“അന്ന് ആ ജ്വല്ലറിയിൽ ഈ പെൺകുട്ടി വന്നിരുന്നോ?”
ശുക്കൂർ ഫോട്ടോയിലേക്ക് ദൃഷ്ടി പതിപ്പിച്ചു…
“എനിക്കീ പെൺകുട്ടിയെ അറിയില്ല. ഒരുപക്ഷേ… ചിലപ്പോൾ എപ്പോഴെങ്കിലും കടയിൽ വന്നിട്ടുണ്ടാകാം. ഇവിടെ ദിവസവും നൂറുക്കണക്കിന് ആളുകൾ വരുന്നു. എല്ലാവരെയും ഓർത്തു വെക്കാൻ എനിക്ക് പറ്റില്ല.”
ആദി ഒന്നും മിണ്ടാതെ ഫോട്ടോ എടുത്തു. അയാൾക്ക് കൂടുതൽ ചോദ്യങ്ങൾ ചോദിച്ച് ഇപ്പോൾ കാര്യമില്ലെന്ന് തോന്നി. ശുക്കൂർ മുഹമ്മദ് ഒരു മതിലുയർത്തിയിരിക്കുകയാണ്. ആ മതിലിന് പിന്നിൽ എന്തോ വലിയ രഹസ്യമുണ്ടെന്ന് ആദിക്കറിയാം.
അവൻ നിശബ്ദനായി കടയ്ക്ക് പുറത്തേക്ക് ഇറങ്ങി.
പുറത്ത് മുക്താർ ജീപ്പിനടുത്ത് കാത്തുനിൽക്കുകയായിരുന്നു. ആദി വണ്ടിയിൽ കയറുന്നതിന് മുൻപ് മുക്താറിനെ നോക്കി. അവന്റെ കണ്ണുകളിൽ ഒരുതരം തീക്ഷ്ണതയുണ്ടായിരുന്നു.
“മുക്താർ…”
“പറയൂ സാറേ.”
“അവൻ എന്തോ ഒളിക്കുന്നുണ്ട്. ശുക്കൂർ മുഹമ്മദിനെ ഒന്ന് ശ്രദ്ധിക്കണം. അവന്റെ ഓരോ ചലനങ്ങളും നിരീക്ഷിക്കണം. അവൻ ആരോടെങ്കിലും സംസാരിക്കുന്നുണ്ടോ, എവിടെ പോകുന്നുണ്ടോ എന്ന് നോക്കണം.”
മുക്താർ തലയാട്ടി. അവൻ ആദിയുടെ രീതികൾക്കറിയാം. ആദി ഒരു കാര്യത്തിൽ സംശയിച്ചാൽ അത് സത്യമാണെന്ന് തെളിയുന്നത് വരെ അവൻ വിടില്ല.
“ശരി സാറേ, ഞാൻ നോക്കിക്കൊള്ളാം.”
ജീപ്പ് കൊച്ചി ഹെഡ്ക്വാർട്ടേഴ്സിലേക്ക് തിരിച്ചു. വഴിയിലുടനീളം ആദി ചിന്തിച്ചു കൊണ്ടിരുന്നു. മുഫീദയും ശുക്കൂർ മുഹമ്മദും തമ്മിലുള്ള ബന്ധം എന്തായിരിക്കും? കലാപത്തിന്റെ സമയത്ത് അവൾ അവിടെ വന്നിരുന്നോ? അതോ അതിനു മുൻപ്? ഓരോ ചോദ്യങ്ങളും അവന്റെ മനസ്സിൽ ചുഴലി.
രാത്രി 8:45.
കൊച്ചി പോലീസ് ഹെഡ്ക്വാർട്ടേഴ്സിലെ തന്റെ മുറിയിൽ ആദി ഇരിക്കുകയാണ്. മുറിയിലെ വെളിച്ചം കുറവാണ്. മേശപ്പുറത്ത് നരിമൂർക്കുന്നം കലാപവുമായി ബന്ധപ്പെട്ട ഫയലുകൾ ചിതറിക്കിടക്കുന്നു. പഴയ വാർത്താ റിപ്പോർട്ടുകൾ, മൊഴികൾ, മരിച്ചവരുടെ ലിസ്റ്റ്. എല്ലാം അവൻ വീണ്ടും വായിച്ചു കൊണ്ടിരുന്നു.
ജനലിന് പുറത്ത് കൊച്ചിയുടെ രാത്രി ശബ്ദങ്ങൾ കേൾക്കാം. ദൂരെ നിന്നുള്ള വാഹനങ്ങളുടെ ഹോൺ മുഴക്കങ്ങൾ. മുറിയിലെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് അവന്റെ ഫോൺ ബെല്ലടിച്ചു.
അപരിചിതമായ ഒരു നമ്പറായിരുന്നു. ആദി ഫോൺ എടുത്തു.
“ഹലോ?”
മറുതലയ്ക്കൽ ഒരു നിശബ്ദത. പിന്നീട് ഒരു പുച്ഛം കലർന്ന ചിരി. ആ ശബ്ദം കേട്ടപ്പോൾ ആദിയുടെ നെഞ്ചിടിപ്പ് ഒന്ന് കൂടി.
“ഹേയ്,
ഹീറോ…”
ആദിയുടെ മുഖം വലിഞ്ഞു മുറുകി. അവൻ ആ ശബ്ദത്തെ തിരിച്ചറിഞ്ഞു. വൈഷ്ണവ്.
“വൈഷ്ണവ്… നീ വൈഷ്ണവാണെന്ന് എനിക്കറിയാം.”
ആദിയുടെ സ്വരത്തിൽ ഇപ്പോൾ ഗൗരവമുണ്ട്. അവൻ കസേരയിൽ നിവർന്നിരുന്നു.
“കേൾക്കൂ… ആ കലാപത്തിൽ നിന്റെ ഭാര്യ മുഫീദ കൊല്ലപ്പെട്ടെന്ന് എനിക്കറിയാം. നീ നീതിക്കായി കാത്തിരിക്കുകയാണെന്ന് എനിക്കറിയാം. പക്ഷേ നിയമത്തിന്റെ വഴിയിലൂടെയാണ് നീ വരേണ്ടത്. ആ കുറ്റവാളികളുടെ പേര് നീ എനിക്ക് താ. അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു.”
മറുതലയ്ക്കൽ വൈഷ്ണവ് പൊട്ടിച്ചിരിച്ചു. ആ ചിരിക്ക് ഒരു ക്രൂരതയുണ്ടായിരുന്നു.
“എന്തിന് ഞാൻ അത് നിന്നോട് പറയണം? നിന്നെപ്പോലൊരു പോലീസുകാരൻ എന്ത് നീതിയാണ് എനിക്ക് തരാൻ പോകുന്നത്?”
“കേൾക്കൂ, നമുക്ക് അവരെ പിടികൂടി വ്യക്തമായ തെളിവുകളോടെ കോടതിയിൽ ഹാജരാക്കാം. നിനക്ക് വേണ്ടത് പ്രതികാരമാണെങ്കിൽ, അത് നിയമപരമായി നടപ്പിലാക്കാൻ ഞാൻ സഹായിക്കാം.”
വൈഷ്ണവിന്റെ ശബ്ദം പെട്ടെന്ന് മാറി. അത് ഇപ്പോൾ വളരെ തണുത്തതും മൂർച്ചയുള്ളതുമായിരുന്നു.
“തെളിവ് കിട്ടിയ നീയൊക്കെ കൊറേ പറിക്കും… പോടൊ എണീറ്റ്… നിയമം എന്ന് നീ പറയുന്ന ആ തമാശ എനിക്ക് അറിയില്ല. നീ വിചാരിക്കുന്നത് നീ വലിയൊരു നീതിമാനാണെന്നാണോ?”
ആദി ദേഷ്യത്തോടെ പറഞ്ഞു, “നീ ശരിയായ പാതയിലാണെന്ന് കരുതരുത് വൈഷ്ണവ്… പ്രതികാരം ഒരിക്കലും സമാധാനം നൽകില്ല. എവിടെയും തെറ്റുകൾ സംഭവിക്കാം, ആർമിയിൽ പോലും.”
