അച്ഛനും അമ്മയും പിന്നെ മകളും – 5 6

“മിസ്റര്‍ ശ്രീ നാഥ്” പിറകില്‍ നിന്നും ആ പാവം മാനേജര്‍ വിളിച്ചു. ഞാന്‍ തിരിഞ്ഞ് നോക്കി. രണ്ടു കൈയും നീട്ടി അയാള്‍ എന്‍റെ അടുത്തേക്ക് വന്നു. അയാള്‍ എന്നെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു.
“എല്ലാം പോയി, അല്ലേ ശ്രീ നാഥ്! എല്ലാം പോയി” എനിക്കും കരച്ചിലടക്കാനായില്ല. ഏതാനും നിമിഷങ്ങള്‍ ഞങ്ങള്‍ അങ്ങനെ നിന്ന് കരഞ്ഞു. “ഇനി നമ്മള്‍ കാണുമോ ശ്രീ? ഇല്ല കാണില്ല. കാണാന്‍ ഞാന്‍ ഉണ്ടാകില്ല” എന്നും പറഞ്ഞ് അയാള്‍ പിന്നെയും പൊട്ടിക്കരഞ്ഞു. അയാള്‍ തന്‍റെ വിരലില്‍ കിടന്നിരുന്ന മോതിരം ഊരി എന്‍റെ കൈയ്യില്‍ തന്നു. “എന്തായിത് സാര്‍?” ഞാന്‍ ചോദിച്ചു.

“ശ്രീ, നിനക്ക് എല്ലാം നഷ്ടപ്പെട്ടു എന്ന് എനിക്കറിയാം. പക്ഷെ നിനക്ക് തരാന്‍ എന്‍റെ കൈയ്യില്‍ ഇതേയുള്ളൂ. ഇത് നീ എടുക്കണം. എനിക്ക് ഇനി ഇതിന്‍റെ ആവശ്യം ഇല്ല” അയാള്‍ നിര്‍ബന്ധിച്ച് ആ മോതിരം എന്‍റെ കൈയ്യില്‍ ഏല്‍പ്പിച്ചു. എന്നിട്ട് വേച്ച് വേച്ച് തന്‍റെ ട്രോളിയും തള്ളി അയാളുടെ ടെര്‍മിനലിലേക്ക് പോയി. ഞാന്‍ എന്‍റെ കൊച്ചി ഫ്ലൈറ്റ് നോക്കി മറുഭാഗത്തേക്കും നടന്നു. ബോര്‍ഡിംഗ് പാസ്‌ എടുത്ത് തിരിഞ്ഞപ്പോഴാണ് അവിടത്തെ സെക്യൂരിറ്റിക്കാര്‍ ഓടുന്നതും എന്തൊക്കെയോ വിളിച്ചു പറയുന്നതും കേട്ടത്. ഏതാനും ദൂരെ നിന്നും ഒരു ആംബുലന്‍സ് വരുന്ന ശബ്ദം ഞാന്‍ കേട്ടു. ഞാന്‍ നോക്കിയപ്പോള്‍ ഏതാനും ജീവനക്കാര്‍ ഒരു സ്ട്രെക്ചര്‍ തള്ളി കൊണ്ട് വരുന്നത് കണ്ടു. നോക്കിയപ്പോള്‍ അതില്‍ അതാ എന്‍റെ മാനേജര്‍. “സാര്‍” എന്ന്‍ വിളിച്ചു കൊണ്ട് ഞാന്‍ അടുത്തേക്കോടി. “എന്താ എന്ത് പറ്റി?” ഞാന്‍ ചോദിച്ചു. “മാറി നില്‍ക്ക്” എന്നും പറഞ്ഞ് സെക്യൂരിറ്റിക്കാരന്‍ എന്നെ തള്ളി. “സാര്‍ സാര്‍” എന്നും പറഞ്ഞ് കൊണ്ട് ഞാന്‍ പിന്നാലെ ഓടി.

“കാര്‍ഡിയാക് അറസ്റ്റ് ആണ്. എന്ന് വച്ചാല്‍ ഹാര്‍ട്ട്‌ അറ്റാക്ക്‌. നോക്കിയിട്ട് കാര്യമില്ല. ആള് പോയി കഴിഞ്ഞു. ഇതൊക്കെ ഇനി വെറും ചടങ്ങുകള്‍ മാത്രം” പിറകേ വന്ന എയര്‍പോര്‍ട്ട് ജീവനക്കാരന്‍ മലയാളിയായിരുന്നു. ഞാന്‍ സാറിനെ നോക്കി. ആ കണ്ണുകള്‍ തുറന്നിരുന്നു. എന്നെ നോക്കി ആ കണ്ണുകള്‍ ഒന്ന് ചിമ്മിയോ? ഒരു സംശയം. അദ്ദേഹത്തെ കയറ്റി ആംബുലന്‍സ് അതിവേഗം പാഞ്ഞ്പോയി. ഇടനെഞ്ചില്‍ ഒരു വലിയ കല്ല്‌ കയറ്റി വച്ച ഭാരത്തോടെ ഞാന്‍ നിന്നു. എത്ര നേരം അങ്ങനെ നിന്നു എന്നറിയില്ല.
പിന്നില്‍ നിന്നും ആരോ തട്ടി വിളിച്ചപ്പോഴാണ് ഞാന്‍ തിരിഞ്ഞ് നോക്കിയത്. എയര്‍പോര്‍ട്ടിലെ ഒരു ജീവനക്കാരിയാണ്. “മിസ്റര്‍ ശ്രീനാഥ്?”

“യെസ്” ഞാന്‍ പറഞ്ഞു.

“എത്ര നേരമായി ഞങ്ങള്‍ അന്വേഷിക്കുന്നു. നിങ്ങളുടെ ഫ്ലൈറ്റ് പുറപ്പെടാറായി, വേഗം വരൂ” അവള്‍ എന്‍റെ കൈയ്യില്‍ പിടിച്ച് വേഗം നടന്നു. ഇനിയൊരിക്കലും കാണാന്‍ ഇടയില്ലാത്ത നാടിനെ ഞാന്‍ ഒന്ന് കൂടി നോക്കി അവളുടെ കൂടെ വിമാനത്തിലേക്ക് നടന്നു.

എയര്‍പോര്‍ട്ടില്‍ നിന്നും കെഎസ്ആര്‍ടിസി ബസിലാണ് പോന്നത്. വരവേല്‍ക്കാന്‍ ആരും ഉണ്ടായില്ല. ആരെയും വിളിച്ചുമില്ല. അല്ലെങ്കിലും കയ്യില്‍ ഏതാനും പഴന്തുണി മാത്രമായി വരുന്ന ഒരാള്‍ക്ക് എന്ത് വരവേല്‍പ്പ്? ബസിറങ്ങി ഒരു ഓട്ടോ വിളിച്ച് വീട്ടിലേക്ക് തിരിച്ചു. നാട്ടില്‍ എത്തിയപ്പോള്‍ റോഡരികില്‍ തൂങ്ങുന്ന ഫ്ലെക്സ് എന്‍റെ ശ്രദ്ധയാകര്‍ഷിച്ചു. ‘പ്ലസ്‌ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ അഞ്ജലി കണ്ണന് അഭിനന്ദനങ്ങള്‍.’ തൊട്ടപ്പുറത്ത് മറ്റൊന്ന്. ‘സംസ്ഥാന ഹയര്‍സെക്കന്‍ഡറി കലോത്സവത്തില്‍ മോഹിനിയാട്ടത്തില്‍ ഒന്നാം സ്ഥാനം നേടിയ അഞ്ജലി കണ്ണന് അഭിനന്ദനങ്ങള്‍’. തീര്‍ന്നില്ല മറ്റൊരു ഫ്ലെക്സില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ ‘ദേശീയ സ്കൂള്‍ മീറ്റില്‍ മെഡലുകള്‍ വാരിക്കൂട്ടിയ അഞ്ജലി കണ്ണന് അഭിനന്ദനങ്ങള്‍’. ഹോ എനിക്ക് വയ്യ! എന്‍റെ അഞ്ജലികുട്ടി ഇത്രയും മിടുക്കിയോ. തീര്‍ന്നില്ല ദാ മറ്റൊരു ഫ്ലെക്സ് കൂടി ‘സംസ്ഥാന മെഡിക്കല്‍ എന്ട്രന്സില്‍ ഉന്നത വിജയം നേടിയ അഞ്ജലി കണ്ണന് അഭിനന്ദനങ്ങള്‍’

Leave a Reply

Your email address will not be published. Required fields are marked *