പ്രിയമാനവളെ 15

വിദ്യാമ്മ എന്റെ മുടിയിൽ തലോടി കൊണ്ട് പറഞ്ഞു “ പടം വരയ്ക്കാനുള്ള കഴിവ് എല്ലാവർക്കും കിട്ടുന്നതല്ല. നിന്റെ അമ്മക്ക് ഇത്രയും വിദ്യാഭ്യാസമുണ്ടായിട്ടും എന്തു കൊണ്ടോ നിന്നെ മനസ്സിലാക്കുന്നില്ല.

അപ്പോഴാണ് എന്റെ കയ്യിലേ അടിച്ച പാട് വിദ്യാമ്മ കാണുന്നത്. അതിൽ പതുക്കെ തടവി കൊണ്ടു പറഞ്ഞു, എനിക്ക് പ്രിയക്കു ശേഷം ഒരു ആൺകുട്ടി ഉണ്ടാകണമെന്ന് ഒരു പാട് ആഗ്രഹിച്ചിട്ടുണ്ട്. എന്നാൽ ദൈവം തന്നില്ല. പക്ഷേ നിന്നെ കണ്ടപ്പോൾ മുതൽ, നിന്നെ ഞാൻ എന്റെ മകനായിട്ടേ കണ്ടിട്ടുള്ളു. അതു കൊണ്ടു പറയുവാ ഇനിയും നീ കരയരുത്.കരഞ്ഞാൽ എനിക്കും സങ്കടമാകും.എന്നിട്ട് എനിക്ക് നെറുകയിൽ ഒരു ഉമ്മയും തന്നപ്പോൾ മനസ് ഒന്ന് തണുത്തു.

നീ സ്കൂളിൽ നിന്നും വന്നിട്ട് വല്ലതും കഴിച്ചോ എന്ന് ചോദിച്ചു. ഞാൻ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി.
ഉടനെ പോയി എനിക്കു കുറച്ചു കപ്പയും ബീഫും കൊണ്ടു വന്നു തന്നു. ഞാൻ വേണ്ട എന്ന് പറഞ്ഞെങ്കിലും, നിർബന്ധിച്ചു എന്നെ കഴിപ്പിച്ചിട്ടാണ് എന്നെ വിട്ടത്.അവിടെ ബീഫ് അങ്ങനെ മേടിക്കാറില്ല അത്രേ. കാരണം പ്രിയ ബീഫ്‌ കഴിക്കില്ല. ഇന്ന് അവരുടെ ബന്ധുക്കൾ വന്നതിന് മേടിച്ചതാണ്. എന്തായാലും നല്ല കപ്പയും ബീഫും എനിക്ക് കഴിക്കുവാൻ പറ്റി.

പിറ്റേന്ന് ശനിയാഴ്ച അവധി ആയതിനാൽ ക്രിക്കറ്റ് കളിക്കാൻ പോയി തിരികെ വരുമ്പോൾ പ്രിയ എന്നെ കാത്തു അവിടെ ഇരിപ്പുണ്ടായിരുന്നു. എന്റെ റെക്കോർഡ് ബുക്ക് അല്ലെ അവളുടെ കയ്യിലിരിക്കുന്നത്. ദൈവമേ ഞാൻ വരച്ച പടം അവൾ കണ്ടു കാണുമോ? ഇനി എന്തായിരിക്കും അവളുടെ പ്രതികരണം എന്നെല്ലാം ചിന്തിച്ചു അവളുടെ മുൻപിലെത്തി.
എന്നാൽ അവൾ പതിവ് പോലെ തന്നെ എന്നോട് സംസാരിച്ചു.
എടാ, നിന്റെ റെക്കോർഡ് ബുക്ക് അമ്മയോട് പറഞ്ഞു രാവിലെ എടുത്തിരുന്നു. ഒരു റീഡിങ് ശെരിയായില്ല. അതു കൊണ്ട് റെഫെറെൻസിന് എടുത്തതാ. പക്ഷെ ഇതിന്റെ ആവശ്യം വന്നില്ല. അല്ലാതെ തന്നെ ശെരിയായി.
അപ്പോഴാണ് എനിക്ക് സമാധാനമായതു. ഞാൻ അതു മേടിച്ചു റൂമിൽ കേറി പതുക്കെ തുറന്നു നോക്കിയപ്പോൾ ഫോട്ടോ അതിൽ ഭദ്രമായി തന്നെ ഇരിപ്പുണ്ട്.

വർഷങ്ങൾ കൊഴിഞ്ഞു പൊയ്‌കൊണ്ടിരുന്നു.
എന്റെ ചേട്ടനും ചേച്ചിക്കും ഇപ്പോൾ തിരുവനന്തപുരത്തും ഡൽഹിയിലുമായി ജോലി ചെയ്യുന്നു. രണ്ട് പേരും സർക്കാർ ഉദ്യോഗസ്ഥരാണ്.രണ്ട് പേരുടെയും വിവാഹവും കെങ്കേമമായി കഴിഞ്ഞു.

ഈ സമയം ഞങ്ങൾ +2വിലാണ്.ഓരോ ദിവസവും പ്രിയയോടുള്ള ഇഷ്ടവും വളർന്നു കൊണ്ടേ ഇരുന്നു.
പ്രിയ നല്ലത് പോലെ പഠിക്കും. ഇതു കാരണം എനിക്ക് പണിയായി. ആരോടും പ്രത്യേകം അടുപ്പം കാണിക്കാത്ത എന്റെ അമ്മ പക്ഷെ പ്രിയയോടും അമ്മയോടും നല്ല അടുപ്പത്തിലാണ്.
എന്നാൽ അതിന്റെ ഗുട്ടൻസ് എനിക്ക് പിന്നീടാണ് മനസ്സിലായത്. എന്റെ സ്കൂളിലെ കാര്യങ്ങളും, അവളുടെ മാർക്കും ഒക്കെ അറിയുവാനുള്ള ഒരു അടവായിരുന്നു ഈ അടുപ്പം.

അങ്ങനെയിരിക്കെ ഒരു സംഭവം ഉണ്ടായി. ക്രിസ്മസ് പരീക്ഷയിൽ കണക്കിന് ഞാൻ പൊട്ടി. ഇതറിഞ്ഞാൽ വീട്ടിൽ അറിഞ്ഞാലുള്ള അവസ്ഥ അറിയാവുന്നതു കൊണ്ടു ഞാൻ മാർക്ക്‌ കിട്ടിയ കാര്യം വീട്ടിൽ പറഞ്ഞില്ല. എന്നാൽ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അമ്മക്ക് സംശയമായി.

അപ്പോഴാണ് പ്രിയ നേരത്തെ കൊണ്ടു പോയ പാത്രം തിരിച്ചു തരുവാനായി അവിടെ വന്നത്. അമ്മ ഒന്നുമറിയാത്ത പോലെ മോൾക്ക് കണക്കിന് എത്ര മാർക്കുണ്ട് എന്ന് ചോദിച്ചു. മുഴുവൻ മാർക്കും ഉണ്ട്‌ ആന്റി എന്ന് അവൾ പറഞ്ഞു. ഇത്‌ കേട്ടതും അമ്മയുടെ മട്ടുമാറി. ഇത്രയും നാൾ കണക്ക് പരീക്ഷയുടെ മാർക്ക് വന്നില്ലെന്ന് കള്ളം പറഞ്ഞതാണ് എന്ന് പറഞ്ഞു എന്നെ അവളുടെ മുൻപിൽ ഇട്ടു പൊതിരെ തല്ലി.അവളുടെ മുൻപിൽ ഞാൻ ശെരിക്കും നാണംകെട്ടുപോയി.
ഞാൻ അവിടെ നിന്ന് ഇറങ്ങി സ്ഥിരം സ്ഥലത്തു ഇരുന്നു. പ്രിയയും ആകെ വല്ലാതെ ആയി പോയി. അവൾ എന്റെ അടുത്ത് വന്നു കയ്യിൽ പിടിച്ചു എന്നിട്ട് പറഞ്ഞു “ എടാ ഞാൻ അറിഞ്ഞില്ല നീ മാർക്ക്‌ പറഞ്ഞിട്ടില്ല എന്ന്. അറിയാതെ പറ്റിപ്പോയതാ എന്ന് “.
എന്നാൽ ദേഷ്യവും സങ്കടവും കൊണ്ട് വിറച്ചു നിന്ന ഞാൻ കൈ കൊണ്ടു അവളെ ഒന്ന് തള്ളി. വേണമെന്ന് വെച്ചു ചെയ്തതല്ല. തള്ളിയതിന്റെ ശക്തിയിൽ അവളുടെ നെറ്റി ഭിത്തിയിൽ പോയി ഇടിച്ചു നല്ലതു പോലെ നീരു വന്നു. അപ്പോഴാണ് എനിക്ക് ബോധം വന്നത്. ഞാൻ അവളുടെ അടുത്തേക്ക് പോയപ്പോഴേക്കും അവൾ ഓടി അവളുടെ വീട്ടിൽ കയറി.ഇതു ഇനി എന്റെ വീട്ടിൽ അറിഞ്ഞാൽ വീണ്ടും പ്രശ്നമാകും എന്നറിയാവുന്നത് കൊണ്ടു വിദ്യാമ്മയോടും, പ്രിയയോടും ക്ഷമ പറഞ്ഞു പ്രശ്നം തീർക്കുവാൻ രണ്ടും കൽപ്പിച്ചു അവരുടെ വീട്ടിലേക്ക് കയറി.
നെറ്റി എന്താണ് മുഴച്ചിരിക്കുന്നത് എന്ന് വിദ്യാമ്മ ചോദിച്ചപ്പോൾ ഞാൻ സത്യാവസ്ഥ പറയാനായി വാ തുറക്കുന്നതിനു മുമ്പ് പ്രിയ പറഞ്ഞു “ വരുന്ന വഴിക്ക് ഒന്ന് വഴുതിയപ്പോൾ നെറ്റി ഇടിച്ചതാണ് എന്ന് “ ഞാൻ പിന്നെ ഒന്നും പറയുവാൻ നിന്നില്ല. വീട്ടിലേക്ക് പോയി.എന്നാൽ ഈ സംഭവത്തിന്‌ ശേഷം പ്രിയ എന്നോട് പഴയ പോലുള്ള ഒരു അടുപ്പം കാണിച്ചില്ല.എനിക്ക് ഈ പെരുമാറ്റം സഹിക്കുന്നതിനു അപ്പുറമായിരുന്നു. Toxic പേരെന്റ്റിങ് കാരണം നഷ്ടപ്പെട്ട എന്റെ ബാല്യത്തിൽ കുറച്ചെങ്കിലും നിറം പകർന്നത് പ്രിയയുടെ സാമിപ്യമാണ്. എന്നാൽ ഇന്ന് അവൾ എന്നെ അവഗണിക്കുമ്പോൾ എന്ത് ചെയ്യണമെന്ന് എനിക്കു ഒരു എത്തും പിടിയും കിട്ടിയില്ല.

Leave a Reply

Your email address will not be published. Required fields are marked *