അത് മനസിൽ പറഞ്ഞത് കണ്ടത്തിൽ വറീതാണ്.. “ ഇത്തവണയെങ്കിലും വനിതകൾക്ക് അവസരം നൽകണം മാമച്ചായാ… ഞാനാണെങ്കിൽ മണ്ഡത്തിൽ മൊത്തം ഒരോളം ഉണ്ടാക്കിയിട്ടുണ്ട്…എനിക്ക് തന്നെ തരണം ഈ സീറ്റ്… “.. അനിത അവളുടെ കാര്യം പറഞ്ഞു.. ഓരോരുത്തരുടേയും അനുയായികളും കൂടി ശബ്ദമുയർത്താൻ തുടങ്ങിയതോടെ യോഗ ഹാൾ ബഹളമയമായി..
“മാമച്ചാ… ആരെയാന്ന് വെച്ചാ വേഗം പ്രഖ്യാപിക്ക്… അല്ലേൽ പാർട്ടി ആപ്പീസിൽ ചോര വീഴും…”.. പ്രവർത്തകരുടെ വികാരപ്രകടനം കണ്ട് അന്തംവിട്ട് നിൽക്കുന്ന മാമച്ചനോട് വറീത് മുന്നറിയിപ്പ് പോലെ പറഞ്ഞു.. “ഈ ബഹളത്തിനിടയിൽ ഞാനെങ്ങനെ പ്രഖ്യാപിക്കാനാ വറീതേ… ?.. ആരെ പ്രഖ്യാപിച്ചാലും ചോര വീഴും…”..
“എന്ന് വെച്ച്… ?.. ഇനിയിത് നീട്ടിക്കൊണ്ട് പോയാലെങ്ങിനെയാ… ?.. എന്റെ പേരങ്ങ് പറ മാമച്ചാ… അതോടെ ഈ ബഹളങ്ങ് നിൽക്കും…”.. വറീത് സൂത്രത്തിൽ പറഞ്ഞു..
മാമച്ചൻ,വറീതിനെ രൂക്ഷമായൊന്ന് നോക്കി.. പിന്നെ വീണ്ടും മൈക്ക് കയ്യിലെടുത്തു.. താൻ കഷ്ടപ്പെട്ട് വളർത്തിക്കൊണ്ട് വന്ന തന്റെ പാർട്ടി തന്റെ കയ്യിൽ നിന്നും പിടി വിട്ട് പോവുന്നത് വേദനയോടെ അയാളറിഞ്ഞു.. “നിങ്ങളിങ്ങനെ ബഹളമുണ്ടാക്കിയാ ഒന്നും നടക്കില്ല… ഈ പാർട്ടിയുടെ ചെയർമാൻ ഞാനാണ്… ഞാൻ പറയുന്നതനുസരിക്കുന്നവരാണ് യഥാർത്ത പാർട്ടി പ്രവർത്തകർ..
ഞാനാരെ തീരുമാനിച്ചാലും നിങ്ങളത് അംഗീകരിക്കണം… “.. മാമച്ചൻ സംയമനത്തോടെ സംസാരിച്ചു.. “മാമച്ചൻ തീരുമാനിച്ചോ.. പക്ഷേ തീരുമാനിക്കുന്നത് എന്നെയായിരിക്കണം…”..
ബിനോയി ഉച്ചത്തിൽ പറഞ്ഞു.. “നീ ഇന്നലെ വന്നവനല്ലേ ബിനോയീ… ?. ഞാനൊക്കെ കാലം കുറച്ചായി ഈ പാർട്ടിയിൽ പണിയെടുക്കുന്നു…നിനക്കിനിയിയും അവസരം കിട്ടും…”.. വറീത്, ബിനോയിയോട് വിളിച്ച് പറഞ്ഞു..
ഇത് ഈ യോഗത്തിൽ തീരുമാനമാക്കാൻ പറ്റില്ലെന്ന് മാമച്ചന് മനസിലായി.. ആരെ പ്രഖ്യാപിച്ചാലും ഇവിടെ കലാപമുണ്ടാകും.. “ആദ്യം നിങ്ങളൊന്ന് മിണ്ടാതിരിക്ക്… തീരുമാനം ഞാൻ പറയാം…”.. മാമച്ചൻ മൈക്കിലൂടെ ഉറക്കെ പറഞ്ഞപ്പോൾ ഹാള് നിശബ്ദമായി..
“ ഈ പാർട്ടി ഉണ്ടാക്കിയത് ഞാനാണ്… ഇപ്പഴും ഞാനാണിതിന്റെ ചെയർമാൻ… എന്റേത് തന്നെയാണ് ഈ പാർട്ടിയുടെ അവസാന വാക്കും…”.. കർക്കശമായിരുന്നു മാമച്ചന്റെ വാക്കുകൾ.. “ഞാനൊരാളെ പ്രഖ്യാപിച്ചാൽ അയാളെ അംഗീകരിക്കാൻ പറ്റാത്തവർ ഈ പാർട്ടിയിൽ നിൽക്കണമെന്നില്ല… എല്ലാവരും ഒറ്റക്കെട്ടായി സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രവർത്തിക്കാനുണ്ടാവണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം… അത് കൊണ്ട് ഞാനൊരു സ്ഥാർത്ഥിയെ കണ്ടെത്തിയിട്ടുണ്ട്…”.. സ്ഥാനാർത്ഥി മോഹികൾ ഒന്നടങ്കം ജാഗരുകരായി..
“ആളുടെ പ്രായമോ മുൻപരിചയമോ ഞാൻ നോക്കിയിട്ടില്ല… അവര് സ്ഥാനാർത്ഥിയായി നിന്നാൽ വിജയിക്കും എന്ന് നൂറ് ശതമാനം എനിക്കുറപ്പുണ്ട്… ഈ മണ്ഡലം നിലനിർത്തണമെങ്കിൽ അവർ തന്നെ മൽസരിക്കണം എന്നാണ് എന്റെ അഭിപ്രായം… അഭിപ്രായം മാത്രമല്ല,എന്റെ തീരുമാനവും അതാണ്…”.. അപ്പോ ബിനോയിക്കൊരു സംശയം… മാമച്ചൻ അവർ എന്നാണ് പറയുന്നത്.. അതായത് അയാൾ പ്രഖ്യാപിക്കാൻ പോകുന്നത് ഒരു വനിതയെയാണ്.. പുരുഷനാണെങ്കിൽ അയാളെന്നോ,അദ്ദേഹമെന്നോ പറഞ്ഞേനെ..
പണി പാളിയോ കർത്താവേ…?. അതേസമയം വനിതകളുടെ ഭാഗത്ത് നിന്ന് ഒരിളക്കമുണ്ടായി.. ബെറ്റിയും,അനിതയും, ത്രേസ്യയുമൊക്കെ ആകാംക്ഷയോടെ കാത്തിരുന്നു.. “ഈ മണ്ഡലം നിലനിർത്താനും,
പുതിയ എം എൽ എ ആയി ഈ പാർട്ടിയെ നയിക്കാനും ഞാൻ ഒരുപാട് പഠിച്ചതിന് ശേഷമാണ് ഒരാളെ തീരുമാനിച്ചത്… നമ്മുടെ യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ജോസിന്റെ ഭാര്യ നീതുജോസിനെ ഈ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി ഞാൻ പ്രഖ്യാപിക്കുന്നു… “.. ഹാളിൽ മൊട്ടുസൂചി വീണാൽ കേൾക്കാവുന്നത്ര നിശബ്ദത.. പ്രവർത്തകർ കേട്ടത് വിശ്വസിക്കാനാവാതെ, ശ്വാസം പോലും വിടാതെ നിൽക്കുകയാണ്.. ആ തക്കത്തിന് മാമച്ചൻ പിൻവാതിലിൽ കൂടി ഇറങ്ങി തന്റെ കാറിൽ കയറിപ്പോയി..
ഇടിവെട്ടേറ്റവനെപ്പോലെ നിൽക്കുന്ന ബിനോയിയെ നോക്കി ജോസൊരു പുഛച്ചിരി ചിരിച്ചു.. പിന്നെ അവനും പുറത്തിറങ്ങി.. ചന്തിയൊന്ന് ചൊറിഞ്ഞ് കണ്ടത്തിൽ വറീതും പുറത്തേക്ക് പോയി.. ✍️… ചാനലുകളിൽ വാർത്ത തകർക്കുകയാണ്..
