ബെന്നി സിസ്റ്ററിനെ കാണാൻ തുടങ്ങുമ്പോൾ എന്തെങ്കിലും ഒഴിവുകഴിവ് പറഞ്ഞ് അവൻ നേഴ്‌സിങ്ങ് സ്‌ക്കൂളിന്റെ മുറ്റത്തിറങ്ങി ചെടികൾ പരിശോദിച്ചു കൊണ്ട് നിന്നു. മനോഹരമായ ഹൈഡ്രാഞ്ചിയ പൂക്കൾ നിറഞ്ഞ ആ പൂന്തോട്ടത്തിലെ വയലറ്റ് പൂക്കൾ അവരുടെ ഒരു പതിപ്പായി അവനു തോന്നി.
ഹോസ്പ്പിറ്റൽ വിട്ടെങ്കിലും ബെന്നിയെ കാണാനായി സിസ്റ്റർ വീട്ടിൽ വന്നുകൊണ്ടിരുന്നു. ബെന്നിക്ക് ഈ പറയുന്നത്ര പ്രശ്‌നമുള്ളതായി ശ്യാമിന് തോന്നിയില്ല, എന്നാൽ നടക്കുമ്പോൾ ഉള്ള ഒരു മുടന്ത് ഏതാനും നാളുകൾ കൂടി ഉണ്ടാകും എന്ന് എല്ലാവർക്കും മനസിലായി.
ഒരു ദിവസം ബെന്നി വീട്ടിൽ പോയ സമയത്ത് സിസ്റ്റർ അവനെ അന്വേഷിച്ച് വന്നപ്പോൾ ശ്യാം മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. മറ്റുള്ളവർ അവിടെനിന്നും കുറെ ദൂരെയുള്ള വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയിരുന്നു. അവർ അന്ന് പോകും എന്നത് സിസ്റ്ററിന് അറിയാമായിരുന്നു.
പഴയ ഒരു ഒനീഡ ടി.വിയിൽ സിനിമയും കണ്ടുകൊണ്ട് ലൂക്കാച്ചന്റെ സെറ്റിയിൽ ഇരുന്ന ശ്യാമിന് സമീപം അവർ സ്ഥാനം പിടിച്ചു.
ശ്യാമിന്റെ ശരീരം വിറകൊണ്ടു. കന്യാസ്ത്രിയാണെങ്കിലും അവരും താനും മാത്രം ഒരു മുറിയിൽ!! അവർക്ക് തന്നോട് ഒരു അടുപ്പവും ഇതുവരെ ഇല്ലെങ്കിലും ഇന്നത്തെ സാഹചര്യം എല്ലാം കൊണ്ടും അനുകൂലം. അവർ വന്നതു പോലും സംശയാസ്പദം, ഇന്ന് താൻ മാത്രമേ ഇവിടുണ്ടാകൂ എന്ന് അറിഞ്ഞുകൊണ്ടല്ലേ ഇവർ വന്നത്?
“നീ ഇവിടെ സിനിമ കണ്ട് ഇരിക്കുകയാണല്ലേ? പഠിക്കാൻ ഒന്നുമില്ലേ?”
“സിസ്റ്ററേ ഞാനിപ്പോൾ ടി.വി ഓൺ ചെയ്തതേ ഉള്ളൂ”
“ജെറി പറഞ്ഞല്ലോ നീ മനു മിസുമായി ഉടക്കാണെന്ന്”
ആ കാലത്ത് വൈകിട്ട് കമ്പ്യൂട്ടർ ക്ലാസിൽ പോകുന്നുണ്ടായിരുന്നു, അവിടുത്തെ മിസ് ആയിരുന്നു മനു, പേര് അണുങ്ങളുടെ പോലാണെങ്കിലും കാഴ്ച്ചയ്ക്ക് അതീവ സുന്ദരിയായിരുന്നു അവർ. അധികം പൊക്കമില്ല.
പക്ഷേ ഒരു കുഴപ്പമേയുള്ളൂ, ഒരു വിളച്ചിലും നടക്കില്ല, സ്ട്രിക്റ്റും ആണ് ഫ്രെൻഡ്‌ലിയും ആണ്. ശ്യാമുമായി ചില കാര്യങ്ങളിൽ മനു ഉടക്കുകയും പിന്നീട് രമ്യതയിലാകുകയും ചെയ്തു.
അതെല്ലാം കഴിഞ്ഞ വിഷയങ്ങളായിരുന്നു. ജെറി ഇത് പറഞ്ഞിരിക്കുക ഒരു മാസം മുൻപ് ആയിരിക്കണം, പിന്നെന്തിന് ഇപ്പോൾ ഈ വിഷയം എടുത്തിടണം?!
“ഇപ്പോൾ പ്രശ്‌നമൊന്നുമില്ല സിസ്റ്ററേ”
“അത് നീ പറയുന്നതല്ലേ?, ഞാൻ കേട്ടത് അങ്ങിനല്ലല്ലോ?”
എന്ത് പറയണം എന്ന് അവനറിയില്ലായിരുന്നു, അതിനാൽ മറുപടി പറയാൻ അവൻ ശ്രമിച്ചില്ല.
“പഠിക്കാൻ വന്നിട്ട് ഉഴപ്പിനടന്നാൽ എങ്ങിനെയാ ശ്യാമേ?”
അവന് അരിശം വരാൻ തുടങ്ങിയിരുന്നു.
“സിസ്റ്ററിനോട് ആരാ ഇതെല്ലാം പറഞ്ഞത്?”
“പറഞ്ഞത് ആരുമാകട്ടെ, നിന്നെക്കുറിച്ച് പരാതികളാണല്ലോ?”
“ബെന്നിയും, ജെറിയും അല്ലേ? അവരുടെ കഥകൾ സിസ്റ്റർ അറിയുന്നില്ലല്ലോ?”
“അവരുടെ എന്ത് കഥകൾ?”
സത്യത്തിൽ ശ്യാമിന് അവരെക്കുറിച്ച് പറയാൻ ഒന്നുമില്ലായിരുന്നു. കോളേജിൽ ചെറിയ ചുറ്റിക്കളികളൊക്കെ ഇരുവർക്കും ഉണ്ടായിരുന്നു എന്നല്ലാതെ മറ്റൊരു കുഴപ്പവും ഇരുവർക്കും ഇല്ല.
ശ്യാമിനെക്കുറിച്ച് ഇവർ പറയുന്നതിൽ കാര്യമില്ലാതില്ല. മറ്റൊരു കഥയിൽ പറയുന്ന മനോജ് ടൗണിൽ ഉള്ളതാണ് പ്രശ്‌നങ്ങളുടെ മൂലകാരണം. മനോജും ശ്യാമും ചെറിയ ക്ലാസുകളിൽ ഒന്നിച്ചു പഠിച്ചു വളർന്നവരാണ്.
മനോജ് വന്നാൽ ശ്യാം ഈ കമ്പിനി വിട്ട് മനോജിന്റെ ഒപ്പം പോകും. പല ദിവസവും ക്ലാസിൽ പോലും കയറില്ല. ഇതെല്ലാം ജെറിക്കും മറ്റും അത്ര ഇഷ്ടമായിരുന്നില്ല. അവരൊന്നും നേരിട്ട് പറഞ്ഞിട്ടില്ലാ എന്നേയുള്ളൂ.
“ഒന്നുമില്ല” പറയാൻ ഒന്നും ഇല്ലാത്തതിനാൽ ശ്യാം തോൽവി സമ്മതിച്ചു.
“എന്തെങ്കിലും ഉണ്ടെങ്കിൽ പറയ് , ബാക്കി കാര്യങ്ങൾ ഞാൻ നോക്കിക്കോളാം.”
“ഓ” ആ പറഞ്ഞത് സ്വൽപ്പം കളിയാക്കുന്ന രീതിയിലായിരുന്നു. അത് വേണ്ടായിരുന്നു എന്ന് ശ്യാമിന് പിന്നീട് തോന്നി.
സിസ്റ്ററിനും അത് സ്വൽപ്പം കൊണ്ടു.
“ഞാൻ പറഞ്ഞത് ശ്യാമിന് ഇഷ്ടപ്പെട്ടില്ലെങ്കിൽ സോറി..” അവർ പെട്ടെന്ന് സാധാരണ ലോകത്തേയ്ക്ക് ഇറങ്ങി വന്നു. അധികാരത്തിന്റേയും, മതത്തിന്റേയും ആവരണത്തിൽ നിന്നും പുറത്തിറങ്ങി.
