അജ്ഞാതന്‍റെ കത്ത് – 2 1

” ഈ വീടാരുടേതാ?”

” ഈ വീടാരുടേതാ?”

ഞാൻ വീണ്ടും ചോദിച്ചു.

“ഇത് സജീവേട്ടന്റെ വീടാ. ടൗണിൽ ലാബ് നടത്തുന്ന.”

സജീവ് എന്ന പേര് കേട്ടതോടെ ജോണ്ടിയും അരവിയും എന്നെ നോക്കി.

” അതും ഓങ്ങിലപാറയിൽപെട്ട വീടല്ലേ?”

“അതെ. പക്ഷേ അവരവിടില്ല രണ്ടാഴ്ചയായി ടൂറിലാ. ഇനി ജൂണിലേ വരൂ “

ആ വീടുമായി ഞാൻ അന്വേഷിച്ച് വന്നതിന് എന്തോ ബന്ധമുണ്ട് ഉറപ്പാണ്.
ഇന്നലെ ഈ വീടിന്റെ ചിത്രമെനിക്കയച്ച sai Siva യെ കണ്ടെത്തണം.
ആ വീട് പരിശോധിക്കാതെ ഒന്നിനും ഒരു തീരുമാനമാവില്ല.
എനിക്കൊരുപായം തോന്നി.

” ആ മുറ്റത്ത് നിറയെ ചെടികളാ എനിക്കവയുടെ വിത്തോ കമ്പോ കിട്ടിയാൽ ഉപകാരമായിരുന്നു.

“അതിനിപ്പോ എന്താ? ഇത് നമ്മുടെ സ്വന്തം വീടുപോലെയാ”

പറഞ്ഞു തീരും മുന്നേ ആ പയ്യൻ കവുങ്ങുവേലി തുറന്ന് വീട്ടുമുറ്റത്തേക്ക് നടന്നു.

” അരവീ വീടും പരിസരവും നന്നായി വാച്ച് ചെയ്യണം.”

ഞാൻ അരവിയോട് പതിയെ പറഞ്ഞു.

“എന്താ നിന്റെ പേര്?”

ഞാനാ പയ്യനോട് ചോദിച്ചു.

” അജ്മൽ നിസാൻ “

“നല്ല പേരാണ് കേട്ടോ.തനിക്കഭിനയിക്കാൻ താൽപര്യമുണ്ടോ? ?”

“അഭിനയിക്കാൻ ഇഷ്ടം തന്നെയാ, ഉപ്പ ഉസ്താദ സമ്മതിക്കൂല.”

“ഞങ്ങൾ ചോദിച്ച് അനുവാദം വാങ്ങിയാൽ നീ അഭിനയിക്കുമോ?”

അജ്മലിന്റെ കണ്ണിലൊരു തിളക്കം.

“സത്യം പറഞ്ഞാൽ ഞങ്ങളുടെ വരവിന് രണ്ട് ലക്ഷ്യങ്ങളുണ്ട്. ഒന്ന് പ്രമീക്ഷയെ കാണുക. രണ്ട് ഞങ്ങളുടെ ഫിലിമിന് പറ്റിയ ലൊക്കേഷൻ തപ്പുക.”
പറഞ്ഞത് അരവിന്ദാണ്. നടന്ന് ഞങ്ങൾ വീട്ടുമുറ്റത്തെത്തിയിരുന്നു.

“ആരാ ചേച്ചി ഹീറോ”

” അജ്മൽ ഞങ്ങൾ ഒരു സൗഹൃദ കൂട്ടാഴ്മയിൽ ഉണ്ടാക്കിയ ഈ സിനിമയിലെ എല്ലാ രംഗത്തുള്ളവരും പുതുമുഖങ്ങളാണ്. ഇദ്ദേഹമാണ് സംവിധായകൻ. പിന്നെ കുറേ പുതുമുഖങ്ങളെ കൂടി വേണം.”

അജ്മൽ മുടി കൈയാൽ ഒതുക്കി ഉഷാറായി.

” ഈ വീടിനാണെങ്കിൽ കഥയിൽ നമ്മൾ എഴുതിയ എല്ലാ കാര്യങ്ങളും ഉണ്ട്. “

അരവിന്ദ് കൈകൾ വിരിച്ച്കൊണ്ട് ഫ്രേം പിടിച്ചു.

” അജ്മൽ വീട്ടുടമസ്ഥനുമായി കോണ്ടാക്ട് ചെയ്താലോ?”

അരവി സമർത്ഥമായി കരുക്കൾ നീക്കുവാണ്.

” അത് റിസ്ക്കാണ് ,അവരെ കോണ്ടാക്റ്റ് ചെയ്യാനുള്ള നമ്പറൊന്നും എന്റെ കൈയിലില്ല. ജൂണിൽ തീർത്ഥയുടെ ക്ലാസ് തുടങ്ങുമ്പോഴേക്കും അവരെത്തും. മാത്രവുമല്ല അയൽപക്കവുമായി അവർ അത്രനല്ല അടുപ്പവും ഇല്ലായിരുന്നു. തീർത്ഥയുള്ളതിനാലാ ഞാൻ പോലും അവരോട് അടുത്തത്. മാത്രല്ല ഈ വീടെന്റെ മുത്താപ്പയുടെതാ .

എന്റെ മുഖത്തും നിരാശ.

” അജ്മൽ ഞങ്ങൾ കുറച്ചു സ്റ്റിൽസെടുത്തോട്ടെ?”

അരവിയുടെ ചോദ്യത്തിന്
അജ്മൽ ഉത്സാഹത്തോടെ മറുപടി നൽകി.

” അതിനെന്താ സാറേ….”

ഞാൻ ജോണ്ടിക്ക് കണ്ണുകളാൽ നിർദേശം നൽകി.
അവൻ ക്യാമറയുമായി വീടിനു ചുറ്റും നടന്നു.
അവന്റെ പിന്നാലെ അരവിന്ദും.
ഞാനാ ഒറ്റക്കണ്ണുള്ള ടെഡിയെ നോക്കി കാണുവാരുന്നു.

“എന്താ മേഡത്തിന്റെ പേര്?”

അജ്മൽ എന്റെ പിന്നാലെ കൂടി

“വേദ .”

പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.

“എനിക്ക് നിങ്ങളെ എവിടെയോ കണ്ടതായി ഓർമ്മ വരുന്നുണ്ട്. “

” ഒരാളെ പോലെ ഏഴ് പേരുണ്ട് അജ്മൽ.”

അരവി പെട്ടന്ന് നടന്നു വന്നു.

“ഇവിടുത്തെ സാറിന് എന്താ ജോലി അജ്മൽ?”

“അവർക്ക് ലാബാണ്.പാലക്കാട് ജില്ലാഹോസ്പിറ്റലിനടുത്ത് തീർത്ഥം ലാബ് സജീവ് സാറിന്റെയാ.സാറും വൈഫും കൂടിയാ അത് നടത്തുന്നത്. “

” അവരിവിടെ താമസം തുടങ്ങീട്ടെത്ര നാളായി?”
അരവിന്ദിന്റെ ചോദ്യങ്ങളിൽ നിന്നും എന്തോ ഒന്ന് അവന്റെ മനസിലുണ്ടെന്ന് ബോധ്യമായി.

“മൂന്ന് മാസത്തോളമായി കാണും. ആദ്യം താമസിച്ചത് കൊഴിഞ്ഞാമ്പാറയിലാ. പിന്നെ അവരുടെ നമ്പർ വേണമെങ്കിൽ ലാബിൽ ചോദിച്ചാൽ മതി.”

” ലാബ് തുടങ്ങീട്ട് എത്ര നാളായി?”

“ഒരു വർഷമായിക്കാണും”

എന്റെ പോക്കറ്റിൽ കിടന്ന ഫോൺ റിംഗ് ചെയ്തു.
അരുൺ കരുണൻ
കൂടെ പഠിച്ചിരുന്നതാ.ഞാൻ ഫോണുമായി ഇടവഴിയിലേക്കിറങ്ങി സംസാരിച്ചു.

പിന്നെ തിരികെ ചെന്നു പറഞ്ഞു.

” അത്യാവശ്യമായി തിരിച്ച് പോകണം, വേറെയും കാര്യങ്ങളുണ്ട്.നീ ഈ നമ്പറിൽ വിളിക്കണം”

ഞാൻ എന്റെ നമ്പർ പറഞ്ഞു കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *