കണക്കുപുസ്തകം – 4 1

…………………

അന്നാമ്മ തിരിച്ച് വീട്ടിലെത്തുമ്പോൾ അവളെ അമ്പരപ്പിക്കാനുള്ള വർത്തയുമായിട്ടാണ് അവറാച്ചൻ ഇരിക്കുന്നത്. രാവിലെമുതലുള്ള ഓട്ടത്തിന്റെ ക്ഷീണത്തിൽ അന്നാമ്മ വിസ്തരിച്ചൊന്ന് കുളിച്ച ശേഷമാണ് അവറാച്ചന്റെ അടുത്തുവന്നിരിക്കുന്നത്.

: എന്നാ ഇച്ചായാ ഒരു മൂഡോഫ്…

: എടിയേ… ആ ലക്ഷ്മണന്റെ മോളില്ലേ ഇവിടത്തെ പുതിയ A C P, അവളാണോ മേരിയെ കടത്തിയതെന്ന് ഒരു സംശയം. ആന്റണി വിളിച്ചിരുന്നു കുറച്ചു മുൻപ്. ഈ പെണ്ണ് പറഞ്ഞിട്ടാണ് മേരിക്ക് ജാമ്യമെടുക്കാൻ വക്കീല് വന്നതെന്നാണ് അവൻ പറയുന്നത്.

: അങ്ങനാണെങ്കിൽ അത് നമുക്കൊരു പണിയാണല്ലോ ഇച്ചായാ… മേരി എന്തൊക്കെ ഛർദിച്ചിട്ടുണ്ടെന്ന് കർത്താവിനറിയാം…അവളെ ഞാനൊന്ന് കാണട്ടെ

: ഇതാ നിന്റെ കുഴപ്പം… എടുത്തുചാടി ഒന്നും ചെയ്യണ്ട. തണ്ടറിയാതെ വേണം പൂവിറുക്കാൻ, അറക്കാൻ കൊണ്ടുവന്ന പോത്തിന് വെള്ളം കൊടുക്കുന്ന കണ്ടിട്ടില്ലേ, അതുപോലെ വേണം. മനസ്സിലായോ

: ഇച്ചായൻ പറഞ്ഞാൽ മതി… അതുപോലെ ചെയ്യാം

: എന്തായി നീ പോയ കാര്യങ്ങൾ…

: സ്വപ്ന സ്വപ്നം പോലും കാണാത്ത ഓഫർ അല്ലെ വച്ചുനീട്ടിയത്…ഗ്രഹണി പിടിച്ച പിള്ളേർക്ക് ചക്ക കൂട്ടാൻ കിട്ടിയ പോലെന്ന് കേട്ടിട്ടില്ലേ ഇച്ചായൻ…

: ഉം….അവളുടെ കയ്യിൽ വന്നുപോകുന്ന എല്ലാ ഫയലും അപ്പപ്പോ ഫോട്ടോയെടുത്ത് അയക്കാൻ പറയണം.
: ഉം… പിന്നെ ഇച്ചായാ, ഹരിയുമായുള്ള പാർട്ടിക്ക് ആരെയെങ്കിലും വിളിക്കാനുണ്ടോ

: ആരും വേണ്ട… നീ മാത്രം പോയാ മതി, അവിടത്തെ ഒരുക്കങ്ങളൊക്കെ ശരിയാക്കാൻ ഞാൻ ആളെ ഏർപ്പാടാക്കിയിട്ടുണ്ട്. എല്ലാം ഒരുക്കിവച്ചിട്ട് അവര് പൊക്കോളും…നിനക്ക് ഒരു സഹായത്തിന് മേരിയെ കൂടെ കൂട്ടിക്കോ.. ബാക്കിയൊക്കെ ഞാൻ പറയാം. നീ ഡെന്നിസിനെ ഒന്ന് വിളിക്ക്..

: മേരിയോ….ഞാൻ നമ്മുടെ ഷേർളിയെ വിളിച്ചോളാം

: നീ ഞാൻ പറയുന്നപോലെ ചെയ്താ മതി… ഒന്നും കാണാതെ അവറാച്ചൻ കരുക്കൾ നീക്കില്ലെന്ന് നിനക്കറിഞ്ഞൂടെ

………/………/………./…….

അടുത്ത ദിവസം രാവിലെ വളരെ സന്തോഷത്തോടെയാണ് സ്വപ്ന ഓഫീസിലേക്ക് വന്നത്. ജോലികൾക്കിടയിൽ ഇടംകണ്ണിട്ട് അവൾ ഹരിയെ നോക്കുകയും ചിരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. വളരെ പ്രധാനപ്പെട്ട ചില ഫയലുകൾ ഹരി ഒപ്പിട്ട ശേഷം ബന്ധപ്പെട്ട ഡിപ്പാർട്മെന്റിലേക്ക് കൈമാറാനായി സ്വപ്നയെ ഏല്പിച്ചിട്ടുണ്ട്. ആ ഫയലുകൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് പ്രത്യേകം പറഞ്ഞിട്ടാണ് ഹരി സ്വപ്നയെ ഏല്പിച്ചത്. അത്രയ്ക്ക് വിശ്വാസമുണ്ട് ഹരിക്ക് സ്വപ്നയോട്. രാമേട്ടൻ കഴിഞ്ഞാൽ ഹരി ഏറ്റവും കൂടുതൽ ബിസിനസ് കാര്യങ്ങൾ സംസാരിക്കുന്നത് സ്വപ്നയോടാണ്. ബിസിനസ് കാര്യങ്ങൾ മാത്രമല്ല, ഹരിയുടെ മനസ് മുഴുവൻ ഇപ്പോൾ സ്വപ്നയ്ക്ക് കാണാപ്പാഠമാണ്. ദിവസങ്ങൾ കടക്കും തോറും ഹരിയും സ്വപ്നയും കൂടുതൽ അടുത്തു.

വെള്ളിയാഴ്ച ഡ്യൂട്ടി സമയം കഴിഞ്ഞ് പോകാൻ നേരം ഹരി സ്വപ്നയെ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി..

: എന്താ ഹരിയേട്ടാ

: രണ്ട് ദിവസം ലീവല്ലേ, എന്താ പരിപാടി

: ഹരിയേട്ടൻ മൂന്നാർ പോകുവല്ലേ… ഞാൻ വീട്ടിൽ തന്നെ ഉണ്ടാവും

: നീയും വരുന്നോ എന്റെകൂടെ

: മ്….. അല്ലേൽ വേണ്ട.

: വാടി പെണ്ണേ..

: ഇത് ഹരിയേട്ടന് വേണ്ടി മാത്രം നടത്തുന്ന പാർട്ടിയല്ലേ… ഞാൻ ഒരു ശല്യമാവുന്നില്ല. പോയി അടിച്ചുപൊളിച്ചു വാ
: ഓഹോ… അത്രയ്ക്ക് ജാഡയാണെങ്കിൽ വരണ്ട…നമുക്ക് ഞായറാഴ്ച കറങ്ങാൻ പോകാം എന്തേ

: ഹരിയേട്ടൻ ആദ്യം പോയിട്ട് വാ…

: എന്ന വാ….. ഞാൻ വീട്ടിൽ വിടാം

ഹരി സ്വപ്നയെ വീട്ടിലാക്കിയ ശേഷം നേരെ പോയത് കമ്മീഷണർ ശ്യാമപ്രസാദിന്റെ അടുത്തേക്കാണ്. അയാളുമായി ഒരുപാട് നേരം സംസാരിച്ച ശേഷം രണ്ടുപേരും ഒരുമിച്ചാണ് വീട്ടിലേക്ക് മടങ്ങിയത്. ശ്യാംപ്രസാദിനെ കൂടെ കൂട്ടികൊണ്ട് വരുന്നത് കണ്ട വൈഗയ്ക്ക് സന്തോഷം അടക്കാനായില്ല. വൈഗ തയ്യാറാക്കിയ വിഭവങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് കഴിച്ച ശേഷം മൂന്നുപേരും എന്തോ കാര്യമായ ചർച്ചയിൽ ആണ്. പോലീസ് ഡിപ്പാർട്മെന്റിലെ അറിയപ്പെടുന്ന ബുദ്ധിരാക്ഷസന്മാരിൽ ഒരാളാണ് ശ്യാമപ്രസാദ്. ആള് പാവമാണെങ്കിലും നിയമത്തെകുറിച്ചുള്ള അഗാധമായ അറിവും കേസ് അന്വേഷണത്തിലെ മികവും അയാളെ മികച്ചൊരു പോലീസുകാരനാക്കുന്നു. ഹരിക്ക് എന്തെങ്കിലും നിയമപരമായ കാര്യങ്ങളിൽ വ്യെക്തത വരുത്താനുണ്ടെങ്കിൽ ശ്യാമപ്രസാദിനെയാണ് സമീപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *