ജീവിതമാകുന്ന നൗക – 3

“ഞാൻ Retd. മേജർ ജേക്കബ് വർഗീസ്. ഈ നിൽക്കുന്ന അർജുനൻ്റെ ലോക്കൽ ഗാർഡിയൻ. എന്താണ് പ്രശനം? എന്തിനാണ് ഇവനെയും ഇവൻ്റെ കൂട്ടുകാരനെയും പുറത്താക്കിയത്?” അച്ചായൻ അല്പം ഗൗരവത്തിൽ തന്നെ ചോദിച്ചു
“അത് ഇവർ അടി ഉണ്ടാക്കി?”

“ഇവിടെ കോളജിലാണോ അടി ഉണ്ടാക്കിയത്?” മാഡം കൂടുതൽ പറയുന്നതിന് മുൻപ് അച്ചായൻ വക അടുത്ത ചോദ്യം

“അല്ല ഹോസ്റ്റലിൻ്റെ അടുത്തു റോഡിൽ ആണ് തല്ലുണ്ടാക്കിയത്. എന്നാലും കോളേജിൻ്റെ സൽപ്പേരിനു മോശം വരുത്തുന്ന പ്രവർത്തി ആണ് ”

“ആരുമായിട്ടാണ് ഇവർ അടി ഉണ്ടാക്കിയത്? അവർക്കു പരാതി ഉണ്ടോ? അവർ പോലീസ് കേസ് ഫയൽ ചെയ്തിട്ടുണ്ടോ ?” അച്ചായൻ വക അടുത്ത സെറ്റ് ചോദ്യം.

“ഞങ്ങളുടെ തന്നെ എഞ്ചിനീയറിംഗ് കോളേജിൽ ഉള്ള 4 th ഇയർ മെക്കാനിക്കൽ എഞ്ചിനീയറിംഗ് സ്റ്റുഡൻസ് ആണ് അവർ ഇത് വരെ പരാതിപെട്ടിട്ടൊന്നുമില്ല പക്ഷെ ഒരുത്തൻ ആശുപത്രിയിൽ ആണ്. ബാക്കി ഉള്ളവർ വന്നിട്ടില്ല, ലീവിലാണ്.”

“അപ്പോൾ കേട്ടറിവ് വെച്ചാണ് നടപടി. പിന്നെ എഞ്ചിനീയറിംഗ് സ്റ്റുഡനസ് ഹോസ്റ്റൽ ഇവരുടെ ഹോസ്റ്റലിൻ്റെ അടുത്തല്ലെല്ലോ പിന്നെ അവർക്ക് അവിടെ എന്താണ് കാര്യം?” പെട്ടന്ന് മീര മാമിന് ഉത്തരം മുട്ടി

ജേക്കബ് അച്ചായൻ കത്തി കയറി തുടങ്ങി “അപ്പോൾ അവന്മാർ ഇവർ ജൂനിയർ പിള്ളേരെ റാഗ് ചെയ്യാൻ വന്നതാണ്. ഇവർക്ക് കരാട്ടെയും കളരിയും ഒക്കെ അറിയാവുന്നതു കൊണ്ട് സ്വയരക്ഷാര്ഥം ഡിഫൻഡ് ചെയ്തു. റാഗ് ചെയ്യാൻ വന്നവന്മാരെ സസ്‌പെൻഡ് ചെയ്തോ?”

“അല്ല ഇവരാണ് അവരെക്കാൾ വയസ്സു കൊണ്ട് മൂത്തത്. ഇവര് മാസ്റ്റേഴ്സിനും അവർ ബാച്ചിലേഴ്സിനും പഠിക്കുന്നവർ അല്ലേ.” അവസാന അടവെന്ന പോലെ മാം ഒരു ന്യായീകരണം ഇറക്കി

“മാം എന്താണ് ഈ പറയുന്നത് കോളേജിനെ സംബന്ധിച്ചു ഇവരാണ് ജൂനിയർസ് അവരു സീനിയർസും അത് കൊണ്ട് അവരുടെ പേരിൽ സ്ട്രിക്ട് ആക്ഷൻ എടുക്കണം.” ജേക്കബ് അച്ചായൻ ഉച്ചത്തത്തിൽ തന്നെ പറഞ്ഞു.

“ഡാ നീയും രാഹുലും കൂടി ഒരു പരാതി അങ്ങോട്ട് എഴുതി കൊടുത്താട്ടെ മാഡം വേണ്ട നടപടികൾ എടുത്തോളും”

“വാദി പ്രതി ആയി എന്നും സംഭവം കൈ വിട്ടു പോയി എന്നും അവർക്കു മനസ്സിലായി. റാഗിങ്ങ് കംപ്ലൈൻ്റെ വന്നാൽ കോളേജിൻ്റെ മാനം കപ്പൽ കയറും കൂടാതെ ഫൈനൽ ഇയർ സ്റ്റുഡന്റസ് സസ്പെന്ഷൻ വാങ്ങിയാൽ റിസൾട്ടിനെ തന്നെ ബാധിക്കും” ഡയറക്ടർ മാമിൻ്റെ മുഖം വിളറി വെളുത്തു.
ഇത് മനസിലാക്കിയ ഞാൻ പറഞ്ഞു “പുറത്തു വെച് നടന്ന സംഭവം ആയതു കൊണ്ട് ഞങ്ങൾക്ക് പരാതി ഇല്ല”

“അപ്പൊ ഇവനും ഇവൻ്റെ കൂട്ടുകാരനും ക്ലാസ്സിൽ കയറുകയല്ലേ” അച്ചായൻ ഒരു തീരുമാനം പോലെ അങ്ങ് പറഞ്ഞു.

അതോടെ മീര മാം രാഹുലിനെയും വിളിച്ച ക്ലാസ്സിൽ കയറി കൊള്ളാൻ എന്നോട് പറഞ്ഞു, ഞാൻ ഒരു താങ്ക്‌സും പറഞ്ഞു അവിടന്ന് ഇറങ്ങി.

ഞങ്ങൾ നേരെ ക്യാന്റീനിൽ ചെന്ന് രാഹുലിൻ്റെ അടുത്ത നടന്ന കാര്യങ്ങൾ പറഞ്ഞു. അവന് വലിയ സന്തോഷമായി.

ജേക്കബ് അച്ചായൻ ഒരു ചായയും കുടിച്ചിട്ട് ഞങ്ങളൊടു യാത്ര പറഞ്ഞിറങ്ങി.

ഞങ്ങൾ നേരെ ക്ലാസ്സിലേക്ക് ചെന്നതും എല്ലാവരും ഞെട്ടി. ക്ലാസ്സെടുത്തുകൊണ്ടിരുന്ന ബീന മാം കയറി ഇരുന്നോളാൻ പറഞ്ഞതും ഒരു ചെറു ചിരിയോടെ ഞങ്ങൾ ബാക്കിലെ നിരയിലേക്ക് പോയി. ഞങ്ങളെ കണ്ടതും അന്നയുടെ മുഖത്തു കോപം ഇരച്ചു വന്നു. ഇത്രയും പെട്ടന്ന് ഞങ്ങൾ സസ്പെന്ഷൻ കഴിഞ്ഞു തിരിച്ചെത്തും എന്ന് അവൾ പ്രതീക്ഷിച്ചില്ല.

അന്ന് വേറെ പറയത്തക്ക സംഭവങ്ങൾ ഒന്നും ഉണ്ടായില്ല ഒന്ന് രണ്ട് പെണ്ണുങ്ങൾ വന്നു ഇങ്ങോട്ട് വന്ന് ഞങ്ങളെ പരിചയപ്പെട്ടു. അവളുമാർ തൃശൂർ ഗെഡികളുമായി നല്ല കമ്പനി ആണ്.

സൂര്യയ എന്ന തൃശൂർകാരിയും, പ്രീതി എന്ന കോട്ടയം കാരിയം. രണ്ടു പേരും ഹായ് പറഞ്ഞു രാഹുൽ എന്തൊക്കെയോ പറയുന്നുണ്ട്. ഞാൻ സ്വയം പരിചയപ്പെടുത്തിയതല്ലാതെ കൂടുതൽ ഒന്നും സംസാരിച്ചില്ല.

മൂന്നാമത്തെ പീരീഡ് ആയപ്പോൾ പുതിയ ഒരുത്തൻ കയറി വന്നു. ഒരു തിരുവല്ലക്കാരൻ ഫിലിപ്പ്. ആൾ ഗൾഫ് ആയിരുന്നു കുറച്ചു പ്രായവും ഉണ്ട് ഒരു 28 വയസ്സു കാണും. പുള്ളി ജോലിക്കിടെ ലീവ് എടുത്താണ് എംബിഎ ക്ക് ജോയിൻ ചെയ്തിരിക്കുന്നത്. പുള്ളി മാത്രം എങ്ങനെയോ ഹോസ്റ്റലിൽ അല്ല താമസം. പക്കാ ഡേ സ്കോളർ.

വന്ന പാടെ പെൺപിള്ളേരെ കാണാത്ത പോലെ അന്നയെ നോക്കി വെള്ളമിറക്കി ഇരിക്കാൻ തുടങ്ങി. തൊട്ടടുത്ത ബ്രേക്ക് ആയപ്പോൾ തന്നെ അന്നയുടെ അടുത്ത് പോയി സംസാരിച്ചു. അന്ന വലിയ മൈന്ഡാക്കിയില്ലെങ്കിലും സുമേഷിനേക്കാൾ വലിയ തൊലിക്കട്ടി ഉണ്ടെന്ന് അവൻ തെളിയിച്ചു ആൾ ഭയങ്കര ഫാസ്റ്റ് ആണെല്ലോ ഉച്ചക്ക് ഞങ്ങളുടെ ടേബിളിൽ സുമേഷും ടോണിയും പുതിയ കോഴിക്കെതിരെ ഉള്ള പട ഒരുക്കത്തിൽ ആണ്.
അന്നുച്ചക്ക് അരുൺ സാറിൻ്റെ ഇക്കണോമിക്സ് പീരീഡ് മാത്രമേ ഉണ്ടായിരുന്നുള്ളു. പുള്ളിയുടെ പഠിപ്പിക്കലിൽ നിന്ന് തന്നെ അങ്ങേർക്ക് വലിയ ടീച്ചിങ്ങ് എക്സ്പീരിയൻസ് ഇല്ല എന്ന് തോന്നി. മാത്രമല്ല പുള്ളി മനസ്സിലായോ എന്ന രീതിയിൽ എന്നെ നോക്കും. ഇത് എന്താണ് ഇങ്ങനെ എന്ന് ഞാൻ വിചാരിച്ചു.

വെള്ളിയാഴ്ച ആയതു കൊണ്ട് കുറെ പേർ ഹോസ്റ്റലിൽ എത്തിയതും വീട്ടിലേക്കു പോയി. സുമേഷും ടോണിയും പോയിരുന്നു.ഞാനും രാഹുലും കഴിഞ്ഞ ദിവസം ഫ്ലാറ്റിൽ പോയതിനാൽ ഹോസ്റ്റലിൽ തന്നെ നില്ക്കാൻ തീരുമാനിച്ചു. എ ബാച്ചിലെ കുറച്ചു പേരെ ഞങ്ങൾ പരിചയപ്പെട്ടു ഇടുക്കിയിൽ നിന്ന് ഒരു കുര്യൻ പിന്നെ തിരുവന്തപുരകാരൻ നിജുമോൻ അങ്ങനെ കുറച്ചു പേർ. ശനിയാഴ് ലാപ്ടോപ്പിൽ സോഫ്റ്റ്‌വെയർസ്‌ ഒക്കെ സെറ്റ് ആക്കി. കൂട്ടത്തിൽ ക്ലാസ്സിനിടയിൽ അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കാൻ ഒരു മെസ്സേജിങ് ആപ്പും ലാപ്ടോപ്പിൽ സെറ്റ് ചെയ്തു. ഏതാനും വിഷയങ്ങളിൽ സബ്മിറ്റ് ചെയ്യാനുള്ള അസൈൻമൻറ്റ്സ് ഒക്കെ റെഡി ആക്കി. സിനിമ ഒക്കെ കണ്ടിരുന്നു.

അതേ സമയം അരുണും ടീമും ഫീൽഡ് ഓഫീസിൽ കലുഷിതമായ ചർച്ചയിൽ ആണ്. ഹോസ്റ്റൽ മെസ്സിൽ നിന്ന് സെൽവനും എത്തി ചേർന്നിട്ടുണ്ട്. വിഷയം ജിമ്മിയും കൂട്ടരു അർജുനുമായി ഉണ്ടായ സഘർഷം ആണ്. കാര്യങ്ങൾ അറിഞ്ഞതും സെൽവൻ ഹോസ്റ്റലിൻ്റെ അടുത്തുള്ള കടയിൽ പോയി കാര്യങ്ങൾ അന്വേഷിച്ചു. എന്താണ് സംഭവിച്ചത് എന്നതിനെ പറ്റി വ്യക്തതയൊന്നുമില്ല. എന്നിട്ടും എന്താണ് നടന്നതിനെ പറ്റി വ്യക്ത്തയില്ല. വിദ്യാർത്ഥികളുടെ ഇടയിൽ നിന്ന് കറക്റ്റ് ആയ ഇൻഫർമേഷൻ ലഭിക്കുന്നില്ല. ഒരു വിദ്യാർത്ഥിയെ റിക്രൂട്ട ചെയ്താലോ എന്ന് വരെ അവർ ആലോചിച്ചു.

“ജിമ്മിയോ അവൻ്റെ കൂട്ടാളികളോ ഒരു പ്രത്യാക്രമണത്തിനു മുതിർന്നേക്കാം അത് കൊണ്ട് അവരുടെ ഫോണുകൾ ടാപ്പ് ചെയ്യണം, ഇതാണ് ജിമ്മിയുടെ നം. കൂട്ടുകാരുടെ നം. ഒക്കെ അവൻ വിളിക്കുമ്പോൾ കിട്ടിക്കോളും” അരുൺ ടെക്നിക്കൽ ടീമിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *