“…. എന്തിനാ ദേവാ എനിക്കിത്രയും കാശ് ….”.
“…. ഇരിക്കട്ടെന്ന്യേ .. സഹോദരിമാർക്ക് നല്ല ഡ്രെസ്സൊക്കെ വാങ്ങി കൊടുക്ക് .”.
“….. അങ്ങനെ വലിയ സഹോദരി സ്നേഹമൊന്നുമില്ലെന്ന്യേ … ചെറുപ്പം മുതൽ വീട്ട് വേലയെടുത്ത് രണ്ടെണ്ണത്തിനെ കെട്ടിച്ച് വിട്ടു….. ഇന്നിപ്പോൾ അവർക്ക് ഞാനിപ്പോ കുറച്ചിലാ ….. പിന്നെ അമ്മയ്ക്ക് എന്തെങ്കിലും വാങ്ങണം അത്രേ ഉള്ളൂ … അതിനിത്രയും കാശൊന്നും വേണ്ടാ ….”.
ദേവകി അതിലെ പാതി നോട്ടുകൾ തിരിച്ച് തരാൻ നോക്കി. ഞാൻ തടഞ്ഞു.
“… സ്നേഹംകൊണ്ട് തരുന്നതാണെന്ന് കരുതിയാൽ മതി ….”.
ദേവകി എൻെറ കണ്ണിലേക്ക് തന്നെ അൽപ്പ നേരം നോക്കി. ഞാനവളുടെ മൂർദ്ദാവിൽ തഴുകി.
“….കിടന്നുറങ്ങിക്കോ, നാളെ പോകേണ്ടതല്ലേ ….”.
ദേവകിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഞാനത് കാണാത്ത മാതിരി കിടക്കയിൽ കിടന്നു. വിസിറ്റേഴ്‌സ് ബെഡിൽ അവളും.
പരസ്‍പരം ഒന്നും ഉരിയാടാതെ കുറെ നേരം. ഏതോ യാമത്തിൽ അവളുടെ സുഖകരമായ ഉറക്കത്തിന്റെ നിശ്വാസങ്ങൾ. ചെറിയ ദയനീയ ഭാവത്തോടെ അവളുടെ ഉറക്കത്തെ ഞാൻ നോക്കി കിടന്നു. ഏതോ യാമത്തിൽ ഞാനും ഉറക്കത്തെ പുൽകി.
———————————————————–
ദേവകി രാവിലെ തന്നെ യാത്ര പറഞ്ഞിറങ്ങി. മുത്തച്ഛൻ കിടക്കുന്ന ICU വാർഡിന് മുന്നിൽ കുറെ നേരം ചിലവഴിച്ചു. ആലീസിനെ തേടി നഴ്‌സിങ്ങ് മുറിയുടെ മുന്നിലൂടെ വെറുതെ കുറെ നേരം നടന്നു. ആ ദിവസ്സവും അതിനടുത്ത ദിവസ്സവും അവൾ വന്നില്ല.
വിരസതയാർന്ന മൂന്നാം ദിവസ്സം.
മുത്തച്ഛൻ അന്വേഷിക്കുന്നെന്ന് പറഞ്ഞ് ഞാൻ ആ മുറിയിലേക്ക് പോയി.
“…… നാണപ്പൻ വക്കിലിനെ വിളിക്കണം …നമ്പർ ഉണ്ടല്ലോ അല്ലെ …”.
“…. ഉണ്ട് മുത്തച്ചാ …..”.
“….. വേഗം വരാൻ പറ ….”.
ഞാൻ സമയം കളയാതെ വക്കിലിന്റെ നമ്പറിലേക്ക് പുറത്തിറങ്ങിയ വശം വിളിച്ചു. തിരക്കിലായ അദ്ദേഹം വൈകീട്ട് വരാമെന്ന് പറഞ്ഞു. വൈകുന്നേരമായപ്പോൾ മൂപ്പർ വന്ന് മുത്തച്ഛനെ കണ്ടു.
പുറത്തിട്ടങ്ങിയ നാണപ്പൻ വക്കിൽ കഷണ്ടിയിൽ തടവി എന്നെ നോക്കി.
“……കാർന്നോർ നല്ല ദ്വേഷ്യത്തിലാ കേട്ടോ …ദ്വേഷ്യം മുഴുവൻ തിരിഞ്ഞ് നോക്കാത്ത നിന്റെ അമ്മയോടാണ് ….”.
“…ങ്ങും ….”. ഞാനൊന്ന് പതിയെ മൂളി.
“.. വസ്തുവകകൾ മുഴുവനും നിന്റെ പേരിൽ പ്രമാണമാക്കണമെന്ന് പറഞ്ഞു..”.
“…. എന്തിന് ….. എനിക്കൊന്നും വേണ്ടാ ….”.
“….. അങ്ങനെ പറഞ്ഞിട്ട് കാര്യമില്ല …. കാർന്നോർ എല്ലാം പണ്ടേ പ്രമാണത്തിൽ ഒപ്പിട്ട് തന്നിരുന്നു …. അതൊന്ന് രജിസ്റ്റർ ചെയ്യണം …. അതും നാളെ തന്നെ ..”.
“….ങും ….”.
മുത്തച്ഛൻ പണ്ട് സിലോണിൽ പോയി ഒറ്റയ്ക്ക് സമ്പാദിച്ചതാണ് എല്ലാം. അത് പരമ്പരാഗത സ്വത്ത് അല്ലാത്തതിനാൽ അതെല്ലാം എന്ത് ചെയ്യണമെന്നുള്ളത് മുത്തച്ഛനിൽ നിക്ഷിപ്തം.
“…… പിന്നെ ദേവകിക്ക് മരണം വരെ ടൗണിലെ മലഞ്ചരക്ക് വ്യാപാരത്തിനായി വാടകയ്ക്ക് കൊടുത്ത നിങ്ങളുടെ കടയുടെ വാടക …. അത് മാസം മാസം അവളുടെ അക്കൗണ്ടിലേക്ക് വകയിരുത്താൻ പറഞ്ഞിട്ടുണ്ട് …. നിനക്ക് അതിൽ വല്ല എതിർപ്പുണ്ടോ ?????”.
അത് കേട്ടപ്പോൾ എനിക്ക് സന്തോഷം തോന്നി. മുത്തച്ഛന്റെ അവസാനം വരെ അവൾ അദ്ദേഹത്തെ പൊന്നു പോലെ നോക്കിക്കോളും. അതിനുള്ള സന്തോഷം തന്നെയല്ലേ മുത്തച്ഛൻ കൊടുക്കുന്നതും.
“…. എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ വക്കീലെ …. അതങ്ങനെ തന്നെയാണ് വേണ്ടതും ..”.
“…..മോൻ അമ്മയെപ്പോലെയല്ലാ കേട്ടോ …. അവരുടെ മകനായ നിനക്ക് അവരുടെ ആർത്തി കിട്ടീട്ടില്ല …. ഈ കാലത്ത് മോൻ ചിന്തിക്കുന്നത് പോലെ ആരും ചിന്തിക്കില്ല …..”..
വക്കീൽ അങ്ങനെ പറഞ്ഞുകൊണ്ട് നടന്നങ്ങ് നീങ്ങി.
ഞാൻ ദൂരെ വാഹനങ്ങളുടെ നിരനിരയായുള്ള ഓട്ട പായ്ച്ചിൽ ജനാലയിലൂടെ നോക്കി നിന്നു. ഞാനൊരു കോടീശ്വരനായിരിക്കുന്നു.
കോടീശ്വരൻ …..
———————————————-
വീണ്ടും രണ്ടു ദിവസ്സം കടന്ന് പോയി. ആലീസിനെ കണ്ടതേ ഇല്ല. ഇനി അവൾ നാട്ടിലേക്കെങ്ങാനും പോയതാവുമോ ????.
മിക്ക ദിവസ്സം മുത്തച്ഛൻ വക്കിലിനെ വരുത്തികൊണ്ട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. നല്ല ക്ഷുഭിതനായിരുന്നു മുത്തച്ഛൻ. ആശുപത്രിയിലായിട്ടും അങ്ങോട്ടേയ്ക്ക് തിരിഞ്ഞു നോക്കാത്ത മകളോട് അടങ്ങാത്ത ദേഷ്യമാണ് അയാളെ വീണ്ടും പഴയ ആരോഗ്യവാനാക്കിയത്.മുത്തച്ഛന്റെ അവസ്ഥയും, അമ്മയുടെ തിരിഞ്ഞുനോക്കാത്ത പ്രകൃതവും എന്നിൽ വല്ലാത്ത ചിന്തകൾ ഉണർത്തി. എനിക്ക് അമ്മയോടുള്ള അടങ്ങാത്ത രോഷമായി പിന്നീടത് മാറി.
