മിഴി – 7അടിപൊളി  

“നീ പോവണില്ലേ…നാട്ടിലേക്ക് ?” ഇന്നജിൻ പച്ചയാണെന്ന് തോന്നി. നല്ല ഭാവങ്ങൾ ഒക്കെ മുഖത്തേക്ക് വരുന്നുണ്ട്.
“ഇല്ലാ….” പോവണ്ടന്ന് തന്നെയാണ് മനസ്സിൽ.
“അഭീ… ഞാൻ പോവ്വാ.!! നാട്ടിലേക്ക്. മടുത്തെടാ… എത്ര കാലംന്ന് വെച്ചാ ഇവിടെ ഇങ്ങനെ ആർക്കും ഉപകാരമില്ലാതെ. ” ഹാളിൽ ഹീറിന്റെയും ഗായത്രിയുടെയും ചെറിയ ശബ്‌ദം മാത്രം.. അച്ഛന് ഫോണിൽ ആരോടോ സംസാരിക്കുന്നു.. അജിൻ വല്ലാതെ മാറിയ പോലെ. തലതാഴ്ത്തി അവന് എന്തൊക്കെയോ ചികഞ്ഞെടുക്കുകയാണ്. റൂം മൊത്തം വല്ലാത്ത നിശബ്ദത.മരണ വീടിന്റെ അന്തരീക്ഷം.
ഉച്ച അടുത്തപ്പോഴേക്ക് അജിനെന്‍റെ കുറച്ചു സാധനമൊക്കെ ബാഗിലാക്കി.അപ്പൊ നാട്ടിലേക്കയക്കാനാണുദ്ദേശം.ഒന്നും മിണ്ടീല.അച്ഛനടുത്ത് വന്നു കാര്യം പറഞ്ഞു. ഗായത്രിയുടെ ചേച്ചി ഗൗരി. ഇവിടെ അടുത്ത് ഫ്ലാറ്റിൽ, അവിടേക്ക്.
തലയാട്ടി സമ്മതിച്ചു.ബാഗും തൂക്കി ഗായത്രിയും, അച്ഛനുമിറങ്ങി.മുടന്തനായ എന്നെ ഹീറും, അജിനും കൂടെ താഴെ കാർ വരെയാക്കിത്തന്നു.
അജിൻ തലയാട്ടി, ഹീർ പഴയ ചിരി തന്നെ എന്നാലെനിക്കെന്തോ ഉള്ളിൽ പുകഞ്ഞു. ഇത്ര ദിവസം നോക്കിയതവളല്ലേ? ആ കുട്ടിക്കളി കണ്ടു എന്റെ വരണ്ട ചിരി പതിയെ പുഞ്ചിരി വരെയായില്ലേ?. ഞാൻ കൈ നീട്ടി അവളെ എന്നിലേക്ക് അടുപ്പിച്ചു കെട്ടി പിടിച്ചു. വല്ലാത്തെന്തോരു തരം സ്നേഹം എനിക്കവളോടുണ്ട്. പോയി വരാമെന്ന് ആ ചെവിയിൽ മെല്ലെ പറഞ്ഞപ്പോഴേക്കവള്‍ വിതുമ്പി കണ്ണ് നിറച്ചു. ഇതൊന്നും കാണാൻ വയ്യ!! നെറ്റിയിൽ ഒരുമ്മ കൂടെ കൊടുത്തു ഞാൻ വണ്ടിയിലേക്ക് ചാടി..കണ്ണ് നിറക്കുന്ന കാണുന്നതേ എനിക്കിപ്പോ പേടിയാണ്.. ഇത്ര ദിവസം നിന്ന സ്ഥലം വിട്ടു. ദുർഗന്ധം മണക്കുന്ന ചേരിക്കും ഒരു കഥ പറയാനുണ്ടായിരുന്നു.
ഗായത്രിയുടെ ചേച്ചി ഗൗരിയുടെ ഫ്ലാറ്റിൽ കേറി സൈടായി.സ്വീകരണം ഒന്നും നോക്കാൻ നിന്നില്ല.ഗൗരിയേച്ചി ഇവിടെ എവിടെയോ കോളേജിൽ പഠിപ്പിക്കുന്നുന്നറിയാം.വല്ല്യ കൂട്ടായിരുന്നു ഞാനുമായി.ഇന്നിപ്പോ അതിനൊന്നുമെനിക്ക് കഴിയണില്ല.
വൈകിട്ട് അച്ഛന് വന്നു വിളിച്ചപ്പോ എന്തോ കാട്ടിയെഴുന്നേറ്റു.
“ഞാൻ നാട്ടിലേക്ക് പോവാണ്… അവിടെയിത്തിരി തിരക്കുണ്ട് ” ഇപ്രാവശ്യം അച്ഛന് പ്രയാസപ്പെട്ടില്ല.. ചിരി ആ മുഖത്തു വന്നിട്ടുണ്ട്..
“മ്…” ഞാൻ അതിന് മൂളി കൊടുത്തു
“ഇവിടെ ഗായത്രിയും ഗൗരിയുമൊക്കയില്ലേ.. അവർ കുറച്ചൂസം കഴിഞ്ഞു നാട്ടിലേക്ക് പോരുമ്പോ നീയ്യുണ്ടാവണം കൂടെ.. ഇത്തിരി ദിവസം കൂടെ നിനക്ക് തരാം.അതിനുള്ളിൽ നീ പഴയ അഭി തന്നെയാവണം.. കേട്ടല്ലോ??” വലിയ ഉറപ്പില്ലാഞ്ഞിട്ടും ഈ ഒരു അന്തരീക്ഷം ഒഴിവാക്കാൻ ഞാൻ തലയാട്ടി.
“പിന്നെ നിന്നോട് പറയാതെ പോവാം എന്ന് കരുതിയതാ.. പറ്റുന്നില്ല. ഈ വരവിനു ആ ഉദ്ദേശം കൂടെയുണ്ട്.”അച്ഛന്‍ കുറച്ചുസ്വസ്ഥനായി. ചിരി മെല്ലെ മാഞ്ഞു..എന്തോ പറയാൻ മടി പോലെ. ആ ശ്വാസം എടുക്കുന്നത് ക്രമമായി അല്ലെന്ന് കണ്ടാൽ അറിയാം
“ഞായറാഴ്ച…… അനുന്റെ നിശ്ചയാണ്…. ” അച്ഛൻ പതിയെ നിർത്തി കൊണ്ട് പറഞ്ഞു. ഒരു നിമിഷം ഞാൻ പറഞ്ഞത് മനസ്സിലാവാതെ അച്ഛനെയങ്ങനെ മിഴിച്ചു നോക്കിപ്പോയി. എന്താ പറഞ്ഞതെന്ന് ഒരുപാട് വീണ്ടും ആലോചിച്ചു.
“അന്ന് വന്ന ആലോചന തന്നെ, ഒരു ഡോക്ടർ . അഞ്ചു ദിവസം കൂടെയുണ്ട്. നീയില്ലാതെ ഞാൻ ഒറ്റക്ക് എങ്ങനാടാ..” കൈയ്യുടെ വിറയൽ,അച്ഛന്‍റെ വിരലെന്‍റെ കൈയ്യിൽ വന്നു തട്ടിയപ്പോഴാണ് അറിയുന്നത്. മരവിച്ചു പോയ അവസ്ഥ. വിങ്ങിവരുന്ന നെഞ്ചിൽ ഞാൻ അറിയാതെ തിരുമ്മി.എല്ലാം അകന്നു പോകുന്നൊരു സമയം.ശ്വാസം നിന്ന് പോയൊന്നു തോന്നി. നല്ലപോലെ ഒന്ന് കുരച്ചു.. അനുന്‍റെ നിശ്ചയമോ…?? ഇത്ര പെട്ടന്ന്. അതേ ആളെ തന്നെ?
എന്തിനാണ് ഞാനിങ്ങനെ വിങ്ങിപൊട്ടനാവുന്നത്? അറിയുന്നില്ല,മനസ്സിലാവുന്നില്ല..!! സൈഡിലെ ക്ലോക്കിന്റെ സൂചി കൂടുതൽ വേഗത്തിൽ ശബ്‌ദമുണ്ടാക്കി.. വൈകുന്നേരത്തെ ചുവന്ന വെയിൽ നിലത്തും, ബെഡ്‌ഡിലും ചത്തു കിടന്നു.അച്ഛന്റെ നോട്ടം പുറത്തേക്ക് നീണ്ടു..
“പണ്ട് വീട്ടിൽ ഒരു ജോലിക്ക് ഒരു ചേച്ചിയുണ്ടായിരുന്നു.. ” അച്ഛന് പതിയെ തിരിഞ്ഞെന്നെ നോക്കി.
“ജാനകിന്ന പേര്. ഞാനഞ്ചിൽ പഠിക്കുന്ന സമയം.പാവ്വായിരുന്നു വീട്ടിൽ തന്നെയാ നിൽക്കലൊക്കെ.കുറച്ചു കഴിഞ്ഞപ്പോ ഒരു അതിഥി കൂടെ വന്നു. അവരുടെ ആകെയുള്ള ഒരു മോൾ… ശ്രീക്കുട്ടി..” അച്ഛന് വലിയ ഒരു നെടുവീർപ്പിട്ടു നിർത്തി.
“കുറച്ചു ദിവസകൊണ്ട് തന്നെയവൾ അച്ഛനെയും അമ്മയെയും ചാക്കിലാക്കി…. ചക്കിലാക്കിയതല്ല. ആളങ്ങനെ ആയിരുന്നു ആരുകണ്ടാലു മിഷ്ടപ്പെട്ടുപോവ്വും.
പെൺകുട്ടി ഇല്ലാത്ത അവർക്ക് കുരുത്തം കെട്ട എനിക്ക് പകരം, ഒരാളെ കൂടെ ആ സ്ഥാനത് കൊണ്ടുവന്നു സ്വന്തം മോളെപ്പോലെകണ്ടു.. നാട്ടുകാർ വരെ അവളെ കണ്ടാൽ പാലക്കുന്നിലെ കുട്ടിയാന്ന പറഞ്ഞോണ്ടിരുന്നത്.അവൾ പൂമ്പാറ്റയെ പോലെ വീട്ടിൽ പാറി നടന്നു. എനിക്കാദ്യം കലിപ്പായിരുന്നു. ഏതോ ഒരുത്തിയെന്‍റെ അച്ഛനേം അമ്മയെയും.. അച്ഛാ, അമ്മാന്നൊക്കെ വിളിച്ച ദേഷ്യം വരില്ലേ??.എന്നാന്നെ അവൾക്ക് നല്ല കാര്യായിരുന്നു.എന്റെ അനുവാദം ഇല്ലാതെ വീട്ടിലവളൊന്നും ചെയ്യപോലുമില്ല.. എനിക്ക് തരാതെ ഒരു ഭക്ഷണം പോലും അവളു കഴിക്കില്ല. ആരെന്ത് വാങ്ങികൊടുത്താപ്പോലും ന്നെ ബോധിപ്പിച്ചശേഷേ അവളതെടുക്ക പോലും. വേലക്കാരിയുടെ മോളാണെന്ന പരിഗണന മാത്രംക്കൊടുത്ത എനിക്കത്‌ പിന്നെ മാറ്റേണ്ടി വന്നു.അവളില്ലേൽ വീടില്ല എന്ന അവസ്ഥ വരെയെത്തി. കുടുംബക്കാർ നീണ്ട നാക്കുമായി പുതിയ അതിഥിയെ എതിർത്തെങ്കിലും അച്ഛനും അമ്മയും അവരെ തുരത്തിയോടിച്ചു. ഒരേ പ്രായം ആയോണ്ട്.ഒരേ സ്കൂളിലാ ഒരുമിച്ചു പോവ്വല്‍. ഒരുമിച്ചു വരും, എന്‍റെ വർക്കെല്ലാം ചെയ്ത് താരനും പഠിപ്പിച്ചു തരാനും എല്ലാം അവളായിരുന്നു. എന്തോ അവളില്ലാതെനിക്ക് പറ്റില്ലെന്നവസ്ഥ വരെ വന്നു.പത്താം ക്ലാസ് ആയപ്പോളവളുണ്ടല്ലോ.ഒരുപാട് മാറ്റം വന്നു. കണ്ണെടുക്കാൻ തോന്നില്ല. സ്കൂളിലെ ചെക്കന്മാർ മൊത്തം അവളുടെ പിന്നിൽ. എന്നാൽ അവൾക്കോ ന്നെ മതിയായിരുന്നു. സ്കൂളിലും മറ്റും വന്നു, കൈ പിടിച്ചു എന്നോട് സംസാരിക്കുയും ഒക്കെ ചെയ്യും. +2 വരെ അങ്ങനെ പോയി.. അതിനിടക്ക് എനിക്കവളോടുള്ളത് വെറുമൊരു ഇഷ്ടല്ലെന്ന് വരെ മനസ്സിലായി. പറയാൻ വല്ലാത്ത മടിയായിരുന്നു. എത്രയെത്ര നല്ല നിമിഷങ്ങൾ. ഓരോ സമയവും അവളോടുള്ള ഇഷ്ടം കൂടി കൂടി.. വല്ലാത്ത അവസ്ഥയിരുന്നഭീ……കോളേജിലെത്തിയപ്പോ അവളു വേറെയും ഞാൻ വേറെയുമായി.. ബൈക്കിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു പോക്കൊക്കെ. അവളെ കോളേജിലാക്കി ഞാൻ എന്റെ കോളേജിൽ പോവും.അങ്ങനെ കോളേജ് കഴിഞ്ഞതും അവൾക്കാലോചന വന്നു..
ഞാനെന്നിട്ടും ഒന്നും പറഞ്ഞില്ല.അവൾക്കെന്തെങ്കിലും പറയാൻ പറ്റോ? അച്ഛനെയും,അമ്മയെയും അവൾക്ക് എതിർക്കാൻ പറ്റോ?? നിശ്ചയം കഴിഞ്ഞു.. ജാനകിയമ്മക്ക് വലിയ സന്തോഷം. വീട്ടിലെ എല്ലാവർക്കും സന്തോഷം..ഞാൻ മറക്കാൻ നോക്കി.കഴിഞ്ഞില്ല!!. കല്യാണം ആയി.വീട്ടിൽ കുടുംബക്കാരുടെ തിരക്ക് കൂടി. അപ്പൊ ഇത്തിരി വാശിയും ണ്ടായിരുന്നു.. അവൾക്ക് ഇല്ലല്ലോ?.ന്നോടും പറയാലോ എന്നൊക്കെയുള്ള ഒരു തരം പൊട്ടചിന്തകൾ. കല്യാണത്തിന്റെ തലേന്ന് രാത്രി നിറഞ്ഞു നിൽക്കുന്ന വെളിച്ചങ്ങളും, ആളുകളുടെ തിരക്കും നോക്കി.. മുകളിലെ നിലയിൽ നിൽക്കുമ്പോ. ചിരിച്ചു കൊണ്ട് അവൾ അടുത്തു വന്നതെനിക്കോർമയുണ്ട്.. കരഞ്ഞതും,കെട്ടി പിടിച്ചതും മറക്കാൻ പറ്റണില്ല എന്നൊക്കെ പറഞ്ഞതും .ഇഷ്ടാണന്ന് പറഞ്ഞില്ല.. പറയുന്നതെന്തിനാ ഒരു വാക്കിലാണോ അതുള്ളത്..
പിറ്റേന്ന് ന്റെ വീടിന്റെ മുന്നിൽ വെച്ചു, ന്റെ മുന്നിൽ വെച്ച് ,ഏറ്റവും വലിയ ആഡംബരത്തോടെ ഞാനടങ്ങുന്ന, ന്റെ വീട്ടുകാർ തന്നെ ഒരുക്കിയ ചടങ്ങിൽ വെച്ചു അവളുടെ കഴുത്തിൽ താലി വീണു. എന്റെ മുന്നിലൂടവന് അവളെയും കൊണ്ട് പോയി. ആറു മാസം കഴിഞ്ഞു.. ഞാൻ പിന്നെ ആ വഴിക്ക് പോയില്ല. ഒരു ശൂന്യതയായിരുന്നു മനസ്സിൽ മൊത്തം. അല്ലാതെ അവളോടുള്ള ഇഷ്ടക്കേട് കൊണ്ടല്ല..ഒരുദിവസം അമ്മയും അച്ഛനും ഒക്കെ കരഞ്ഞുകൊണ്ട് എന്തൊക്കെയോ പറഞ്ഞു… ” അച്ഛന് വല്ലാതെ അസ്വസ്ഥനായി… ആ കണ്ണ് നിറഞ്ഞിട്ടുണ്ട്… കണ്ണടക്കിടയിലൂടെ കണ്ണ് തുടച്ചു കൊണ്ട്..തലമാറ്റി അച്ഛന് എഴുന്നേറ്റു..
“അവന് അവളെ ചവിട്ടി കൊന്നടാ.” ആ വാക്കുകളിടറി…
”ന്റെ കൂടെയായിരുന്നെങ്കിൽ, ഞാൻ പണ്ടേ അവളോട് എല്ലാം പറഞ്ഞിരുന്നെങ്കിൽ അത്‌ നടക്കായിരുന്നോ??” നിന്നു. ശബ്‌ദം നിന്നു. അച്ഛനെ ഞാൻ ഇങ്ങനെ കണ്ടിട്ടില്ലിതുവരെ. ആ വരുന്ന വാക്കിൽ, അച്ഛന് അവരോടുണ്ടായിരുന്ന ഇഷ്ടം മനസ്സിലാവും.. കണ്ണ് നിറഞ്ഞു പോയി.. ഇങ്ങനെയും അച്ഛനൊരു കഥയുണ്ടോ??. വാതിൽക്കലേക്ക് നടന്നു അച്ഛന് തിരിഞ്ഞു…
“എനിക്ക് പറയാമോന്നറിയില്ലഭീ .ഞായറാഴ്ചയാണ് അഞ്ചു ദിവസേ ഉള്ളൂ..എന്തേലും ചെയ്യാൻ പാറ്റുവാണേൽ ചെയ്യടാ…കഴിഞ്ഞിട്ട് പിന്നെ കാര്യമില്ലടാ… ” അച്ചൻ പോയി.നേരെ എഴുന്നേറ്റ് ബാത്‌റൂമിലേക്ക് കേറി. കാലിലെ വേദന മറന്നിരുന്നു.മുഖം കഴുകി, ചുവന്ന കണ്ണിലേക്കു വീണ്ടും വീണ്ടും വെള്ളം കുടഞ്ഞു.
ചെറിയമ്മയുടെ നിശ്ചയം.!. അവൾ പറഞ്ഞിട്ടുണ്ട് അമ്മയെയവൾക്ക് എതിർക്കാൻ കഴിയില്ലെന്ന്. അമ്മ നിർബന്തിച്ചതോ?, അതോ അവൾക്ക് സ്വയം തോന്നിയതോ?? വീട്ടിലേക്ക് ഞാൻ എത്തുമെന്ന് തോന്നിയപ്പോ പോവാൻ കിട്ടിയൊരു മാർഗമാണോ?.പക്ഷെ അച്ഛന് പറഞ്ഞത്! അമ്മ ഞങ്ങളെ തെറ്റിക്കാൻ നോക്കിയത്. മാളിൽ വെച്ചു നടന്നത് അമ്മയുടെ കളിയാണോ?….. ചെറിയമ്മയെ ഞാൻ തെറ്റ് ധരിച്ചോ..??

Leave a Reply

Your email address will not be published. Required fields are marked *