കുറേ നേരം രണ്ടു പേരും സംസാരിച്ചില്ല. അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. റാമിന്റെ വിയോഗത്തിൽ അവരിപ്പോഴും കണ്ണു നിറയ്ക്കാറുണ്ട്.
എഴുന്നേൽക്കാൻ നോക്കിയപ്പോഴേക്കും അഭിമുഖമായി സാമുവേൽ സർ വന്നിരുന്നു. അദ്ദേഹത്തിന്റെ മുഖം വല്ലാതെ വലിഞ്ഞു മുറുകി കാണപ്പെട്ടു.
“സാമുവേൽ സാറിനൊരു കാപ്പി പറയട്ടെ?”
ഗായത്രിയുടെ ചോദ്യത്തിന് അദ്ദേഹം തലയാട്ടി. തുടർന്ന്
” അഷ്റഫ് ഒരു കാപ്പി…. വിതൗട്ടാണേ”
മേഡം അങ്ങനെയാ.തന്റെ കീഴിൽ ജോലി ചെയ്യുന്ന എല്ലാവരേയും നന്നായി അറിയും. പേരും ഊരും എല്ലാം.അതിപ്പോ കാന്റീനിലെ ക്ലീനിംഗ് ബോയ് ആണെങ്കിലും .
സാറിന്റെ മനസിനെ എന്തൊക്കെയോ അലട്ടുന്നുണ്ടെന്നു തിരിച്ചറിയാൻ എനിക്ക് നന്നായി കഴിഞ്ഞു.
“സാറെന്താ ലേറ്റായത്?”
സാമുവേൽ സാറിന്റെ ആത്മസംഘർഷം കുറയ്ക്കാനായി ഞാൻ ചോദിച്ചു.
“സ്റ്റേഷനിൽ നിന്നു വിളിച്ചിരുന്നതിനാൽ അവിടൊന്നു കയറി. പതിവു ശൈലികൾ ഒന്നുമവർ തെറ്റിച്ചില്ല. പക്ഷേ എന്നെ ഒരു പ്രതിയായാണവർ കണ്ടത്. അതൊക്കെ പോട്ടെ. നിന്റെ താമസം എങ്ങനെയാ? “
വിഷയം മാറ്റാനായാൾ ചോദിച്ചു.
“എന്റെ വീട്ടിൽ “
ഞാനെന്തെങ്കിലും പറയും മുന്നേ ഗായത്രി പറഞ്ഞിരുന്നു. വേണ്ടാ എന്ന് പറയാനുള്ള ധൈര്യം പോലും എനിക്കുണ്ടായിരുന്നില്ല.
” അത് നന്നായി. വേദയുടെ വീടത്ര സേഫല്ല “
അപ്പോഴേക്കും അരവിന്ദ് കടന്നു വന്നു.
പോക്കറ്റിൽ നാലായി മടക്കിയ രണ്ട് പേപ്പറെടുത്തു തന്നു.
ആദ്യത്തേത് ഒരു മാസത്തെ സുനിതയുടെ കാൾ ലിസ്റ്റ്. അതിൽ കൂടുതലും വിളിച്ചിരിക്കുന്നത് 144 ലാസ്റ്റ് വരുന്ന നമ്പറിലേക്ക് .ദേവേന്ദ്രൻ എന്ന നമ്പർ. മാസാദ്യത്തിൽ ആ നമ്പറിൽ നിന്നുള്ള കാൾ ഡ്യൂറേഷൻ ഒരു മണിക്കൂറിനു മേലെയുണ്ട്.ഞാൻ ടൂറിലിരുന്ന 10 ദിവസങ്ങളിൽ ആ നമ്പറിൽ നിന്നും വിളിച്ചത് വെറും രണ്ട് തവണ.കാൾ ഡൂറേഷൻ 1 മിനിട്ട് 30 സെക്കന്റ്. പിന്നെയുള്ളത് 54 സെക്കന്റ്.
ഞാൻ നാട്ടിലെത്തിയെന്നു പറഞ്ഞ് അവളെ വിളിച്ചു പറഞ്ഞതിനു ശേഷം തൊട്ടടുത്ത കോൾ ആ നമ്പറിലേക്കാണ്.അത് 11 മിനിട്ട് 17 സെക്കന്റ് നീണ്ടുനിന്നു.
പിന്നീട് ആ നമ്പറിലേക്ക് കോൾ പോയത് ഞാൻ പെരുമ്പാവൂരിലേക്ക് പോയതിന് ശേഷം. അത് 7 മിനിട്ട് 13 സെക്കന്റ്, അവസാനമായി ആ നമ്പറിൽ നിന്നും കോൾ വന്നത് 10 സെക്കന്റ്. അവളുടെ ബോഡി കാണുന്നതിന്റെ 10 മണിക്കൂർ മുന്നേ.
ഒരു പക്ഷേ ഇതാവാം കൊലയാളിയുടെ നമ്പർ.കൂടെ നിന്ന് ഒറ്റുകയായിരുന്നു അവൾ.
സാമുവേൽ സാറിന്റെ കാപ്പി വന്നു.
ഞാനെന്താണ് നോക്കുന്നതെന്ന് ഗായത്രിക്കും സാറിനും മനസിലായിരുന്നില്ല
ഗായത്രിക്ക് ഒരു കാൾ വന്നതിനാൽ അവർ എഴുന്നേറ്റ് പോയി.
ഞാൻ അടുത്ത പേപ്പർ എടുത്തു.
അതൊരു വോട്ടർ ഐഡിയുടെ ഫോട്ടോ കോപ്പിയായിരുന്നു.
” ഇത്?”
ഞാൻ അരവിയെ നോക്കി.
” ഈ നമ്പർ എടുത്തപ്പോൾ കൊടുത്ത ഐഡി പ്രൂഫ് “
ആ വാക്കുകൾ മതിയായിരുന്നു ഊർജ്ജമായി
കണ്ണിൽ ഒരു തെളിച്ചം.
ഈ അഡ്രസ്
ഈ മുഖം
ഞെട്ടൽ എന്നതിനേക്കാൾ മനസിൽ ഒരു കച്ചിത്തുരുമ്പു കിട്ടിയ സന്തോഷം. നഷ്ടപ്പെട്ട കളിപ്പാട്ടം തിരികെ കിട്ടിയ കുട്ടിയുടെ അവസ്ഥ.
നാലു പേർ വയലിലേക്കെടുത്തു ചാടി. കത്തിയ കാർ റോഡിന്റെ മറുവശത്തേക്ക് വീണു.കാറിൽ നിന്നിറങ്ങിയ ഡ്രൈവർക്കൊപ്പം ഞാനും ഇറങ്ങി.ഒരു വാഹനത്തിന്റെ വെളിച്ചം കൂടി അത് റോഡിൽ സഡൺ ബ്രേക്കിട്ടു. കാറിൽ നിന്നിറങ്ങിയ മൂന്നാലു പേർ വയലിലേക്ക് ചാടിയിറങ്ങി.ഞാൻ അപകടം മണത്തു. കാറിന്റെ സൈഡിലേക്ക് മാറി. എനിക്കൊപ്പം നിന്ന ഡ്രൈവർ അവർക്കു നേരെ ചാടി വീണു. അഗ്നിയുമായി ഓടിയവൻ വീണിരുന്നു.
കുറച്ചു നേരത്തെ ആക്രമണത്തിനു ശേഷം
” വേദ ആർ യു ഓകെ.?”
അലോഷി സാറിന്റെ ശബ്ദം ആക്രമികൾക്കിടയിൽ നിന്നും കേട്ടു .
ശ്വാസം വീണതപ്പോഴാണ്.
ഞാൻ മറവിൽ നിന്നും പുറത്തുവന്നു.
നാലു പേരെ പിടിച്ച് കാറിലേക്ക് കയറ്റുകയാണ് ചിലർ.ആര് ആരെയാണെന്ന് വ്യക്തമല്ല.റോഡിലെ കാർ മുന്നോട്ട് നീങ്ങി. അലോഷ്യസിനു പിന്നാലെ ഡ്രൈവറും മുന്നോട്ട് വന്ന് കാറിൽ കയറി.
