കാഞ്ഞിരക്കുറ്റി – 1 16

 

കാഞ്ഞിരം മുറിച്ചു.!

അതൊരു വാർത്തയായിരുന്നു നാട്ടിൽ. ഏറെ നാളത്തെ എതിർപ്പിനും പ്രതിഷേധങ്ങൾക്കും ഒടുവിൽ ആ പറമ്പിന്റെ ഉടമസ്ഥർ ആ വൃക്ഷം മുറിച്ചു കളഞ്ഞു. എന്ത് കൊണ്ട് മുറിച്ചുമാറ്റി എന്ന് മാത്രം നാട്ടുകാർക്ക് എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടിയില്ല, കാരണം അത് മുറിക്കില്ലെന്ന് ആ വീട്ടുകാർ ഉറപ്പിച്ചിരുന്നു. പക്ഷേ ഇന്നവിടെ ആ പൊന്തക്കാടിന് നടുവിൽ ആ പടുമരം ഒരു കാഞ്ഞിരകുറ്റി മാത്രമായി അവശേഷിക്കുന്നു. ഒപ്പം കുറേ ദുരൂഹതകളും.!

 

ഇനി എന്തൊക്കെ അനർത്ഥങ്ങൾ അരങ്ങേറുമോ ആവോ എന്ന് ആർക്കുമറിയില്ല. കാലഹരണപ്പെടാതെ കിടക്കുന്ന വിശ്വാസങ്ങൾക്കിടയിൽ എവിടെയെങ്കിലും മാറാല പിടിച്ചു കിടക്കുന്ന ഒരു സത്യമുണ്ടെങ്കിൽ തീർച്ചയായും കാലം അതിന്റെ കാവ്യനീതി നടപ്പാക്കുമെന്ന് ദേശക്കാർ വിശ്വസിച്ചു.

എന്നോ ദാരുണമായി കൊലചെയ്യപ്പെട്ട ഒരു കന്യകയുടെ ആർത്താനാദങ്ങളും സീൽക്കാരങ്ങളും മരണക്കരച്ചിലും നീതി തേടുന്നുണ്ടെങ്കിൽ തീർച്ചയായും അവിശ്വാസനീയമായ പലതും തങ്ങൾ നേരിടേണ്ടി വരുമെന്ന് അവർ വിശ്വസിച്ചു.

ഗതിക്കിട്ടാതെ മരിച്ചുപോയ ആ ആലംബഹീനയായ യുവതിയുടെ ആത്മാവ് ആവാഹനം ചെയ്യപ്പെട്ട കാഞ്ഞിരമരം ഓർമ്മ മാത്രമായി മാറിയതോടെ പ്രതികാരദാഹയായി ഈ ദേശസ്ഥലികളിൽ അലഞ്ഞു തിരിയുമെന്ന് ഭയന്ന് സന്ധ്യയാകുമ്പോൾ തന്നെ ജനങ്ങൾ വീടുകളിൽ അഭയം തേടിതുടങ്ങി ഗ്രാമം വിജനമായിതുടങ്ങി, നിശബ്ദവും.!

 

ഇരുണ്ട ആകാശത്തിന്റെ നിശബ്ദ ശാന്തതയിലേക്ക് പതിയെ തെളിഞ്ഞു വരുന്ന നിലാവിന്റെ ചാരച്ച പ്രഭയിലേക്ക് നോട്ടമയച്ചു കൊണ്ട് വരാന്തയിലെ ഗ്രിൽസിൽ പിടിച്ചു നിശ്ചലനായി വാഹിദ് നിന്നു. താനെന്തിന് ഈ അതിർത്തി ഗ്രാമത്തിൽ വന്നു നിൽക്കുന്നു എന്ന് അവൻ തമാശയോടെ ചിന്തിച്ചു.

താനുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു ഉൾനാടൻ ഗ്രാമത്തിൽ, ഒരു വാടക വീട്ടിൽ അപരിചിതനായി വന്നുതാമസിക്കുന്നു. ജീവിതത്തിൽ എന്തൊക്കെ വേഷങ്ങളാണ് കെട്ടിയാടേണ്ടി വരുന്നത്. തന്റെ സുഹൃത്തും പോലീസ് ഉദ്യോഗസ്ഥനുമായ കിഷോറിന്റെ നിർബന്ധം കൊണ്ട് മാത്രമാണ് താനീ മുഷിഞ്ഞ പരിപാടിക്ക് ഇറങ്ങി പുറപ്പെട്ടത്.

എന്തിന് താൻ ഇവിടെ വന്നു താമസിക്കണം എന്ന ചോദ്യത്തിന് “തത്കാലം ഒരു ഒളിജീവിതമായി കണ്ടാൽ മതി ” എന്നെ അവൻ പറഞ്ഞുള്ളൂ. അതിന്റെ കൂടെ ഒരു കാര്യം കൂടി പറഞ്ഞു. “ആ ഗ്രാമം നീ ഇന്നോളം കാണാത്ത ഒരു അനുഭവമായിരിക്കും മാത്രമല്ല നിന്റെ ചില ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുമായിരിക്കാം” എന്നും. ആ നിർബന്ധം കൊണ്ട് മാത്രമാണ് വാഹിദ് കാഞ്ഞിരകാവ് ഗ്രാമത്തിലേക്ക് പുറപ്പെട്ടത്ത്.

എന്തൊക്കെ വിശ്വാസങ്ങളും ധാരണകളുമാണ് ഈ വിശാലമായ ലോകത്ത് മനുഷ്യർ പുലർത്തിപ്പോകുന്നത് എന്ന് അവൻ അതിശയിച്ചു. ഏതോ ഭൂതകാലത്തിൽ കൊലചെയ്യപ്പെട്ടു എന്ന് വിശ്വസിക്കുന്ന ഒരു നാട്ടുവർത്തമാനത്തിന്റെ ഓർമ്മയും പേറി ഭയന്നു വിറച്ചു ഒരുകൂട്ടം മനുഷ്യർ തങ്ങളുടെ സന്തോഷങ്ങളെ ഭാവികാലചിന്തകളിൽ ആണിയടിച്ചു ആവാഹനം ചെയ്തു ജീവിക്കുന്നു. വർത്തമാന കാലത്തിന്റെ സന്തോഷങ്ങളും നേരം പോക്കുകളും, അസ്വസ്ഥയുടെ ഹോമാകുണ്ഠത്തിൽ വലിച്ചെറിഞ്ഞു ഇനിയെന്ത് സംഭവിക്കും എന്ന് ചിന്തിച്ചു ഉത്കണ്ഠപ്പെടുന്നു. എത്ര വിചിത്രമാണ് ജീവിതം.! അവൻ അൽപ്പം തമാശയോടെ ചിന്തിച്ചു.

പൊടുന്നനെ ദൂരെയെവിടെ നിന്നോ ഒരു നായ നീട്ടി ഓരിയിടാൻ തുടങ്ങി. അധികം അകലെനിന്നല്ലാതെ കേൾക്കുന്ന ആ ഭീതിപ്പെടുത്തുന്ന ശബ്ദം ഒന്ന് രണ്ട് തവണ ഉയർന്നപ്പോൾ, ഒന്നൊന്നായി അരികെയും ദൂരേയുമായി പല ഭാഗത്ത്‌ നിന്ന് പട്ടികൾ ഓരിയിടാൻ തുടങ്ങി. വാഹിദിന്റെ ശരീരത്തിൽ കുളിരുകോരി രോമങ്ങൾ എഴുന്നേറ്റ് നിന്നു.

ഈ നാട്ടിലെ അന്തരീക്ഷത്തിൽ അലിഞ്ഞു ചേർന്നു നിൽക്കുന്ന നിശബ്ദതയിൽ, കേട്ടറിഞ്ഞ ഭീതിയുടെ സാന്ദ്രതയിൽ, ഇരുട്ട് മൂടിയ രാത്രിയുടെ മറവുകളിൽ നിന്നുയരുന്ന ആ മൃഗവിളികൾ അവനെ അസാധാരണമായി അസ്വസ്ഥനാക്കി. വരാന്തയിലെ ഇരുട്ടിൽ നിന്ന് തുറന്ന് കിടന്ന വാതിലിലൂടെ അകത്തേക്ക് കടന്ന് വാതിലടച്ചു കട്ടിലിൽ കേറിക്കിടന്ന് അവസാനിക്കാത്ത ആ ഭീതിതമായ നീണ്ട നിലിവിളി ശബ്ദങ്ങൾ കേട്ടുകൊണ്ട് അവൻ മലർന്നു കിടന്നു. എന്തോ ഭീതിപ്പെടുത്തുന്ന ഒരന്തരീക്ഷം ഈ നാടിനുണ്ടെന്ന് അവന് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *