പൂജാ ബമ്പർ 10

ദിവസങ്ങൾ അങ്ങനെ കൊഴിഞ്ഞുനീങ്ങി.

നവരാത്രി ആഘോഷങ്ങളിലേക്ക് മംഗലാപുരം ചുവടുകൾ വച്ചു. പല വീടുകളിലും ബൊമ്മക്കൊലു ഒരുങ്ങി. ക്ഷേത്രങ്ങൾ ദീപലങ്കാരങ്ങൾ കൊണ്ട് നിറഞ്ഞു. കച്ചവടക്കാരെ കൊണ്ട് മംഗ്ലൂർ സിറ്റി നിറഞ്ഞു.കടകളിലെല്ലാം ഓഫറിന്റെ ബോർഡുകളും ആകർഷക ലൈറ്റ്കളും ഉയർന്നു.
നഗരം മൊത്തത്തിൽ തിരക്കിലേക്ക് ഊളിയിട്ടു.

ഞായർ മുതൽ വ്യാഴം വരെ രോഹന് മുടക്ക് ഉണ്ട്..ശനിയാഴ്ച ജോലി കഴിഞ്ഞ് ഇറങ്ങിയ അവൻ അമ്മയ്ക്കും അനിയനും ഉള്ള ഡ്രസ്സ്‌ വാങ്ങാൻ പോയി. കൂട്ടത്തിൽ പാർവതിക്ക് ഒരു സാരിയും ഷിജുവിന് ഒരു ഷർട്ടും കുഞ്ഞുങ്ങൾക്കുള്ള കുട്ടിയുടുപ്പുകളും വാങ്ങി അവൻ അന്ന് രാത്രി തന്നെ നാട്ടിലേക്ക് വണ്ടി കേറി.

രാവിലെ വീട്ടിൽ എത്തിയ അവൻ കുളിച്ചു ഭക്ഷണം കഴിച്ച് വീണ്ടും ഉറക്കത്തിലേക്ക് വഴുതിവീണു. അവനെ ഉറങ്ങാൻ അനുവദിച്ചു കൊണ്ട് അമ്മ അവന് പ്രിയപ്പെട്ട വിഭവങ്ങൾ ഒരുക്കി.

ഞായർ കഴിഞ്ഞു.. തിങ്കൾ കഴിഞ്ഞു. സമ്പൂർണ റസ്റ്റ്‌ എടുത്ത് കൊണ്ട് രോഹൻ ഈ ദിവസങ്ങൾ തള്ളി നീക്കി.

ഇതിനിടയിൽ ഷിജു അവനെ വിളിച്ചു. ബുധനാഴ്ച വൈകുന്നേരം വീട്ടിലേക്ക് വരാൻ ക്ഷണിച്ചു.. അന്ന് രാത്രി ഡിന്നർ ഉം പിറ്റേ ദിവസം മുടക്ക് ആയത് കൊണ്ട് അന്നത്തെ ലഞ്ചും അവിടുന്ന് കഴിക്കാം എന്ന് ഷിജു പറഞ്ഞു.

പാർവതിയോട് അവൻ ഷിജു വിളിച്ച കാര്യം പറഞ്ഞ് മെസ്സേജ് ഇട്ടു.. അവളും നല്ല സന്തോഷത്തിൽ ആയിരുന്നു.

അവർക്കുള്ള ഡ്രസ്സുകൾ എടുത്ത് കൊണ്ട് അമ്മയോട് പറഞ്ഞ് രോഹൻ ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് പാർവതിയുടെ വീട്ടിലേക്ക് പുറപ്പെട്ടു.

അത്യാവശ്യം പ്രകൃതി ഭംഗിയൊക്കെ ഉള്ള ഒരു ഏരിയയിൽ ആയിരുന്നു അവളുടെ വീട്. അത്യാവശ്യം തണുപ്പൊക്കെ ഉള്ള സ്ഥലം. അവൾ അയച്ച ലൊക്കേഷൻ അനുസരിച്ച് അവൻ വീട്ടിൽ എത്തി. ഗേറ്റ് തുറന്ന് ബൈക്ക് ഉള്ളിൽ കയറ്റി വച്ചു. ഷിജുവിന്റെ കാർ അവിടെ കിടപ്പുണ്ടായിരുന്നു. കോളിങ്ങ് ബെൽ അടിച്ചപ്പോൾ പാർവതി വാതിൽ തുറന്നു. ഒക്കത്ത് ചെറിയ കൊച്ച് ഉണ്ടായിരുന്നു.

“ഹാ… വാടാ.. സ്ഥലം കണ്ടെത്താൻ കുഴപ്പം ഒന്നും ഉണ്ടായില്ലല്ലോ.

“ഏയ്‌. ഇല്ലടീ.. സ്ഥലം സൂപ്പറാ ട്ടാ.. നീ മോളെ താ… ഷിജു എവടെ?”

അവളുടെ കയ്യിൽ നിന്ന് അവൻ കൊച്ചിനെ വാങ്ങി. അവനെ കണ്ട സന്തോഷത്തിൽ കുഞ്ഞ് അവന്റെ മേലേക്ക് ചാടി വീണു. അവൻ ചേർത്ത് പിടിച്ചു ഉമ്മ വച്ചു.

“ചേട്ടൻ പുറത്തേക്ക് പോയതാടാ.. കുറച്ച് സാധനങ്ങൾ കൂടി വാങ്ങാൻ ഉണ്ട്. നീ വാ.”
കുഞ്ഞിന്റെയും അവന്റെയും സന്തോഷം കണ്ട അവളുടെ മനസ്സ് നിറഞ്ഞു.

“ഇവന് നിന്നെ വല്യ കാര്യം ആണല്ലോടാ. അച്ഛനോട് പോലും ഇല്ലാത്ത കളിയും ചിരിയുമാ നിന്റെ അടുത്ത്. കൊച്ചിനെ മയക്കി വച്ചേക്കുവാ അവൻ.”

“പിള്ളേരെ പണ്ടേ എനിക്ക് weakness ആണ്. ഞാനെ ഇവന്റെ മാമൻ ആണ്.. നീ അങ്ങനെ പറഞ്ഞു കൊടുത്താ മതി.”

“ആാാ.. മാമനും മോനും ഇരിക്ക്. ഞാൻ ചായ എടുക്കാം.മൂത്തത് ഉറങ്ങുവാ.”.

അവൻ കൊച്ചിനെയും കൊണ്ട് സോഫയിൽ ഇരുന്നു.. അവനെ നോക്കി മോണ കാട്ടി ചിരിച്ചു കൊണ്ട് കുഞ്ഞ് അവന്റെ ഒപ്പം ഇരുന്ന് കളിച്ചു. ഈ സമയത്താ ണ് ഷിജു തിരിച്ചെത്തിയത്.ഹാളിൽ കുഞ്ഞിനെ കളിപ്പിക്കുന്ന രോഹനെ കണ്ടപ്പോൾ അവന് സന്തോഷമായി. രണ്ട് പേരും പരസ്പരം നോക്കി പുഞ്ചിരിച്ചു.

“രോഹൻ എപ്പോ വന്നു.?”

“ദേ. വന്നു കേറിയുള്ളൂ. പിന്നെ ദേ ഇവനെ കളിപ്പിച്ചിരുന്നു..”

“എത്ര വേഗമാ നിന്റെ ഒപ്പം കൂട്ടായത് ഇവൻ.. അങ്ങനെ എല്ലാരോടും ഇണങ്ങാത്ത ടൈപ്പ് ആണ്. നല്ല സന്തോഷം ആയെടാ.”

ഷിജു കുഞ്ഞിന്റെ തലയിൽ തലോടി.
ഈ കാഴ്ചയും കണ്ട് കൊണ്ടാണ് പാർവതി ചായയും കൊണ്ട് വന്നത്. അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.

“കൊച്ചിനെ താ.. നീ ചായ കുടിക്ക്.”

കുഞ്ഞിനെ വാങ്ങി ചായ അവന് കൊടുത്തു. രണ്ട് പേരും വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. അമ്മയെ ഉച്ചക്ക് അനിയത്തിയുടെ അടുത്ത് ആക്കി എന്ന് പറഞ്ഞു.

രോഹൻ താൻ കൊണ്ട് വന്ന കവറുകൾ എല്ലാം എടുത്ത് അവന്റെ കയ്യിൽ കൊടുത്തു. എല്ലാം തുറന്ന് നോക്കിയ രണ്ട് പേർക്കും ഡ്രസ്സ്‌ എല്ലാം വളരെ ഇഷ്ടപ്പെട്ടു.
സമയം 7 മണി കഴിഞ്ഞിരുന്നു. ഇതിനിടയിൽ മൂത്ത കുട്ടി എണീറ്റ് വന്നു. രോഹനെ കണ്ട അവൻ ചിരിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് ഓടി വന്നു. അവനെയും കളിപ്പിച്ചു കുറച്ച് നേരം കൂടി രോഹൻ ഹാളിൽ ഇരുന്നു. ഷിജു ഈ സമയം അടുക്കളയിൽ പാർവതിയെ സഹായിക്കാൻ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *