അരവിന്ദനയനം – 1

എന്റെ തല മടിയിൽ നിന്നും ഇറക്കി വെച്ച് അമ്മ എഴുനേറ്റു. ഞാനും എന്ത് പറയണം എന്നൊരു അവസ്ഥയിൽ ആയിരുന്നു. ഇതിനു മുൻപ് എന്നോട് അമ്മ ഇങ്ങനെ ഒന്നും സംസാരിച്ചിട്ടേ ഇല്ല. ഞാൻ എഴുനേറ്റു കട്ടിലിൽ തന്നെ ഇരുന്നു.

അമ്മ എന്റെ വലിച്ചുവാരി ഇട്ടേക്കുന്ന ഡ്രസ്സ്‌ ഒക്കെ മടക്കിവെക്കാൻ തുടങ്ങി.
“ഞാൻ ഒരുപാട് ആഗ്രഹിച്ചതാ ഒരു മോളെ.. എന്നാൽ എനിക്ക് അങ്ങനെ ഒരു ഭാഗ്യം ദൈവം തന്നില്ല. ചിലർക്ക് പെൺകുട്ടി ജനിച്ചാൽ അവർക്ക് ഭയങ്കര നിരാശ ആണ്, എന്നാൽ എനിക്ക്…. മോളെ എനിക്ക് ദൈവം തന്നില്ല ആ നഷ്ടം ഒരു മരുമോളിൽ കൂടി എനിക്ക് നികത്തണം. ഞാൻ പറഞ്ഞെന്നെ ഉള്ളു നീ ആലോചിച്ചു ഒരു തീരുമാനം പറ.”
എനിക്ക് ഒന്നും പറയാൻ തോന്നിയില്ല. അല്ലേലും ഞാൻ എന്ത് പറയാൻ ആണ്. അമ്മ പറയുന്നത് കാര്യം അല്ലേ.

“നിനക്ക് നാളെ എന്താ കഴിക്കാൻ വേണ്ടേ?” വീണ്ടും അമ്മയുടെ ശബ്ദം..
“എന്തായാലും മതി.” ഞാൻ എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു. സാദാരണ എന്ത് ഉണ്ടാക്കിയാലും രാവിലെ അതിന്റെ പേരിൽ ഒരു അടി ഉണ്ടാക്കിയിട്ടേ ഞങ്ങൾ പിരിയാറുള്ളു.
ചിന്തിച്ചു ചിന്തിച്ചു എപ്പഴോ ഉറങ്ങിപ്പോയി.
************
രാവിലെ നേരത്തെ തന്നെ എഴുനേറ്റു. നേരെ അടുക്കളയിലേക്കു പോയി. സാദാരണ ഭക്ഷണം കഴിക്കാൻ മാത്രം ആണ് ആ വഴി പോണത്. എത്ര വലിയ ഡൈനിങ്ങ് ഹാൾ ഉണ്ടേലും അടുക്കളയിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നത് ഒരു ശീലം ആയിപോയി.

“ങേ…ഇന്ന്‌ കാക്ക മലന്നു പറക്കും. ഇതാരാ ഈ കൊച്ചു വെളുപ്പാൻകാലത്തു വന്നേക്കണേ..?” ആമി ആണ്. ഇവൾ രാവിലെ തന്നെ ഇങ് വന്നോ.
“ഓ.. മാഡം രാവിലെ തന്നെ എത്തിയോ അമ്മേടെ സമാദാനം കളയാൻ.”

“പോടാ അവൾ ഉള്ളതാ എനിക്കൊരു സമാദാനം. നീയൊക്കെ രാവിലെ ഇറങ്ങി പോയ പിന്നെ എപ്പഴാ വന്നു കേറണത് വീട്ടിൽ. അത്ര നേരം എന്റെ ആമി കുഞ്ഞാണ് എനിക്ക് കൂട്ട്.”

“ഓ ഒരാമി കുഞ്ഞ്…അമ്മേ ദേ ഇവളീ പുട്ടിനു ചിരകി വെച്ചേക്കണ തേങ്ങ മുഴുവൻ തിന്നു തീർക്കും ഒന്നു നോക്കിക്കോ” ഞാൻ അവള്ടെ തലയിൽ ഒരു കൊട്ടും കൊടുത്തു ബ്രഷും എടുത്തു പുറത്തേക്കു നടന്നു.

കഴിക്കാൻ ഇരുന്നപ്പോ വീണ്ടും അമ്മ കല്യാണക്കാര്യം എടുത്തിട്ടു.
“ഡാ നീ എന്ത് തീരുമാനിച്ചു? ആ ബ്രോക്കറോട് വരാൻ പറയട്ടെ?”

“ങേ… അരവിന്ദേട്ടന്റെ കല്യാണം ഉറപ്പിച്ചോ വല്യമ്മേ?” ആമിക്ക് വിശ്വാസം വന്നില്ല. അവളുടെ കുഞ്ഞിക്കണ്ണു തള്ളി പുറത്തേക്കു വന്നു.
“ഉറപ്പിക്കാൻ ഇവൻ സമ്മതിക്കണ്ടേ മോളെ ഞാൻ കൊറേ പറഞ്ഞു ഇനി നീ പറഞ്ഞു സമ്മതിപ്പിക്ക്.”
“അരവിന്ദേട്ടാ പ്ലീസ് പ്ലീസ് പ്ലീസ്…. സമ്മതിക്കു, എനിക്ക് ഏട്ടന്റെ കല്യാണത്തിന് ചെത്തി പൊളിച്ചു നടക്കണം തലയിൽ കൊറേ മുല്ലപ്പൂ ഒക്കെ വെച്ച് പുതിയ ഉടുപ്പൊക്കെ ഇട്ട്, പിന്നെ എന്റെ കൂട്ടുകാരേം വിളിക്കണേ.”
“നീ അവിടം വരെ ഒക്കെ എത്തിയോ, ഇവിടെ പെണ്ണുപോലും കണ്ട് തൊടങ്ങില്ല നീ അതിനിടയിൽ കല്യാണം വരെ എത്തിയോ.” ഞാൻ അവളെ എരിവ് കേറ്റാനായി പറഞ്ഞു.
“അതിനിപ്പോ എന്താ നമ്മക്ക് പോയി പെണ്ണ് കാണാല്ലോ ബ്രോക്കറോട് വരാൻ പറഞ്ഞാൽ പോരെ?”
“അങ്ങനെ പറഞ്ഞു കൊടുക്ക്‌ മോളെ” അമ്മ ആമിടെ നെറുകിൽ ഉമ്മ കൊടുത്തോണ്ട് പറഞ്ഞു.
“നമ്മക്കാ?? നീ എന്തിനാ വരണേ എനിക്കല്ലേ പെണ്ണുകാണണ്ടെ അല്ലാണ്ട് നിനക്കണോ?”
“അയ്യടാ അങ്ങനെ ഇപ്പൊ മോൻ സുഗിക്കണ്ട എനിക്കും കൂടി കണ്ട് ഇഷ്ടപെടണ പെണ്ണിനെ കെട്ടിയ മതി അല്ലേ ഞാൻ കച്ചറ ആക്കും കണ്ടോ… ഹും..”
“ഓ മതി അടിവെച്ചത്…. ഡാ ഞാൻ എന്തായാലും ആ ബ്രോക്കറോട് പറയാൻ പോകുവാ എനിക്ക് മടുത്തു നിനക്ക് ഇങ്ങനെ വെച്ച് വിളമ്പി, ഇനി വേണേൽ ഒരുത്തിയെ കെട്ടിക്കൊണ്ട് വാ. ഹല്ല പിന്നെ.. ”
അമ്മ എന്റെ തലയിൽ ഒരു കിഴുക്കും തന്നിട്ട് അടുക്കളയിലേക്ക് പോയി.
ഇതെല്ലാം കണ്ട് ആമി വാ പൊത്തി ചിരിച്ചു.
“മതിയെടി ഇരുന്നു ഇളിച്ചത് കഴിച്ച് കഴിഞ്ഞില്ലേ എണീറ്റു പൊക്കൂടെ.”
“നീ പോടാ…”
“ഡീ..ഡീ.. എന്താ വിളിച്ചേ?” ഞാൻ കൈ ഓങ്ങിയതും അവൾ പാത്രവും എടുത്ത് ഇറങ്ങി ഓടി. പെണ്ണിന്റെ ഒരു കാര്യം വൈകിട്ട് വരും അപ്പൊ പിടിച്ചോളാം.
**********************

വൈകുന്നേരം വന്നപ്പോ ഞാൻ കാണുന്നത് ബ്രോക്കർ കുഞ്ഞപ്പൻ ചേട്ടനെ ആണ്, ആൾ ചായ ഊതി ഊതി കുടിക്കുന്നു. ഓ അപ്പൊ അമ്മ രണ്ടും കൽപ്പിച്ചാണ്. എന്നാ പിന്നെ ഞാനും അങ്ങ് സമ്മതിച്ചേക്കാം. പക്ഷെ അങ്ങനെ പെട്ടെന്ന് സമ്മതിച്ചു കൊടുത്താൽ എന്റെ ഇമേജ് എന്താവും. തല്ക്കാലം ഒരു മൗനസമ്മതം കൊടുക്കാം.

എന്നെ കണ്ടതും കുഞ്ഞപ്പൻ ചേട്ടൻ വെളുക്കെ ഒന്ന് ചിരിച്ചു.
“അമ്മ എല്ലാം പറഞ്ഞു, മോൻ വെഷമിക്കണ്ട കേട്ടോ നല്ല പൂവമ്പഴം പോലത്തെ കൊച്ചുങ്ങളെ ഈ കുഞ്ഞപ്പൻ ചേട്ടൻ കാണിച്ചു തരാം.”

“പൂവമ്പഴോം ഏത്തപ്പഴോം ഒന്നും വേണ്ട ചേട്ടാ ഇവനെ ഒന്ന് നിലയ്ക്ക് നിർത്താൻ പറ്റിയ ഒരെണ്ണം മതി, ഇവന്റെയൊക്കെ പൊറകേ പോയി ഞാൻ മടുത്തു.” അമ്മ ഒരു പാത്രത്തിൽ മിച്ചറും ആയി പുറത്തേക്കു വന്നു. കൂടെ ഒരു ഗ്ലാസിൽ ചായ എടുത്തു ആമിയും.

“ആഹാ മാഡം ഇവിടെ ഉണ്ടാരുന്നോ.. ഇങ് വന്നേ ചോയ്ക്കട്ടെ.” ഞാൻ അവളെ പിടിക്കാനായി കൈ നീട്ടി. അവളത് മുൻകൂട്ടി മനസിലാക്കി നേരെ അമ്മേടെ പിന്നിൽ ഒളിച്ചിട്ട് എന്നെ കൊഞ്ഞനം കുത്തി കാണിച്ചു.

“ദേ ഇതാണ് ഇവിടുത്തെ പ്രശ്നം, ഈ കുഞ്ഞു പിള്ളേർടെ കൂടെ അടി കൂടുക, പന്ത് ഉരുട്ടി നടക്കുക പറഞ്ഞു പറഞ്ഞു ഞാൻ മടുത്തു.” അമ്മ കുഞ്ഞപ്പൻ ചേട്ടനോട് എന്റെ സ്വഭാവഗുണങ്ങൾ ഓരോന്നായി പറഞ്ഞു തുടങ്ങി. ഇനി ഇവിടെ ഇരിക്കുന്നത് പന്തികേട് ആണ്. ഞാൻ അകത്തേക്ക് വലിഞ്ഞു.

ചായ കുടിച്ചോണ്ട് ഇരുന്നപ്പോൾ അമ്മേം ആമിം കൂടി ഏതോ കൊറേ പെണ്ണുങ്ങളുടെ ഫോട്ടോയും കൊണ്ട് വന്നു എനിക്ക് ഇരുവശത്തും ഇരുന്നു.
“ദേ നോക്ക് ഏട്ടാ ആ ബ്രോക്കർ മാമൻ തന്നതാ. ഈ ചേച്ചി എങ്ങനൊണ്ട് എനിക്ക് ഇഷ്ടായി.” ആമി ഒരു ഫോട്ടോ എടുത്തു കാണിച്ചു. ഞാൻ അത് ശ്രദ്ധിക്കാത്ത പോലെ ഇടംകണ്ണിട്ട് ഫോട്ടോയിൽ നോക്കി.
“ഓ ഇത്ര ജാഡ കാണിക്കല്ലേ മോനേ ഞാൻ കണ്ട് ഒളിഞ്ഞു നോക്കണത്. വേണേൽ മരിയാദക്ക് നോക്കിക്കോ.” ഈ പെണ്ണ് എന്നെ നാറ്റിക്കും. അമ്മയും ഓരോ ഫോട്ടോ എടുത്തു നോക്കുന്നുണ്ട്. എന്നാ പിന്നെ ഞാനും ഒരെണ്ണം എടുത്തേക്കാം.
എല്ലാം നോക്കി അതിൽ നിന്നു ഒരു 4 എണ്ണം അവർ രണ്ടുപേരും കൂടി സെലക്ട്‌ ചെയ്തു വെച്ചു.
പിന്നീട് ഉള്ള ശനി ഞായർ ദിവസങ്ങൾ പെണ്ണുകാണലിന്റെ ആയിരുന്നു. ഏതെങ്കിലും ദിവസം നേരത്തെ വന്നാൽ അന്നും പെണ്ണുകാണാൻ കൊണ്ടുപോകും. ആകെ പെട്ടു. കളിക്കാൻ പോയിട്ട് ഇപ്പൊ 2 ആഴ്ച ആവുന്നു, എനിക്ക് അതിൽ ആണ് സങ്കടം.
ഓരോ പെണ്ണിന്റെ അടുത്ത് ചെന്ന് എന്താ ചോദിക്കണ്ടത് എന്നൊക്കെ പോകുമ്പോൾ ഓർത്തു പോകും, എന്നാൽ ആളെ ഒറ്റയ്ക്ക് കിട്ടുമ്പോ ഇതൊക്കെ ഞാൻ മറക്കും. ഒടുക്കം ഞാനും മടുത്തു തുടങ്ങി എല്ലാം ഒരു പേരിനു പോയി കണ്ടു.
അവസാനം പെണ്ണുകാണാൻ ഒന്നും ഇല്ലാത്ത ഒരു ഞായറാഴ്ച കിട്ടി. ഹോ ആശ്വാസം… ഇന്നെങ്കിലും ഒന്ന് കളിക്കാൻ പോകാല്ലോ. അങ്ങനെ വിചാരിച്ചു ഇരിക്കുമ്പോ ആണ് അടുത്ത കുരിശ്. ഏതോ തുമ്മിയാൽ തെറിച്ച ബന്ധത്തിൽ ഉള്ളൊരു കല്യാണത്തിന് അമ്മയേം കൂട്ടി പോണം പോലും. ശോ.. ഇന്നും കളി പോയത് തന്നെ. ഞാൻ ഒഴിഞ്ഞു മാറാൻ കൊറേ നോക്കി പക്ഷെ എന്റെ കള്ളക്കളി ആമി പുഷ്പം പോലെ പൊളിച്ചു കയ്യിൽ തന്നു.

Leave a Reply

Your email address will not be published. Required fields are marked *