ക്രൂരനായ പിശാച് – 3 13  

അപ്പുറത്ത് ഒരു നിമിഷം നിശബ്ദത. പിന്നീട് വൈഷ്ണവ് വളരെ സാവധാനം സംസാരിച്ചു.

“Correct…. എല്ലാടത്തും തെറ്റുകളുണ്ട്. അത് കണ്ടെത്തുകയാണ് വേണ്ടത്. എന്റെ ഭാഗത്ത് തെറ്റ് കണ്ടാൽ പോലും ഞാൻ അത് പൊറുക്കില്ല. പക്ഷേ… ഇനി നിന്റെ ഭാഗത്താണ് തെറ്റെങ്കിൽ നീ എന്ത് ചെയ്യും?”

ആദി മറുപടി പറയാൻ തുടങ്ങിയപ്പോഴേക്കും വൈഷ്ണവ് ഇടയ്ക്കു കയറി. അവന്റെ ശബ്ദത്തിൽ ഇപ്പോൾ കടുത്ത പരിഹാസമായിരുന്നു.

“ചെയ്യുന്ന ജോലിക്ക് കൈക്കൂലി മേടിച്ചു കൊണ്ട് ആ മന്ത്രിടെയും ഡിജിപിടെയും വാലാടാട്ടി നടക്കണ പട്ടിയല്ലെട നീയ്…. നിന്റെ യൂണിഫോമിന് താഴെ നീ വെറും ഒരു അടിമയാണ്. അധികാരത്തിന്റെ തണലിൽ ഒളിച്ചിരിക്കുന്ന ഒരു പേടിത്തൊണ്ടൻ.”

ആദിയുടെ രക്തം തിളച്ചു. അവൻ മേശപ്പുറത്തെ ഫയലുകൾ വലിച്ചു മാറ്റി എഴുന്നേറ്റു.

“ഹേയ്.. ഹേയ്.. നാവടച്ച് സംസാരിക്കണം വൈഷ്ണവ്… പരിധി ലംഘിക്കരുത്!”

വൈഷ്ണവ് വീണ്ടും ചിരിച്ചു. ഇത്തവണ ആ ചിരിക്ക് ഒരു വെല്ലുവിളിയുണ്ടായിരുന്നു.

“എന്താ? ദേഷ്യം വന്നോ…  നിന്നെപ്പറ്റി പറഞ്ഞപ്പോൾ നിനക്ക് ദേഷ്യം വന്നല്ലേ? സത്യം കേൾക്കുമ്പോൾ എല്ലാവർക്കും ദേഷ്യം വരും. നീ നിന്റെ മുഖം കണ്ണാടിയിൽ നോക്കി ഒന്ന് കാണൂ. അവിടെ കാണുന്നത് ഒരു ഓഫീസറെ അല്ല, ഒരു വിൽപനക്കാരനെയാണ്.”

ആദി ഫോണിലേക്ക് അലറി, “നിനക്ക് ഞാൻ ആരാണെന്ന് അറിയാം വൈഷ്ണവ്!”

“അറിയാം… നീ വെറും ഒരു പാവമാണ്. നിനക്ക് രണ്ട് ചാൻസേ നിനക്ക് ഉള്ളു… തടുക്കാൻ പറ്റുമെങ്കിൽ

തുടുത്ത് നോക്ക്…”

“Your time is ticking… tik-tok, tik-tok….”

ക്ലിക്ക്.

ഫോൺ കട്ട് ചെയ്തു.

ആദി സ്തംഭിച്ചു നിന്നു. അവൻ വീണ്ടും വിളിക്കാൻ ശ്രമിച്ചു, പക്ഷേ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.

“വൈഷ്ണവ്… വൈഷ്ണവ്… കേൾക്കൂ..”

അവൻ ആ വാക്കുകൾ സ്വയം മന്ത്രിച്ചു. പക്ഷേ മറുപടിയായി മുറിയിലെ നിശബ്ദത മാത്രം അവനെ നോക്കി ചിരിച്ചു.

ആദിയുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. അത് ദേഷ്യം കൊണ്ടായിരുന്നില്ല, മറിച്ച് ഒരുതരം അജ്ഞാതമായ ഭയം കൊണ്ടായിരുന്നു. വൈഷ്ണവ് എന്താണ് ഉദ്ദേശിച്ചത്? അവൻ എന്തിനാണ് ഇങ്ങനെയൊക്കെ പറഞ്ഞത്… താൻ ഒരു കൈക്കൂലിക്കാരനാണെന്ന് തനിക്ക് എങ്ങനെ പറയാൻ തോന്നി…

അവൻ പതുക്കെ കസേരയിലേക്ക് ഇരുന്നു. മുഫീദയുടെ ഫോട്ടോ അവന്റെ മുന്നിലുണ്ടായിരുന്നു. അവളുടെ ശാന്തമായ കണ്ണുകൾ അവനെ നോക്കി ചോദിക്കുന്നു, “സത്യം എവിടെയാണ്?”

നരിമൂർക്കുന്നം കലാപം വെറുമൊരു വർഗ്ഗീയ സംഘർഷമായിരുന്നോ? അതോ അതിനു പിന്നിൽ അധികാരത്തിന്റെയും പണത്തിന്റെയും വലിയൊരു വലയുണ്ടോ? ശുക്കൂർ മുഹമ്മദിന്റെ ഭയവും വൈഷ്ണവിന്റെ വെല്ലുവിളിയും ഒരേ നൂലിൽ കോർത്തതാണെന്ന് ആദിക്ക് തോന്നി.

അവൻ ജനലിലൂടെ പുറത്തെ കൊച്ചി നഗരത്തെ നോക്കി. രാത്രിയുടെ ഇരുട്ടിൽ മറഞ്ഞുനിൽക്കുന്ന ആയിരക്കണക്കിന് രഹസ്യങ്ങൾ. അതിലൊന്നിന്റെ ഇരയാണ് മുഫീദ. മറ്റൊന്നിന്റെ വേട്ടക്കാരനാണ് വൈഷ്ണവ്. അതിനിടയിൽ നീതി തേടി അലയുന്ന ഒരു പോലീസ് ഓഫീസർ.

ആദി തന്റെ ഡയറി എടുത്തു. അതിൽ ഒരു പേര് കുറിച്ചു: ‘ശുക്കൂർ മുഹമ്മദ്’. അതിന് താഴെ മറ്റൊരു പേര്: ‘വൈഷ്ണവ്’.

പക്ഷേ ആ ലക്ഷ്യം എന്താണെന്ന് അവന് അറിയില്ല.

അവൻ ഫോൺ എടുത്ത് മുക്താറിനെ വിളിച്ചു.

“മുക്താർ… ശുക്കൂർ മുഹമ്മദിനെ നിഴലുപോലെ പിന്തുടരുക. അവൻ ഒന്ന് ശ്വസിച്ചാൽ പോലും അത് ഞാൻ അറിയണം. വൈഷ്ണവ് എന്ന ഒരാൾ എന്റെ ജീവിതത്തിലേക്ക് വന്നിരിക്കുന്നു. അവൻ അപകടകാരിയാണ്.”

ഫോൺ വെച്ച ശേഷം ആദി കണ്ണുകൾ അടച്ചു. വൈഷ്ണവിന്റെ ആ ചിരി അവന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു.

“തടുക്കാൻ പറ്റുമെങ്കിൽ തുടുത്ത് നോക്ക്…”

“നീ നിന്റെ മുഖം കണ്ണാടിയിൽ നോക്കി ഒന്ന് കാണൂ. അവിടെ കാണുന്നത് ഒരു ഓഫീസറെ അല്ല, ഒരു വിൽപനക്കാരനെയാണ്… ”

അവൻ പറഞ്ഞതൊക്കെയും അവന്റെ മനസ്സിൽ മന്ത്രിച്ചു കൊണ്ടേയിരുന്നു…

ഒന്നും അവനു മനസ്സിലാകാൻ പറ്റുന്നില്ല….

കൊച്ചിയുടെ ഉച്ചവെയിൽ ടാർ റോഡുകളെ ഉരുക്കിയിരുന്നു. വായുവിൽ ഈർപ്പവും ഉപ്പുകാറ്റും കലർന്നു നിന്നു. മുക്താർ തന്റെ പഴയ ജീപ്പിനുള്ളിൽ ഇരുന്നു വിയർപ്പൊഴുക്കി. അവന്റെ കണ്ണുകൾ റോഡിലെ ഓരോ ചലനത്തെയും നിരീക്ഷിക്കുകയായിരുന്നു. മണിക്കൂറുകളോളം കാത്തുനിന്ന അവന്റെ ക്ഷമ ഒടുവിൽ ഫലം കണ്ടു. ദൂരെ ഒരു കറുത്ത സെഡാൻ സാവധാനം വരുന്നത് അവൻ കണ്ടു. ശുക്കൂർ മുഹമ്മദ്.

Leave a Reply

Your email address will not be published. Required fields are marked *