“”ഒന്ന് അടങ്ങെന്റെ ചെക്കാ…നീയിവിടെ ടൂർ വന്നത് അല്ല കത്തി കുത്ത് കൊണ്ട് ചോര ഒലിച്ചു വന്നതാ!!!…. നിന്റെ ഡ്രിപ്പ് തീരാൻ ഇനിം എടുക്കും ഒരു മണിക്കൂർ…അതോണ്ട് നീ വേണെങ്കിൽ ഒന്ന് മയങ്ങിക്കോ… സെടേഷൻ ഉള്ളതാ നിനക്ക്!!””
എന്നോട് ഇതും പറഞ്ഞു ആ പെണ്ണുപിള്ള പിന്നേം ഫോണിൽ തോണ്ടാൻ തൊടങ്ങി…
ഇതാണോ വില്യേ ടേക് കെയർ… മറ്റേ ഡോട്ടർ വരട്ടെ കാട്ടി തരണിണ്ട് മൂദേവി നിനക്ക്..
മനസ്സിൽ ഇത്രെയും പറഞ്ഞു ഞാൻ പതിയെയൊന്ന് മയങ്ങാൻ ശ്രമിച്ചു… സെടേഷൻ ഉണ്ടായൊണ്ട് പെട്ടെന്ന് ഉറങ്ങി പോയി…
പിന്നെ ഞാൻ കണ്ണ് തുറക്കുമ്പോ ചുറ്റും പച്ചക്കളർ ഒന്നുല്ല… മലർന്ന് കിടക്കുന്നോണ്ട് നേരെ മുകളിൽ ഒരു സിലിംഗ് ഫാൻ കിടന്ന് കറങ്ങുന്നുണ്ട്… ഞാനൊന്ന് പയ്യെ തല പൊക്കി നോക്കിയപ്പോ എന്റെ വലതു കൈയ്യിൽ പിടിച്ചു ചാഞ്ഞു ആരോ കിടക്കണുണ്ട്.. ഞാൻ തല പൊക്കിയ അനക്കത്തിൽ പെട്ടെന്ന് അവര് ഞെട്ടിയേണിറ്റു.. അപ്പോഴാണ് എനിക്ക് മനസ്സിൽ ആയെ ഇത് അമ്മയാന്ന്…
പക്ഷങ്ങി.. അമ്മയ്ക്ക് ഒരു ഉഷാറും ഇല്ല്യ.. കണ്ണൊക്കെ വീർത്ത് ചുവന്ന്.. മുഖമാകെ വാടി… ഇതെന്റെ അമ്മ തന്നെ ആണോ ഇനി…
“”കുട്ടാ… മോനേ… എന്റെ വാവ എണീറ്റോ…
ഏട്ടാ…. ഏട്ടാ… ദേ കുട്ടൻ എണിറ്റു…””
ഞാൻ ഉണർന്നെന്ന് കണ്ട അമ്മ ചെറിയ സന്തോഷത്തിൽ കണ്ണും നിറച്ചു.. റൂമിലെ അടുത്ത ബെഡിൽ ചാഞ്ഞു ഉറങ്ങുന്ന അച്ഛനെ വിളിച്ചു പറഞ്ഞു..
അപ്പൊ ചെറുതായോന്ന് ഞെട്ടിക്കൊണ്ട് അച്ഛനവിടന്ന് പെടഞ്ഞെണീക്കുന്നെ ഞാൻ തല ചെരിച്ചു നോക്കി.. അച്ഛന്റെ അടുത്തായി ചാഞ്ഞുറങ്ങുന്ന അമ്മുവും ചാടി എണീറ്റ് എന്റെ അടുത്തോട്ടു വന്നു..
എന്നെ നോക്കിയൊരു മങ്ങിയ ചിരി തന്ന് അച്ഛൻ എന്റെ അടുത്തോട്ടു ഒരു കസേര വലിച്ചിരുന്നു..
“”എങ്ങനെ ഉണ്ട് കുട്ടാ നിനക്കിപ്പോ വേദനിക്കുന്നുണ്ടോടാ..””
“”ഹ്മ്മ്… ചെറുതായി.. “” ഞാൻ അച്ഛനേം അമ്മുനേം നോക്കി ചെറുതായി ചിരിച്ചോണ്ട് പറഞ്ഞു.. ഒരുപക്ഷെ എന്റെ ഇങ്ങനെ ഉള്ള ചിരിയും അവസ്ഥയും ഒക്കെ ജീവിതത്തിൽ ആദ്യം ആയിരിക്കും..
“”മോനേ കുട്ടാ നിനക്ക് വിശക്കണുണ്ടോടാ??..
അപ്പോഴമ്മ എന്റെ തലമുടിയിൽ തഴുകി ക്കൊണ്ട് ചോദിച്ചു..
ഏട്ടാ… ഇവന് കഴിക്കാൻ എന്തേലും വാങ്ങിച്ചിട്ട് വാ.. “” അച്ഛനോട് ഇതും പറഞ്ഞു അമ്മ ബെഡിൽ എന്റെ തോളിനു അടുത്തായി ഇരുന്നു..
“”ഏയ്യ്… എനിക്ക് വിശക്കണില്ലമ്മാ… അച്ഛാ… അച്ഛൻ പോവൊന്നും വേണ്ടാ…””
ഞാൻ അച്ഛന്റെ കൈയ്യിൽ പിടിച്ചോണ്ട് പറഞ്ഞു…
അപ്പോഴാണ് ഡോറിൽ രണ്ട് കൊട്ട് കേക്കണേ…ഞങ്ങൾ നാല് പേരും അങ്ങോട്ട് നോക്കിയപ്പോ ആണ് കിച്ചുവും ആവണിയും അർജുനും ചന്ദനയും അവിടെ നിക്കണേ..
“”ആഹ്… നിങ്ങൾ എന്താ അവിടെ നിക്കണേ… കേറി വാ… കേറി വാ…””
അച്ഛൻ അവരെല്ലാവരേം അകത്തോട്ടു വിളിച്ചു…വന്ന പാടെ കരഞ്ഞു വീർത്ത മുഖവുമായി ആവി വന്നെന്നേ കെട്ടിപ്പിടിച്ചു കരഞ്ഞു…
“”എന്റെ കുട്ടാ… നിനക്ക്… നിനക്കിപ്പോ ഒക്കെ ആണോടാ…വേദന ഉണ്ടോടാ..””
കരഞ്ഞു വിതുമ്പിക്കോണ്ട് അവൾ ഇങ്ങനെ ചോദിച്ചപ്പോ എന്ത് പറയുമ്മെന്നറിയാതെ നിസ്സഹായനായി പോയി ഞാൻ..
എന്ത് ചെയ്യുമെന്നറിയാതെ ഞാൻ ബാക്കി ഉള്ളോരേ മൊത്തോം നോക്കിയപ്പോ അമ്മേരെ കണ്ണ് പിന്നേം നിറഞ്ഞിട്ട് ഉണ്ട് അമ്മുന്റെ അവസ്ഥയും മറിച്ചല്ല.. കിച്ചുനെയും അജുനെയും അച്ഛനെയും നോക്കിയപ്പോ അവരും വല്ലാത്ത ഒരു അവസ്ഥയിൽ ആണ്…
പക്ഷേങ്കി അവളെ…അപ്പുവിനെ നോക്കിയപ്പോ കരഞ്ഞു കണ്ണ് വീർത്തിട്ട് ഉണ്ടേലും.. അവളുടെ മുഖത്തിൽ വിഷമത്തെക്കാളും കൂടുതലിപ്പോ കുശുമ്പ് പോലെ തോന്നി..
അതും എന്റെ നേർക്കല്ല അവളുടെ ശ്രദ്ധ.. ആവിയെ ആണവൾ നോക്കി ദഹിപ്പിക്കണേ..
“”മോളേ ആവണി.. മോൾ ഇങ്ങനെ കരയാതെ.. അവനൊന്നും പറ്റില്ലല്ലോ…””
അച്ഛനവളെ എന്നിൽ നിന്ന് അടർത്തി മാറ്റിക്കൊണ്ട് പറഞ്ഞു..
“”ഏഹ്… അങ്കിൾ എന്താ പറഞ്ഞെ.. ഏഹ്…
അവന് ഒന്നും പറ്റീലാന്നോ.. ഒന്നും പറ്റാതെ ആണോ അങ്കിളേ.. അവൻ ഒരു ദിവസം മൊത്തം ബോധമില്ലാണ്ട് ICU വിൽ കിടന്നേ.. “”
