നിരഞ്ജൻ തന്റെ റിവോൾവർ ഉയർത്തി ആ ദിശയിലേക്ക് ഫോക്കസ് ചെയ്തു. വിരൽ ട്രിഗറിൽ അമരാൻ തയ്യാറായി. പക്ഷേ ടോർച്ച് വെളിച്ചത്തിൽ തെളിഞ്ഞത് മുരണ്ടു നിൽക്കുന്ന രണ്ട് തെരുവ് നായ്ക്കളായിരുന്നു. അവയുടെ കണ്ണുകൾ ഭയം കൊണ്ട് ചുവന്നിരുന്നു.
നായ്ക്കൾ ഓടി മറഞ്ഞപ്പോൾ നിരഞ്ജൻ ആ ലോക്കറ്റ് പതിയെ പോക്കറ്റിലാക്കി പിന്നെയും അവിടെ പരിശോധന നടത്തി..
ആ നായ്ക്കൾ ഓടിമറഞ്ഞതോടെ ആ പഴയ കെട്ടിടം വീണ്ടും നിശബ്ദമായി. നിരഞ്ജൻ തന്റെ ടോർച്ച് വെളിച്ചം ഹാളിലെ തറയിൽ നിന്നും ചുവരുകളിലേക്ക് പതുക്കെ മാറ്റി. മുന്നോട്ട് നടക്കുന്തോറും ആ കെട്ടിടത്തിന്റെ തകർച്ചയുടെ സ്വഭാവം മാറുന്നത് അയാൾ ശ്രദ്ധിച്ചു.
അതൊരു സ്വാഭാവികമായ തകർച്ചയല്ല!
ഹാളിന്റെ പകുതിയോളം ഭാഗം വെറും ചിതലരിച്ചോ മഴ നനഞ്ഞോ വീണതല്ല. കരിങ്കൽ ഭിത്തികൾ പോലും തകർന്ന് തരിപ്പണമായിരിക്കുന്നു. നിരഞ്ജൻ ആ അവശിഷ്ടങ്ങൾക്കിടയിൽ തന്റെ ടോർച്ച് നീട്ടിപ്പിടിച്ചു നോക്കി. ഭിത്തിയുടെ ഉറപ്പുള്ള കല്ലുകൾ പോലും വശങ്ങളിലേക്ക് പിളർന്നു മാറിയിരിക്കുന്നു.
ഹാളിലേക്ക് എന്തോ ഒരു ഭീമൻ വസ്തു ഇടിച്ചു കയറിയതുപോലെയാണ് അവിടം കാണപ്പെടുന്നത്. തറയിലെ കരിങ്കല്ലുകളിൽ ലോഹം ഉരഞ്ഞതിന്റെ ആഴത്തിലുള്ള വരകൾ ഇപ്പോഴും മായാതെ കിടക്കുന്നു.
ഒരു വലിയ ട്രക്കോ ബസ്സോ അതിവേഗത്തിൽ ആ കെട്ടിടത്തിന്റെ മുൻഭാഗം തകർത്ത് ഹാളിന്റെ പകുതി വരെ ഇരച്ചു കയറി ഇറങ്ങിയതിന്റെ വ്യക്തമായ ലക്ഷണങ്ങൾ കാണാമായിരുന്നു .
കുറച്ച് വർഷം പഴക്കമുള്ള ആഘാതമാണെങ്കിലും ആ കെട്ടിടത്തിന്റെ നട്ടെല്ല് തകർത്തത് ആ അപകടമായിരുന്നു എന്ന് അയാൾക്ക് ഉറപ്പായി.
പെട്ടെന്ന് നിരഞ്ജന്റെ മനസ്സിലേക്ക് ഫോറൻസിക് റിപ്പോർട്ടിലെ ആ വരികൾ വന്നു—ലയ സോമസുന്ദരം, ബസ്സിനുള്ളിലെ രതിവേഴ്ച… ആ ബസ്സ് ലയയെ പീഡിപ്പിച്ച ശേഷം ഈ കെട്ടിടത്തിലേക്ക് ഇടിച്ചു കയറ്റിയതാണോ? അതോ പീഡനത്തിന് പകരം വീട്ടാൻ ആരോ ആ ബസ്സ് ഇവിടേക്ക് ഓടിച്ചു കയറ്റിയതാണോ?
നിരഞ്ജൻ ആ ഇടി നടന്ന ഭാഗത്തെ തകർന്ന തൂണുകൾക്കിടയിൽ തിരഞ്ഞു. അവിടെ മണ്ണിൽ പൂണ്ടു കിടക്കുന്ന തുരുമ്പിച്ച ഒരു ലോഹക്കഷ്ണം അയാൾ കണ്ടെത്തി. അതൊരു ബസ്സിന്റെ മുൻവശത്തെ നെയിം പ്ലേറ്റിന്റെ ഒരു കഷ്ണമായിരുന്നു. അതിൽ ” ലക്ഷ്മി ” എന്ന് എഴുതിയതിന്റെ അവശിഷ്ടം ഇപ്പോഴും കാണാം.
”ദൈവങ്ങൾക്ക് ഇടയിൽ…”
നിരഞ്ജൻ പതുക്കെ മന്ത്രിച്ചു. ആ ത്രികോണത്തിന്റെ നടുവിൽ ഈ കെട്ടിടം ഒരു ശവപ്പറമ്പായി മാറിയത് അന്ന് ആ ബസ്സ് ഇവിടേക്ക് ഇടിച്ചു കയറിയ നിമിഷം മുതലാകണം. അയാൾ ഓർത്തു…
പെട്ടന്ന് തന്റെ വീടിന്റെ മുറ്റത്ത് ഒരു കാർ വന്നു നിൽക്കുന്ന ശബ്ദം നിരഞ്ജൻ കേട്ടു .
നിശബ്ദമായ ആ വെളുപ്പാൻ കാലത്ത് കാറിന്റെ ടയറുകൾ മണ്ണിൽ ഉരയുന്ന തൃവ്ര ശബ്ദം ഒരു അപായസൂചന പോലെ അയാളുടെ കാതുകളിൽ പതിച്ചു.
”നക്ഷത്ര!”
നിരഞ്ജന്റെ ഉള്ളിൽ ആധി പടർന്നു. തന്റെ പെങ്ങൾ അവിടെ തനിച്ചാണ്. അവളെ ലക്ഷ്യം വെച്ച് ആ അജ്ഞാതൻ എത്തിയതാണോ എന്ന് അയാൾ ഭയപ്പെട്ടു.
കൈയ്യിലിരുന്ന റിവോൾവർ മുറുക്കിപ്പിടിച്ച്, തകർന്ന ഭിത്തികൾക്കിടയിലൂടെ ഒരു പുള്ളിപ്പുലിയുടെ വേഗത്തിൽ അയാൾ താഴേക്ക് പാഞ്ഞു. മുള്ളുചെടികളും കല്ലുകളും നിറഞ്ഞ വഴിയിലൂടെ ഓടുമ്പോൾ അയാളുടെ കണ്ണുകളിൽ കത്തുന്ന പകയായിരുന്നു. നക്ഷത്രയെ തൊടാൻ വരുന്നവൻ ആരായാലും അവന്റെ നെഞ്ചിലേക്ക് ഉണ്ടകൾ പായിക്കാൻ അയാൾ തയ്യാറായിരുന്നു.
വീടിന്റെ മുറ്റത്തെത്തിയതും, നേരെ മുന്നിലേക്ക് ചെല്ലാതെ, മുറ്റത്തെ വലിയ മാവിൻചുവട്ടിലെ ഇരുട്ടിൽ അയാൾ പതുങ്ങിനിന്നു. കൈയ്യിലിരുന്ന റിവോൾവർ എന്തിനും തയ്യാറായി അയാൾ മുറുക്കിപ്പിടിച്ചു.
കാറിന്റെ വാതിൽ തുറന്ന് ഒരാൾ പുറത്തിറങ്ങി. ടോർച്ച് വെളിച്ചം അടിക്കാതെ തന്നെ, ആ രൂപം തന്റെ അളിയൻ വിഷ്ണുവാണെന്ന് നിരഞ്ജൻ തിരിച്ചറിഞ്ഞു. കൂടെ കിരണുമുണ്ട്.
