തനിക്കിതിൽ എന്താണ് ചെയ്യാനുള്ളതെന്ന് കാർത്തിക ചിന്തിച്ചു..പെട്ടെന്നവൾ ഒരു സാഹസത്തിന് തയ്യാറായി..
“നീ വീട്ടിലെ നമ്പർ പറ… “..
അവൾ മൊബൈലെടുത്ത് കയ്യിൽ പിടിച്ചു..
“വേണ്ട തമ്പുരാട്ടീ… അതൊക്കെ തമ്പുരാട്ടിക്ക് പ്രശ്നമാവും…”..
തേങ്ങിക്കൊണ്ട്
രാജു പറഞ്ഞു..
“ ഒരു പ്രശ്നവുമില്ല… എന്തേലും പ്രശ്നമുണ്ടെങ്കിൽ അത് ഞാൻ നോക്കിക്കോളാം…”…
ഒരു തമ്പുരാട്ടിയുടെ അധികാരത്തിന്റെ സ്വരം രാജു കേട്ടു..
“പിന്നെ നിന്നെ തിരയുന്നുണ്ടെങ്കിൽ തന്നെ പോലീസല്ലല്ലോ… കുറച്ച് ക്രിമിനലുകളല്ലേ… അവരെ നേരിടാൻ എനിക്കറിയാം… നീ നമ്പർ പറ… “..
രാജൂന് വേറെ നിവൃത്തിയില്ലായിരുന്നു.. അവൻ പറഞ്ഞ് കൊടുത്ത നമ്പറിലേക്ക് കാർത്തിക ഡയൽ ചെയ്തു..
“ഇന്നാ… കരയാതെ നല്ല സന്തോഷത്തോടെ കാര്യം പറ… ജോലി സ്ഥലത്ത് നിന്നാ വിളിക്കുന്നേന്ന് പറ…”..
കാർത്തിക അവന്റെ കയ്യിലേക്ക് ഫോൺ കൊടുത്തു..
“ഹ… ഹലോ… അമ്മേ…”…
അവിടെ ഫോണെടുത്തതും രാജു തേങ്ങലോടെ വിളിച്ചു.. കാർത്തിക അവനെ കണ്ണുരുട്ടി കരയരുതെന്ന് ആംഗ്യം കാട്ടി.. രാജു തലയാട്ടി..
“ആ… ജോലി സ്ഥലത്താ അമ്മേ… കുറച്ച് നേരം ഒഴിവ് കിട്ടിയപ്പോ അമ്മക്ക് വിളിച്ചതാ… “..
രാജു പൊട്ടിക്കരയാൻ വെമ്പുന്നുണ്ട്… കാർത്തിക നോട്ടം കൊണ്ട് അവനെ അടക്കി നിർത്തിയിരിക്കുകയാണ്..
“ഉം… സുഖമാ അമ്മേ… അമ്മക്ക് സുഖമല്ലേ… ?”..
അവന്റെ കവിളിലൂടെ കണ്ണീർ ചാലിട്ടൊഴുകുന്നുണ്ട്..എന്നിട്ടും അവൻ കരയാതെ പിടിച്ച് നിന്നു..
“ഉം… ഞാൻ ചേച്ചിക്ക് വിളിച്ചോളാം അമ്മേ…”..
അത്രയും പറഞ്ഞ് ഫോൺ കട്ടാക്കി രാജു പൊട്ടിക്കരഞ്ഞു.. കാർത്തിക തടയാൻ പോയില്ല.. ചില വേദനകൾ കരഞ്ഞ് തന്നെ തീർക്കണമെന്ന് അനുഭവം കൊണ്ട് പഠിച്ചവളാണ് കാർത്തിക..അവൾ വല്ലാത്തൊരലിവോടെ അവന്റെ മുഖത്തേക്ക് നോക്കിയിരുന്നു.. സമാനമല്ലെങ്കിലും ഇതിലും വലിയ ഹൃദയവേദനയോടെ താനെത്രയോ തവണ പൊട്ടിക്കരഞ്ഞിട്ടുണ്ട്..
തന്നെയൊന്നാശ്വസിപ്പിക്കാൻ പോലും ഒരാളുണ്ടായിട്ടില്ല.. അപ്പോൾ തന്റെ തലയിൽ തലോടി ആശ്വാസവാക്കുകൾ
പറയാൻ ഒരാളുണ്ടായിരുന്നെങ്കിൽ എന്ന് ഒത്തിരി കൊതിച്ചിട്ടുണ്ട്.. ഈ കരയുന്ന ചെറുപ്പക്കാരനും ഒരു തലോടൽ കൊതിക്കുന്നുണ്ട്…
കാർത്തിക
ഒന്നും നോക്കാതെ അവന്റെ തലയിൽ പതിയെ തലോടിക്കൊടുത്തു..കരയണ്ടാ എന്നൊന്നും അവൾ പറഞ്ഞില്ല..എന്നാലും ആ തലോടൽ രാജൂനുണ്ടായ ആശ്വാസം ചെറുതല്ല..അവന്റെ ഉറക്കെയുള്ള കരച്ചിൽ നേർത്ത് വന്നു..പിന്നെ അതൊരു തേങ്ങൽ മാത്രമായി.. കാർത്തിക അവന്റെ മുഖത്തേക്ക് നോക്കി മനോഹരമായൊന്ന് പുഞ്ചിരിച്ചു..കണ്ണീരിനിടയിലൂടെ അവനും ഒന്ന് ചിരിച്ചു.. കാർത്തിക തോർത്ത് മുണ്ടെടുത്ത് അവന്റെ മുഖം തുടച്ച് കൊടുത്തു..
“സങ്കടം മാറിയില്ലേ… ?”…
അരുമയോടെ അവൾ ചോദിച്ചു… അവൻ ചിരിയോടെ തലയാട്ടി..
“എന്നാ നമുക്ക് ചായ കുടിക്കാം… “..
അവൾ അവനെ പിടിച്ച് ആ തൂണിലേക്ക് ചാരിയിരുത്തി.. പിന്നെ ഫ്ലാസ്കിൽ നിന്ന് രണ്ട് ഗ്ലാസിലേക്ക് ചായ പകർന്ന് ഒന്നവന് കൊടുത്തു.. കുറച്ച് പലഹാരങ്ങൾ ഒരു പാത്രത്തിലാക്കി അവന്റെ മുമ്പിലേക്ക് വെച്ചു.. രാജു ഒരു കവിൾ ചായ കുടിച്ചു.. ചായക്കൊക്കെ ഇത്ര രുചിയോ എന്നവൻ അൽഭുതത്തോടെ ഓർത്തു.. അവൻ ആസ്വദിച്ച് കുടിക്കുന്നതും നോക്കി കാർത്തികയും ചായ കുടിച്ചു..
“ഇനി ചേച്ചിക്ക് ഫോൺ വിളിക്കണോ രാജൂ… ?”…
ചായ കുടി കഴിഞ്ഞ് കാർത്തിക ചോദിച്ചു..
“വേണ്ട… ഇന്ന് വിളിക്കണ്ട… ഇപ്പോ വിളിച്ചതിന് എന്തേലും പ്രശ്നമുണ്ടോന്ന് നോക്കിയിട്ട് മതി…”…
“ ഇല്ലെടാ… പ്രശ്നമൊന്നും ഇല്ലെന്നാ എനിക്ക് തോന്നുന്നത്… നിന്നെ തിരക്കി ആരേലും വീട്ടിൽ വന്നിരുന്നെങ്കിൽ അമ്മ പറഞ്ഞേനേ… “…
“ഉം… അത് ശരിയാ… എന്നാലും ഇന്ന് വിളിക്കണ്ട…”…
രാജു ഏകദേശം നോർമലായെന്ന് കാർത്തികക്ക് തോന്നി.. സങ്കടമെല്ലാം അവൻ കരഞ്ഞ് തീർത്തിട്ടുണ്ട്..എന്നാലും അവന് തന്നോടെന്തോ പറയാനുള്ളത് പോലെ കാർത്തികക്ക് തോന്നി.. അത് പറയാൻ അവനെന്തോ മടിയുള്ളത് പോലെ..
