അവളുടെ ലോകം എന്റെയും – 8 4

 

ഞാനും അമ്മയും ചിന്നുവും പിറകിലെ സീറ്റിൽ ആണ് കയറിയത്. എവിടെയാണ് പോകുന്നതെന്ന് എനിക്ക് അറിയില്ല എന്നോട് പറഞ്ഞില്ല. രാവിലെ റെഡിയാകാൻ പറഞ്ഞു റെഡിയായി അത്രയേ ഉള്ളൂ.

 

വീട്ടിൽനിന്നും ഒരുമണിക്കൂർ യാത്രയുണ്ടായിരുന്നു. പോകുന്ന സ്ഥലത്തേക്ക്. അതും മറ്റൊരു തറവാട് പോലെ ഉള്ള വീട് ആയിരുന്നു. ഏക്കർ കണക്കിന് വരുന്ന വലിയൊരു പറമ്പിൽ ഒത്ത നടുവിൽ ഒരു വലിയ വീട്. അതിന്റെ അടുത്തായി ഇംഗ്ലീഷ് അക്ഷരം എൽ ആകൃതിയിൽ മറ്റൊരു ബിൽഡിംഗ്‌ അത് പുതിയത് പോലെ ഉണ്ട്. അതിന്റെ ഒരു ഭാഗം വലിയ പാർക്ക് പോലെ ആണ്. മറ്റൊരു ഭാഗത്തു വാഹനങ്ങൾ പാർക്ക്‌ ചെയ്യാൻ ഉള്ളത്. പുറത്ത് നിന്ന് നോക്കിയപ്പോൾ അവിടെ അധികം ആളുകൾ ഒന്നും ഉള്ളതായി തോന്നിയില്ല.

ഞങ്ങൾ നടന്നു പോയത് നേരെ പഴയ തറവാട് പോലെ ഉള്ള വീട്ടിലേക്കാണ്.

അവിടെ കണ്ട ഒരു പ്രായം ഉള്ള ഒരാളോട് അച്ഛൻ ചോദിച്ചു.

 

” ‘ഗുരുജി’ ?

 

” ഇതാര് തമ്പി സാറോ…?

അദ്ദേഹം അകത്തു പൂജാമുറിയിൽ ആണ്. തമ്പി സാറ് ഇരിക്കു അദ്ദേഹം ഇപ്പോൾ വരും. മുൻകൂട്ടി ബുക്ക്‌ ചെയ്തവരെ മാത്രമേ അദ്ദേഹം കാണാറുള്ളു. തമ്പി സാറ് ബുക്ക്‌ ചെയ്തതാണോ? ”

 

“ഉവ്വ്. ഞാൻ വിളിച്ചിരുന്നു. ഗുരുജിയോട് ഞാൻ കാണാൻ വന്നിട്ടുണ്ടെന്ന് പറഞ്ഞാൽ മതി. ”

 

 

“ശരി . ഞാൻ പറയാം.” അതും പറഞ്ഞു അയാൾ അകത്തേക്ക് പോയി.

 

പിന്നെ കുറച്ചു സമയം കഴിഞ്ഞപ്പോൾ അയാൾ തിരിച്ചു വന്നിട്ട് അകത്തേക്ക് പോകാൻ പറഞ്ഞു. സാധാരണ പോലെഉള്ള ഒരു മുറി . ജനലുകൾക്ക്‌ എല്ലാം വെളുത്ത കർട്ടൻ ഇട്ടിട്ടുണ്ട് . ഒരു മൂലയിൽ ആയി ഒരു ഗണപതിയുടെ വിഗ്രഹം ഉണ്ട് അതിന് മുന്നിൽ ഒരു ചന്ദനത്തിരി കത്തിച്ചു വെച്ചിട്ടുണ്ട്. അവിടെ ഇട്ട മേശയുടെ ഒരു വശത്തു നാലോളം കസേരയും ഉണ്ട്. മറുവശത്തു ഒരാൾ ഇരുന്നിട്ടുണ്ട്.

 

അതാണ് ഗുരുജി. നല്ല വെളുത്ത നിറം വട്ടമുഖം താടിയോ മീശയോ ഇല്ല. ഒരു ചന്ദന പൊട്ട് തൊട്ടിട്ടുണ്ട്. ചിരിക്കുന്ന പ്രസനമുഖം.

 

“വാ വാ ഇരിക്ക്. വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ഫാമിലി ആയിട്ട് ആയിരിക്കും എന്ന് കരുതിയില്ല. ” ഗുരുജി പറഞ്ഞു.

 

ഞങ്ങൾ അവിടെയുള്ള കസേരയിൽ ഇരുന്നു. ചിന്നു എന്റെ അടുത്തായി ഇരുന്നു.

 

“അതുപിന്നെ കുറച്ചു നാൾ ആയില്ലേ ഇങ്ങോട്ടൊക്കെ വന്നിട്ട് അതാ .. വരുമ്പോൾ എല്ലാവരേയും കൂട്ടി വന്നത്. ”

“എന്താ മോളുടെ പേര്? ” ഗുരുജി ചിന്നുവിനോട് ചോദിച്ചു.

 

“ഏട്ടാ എന്നോട് പേര് ചോദിക്കുന്നു. എന്റെ പേര് പറയണോ? ” ചിന്നു എന്നോട് ചോദിച്ചു.

 

“പിന്നെ മോളോട് പേര് ചോദിച്ചാൽ പറയേണ്ടേ ..മോള് പേര് പറഞ്ഞു കൊടുക്ക്.” ഞാൻ പറഞ്ഞു.

 

“ചിന്നു” ചിന്നു പറഞ്ഞു.

 

“ആഹാ! നല്ല പേരാണല്ലോ!

 

” ചിന്നൂ എന്തിനാ ഇവിടെ വന്നത് ? ”

 

ചിന്നു എന്നെ നോക്കി. എന്നിട്ട് എന്നോട് ചോദിച്ചു… “ഇതാരാ ഏട്ടാ..? എന്തിനാ ഇങ്ങനെ ചോദിക്കുന്നെ.. വാ നമുക്ക് നമ്മുടെ വീട്ടിൽ പോകാം. നമ്മുടെ മോളേയും കൂട്ടിയിട്ട് പോകാം.”

 

“ചിന്നൂന് മോളെ ഇഷ്ട്ടം ആണോ..”

 

“ആ.. ” ചിന്നു പറഞ്ഞു.

 

” ചിന്നൂന്. മോളെ വേണോ..? ” ഗുരുജി വീണ്ടും ചോദിച്ചു.

 

“ആ വേണം. എന്റെയും ഏട്ടന്റെയും മോളാ..”

 

“എന്നാ ചിന്നു ഇവിടെ കുറച്ചു ദിവസം നിൽക്കണം. എന്നാലേ മോളെ കിട്ടു.. ചിന്നു ഇവിടെ നിൽക്കുമോ..?”

 

ചിന്നു എന്നെ നോക്കി.. എന്നിട്ട് പറഞ്ഞു.

 

“ഇല്ല. എന്റെ ഏട്ടന്റെ കൂടെയേ ഞാൻ നിൽക്കു..”

 

“ചിന്നൂന്റെ ഏട്ടൻ ഇവിടെ നിൽക്കും. ”

“എന്നാ ഏട്ടന്റെ കൂടെ ഞാനും നിൽക്കും.”

 

 

ചിന്നൂന് ഇവിടെ ഇഷ്ട്ടം ആയോ ”

 

“ഏട്ടാ..” ചിന്നു എന്നെ വിളിച്ചു.

 

“പറ ചിന്നൂന് ഇഷ്ട്ടം ആയോ ഇവിടെ” ഗുരുജി വീണ്ടും ചോദിച്ചു.

 

 

“.ഇല്ല. എനിക്ക് ഏട്ടനെയാ ഇഷ്ട്ടം . ” ചിന്നു പറഞ്ഞു.

 

അത് കേട്ട് ഗുരുജി ചിരിച്ചു. ഗുരുജി പിന്നേയും എന്തൊക്കെയോ ചോദിച്ചു. പിന്നെ ഗുരുജിയുടെ നിർദേശപ്രകാരം അമ്മയും അച്ഛനും ചേർന്നു ചിന്നുവിനേയും കൂട്ടി പുറത്തേക്ക് പോയി. ചിന്നു കുറേ സമയം പോകാതെ എന്നെ പിടിച്ചു നിന്നു. ഞാനും എന്തൊക്കെയോ പറഞ്ഞാണ് ചിന്നു പുറത്തേക്ക് പോകാൻ സമ്മതിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *