മറുതലയ്ക്കൽ ഒരു ക്രൂരമായ ചിരി മുഴങ്ങി.
“ഓ, ശരിക്കും? പിന്നെന്തിനാണ് നിങ്ങൾ ആ റിപ്പോർട്ടറുടെ വീട്ടിലിരിക്കുന്നത്? എന്നെ വേണമെന്നുണ്ടെങ്കിൽ എന്റെ മുന്നിലേക്ക് നേരിട്ട് വരണമായിരുന്നു.”
ആദി പെട്ടെന്ന് ഞെട്ടി. അവന്റെ ഹൃദയമിടിപ്പ് വർദ്ധിച്ചു. അവൻ വേഗത്തിൽ അവളുടെ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി നോക്കി. ചുറ്റും ഇരുട്ട് പടർന്നു തുടങ്ങിയിരുന്നു. മതിലിന് മുകളിലും മരങ്ങൾക്കിടയിലും അവൻ തിരഞ്ഞു. പക്ഷേ ആരെയും കാണാനില്ല.
“ഹേയ്.. ഹേയ്.. എന്തിനാ ഈ തിടുക്കം? ഞാൻ ആ സ്ഥലത്തൊന്നുമില്ല. നിങ്ങളെ മുഴുവൻ സമയവും ട്രാക്ക് ചെയ്യാൻ മാത്രം ഒഴിവുസമയമുള്ള ആളാണോ ഞാൻ? ആളുകളെ പിൻതുടരുന്നത് സമയനഷ്ടമാണ്. ഞാൻ ചെയ്യുന്നത് എന്താണെന്ന് മാത്രമാണ് ഞാൻ ചിന്തിക്കുന്നത്.”
കൊലയാളിയുടെ ശബ്ദത്തിൽ ഒരുതരം ആത്മവിശ്വാസമുണ്ടായിരുന്നു. ആദിക്ക് മനസ്സിലായി, അവൻ തന്നെ നിരീക്ഷിക്കുകയാണ്, പക്ഷേ നേരിട്ടല്ല.
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം അവൻ തുടർന്നു:
“പിന്നെ, ആ പെൺകുട്ടി… ആ റിപ്പോർട്ടർ, അവൾ സുന്ദരിയാണ്. നിങ്ങളെ രണ്ടുപേരെയും കാണാൻ നല്ല ചേർച്ചയുണ്ട്. വേഗം കല്യാണം കഴിച്ച് ഈ കേസും ഞാനും ഒക്കെ വിട്ട് സ്വസ്ഥമായി ജീവിച്ചൂടെ നിങ്ങൾക്ക്? ഹാ.. ഹാ.. ഹാ!”
അവന്റെ പരിഹാസച്ചിരി ഫോണിലൂടെ മുഴങ്ങി. അത് ആദിയുടെ അഭിമാനത്തെ മുറിപ്പെടുത്തി.
“നിന്റെ ഈ കോമാളിത്തരങ്ങൾ കൊണ്ട് എന്നെ വിലകുറച്ചു കാണാൻ നോക്കണ്ട. ഒരു സാധാരണ ക്രിമിനൽ പോലും ചെയ്യാത്ത തരംതാണ പണിയാണിത്. നീ വെറുമൊരു ഭീരുവാണ്. ഇരുട്ടിൽ ഒളിച്ചിരുന്ന് കൊലപാതകങ്ങൾ ചെയ്യുന്ന ഭീരു!”
ആദി യാതൊരു മടിയുമില്ലാതെ തിരിച്ചടിച്ചു. അവന്റെ ശബ്ദത്തിൽ ഇപ്പോൾ അധികാരമുണ്ടായിരുന്നു.
“അതാണോ നിന്റെ അഭിപ്രായം? എങ്കിൽ ശരി മിസ്റ്റർ എസിപി… നമുക്കൊരു ഡീൽ വെക്കാം. ഞാൻ ഇനി ചെയ്യാൻ പോകുന്നത് രണ്ടേ രണ്ടു കൊലപാതകങ്ങളാണ്… ആ കൊലപാതകങ്ങളിൽ ഒന്നിൽ പിടിക്കാൻ പറ്റുമേങ്കിൽ പിടിച്ചു നോക്ക്….നീ
ജയിക്കുകയാണെങ്കിൽ, നീ ഒരു സൂപ്പർ കോപ്പാണെന്ന് ഞാൻ സമ്മതിക്കാം. പക്ഷേ, നീ തോൽക്കുകയാണെങ്കിൽ… നീ നേടിയ ആ ഗാലൻട്രി മെഡലും മറ്റെല്ലാ മെഡലുകളും പൊതുജനമധ്യത്തിൽ വെച്ച് വലിച്ചെറിയണം. നീ വെറുമൊരു ഡമ്മി പോലീസ് ആണെന്ന് ലോകത്തോട് പറയണം. സമ്മതമാണോ?നിന്നെ പോലുള്ളൊരു പോലീസ് ഓഫീസറിന്റെ ഒപ്പം കളിക്കുകയാണെങ്കിൽ… അതിന്റെ thrill വേറെയാ…. “
അവൻ മൂരി നിവർത്തിക്കൊണ്ട് പറഞ്ഞു..
ആദിയുടെ നെഞ്ചിൽ തീ കോരിയിട്ടതുപോലെ തോന്നി. അവന്റെ കരിയർ, അവന്റെ അഭിമാനം, എല്ലാം ആ വെല്ലുവിളിയിൽ അടങ്ങിയിരിക്കുന്നു. പക്ഷേ ആദി ഭയപ്പെട്ടില്ല. അവൻ ആ വെല്ലുവിളിയെ ഏറ്റെടുത്തു.
“നീ തന്നെ ചോദിച്ച സ്ഥിതിക്ക്, ഞാൻ എന്തിന് വേണ്ടെന്നു പറയണം?”
Then Let the fun begin…. Hahaha..
ഫോൺ കട്ടായി. ആദി ഫോൺ പോക്കറ്റിൽ വെച്ചു. ശിവന്യ വീടിനുള്ളിൽ നിന്ന് പുറത്തേക്ക് വന്നു. അവളുടെ മുഖത്ത് കടുത്ത ആശങ്കയായിരുന്നു.
“ആദി, ആരായിരുന്നു അത്? നീ എന്തിനാണ് ഇത്രയധികം ദേഷ്യപ്പെടുന്നത്?”
ആദി അവളെ നോക്കി. അവന്റെ കണ്ണുകളിൽ ഇപ്പോൾ പ്രണയമായിരുന്നില്ല, പകരം പ്രതികാരത്തിന്റെ കനലായിരുന്നു.
“അവനായിരുന്നു ശിവന്യ. അവൻ എന്നെ വെല്ലുവിളിച്ചു.”
ശിവന്യ ഭയത്തോടെ അവന്റെ കൈയ്യിൽ പിടിച്ചു.
“എന്ത് വെല്ലുവിളിയാണ്? നീ സൂക്ഷിക്കണം ആദി.”
ആദി അവളെ ഒന്ന് നോക്കി, എന്നിട്ട് ദൂരേക്ക് നോക്കി നിന്നു. ആ വെല്ലുവിളിയുടെ ഭാരം അവന്റെ തോളിൽ വലിയൊരു ഉത്തരവാദിത്തമായി അമർന്നു. ഇനി പിന്മാറാൻ വഴിയില്ല. ആദികേശവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണം തുടങ്ങിക്കഴിഞ്ഞു.
അവൻ വീണ്ടും ആ വരികളെക്കുറിച്ച് ചിന്തിച്ചു.
“മൂന്നാം കണ്ണ് ഉള്ളവൻ കുടികൊള്ളുന്ന മണ്ണിൽ… ആ പാറയിൽ നടക്കുന്ന ആന… അതാണ് ആ പാമ്പ്…”
മൂന്നാം കണ്ണ്. ശിവൻ. ശിവന്റെ മൂന്നാം കണ്ണാണ് പ്രളയത്തെയും നാശത്തെയും സൂചിപ്പിക്കുന്നത്. പക്ഷേ ഇവിടെ അത് എന്തിനെ സൂചിപ്പിക്കുന്നു? കൊച്ചിയിലെ ഏത് സ്ഥലത്താണ് ശിവൻ കുടികൊള്ളുന്നത്? പാറയിൽ നടക്കുന്ന ആന. അതൊരു പ്രതിമയാകുമോ? അതോ ഏതെങ്കിലും പ്രത്യേക ഭൂപ്രകൃതിയാകുമോ?
