എന്നും എന്റേത് മാത്രം – 5

അത് കേട്ട് നല്ല വെടിപ്പായിട്ട് ഇളിച്ചുകാട്ടി. “അമ്മ എന്താ ചോയിച്ചേ” “നീ ആരോടാ ചാറ്റ് ചെയ്യുന്നേന്ന്” “ഓഹ് അതായിരുന്നോ , അവള്മാരോടാ , റിയയോടും ഐശൂനോടും.” “ആഹ് , അവരായിരുന്നോ” രണ്ടെണ്ണത്തിനേയും നേരത്തേ പരിചയപ്പെടുത്തിയത് കൊണ്ട് അമ്മക്കും അച്ഛനും അവരെ അറിയാമായിരുന്നു.

ഫയലുകളും , പിന്നെന്തൊക്കെയോ പേപ്പറുകളും വേറെ ഒരു ബാഗിലാണ് അച്ഛൻ വച്ചിരുന്നത്. “എല്ലാം ഒന്നിച്ച് വെച്ചാൽ പോരേ? , ഇതിലിനിയും സ്ഥലമുണ്ട്” അമ്മ പറഞ്ഞത് കേട്ടപ്പോഴാണ് ഞാനും അത് ശ്രദ്ധിച്ചത്. അത്യാവശ്യം വലിയ ബാഗാണ്. സാധനങ്ങൾ കുറേ അവിടെ തന്നെ ഉണ്ടാവും എന്ന് ബ്രോക്കർ പറഞ്ഞിരുന്നു. അതുകൊണ്ട് അധികം ഒന്നും കൊണ്ടുപോവുകയും ചെയ്യുന്നില്ല. കുറച്ച് ഡ്രസ്സുകളാണ് കാര്യമായി കൊണ്ടുപോകാൻ ഉള്ളത്. “ആഹ് , അതൊന്നും കൊഴപ്പമില്ല. ഇതൊക്കെ വളരെ ഗൗരവം പിടിച്ച ഡോക്യുമെന്റുകളാ. അത് ഞാൻ വച്ചോളാം.” പിന്നെ അമ്മ ഒന്നും പറയാൻ പോയില്ല. അച്ഛൻ അങ്ങനെയാണ്. ജോലിയുടെ കാര്യത്തിൽ കുറച്ചധികം കടുംപിടുത്തം ഉണ്ട്. അച്ഛൻ വന്നതോടെ സംസാരം അവര് തമ്മിൽ ആയി. ഞാൻ നൈസായി ഫോണിലേക്ക് നോട്ടം മാറ്റി. ഇടക്ക് എപ്പോഴോ സംസാരത്തിൽ ആ പഴയ വിഷയം തന്നെ പിന്നെയും കയറിവന്നു. വേറൊന്നുമല്ല , എന്റെ വിവാഹം , കുടുംബം ഇതൊക്കെ തന്നെ. പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല. പുറത്ത് വരാന്തയിൽ ചെന്ന് ഇരുന്നു.
പിറ്റേന്ന് രാവിലെ ഞങ്ങൾ പുറപ്പെട്ടു. ശ്രീക്കുട്ടി ഒഴികെ ബാക്കി എല്ലാവരും വീട്ടിലേക്ക് വന്നിരുന്നു. ഒരു എക്സാം ഉള്ളത് കൊണ്ട് സച്ചിയും , ശ്രീയും വന്നിട്ടില്ല. എല്ലാവരോടും യാത്ര ചോദിച്ച് വണ്ടിയിൽ കയറി. അധികം ദൂരം ഇല്ലാത്തത് കൊണ്ട് കാറിൽ തന്നെയാണ് പോകുന്നത്. പ്രതാപ് കോഡ്രൈവർ സീറ്റിലും , അനിത പുറകിലും കയറിയതോടെ എല്ലാവരേയും നോക്കി ഒരു ചിരിയോടെ നവനീത് കാർ മുന്നോട്ട് എടുത്തു. പുറത്തെ റോഡിൽ കേറി തങ്ങളുടെ കൺമുമ്പിൽ നിന്ന് മറയുന്നത് വരെ അവരേയും നോക്കി ബാക്കിയുള്ളവർ അവിടെ നിന്നു.

ചാലക്കുടി അടുത്താണ് വീട് സെറ്റപ്പ് ചെയ്തിരുന്നത്. അൽപം ഉള്ളിലേക്ക് ആയതുകൊണ്ട് കണ്ടുപിടിക്കാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഗൂഗിൾ മാപ്പ് മുമ്പും പണി തന്നിട്ടുള്ളത് കൊണ്ട് നമ്മടെ ആശാൻ പറഞ്ഞപോലെ “ചോയിച്ച് ചോയിച്ച്” ആണ് ഒടുക്കം സ്ഥലത്ത് എത്തിയത്. നാടുമായി വലിയ വ്യത്യാസം ഒന്നും ഇവിടേയും ഇല്ല. പിന്നെ ആകെ ഉള്ളത് നല്ല കലർപ്പില്ലാത്ത തൃശൂർ ഭാഷ കേൾക്കാം എന്നത് മാത്രമാണ്. ഞങ്ങളുടെ നാട്ടിലെ പോലെ തന്നെ ഒരുപാട് ്് വീടുകളൊന്നും ഇവിടേയും ഇല്ല. ടൗണിൽ നിന്ന് ഒരു മൂന്ന് കിലോമീറ്റർ അകത്തേക്ക് മാറിയാണ് വീട് കിട്ടിയത്.

അത്യാവശ്യം വലുപ്പമുള്ള ഒരു ഒറ്റനില വീടിന്റെ മുന്നിലാണ് കാർ ചെന്ന് നിന്നത്. നേരത്തെ പറഞ്ഞിരുന്നത് പോലെ തന്നെ ബ്രോക്കർ അവിടെ ഉണ്ടായിരുന്നു. ഒരു അറുപത് ്് വയസ്സ് എങ്കിലും തോന്നിക്കും രാമേട്ടനെ കണ്ടാൽ. പുള്ളിക്കാരനാണ് ഇവിടുത്തെ നോക്കി നടത്തിപ്പുകാരൻ. വാതിൽ തുറന്ന് അകത്തേക്ക് കയറി. ഫർണിച്ചറുകളടക്കം ആവശ്യത്തിനുള്ള എല്ലാം അവിടെ ഉണ്ടായിരുന്നു. ശരിക്കും ഇതൊരു ഗൾഫ്കാരന്റെ വീട് ആണ്. അറബിനാട്ടിൽ ഒഴുക്കിയ വിയർപ്പിന്റെ ബലത്തിൽ കെട്ടിപ്പൊക്കിയ വീട്. പിന്നെ അവിടെ ബിസിനസ് ഒക്കെയായി ജീവിതം പച്ചപിടിച്ചപ്പോൾ മൂപ്പര് ഫാമിലിയോടെ ഗൾഫിൽ സെറ്റിൽഡായി. ആഗ്രഹിച്ചിരുന്ന് പണിഞ്ഞ വീട് ആയത് കൊണ്ട് നശിച്ചുപോകാതിരിക്കാനാണ് വാടകക്ക് കൊടുത്തോളാൻ തന്റെ അയൽവാസി കൂടിയായ രാമേട്ടനെ ഏൽപിച്ചത്. ഏതായാലും ഞങ്ങൾക്ക് ആ വീട് ഒത്തിരി ഇഷ്ടമായി.

ഒരുപാട് പറഞ്ഞുനോക്കി എങ്കിലും ചായ കുടിക്കാനായി തന്റെ വീട്ടിലേക്ക് വിളിച്ച രാമേട്ടന്റെ സ്നേഹത്തോടെ ഉള്ള ക്ഷണം നിരസിക്കാൻ കഴിഞ്ഞില്ല. രാമേട്ടന് പുറമെ ഭാര്യ ശാരദയും ഇളയ മകളുമാണ് വീട്ടിൽ ഉള്ളത്. മൂത്ത മകൾ തിരുവനന്തപുരത്ത് ഭർത്താവിന്റെ അടുത്താണ്. ഞങ്ങൾ ചെല്ലുമ്പോൾ ശാരദ ചേച്ചി മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അമ്മയും അവരുമായി വേഗം തന്നെ കൂട്ടായി.
വീട് ചെറുത് ആണെങ്കിലും നല്ല വൃത്തിയായി എല്ലാം സൂക്ഷിക്കുന്നുണ്ട് എന്ന് ഒറ്റനോട്ടത്തിൽ അറിയാം. ഹാളിൽ പലതരം ചിത്രങ്ങൾ കാണാം. അതിന്റെ ഇടയിൽ ഒരു കുട്ടിയുടെ ഫോട്ടോകളും ഉണ്ട്. ഇവിടുത്തെ പേരക്കുട്ടി ആവും. കണ്ടാലേ അറിയാം ആള് ഒരു കാന്താരി ആണെന്ന്. ചായകുടി കഴിഞ്ഞ് ചില്ലറ ഷോപ്പിങ്ങ് ഉണ്ടായിരുന്നു. എല്ലാം തീർത്ത് പുറത്തുനിന്നും ഭക്ഷണവും കഴിച്ച് വീട്ടിലേക്ക് തിരിച്ചു. സങ്ങതി തൊട്ടടുത്ത ജില്ലയാണ് എങ്കിലും ഇതിന് മുന്പ് ഒന്ന് രണ്ട് വട്ടം മാത്രമേ തൃശൂരിൽ വന്നിട്ടുള്ളൂ. അതും പൂരത്തിന്റെ സമയത്താണ് വന്നത്. അതുകൊണ്ട് മ്മടെ പ്രാഞ്ചിയേട്ടന്റെ നാട് അധികം എക്സ്പ്ളോർ ചെയ്തിട്ടില്ല. അച്ഛന് ട്രാന്സ്ഫർ ആയതിന്റെ പേരിൽ അമ്മ ലോങ്ങ് ലീവിൽ ആയിരുന്നു. ഏതായാലും നല്ലൊരു അയൽപക്കം ഉള്ളത് നന്നായി.

“എന്നാ ഞാൻ തെറിച്ചാലോ?”

“നീ പോവാണോ , രണ്ട് ദിവസം കഴിഞ്ഞിട്ട് പോവാടാ” നവിയുടെ ചോദ്യം കേട്ട അനിത പറഞ്ഞു. “ഏയ് വേണ്ട. ഒരാഴ്ച കൂടിയേ ലീവുള്ളൂ” , അത് നാട്ടിൽ നിൽക്കാം”

“നീ എങ്ങനാ പോവുന്നേ?” അവരുടെ സംസാരം കേട്ട് അങ്ങോട്ട് വന്ന പ്രതാപ് അവനെ നോക്കി. “ട്രെയിനിൽ പോവാം” “ന്നാ ഒരു ഓട്ടോ പിടിക്കാം , ഞാൻ രാമേട്ടനോട് പറയാം” അതും പറഞ്ഞ് അയാൾ പുറത്തേക്ക് നടന്നു.

“നാളെ പോയാ പോരേ?” “പോര അമ്മേ. പോയിട്ട് കൊറച്ച് പണീണ്ട്. അതുമല്ല , ഞാൻ എന്തിനാ നിങ്ങടെ പഞ്ചാരയടിക്ക് തടസ്സമായി ഇവിടെ നിൽക്കുന്നേ?” “കിട്ടും നിനക്ക്” അനിത തല്ലാൻ ഓങ്ങിയതും നവി പുറത്തേക്ക് ഓടി.

കുറച്ച് സമയം കൊണ്ട് ഓട്ടോ പിടിച്ച് രാമേട്ടൻ വന്നു. എല്ലാവരോടും യാത്ര ചോദിച്ച് ഞാൻ മടങ്ങി. ഒരു ആവശ്യത്തിന് പെട്ടന്ന് ഒരു ഓട്ടോ കിട്ടാൻ പോലും ബുദ്ധിമുട്ടുള്ള സ്ഥലമാണ്. അവിടെ കാറ് കൂടി ഇല്ലെങ്കിൽ മാനേജരും , സഹധർമിണിയും കഷ്ടപ്പെടുമല്ലോ.

ഭാഗ്യത്തിന് ചാലക്കുടിയിൽ നിന്ന് തന്നെ നാട്ടിലേക്കുള്ള ട്രെയിൻ കിട്ടി. ഷൊർണൂർ ഇറങ്ങി ബസ്സ് കയറി നാട്ടിൽ എത്തുമ്പോഴേക്കും ഒരുപാട് വൈകുമെന്ന് തോന്നിയത് കൊണ്ട് ഭക്ഷണം റെയിൽവേ കാന്റീനിൽ നിന്ന് കഴിച്ചിരുന്നു. അവസാന ബസ്സിന് നാട് പിടിച്ചപ്പോൾ മണി പത്ത് കഴിഞ്ഞു. വീട്ടിൽ എത്തി ഒരു കുളിയും പാസാക്കി വന്ന് ബെഡ്ഡിലേക്ക് കിടന്നത് മാത്രമേ ഓർമയുള്ളൂ. ക്ഷീണം ഒട്ടും ചെറുതല്ലാതെ ഉണ്ടായിരുന്നു.
തുടർച്ചയായുള്ള കോളിങ്ങ് ബെല്ലിന്റെ ശബ്ദം കേട്ടപ്പോഴാണ് ഞാൻ എഴുന്നേൽക്കുന്നത്. നല്ല ഉറക്കം ആയത് കൊണ്ട് ഞെട്ടിയിട്ടും റിലേ നേരെ ആകാൻ കുറച്ച് സമയം കൂടി വേണ്ടിവന്നു. അടുത്ത് ടേബിളിൽ വച്ച ഫോൺ കൈ എത്തിച്ച് എടുത്തു. മണി ഒന്പത് ആകുന്നു. ഇത്രയും നേരം ഞാൻ ഉറങ്ങിയോ!. വീണ്ടും കോളിങ്ങ് ബെല്ല് ശബ്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *