പോഴാണ് അകത്തു ഇരിക്കുന്ന ആളെ ഞാൻ കണ്ടത്. അർജുൻ.
“ഓ അപ്പൊ ഇവൻ ആണോ പുതിയ കാറും കൊണ്ട് വന്നത്, ഇതിനാണോ എന്റമ്മേ ഇത്ര ബിൽഡ് അപ്പ്‌ കൊടുത്തത്. ഇവൻ ആദ്യായിട്ടാണോ ഇവിടെ വരണത് അവൻ എപ്പഴും ഇവിടെ തന്നെ അല്ലേ.”

Leave a Reply

Your email address will not be published. Required fields are marked *