ഞാൻ ചാടി എഴുന്നേറ്റു ഒന്നും മിണ്ടാതെ വായും കഴുകി മുകളിലേക്ക് പോകാനൊരുങ്ങി. ചേച്ചി പുറകെ നിന്നും വിളിക്കുന്നുണ്ടായിരുന്നു, ഞാൻ തിരിഞ്ഞു നോക്കാൻ നിന്നില്ല. ഞാൻ മുകളിലേക്ക് കയറി പോയി.
കട്ടിലിൽ പോയി ഇരുന്നു എന്തൊക്കെയോ ചിന്തിച്ചു കൂട്ടി. മനസ്സിൽ ഇപ്പോഴും ചേച്ചിയോടുള്ള സ്നേഹം ഒരു ചോദ്യചിഹ്നമായി ഇപ്പോഴും എന്റെ മനസ്സിൽ കിടക്കുന്നു. മുത്തശ്ശിയുടെ മരണം, അച്ഛന്റെ വയ്യാഴിക, അമ്മയുടെ കരച്ചിൽ, മീരേച്ചി… എല്ലാ ചിന്തകളും എന്റെ തലയെ ഭ്രാന്തു പിടിപ്പിക്കുന്ന പോലെ.
എന്റെ അടുത്തായി ആരോ
വന്നിരുന്നു. ശരീരഭാരം കൊണ്ട് ബെഡ് താഴുന്നത് എനിക്ക് മനസ്സിലായി.
” അജ്ജു നിനക്കെന്നോട് ദേഷ്യമാണോടാ ”
നിറകണ്ണുകളോടെ എന്നെ നോക്കിക്കൊണ്ട് മീരേച്ചി ആയിരുന്നു അത് ചോദിച്ചത്. ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞു കവിളിൽ കൂടി ഒരു തുള്ളി ഒഴുകി. ചേച്ചിയുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു. ചേച്ചി വീണ്ടും എന്തോ ചോദിക്കാനായി മുതിർന്നു. ഞാൻ എന്റെ ചൂണ്ടു വിരൽ ചേച്ചിയുടെ ചുണ്ടിൽ ചേർത്തു, ഒന്നും പറയണ്ട എന്ന ഭാവത്തിൽ ഞാൻ തലയാട്ടി.
ഞാൻ ചേച്ചിയുടെ മുഖം എന്റെ രണ്ടു കരങ്ങൾക്കിടയിലാക്കി പിടിച്ചു ആ കവിളുകൾ തഴുകി.
” എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടമാ, പക്ഷെ അത് എന്തു തരത്തിലുള്ള ഇഷ്ടമാണെന്ന് എനിക്ക് ഇപ്പോഴും ഉറപ്പില്ല. ”
” ചേച്ചിക്കറിയുവോ, ചേച്ചി പോയ പിന്നെ കരയാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല. ”
ഞാൻ പൊട്ടി വന്ന സങ്കടം അടക്കിപ്പിടിച്ചു കൊണ്ട് പറയാൻ തുടങ്ങി.
” ചേച്ചി പറഞ്ഞതൊക്കെ ശരിയാ, ചേച്ചി എന്നെ സ്നേഹിച്ച അത്രയും നാലിൽ ഒന്നു പോലും എനിക്ക് നിങ്ങളെ തിരിച്ചു സ്നേഹിക്കാൻ സാധിച്ചിട്ടില്ല. ”
” എനിക്ക് കുറച്ചുകൂടി സമയം വേണം. എന്റെ മനസ്സ് എന്ത് എപ്പോൾ തീരുമാനിക്കുന്നുവോ അപ്പോൾ ഞാൻ ചേച്ചിയോട് അതു തുറന്നു പറയും. അതുവരെ എനിക്കെന്റെ പഴയ മീരേച്ചിയെ തിരിച്ചു വേണം, ഇനി എന്നെ വിട്ടു പോകരുത്. ”
” മുത്തശ്ശി, അമ്മ, അച്ഛൻ… എനിക്ക് വേണ്ടപ്പെട്ടവർ ആരും ഇപ്പോൾ എന്റെ കൂടെ ഇല്ല. ചേച്ചി കൂടെ പോയാൽ ഇനി എനിക്കത് സഹിക്കാനാവില്ല. ”
അതു പറഞ്ഞു ഞാൻ ചേച്ചിയുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.
ചേച്ചി എന്നെ മുറുക്കി കെട്ടിപ്പിടിച്ചു എന്റെ മുഖം നിറയെ ഉമ്മകൾ തന്നു.
” എന്റെ അജുവിനെ വിട്ടു ഞാൻ എങ്ങും പോകില്ല, എപ്പോഴും കൂടെ ഉണ്ടാകും നിന്റെ മീരേച്ചിയായി. ”
ഞാൻ കുറെ നേരം അങ്ങനെ തന്നെ കെട്ടിപ്പിടിച്ചിരുന്നു.
ദിവസങ്ങൾ കടന്നു പോയി. ഞാൻ എന്നും വൈകുന്നേരം മുത്തശ്ശിയുടെ മുറിയിൽ പോയി ഇരിക്കും. ഒരു തെന്നൽ കാറ്റ് എന്നെ വന്നു തഴുകി പോകും, അത് എനിക്കെന്റെ മുത്തശ്ശിയുടെ തലോടലുകളായിരുന്നു. ചിലപ്പോഴൊക്കെ മീരേച്ചിയും എന്റെ കൂടെ വന്നിരിക്കും. ഇപ്പോൾ മീരേച്ചി എന്നോട് പഴയപോലെ പെരുമാറാൻ തുടങ്ങി. എന്നെ ഊട്ടുകയും ഉറക്കുകയും എന്റെ ആവശ്യങ്ങൾ ഞാൻ പോലും പറയാതെ ചെയ്തുതരും.
✦ ✦ ✦
ഒരു ദിവസം ഫോൺ മുഴങ്ങുന്നതും കേട്ടാണ് ഞാൻ കണ്ണു തുറന്നത്.
” നിരഞ്ജന ”
നിരഞ്ജന എന്റെ പൂനെയിലെ സുഹൃത്താണ്. മലയാളി ആണെങ്കിലും വളർന്നതൊക്കെ പൂനെയിലാണ്. എന്റെ വാലുപോലെ എപ്പോഴും എന്റെ കൂടെ കാണും. എന്റെ എല്ലാ ഉയർച്ചയിലും താഴ്ചയിലും കുറുമ്പുകളിലും തമാശകളിലും അവൾ കൂടെയുണ്ടാകും. എന്റെ ബെസ്റ്റ് ഫ്രണ്ട്.
ഞാൻ ഫോൺ എടുത്തു.
” ഹലോ അജൂ………., സുഖമാണോ നിനക്ക് ”
” സുഖമായിട്ട് ഇരിക്കുന്നു ”
” ഞാൻ കാര്യങ്ങൾ ഒക്കെ അറിഞ്ഞു, ഞാൻ വരുന്നുണ്ട് അങ്ങോട്ട് ”
” ഏഹ്……. അതൊക്കെ വേണോ ? ”
” എനിക്ക് നിന്റെ കാര്യം ഓർത്തിട്ട് ഒരു സമാധാനവും കിട്ടുന്നില്ലടാ. എനിക്ക് നിന്നെ കാണണം, ഞാൻ ട്രെയിൻ കയറി. നാളെ കഴിഞ്ഞു വെളുപ്പിന് 5 മണിക്ക് അവിടെ എത്തും. ”
” ഏഹ്,
നിനക്ക് എന്നോടൊന്നു പറഞ്ഞിട്ട് ട്രെയിൻ കയറിയാൽ പോരായിരുന്നോ ? ”
” നിനക്ക് ഞാൻ വരുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ ? “
