പലപ്പോഴായി ആളുകൾ അപ്രത്യക്ഷമാകുന്നു എന്നാണ് ഒരു വൃദ്ധൻ തന്നോട് പറഞ്ഞത്. കഴിഞ്ഞ ദിവസം സന്ധ്യമയങ്ങിയിട്ടു കുറച്ചു വൈകി അങ്ങാടിയിൽ നിന്ന് റൂമിലേക്ക് മടങ്ങുമ്പോൾ ഇരുട്ടിൽ നിന്ന് ഇറങ്ങി വന്ന ഒരു വൃദ്ധൻ. പെട്ടന്ന് മുന്നിൽ ഒരു ചുക്കിച്ചുളിഞ്ഞ മനുഷ്യനെ കണ്ടപ്പോൾ ഞെട്ടിപ്പോയി. എവിടെ നിന്ന് എങ്ങിനെ പ്രത്യപ്പെട്ടു എന്ന് ഒരുവേള നടുങ്ങിപ്പോയ അവസ്ഥ.!
“കുഞ്ഞേതാ. ഈ നാട്ടുകാരൻ അല്ലെന്ന് തോന്നുന്നു. ഈ സമയത്ത് വീട്ടിൽ പോകാതെ ഇവിടിങ്ങനെ ചുറ്റി കറങ്ങുന്നത് എന്താ.”? അയാൾ ശാന്തമായിട്ടാണ് ചോദിച്ചത്.
“ഞാൻ കുറച്ച് അകലെനിന്നാ. ഒരു സുഹൃത്ത് ഇവിടുണ്ട്. അവന്റെ കൂടെ താമസിക്കാൻ വന്നതാ.”
“ഇവിടുത്തെ കാര്യങ്ങളൊന്നും അറിയില്ല അല്ലേ. സന്ധ്യ കഴിഞ്ഞാൽ ഇവിടാരും പുറത്തിറങ്ങാറില്ല. ശപിക്കപ്പെട്ട നാടാ മോനെ. കണ്ടില്ലേ അങ്ങാടിയിൽ ഒരൊറ്റ പീടിക പോലും തുറന്നിട്ടില്ല ല്ലോ. വേഗം വീട്ടിലേക്ക് പോകാൻ നോക്കൂ.”
“അതേ, അതാ ഞാനും ചിന്തിക്കുന്നത്. ഒരു പട്ടണം മുഴുവൻ അടഞ്ഞു കിടക്കുന്നു. തെരുവ് വിളക്കല്ലാതെ ഒരു വെളിച്ചവും കാണാനില്ല, മനുഷ്യനെയും. ഇതെന്താ ഇങ്ങനെ.”?
“കൂട്ടുകാരൻ ഒന്നും പറഞ്ഞില്ലേ അപ്പൊ? പറയാൻ ആണെങ്കിൽ ഒരുപാടുണ്ട്. ഏതായാലും ഒന്ന് മാത്രം ഇപ്പൊ അറിഞ്ഞോളൂ. ചെറുപ്പക്കാരായ മനുഷ്യർക്ക് ഇവിടെ അത്ര സുഖമുള്ള കാലമല്ല ഇപ്പോൾ. ഇവിടെ കുറച്ചു നാളുകളായി അത്ര നല്ല കാര്യങ്ങൾ അല്ല നടക്കുന്നത്. ഒന്ന് രണ്ട് യുവാക്കളെ കാണാനില്ല. മാത്രമല്ല.. ”
പെട്ടന്ന് എവിടെ നിന്നോ ഒരു പട്ടി കുരച്ചു തുടങ്ങിയതും വൃദ്ധൻ ഒരു ഞെട്ടലോടെ പറഞ്ഞുകൊണ്ടിരുന്നത് നിർത്തി. അയാളുടെ ഭയന്നു വിറച്ച മുഖത്തേക്ക് നോക്കിയപ്പോൾ വാഹിദ് അമ്പരന്നു പോയി. അവൻ ആ പട്ടിയുടെ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയിട്ട് തിരിഞ്ഞു നോക്കിയപ്പോൾ ആ മനുഷ്യനെ കാണാനില്ലായിരുന്നു,
ശൂന്യം.!
അതിനകം അയാൾ ഇരുട്ടിലെവിടെയോ നുഴഞ്ഞു കയറി മറഞ്ഞിരുന്നു. മരണമൂകത തളം കെട്ടി നിൽക്കുന്ന വിജനമായ അങ്ങാടി. ഒറ്റപ്പെട്ട ചില ഇളക്ട്രിക് പോസ്റ്റുകളിൽ നിന്നുള്ള വെളിച്ചം ഒഴിച്ചാൽ തികഞ്ഞ അന്ധകാരം.!
വാഹിദിന്റെ ശരീരത്തിലൂടെ കുളിരു പാഞ്ഞു. തിരിഞ്ഞും മറിഞ്ഞും നോക്കിയിട്ടും ഇരുട്ടിന്റെ ഏത് പഴുതിലേക്കാണ് ആ വൃത്തികെട്ട വൃദ്ധരൂപം മാഞ്ഞു പോയത് എന്ന് അവന് കണ്ടെത്താൻ കഴിഞ്ഞില്ല. നീണ്ടു പോകുന്ന റോഡിന്റെ അറ്റത്ത് ഇരുട്ടിൽ രണ്ടു തീക്കണ്ണുകൾ ജ്വലിക്കുന്നത് മാത്രം അവൻ കണ്ടു. അതൊരു പട്ടിയാണെന്നും ആ പട്ടിയായിരിക്കണം കുരച്ചത് എന്നും വാഹിദ് ചിന്തിച്ചു. വേഗം നടന്ന് തന്റെ ബുള്ളറ്റിന്റെ അടുത്തേക്ക് പോയി. ദുബായ്ൽ നിന്ന് തിരികെ വന്നതിൽ പിന്നേ, ശാരിക പണ്ട് സമ്മാനിച്ച ബുള്ളെറ്റ് അവളുടെ വീട്ടിൽ തന്നെ കളഞ്ഞ്, തന്റെ പ്രിയപ്പെട്ട വാഹനവുമായി അവിടം വിട്ടതായിരുന്നു അവൻ. നേരെ കിഷോറിന്റെ അടുത്തേക്ക് വന്നു ജോർജിന്റെയും വിൻസെന്റിന്റെയും മരണ വിവരം അറിയിക്കുകയും ശാരീസ് ഗ്രൂപ്പ് വിട്ട കാര്യം പറയുകയും ചെയ്തു. അപ്പോഴാണ് കിഷോർ വാഹിദിനോട് ഇങ്ങോട്ട് വരാൻ പറയുന്നതും നിർബന്ധിച്ചു പറഞ്ഞയക്കുന്നതും.
ബുള്ളറ്റിൽ കയറി വാഹനം സ്റ്റാർട്ട് ചെയ്ത് വിജനമായ അങ്ങാടി താണ്ടി, ഇടതു ഭാഗത്തേക്കുള്ള പഞ്ചായത്ത് റോഡ് വഴി വേഗം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഗ്രാമത്തിൽ എത്തിയപ്പോൾ കാണുന്നവരൊക്കെ സംശയത്തോടെ വീക്ഷിക്കുന്നു എന്നല്ലാതെ, ഒരാൾ പോലും സംസാരിക്കാനോ ഒന്ന് പുഞ്ചിരിക്കാനോ മനസ്സ് കാണിച്ചില്ല. എല്ലാവരിലും അജ്ഞാതമായൊരു അങ്കലാപ്പ് തളം കെട്ടി നിൽക്കുന്നത് പോലെ.
നായകൾ വീണ്ടും വീണ്ടും നീട്ടി കരഞ്ഞു കൊണ്ടിരുന്നു. കേട്ട് കേട്ട് അല്പസമയം കിടന്നിട്ട് ഉറക്കം വരാതെ വാഹിദ് എഴുന്നേറ്റ് വലത് ഭാഗത്തുള്ള കിടപ്പുമുറിയുടെ വാതിലിന്റെ അടുത്തേക്ക് ചെന്നു നോക്കി. ആ വീടിനു ഒരു വരാന്തയും വരാന്തയിൽ നിന്ന് അകത്തേക്ക് കയറുന്ന ഒരു വലിയ മുറിയുമാണ് ഉള്ളത്. ആ വലിയ മുറി രണ്ടു കിടപ്പു മുറികളാക്കി വിഭജിച്ചിരിക്കുന്നു. വരാന്തയിൽ നിന്ന് അകത്തേക്ക് കയറുന്നത് ഒരു കിടപ്പു മുറിയിലേക്കാണ്. വാതിലിന്റെ അടുത്തു നിന്ന് ഇടത് ഭാഗത്തേക്ക് മാറി അടുത്ത മുറിയുടെ വാതിൽ. ആ വാതിൽ കഴിഞ്ഞു ചെറിയൊരു സ്ഥലമുണ്ട്, അവിടെയാണ് പാചകം ചെയ്യാനുള്ള ചെറിയ സ്ഥലം. വാടകക്ക് താമസിക്കാൻ വേണ്ടി മാത്രമുള്ള ഒരു കെട്ടിടം.
