കണക്കുപുസ്തകം – 4

………………….

കാലത്ത് ഓരോ ചായയും കുടിച്ച് അമ്മായി കൊടുത്തുവിട്ട കുറേ സാധനങ്ങളും വണ്ടിയിൽ നിറച്ച് ഹരിയും സ്വപ്നയും യാത്രയായി. പുലർച്ചെയുള്ള യാത്രയ്ക്ക് പ്രത്യേക സുഖമാണ്. അത് തന്റെ കാമുകിയുടെ കൂടെയാണെങ്കിൽ പ്രത്യേകം പറയേണ്ടല്ലോ. കാറിലെ പെർഫ്യൂമിനേക്കാൾ മണമുണ്ട് കുളിച്ചു സുന്ദരിയായിരിക്കുന്ന സ്വപ്നയ്ക്ക്. അവളുടെ നെറ്റിയിൽ അമ്മായി ചാർത്തിയ ചന്ദനക്കുറിയുടെ പരിമളം വണ്ടിയിൽ പരക്കുന്നുണ്ട്.

: സ്വപ്നേ…. നമുക്ക് വല്ല മൂന്നാറോ ഊട്ടിയോ പോയാലോ

: എന്നിട്ട് എന്തിനാ.. ഇന്നലെ ചെയ്തപോലെ ചെയ്യാനാണോ

: ഹേയ്… അതുക്കും മേലെ..

: ആഹാ…എന്നെ കെട്ടിക്കൊണ്ട് വന്നിട്ട് എന്താണെന്ന് വച്ച ചെയ്തോ…

: അപ്പൊ ആഗ്രഹമുണ്ട്… ഒരു താലിയാണ് പ്രശ്നം അല്ലെ….

: പോ ഹരിയേട്ടാ….

: എന്ന വിട്ടു… നമ്മുടെ കാര്യം ശരിയായ സ്ഥിതിക്ക് ഇനി വൈഗയുടെ കല്യാണക്കാര്യം പെട്ടെന്ന് നോക്കണം.

: അത് എല്ലാം ശരിയായെന്നല്ലേ പറഞ്ഞത്..

: ആണ്.. എന്നാലും ചില ചടങ്ങുകളൊക്കെ ഇല്ലേ…

: അതൊക്കെ നടന്നോളും…

ഹരിയേട്ടാ…..

: മ്… പറ…

: വണ്ടി ഞാൻ ഓടിക്കട്ടെ…
: നിനക്ക് ഓടിക്കാൻ അറിയുമോ…

: ആഹ്.. അച്ഛന് നല്ലൊരു അംബാസഡർ ഉണ്ടായിരുന്നു… അത് ഓടിക്കുമായിരുന്നു…

: എന്ന ഇത് നേരത്തെ പറയണ്ടേ…

സ്വപ്നയുടെ ചിട്ടയായ ഡ്രൈവിംഗ് ആസ്വദിച്ചുകൊണ്ട് ഹരി പാസ്സഞ്ചർ സീറ്റിലിരുന്നു. പുറത്തെ കാഴ്ചകളേക്കാൾ ഹരിക്ക് മനോഹാരിത തോന്നിയത് സ്വപ്നയെ നോക്കിയിരിക്കുമ്പോഴാണ്.

ഉച്ച കഴിഞ്ഞ് എറണാകുളത്ത് എത്തി രണ്ടുപേരും ഒരുമിച്ച് ഹരിയുടെ വീട്ടിലേക്കാണ് പോയത്. സ്വപ്നയുടെ അമ്മയുമൊത്ത് ഭക്ഷണം കഴിച്ച ശേഷം അവരെ രണ്ടുപേരെയും വീട്ടിൽ കൊണ്ടുവിട്ട് ഹരി നേരെ പോയത് ഓഫീസിലേക്കാണ്. രാമേട്ടനുമായി ഒത്തിരി സംസാരിച്ച ശേഷം ഇറങ്ങാൻ തുടങ്ങുമ്പോഴാണ് അന്നാമ്മ ഹരിയെ വിളിക്കുന്നതും വരുന്ന ശനിയാഴ്ച രാത്രിയിൽ മൂന്നാറിലുള്ള അവരുടെ ഗസ്റ്റ് ഹൗസിൽ ഒരുക്കിയിരിക്കുന്ന വിരുന്നിനെക്കുറിച്ച് ഓർമിപ്പിക്കുന്നതും. ഹരി സന്തോഷപൂർവം അന്നാമ്മയുടെ ക്ഷണം സ്വീകരിക്കുകയും അവരുമായി സംസാരിക്കുകയും ചെയ്തു. അന്നാമ്മയ്ക്ക് ലാലാ ഗ്രൂപ്പിൽ നിക്ഷേപം നടത്തിയാൽ കൊള്ളാമെന്ന് അവർ ഹരിയോട് സൂചിപ്പിക്കുകയൂം ചെയ്തതോടെ ഹരിക്ക് കാര്യങ്ങളുടെ ഏകദേശ രൂപം മനസ്സിലായിട്ടുണ്ട്.

രാത്രി ഹരി വീട്ടിലെത്തുമ്പോഴേക്കും വൈഗ ഭക്ഷണമൊക്കെ റെഡിയാക്കി കാത്തിരിക്കുകയാണ്.

: ഇന്ന് കാക്ക മലർന്ന് പറക്കുമല്ലോ എന്റെ ഈശ്വരാ…

: കളിയാക്കണ്ട.. ഇനിയെന്നും കാക്കയും പൂച്ചയുമൊക്കെ മലർന്ന് തന്നെ പറക്കും. ഇനി എന്നും ഞാൻ ഉണ്ടാക്കും ഏട്ടൻ കഴിക്കും

: എന്തോ തട്ടിപ്പ് ഉണ്ടല്ലോ…

: ഒന്നുമില്ല പോയി കുളിച്ചിട്ട് വാ… നമുക്ക് ഒരിടംവരെ പോകാനുണ്ട്

: എവിടാണെന്ന് പറ… എന്നിട്ട് കുളിക്കാം

: ശ്യാമേട്ടന്റെ വീട്ടിൽ… പാവം… ഒറ്റയ്ക്കായതുകൊണ്ട് ആള് മര്യാദയ്ക്ക് ഭക്ഷണം പോലും കഴിക്കാറില്ല

: അച്ചോടാ…. അണപൊട്ടി ഒഴുകുവാണല്ലോ സ്നേഹം. ഞാൻ ഒരുത്തൻ ഇത്രയും നാൾ കരിയും പുകയും കൊണ്ടപ്പോഴൊന്നും ഇല്ലാത്ത സ്നേഹമാണല്ലോ പെണ്ണിന് അവളുടെ കമ്മീഷണറോട്

: ഹീ… ഒന്ന് വേഗം പോയി കുളിച്ചിട്ട് വാടോ ഹരിയേട്ടാ..
കുളിയൊക്കെ കഴിഞ്ഞ് രണ്ടുപേരും ശ്യാമപ്രസാദിന്റെ വീട്ടിൽ പോയി ഒത്തിരിനേരം ചിലവഴിച്ചിട്ടാണ് തിരിച്ച് വീട്ടിലേക്ക് യാത്രയാരംഭിച്ചത്. വീട്ടിലേക്കുള്ള യാത്രാമദ്യേ സ്വപ്നയെക്കൂടി കാണാമെന്ന് വിചാരിച്ച് ആ വഴിക്ക് വണ്ടി തിരിച്ചപ്പോഴാണ് അന്നാമ്മയുടെ വണ്ടി സ്വപ്നയുടെ വീട്ടുമുറ്റത്ത് കിടക്കുന്നത് ഹരി കാണുന്നത്.

: ഏട്ടാ.. അവിടെ ആരോ വന്നിട്ടുണ്ടല്ലോ

: ആ വണ്ടി അന്നാമ്മയുടേത് ആണ്.. ഇപ്പൊ നമ്മൾ അവിടേക്ക് പോയാൽ ശരിയാവില്ല, അന്നാമ്മ നമ്മൾ രണ്ടുപേരെ ഒരുമിച്ച് കണ്ടാൽ കുഴപ്പമാണ്.. നമ്മൾ രണ്ടല്ല ഒന്നാണെന്ന് അവര് അറിയാൻ ആയിട്ടില്ല

: എന്നാ വണ്ടി നേരെ വിട്ടോ… ഈ വഴി പോയാലും മെയിൻ റോഡിൽ എത്തും

…………………

അന്നാമ്മ തിരിച്ച് വീട്ടിലെത്തുമ്പോൾ അവളെ അമ്പരപ്പിക്കാനുള്ള വർത്തയുമായിട്ടാണ് അവറാച്ചൻ ഇരിക്കുന്നത്. രാവിലെമുതലുള്ള ഓട്ടത്തിന്റെ ക്ഷീണത്തിൽ അന്നാമ്മ വിസ്തരിച്ചൊന്ന് കുളിച്ച ശേഷമാണ് അവറാച്ചന്റെ അടുത്തുവന്നിരിക്കുന്നത്.

: എന്നാ ഇച്ചായാ ഒരു മൂഡോഫ്…

: എടിയേ… ആ ലക്ഷ്മണന്റെ മോളില്ലേ ഇവിടത്തെ പുതിയ A C P, അവളാണോ മേരിയെ കടത്തിയതെന്ന് ഒരു സംശയം. ആന്റണി വിളിച്ചിരുന്നു കുറച്ചു മുൻപ്. ഈ പെണ്ണ് പറഞ്ഞിട്ടാണ് മേരിക്ക് ജാമ്യമെടുക്കാൻ വക്കീല് വന്നതെന്നാണ് അവൻ പറയുന്നത്.

: അങ്ങനാണെങ്കിൽ അത് നമുക്കൊരു പണിയാണല്ലോ ഇച്ചായാ… മേരി എന്തൊക്കെ ഛർദിച്ചിട്ടുണ്ടെന്ന് കർത്താവിനറിയാം…അവളെ ഞാനൊന്ന് കാണട്ടെ

: ഇതാ നിന്റെ കുഴപ്പം… എടുത്തുചാടി ഒന്നും ചെയ്യണ്ട. തണ്ടറിയാതെ വേണം പൂവിറുക്കാൻ, അറക്കാൻ കൊണ്ടുവന്ന പോത്തിന് വെള്ളം കൊടുക്കുന്ന കണ്ടിട്ടില്ലേ, അതുപോലെ വേണം. മനസ്സിലായോ

: ഇച്ചായൻ പറഞ്ഞാൽ മതി… അതുപോലെ ചെയ്യാം

: എന്തായി നീ പോയ കാര്യങ്ങൾ…

: സ്വപ്ന സ്വപ്നം പോലും കാണാത്ത ഓഫർ അല്ലെ വച്ചുനീട്ടിയത്…ഗ്രഹണി പിടിച്ച പിള്ളേർക്ക് ചക്ക കൂട്ടാൻ കിട്ടിയ പോലെന്ന് കേട്ടിട്ടില്ലേ ഇച്ചായൻ…

: ഉം….അവളുടെ കയ്യിൽ വന്നുപോകുന്ന എല്ലാ ഫയലും അപ്പപ്പോ ഫോട്ടോയെടുത്ത് അയക്കാൻ പറയണം.
: ഉം… പിന്നെ ഇച്ചായാ, ഹരിയുമായുള്ള പാർട്ടിക്ക് ആരെയെങ്കിലും വിളിക്കാനുണ്ടോ

: ആരും വേണ്ട… നീ മാത്രം പോയാ മതി, അവിടത്തെ ഒരുക്കങ്ങളൊക്കെ ശരിയാക്കാൻ ഞാൻ ആളെ ഏർപ്പാടാക്കിയിട്ടുണ്ട്. എല്ലാം ഒരുക്കിവച്ചിട്ട് അവര് പൊക്കോളും…നിനക്ക് ഒരു സഹായത്തിന് മേരിയെ കൂടെ കൂട്ടിക്കോ.. ബാക്കിയൊക്കെ ഞാൻ പറയാം. നീ ഡെന്നിസിനെ ഒന്ന് വിളിക്ക്..

: മേരിയോ….ഞാൻ നമ്മുടെ ഷേർളിയെ വിളിച്ചോളാം

: നീ ഞാൻ പറയുന്നപോലെ ചെയ്താ മതി… ഒന്നും കാണാതെ അവറാച്ചൻ കരുക്കൾ നീക്കില്ലെന്ന് നിനക്കറിഞ്ഞൂടെ

………/………/………./…….

അടുത്ത ദിവസം രാവിലെ വളരെ സന്തോഷത്തോടെയാണ് സ്വപ്ന ഓഫീസിലേക്ക് വന്നത്. ജോലികൾക്കിടയിൽ ഇടംകണ്ണിട്ട് അവൾ ഹരിയെ നോക്കുകയും ചിരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. വളരെ പ്രധാനപ്പെട്ട ചില ഫയലുകൾ ഹരി ഒപ്പിട്ട ശേഷം ബന്ധപ്പെട്ട ഡിപ്പാർട്മെന്റിലേക്ക് കൈമാറാനായി സ്വപ്നയെ ഏല്പിച്ചിട്ടുണ്ട്. ആ ഫയലുകൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് പ്രത്യേകം പറഞ്ഞിട്ടാണ് ഹരി സ്വപ്നയെ ഏല്പിച്ചത്. അത്രയ്ക്ക് വിശ്വാസമുണ്ട് ഹരിക്ക് സ്വപ്നയോട്. രാമേട്ടൻ കഴിഞ്ഞാൽ ഹരി ഏറ്റവും കൂടുതൽ ബിസിനസ് കാര്യങ്ങൾ സംസാരിക്കുന്നത് സ്വപ്നയോടാണ്. ബിസിനസ് കാര്യങ്ങൾ മാത്രമല്ല, ഹരിയുടെ മനസ് മുഴുവൻ ഇപ്പോൾ സ്വപ്നയ്ക്ക് കാണാപ്പാഠമാണ്. ദിവസങ്ങൾ കടക്കും തോറും ഹരിയും സ്വപ്നയും കൂടുതൽ അടുത്തു.

Leave a Reply

Your email address will not be published. Required fields are marked *