അവൾക്കായ്

“കയറ്”
വീണ്ടും ആഹ് ശബ്ദം അറിയാതെ അനുസരിച്ചു പോയി. ബൈക്കിൽ അയാളുടെ പുറകിൽ കയറി ഇരുന്നു. ഒന്ന് ഇരമ്പിച്ച് അയാൾ ബൈക്ക് എടുത്തു. തല കുമ്പിട്ടു ആഹ് ബൈക്കിന്റെ പുറകിൽ ഇരുന്നപ്പോൾ എങ്ങോട്ടാണ് പോകുന്നതെന്നോ അയാൾ ആരാണെന്നോ ഒന്നും അറിയില്ലായിരുന്നു പക്ഷെ ആഹ് നിമിഷം ഞാൻ അനുഭവിച്ച സുരക്ഷിതത്വം എനിക്ക് പകർന്നു തന്നത് വലിയ ആശ്വാസം ആയിരുന്നു. ചീറിയടിക്കുന്ന കാറ്റു എപ്പോഴോ എന്റെ കണ്ണീരു എടുത്തു കൊണ്ട് പോയിരുന്നു.
വണ്ടി ബ്രേക്കിട്ടപ്പോൾ മുന്നോട്ടൊന്നു ആഞ്ഞു പോയി അപ്പോഴാണ് തല ഉയർത്തുന്നത് മുമ്പിൽ കണ്ട സ്ഥലം വീണ്ടും എന്നെ ഭയത്തിലേക്കാഴ്ത്തി.

ഒരു നിമിഷം കൊണ്ട് വീണ്ടും ഞാൻ തുടങ്ങിയ ഇടത്തു തന്നെ എത്തിപ്പെട്ടപോലെ.
“ഇറങ്ങു”
ഞാൻ മരവിച്ചിരിക്കുന്ന കണ്ടത് കൊണ്ടാവണം വീണ്ടും ആഹ് ശബ്ദം കേട്ടു.

“എടൊ ഇറങ്ങാൻ,”
ഞാൻ അനങ്ങാതെ ഇരുന്നുപോയി കായും കാലും ഒന്നും അനക്കാൻ പറ്റാത്ത പോലെ ആഹ് ബൈക്കിന്റെ പുറകിൽ ഇരുന്നു ഞാൻ വിയർത്തൊലിച്ചു. ഇതിൽ കയറാൻ തോന്നിയ നിമിഷത്തെ ഞാൻ മനസ്സാൽ ആയിരം തവണ ശപിച്ചു.
“ഇപ്പോൾ താൻ ഇവിടെ ഇറങ്ങിയില്ലെങ്കിൽ ഇന്നത്തെ ദിവസം പോലെയാവും തനിക്ക് ഇനി മുതലുള്ള എല്ലാ ദിവസവും. അവഗണനയും സഹതാപവും കളിയാക്കലുകളും ഇനിയങ്ങോട്ടും എന്നും തന്റെ ജീവിതത്തിൽ തന്നെ വിടാതെ കൂടെ ഉണ്ടാവും.
അല്ല ഞാൻ പറയുന്നത് കേൾക്കാമെങ്കിൽ ഇവിടെ മുതൽ തന്റെ ജീവിതം മാറും, തനിക്ക് എന്നെ വിശ്വസിക്കുന്നുണ്ടെൽ ഇറങ്ങ്.”
ഒരു മരപ്പാവ കണക്കെ ഞാൻ ബൈക്കിൽ നിന്നുമിറങ്ങി. മുമ്പിലേക്ക് നോക്കിയതും മനസ്സിൽ ഭയം ഇരുണ്ടു കൂടി വന്നു.
അയാളുടെ ഇടം കൈ എന്റെ വലം കൈ ചുറ്റി, തട്ടി മാറ്റണം എന്ന് മനസ്സ് ആഹ് നിമിഷം ആയിരം തവണയെങ്കിലും മിടിച്ചിരിക്കും പക്ഷെ ഒരു പാവ കണക്കെ അയാളുടെ ഒപ്പം നടക്കാനെ എനിക്ക് കഴിഞ്ഞുള്ളു.
ആളുകളുടെ ഒച്ചയും, കച്ചവട ദിവസത്തിന്റെ ഇരമ്പലുമെല്ലാം എന്റെ കാതിൽ നേർത്ത മൂളക്കങ്ങൾ ആയെ വീഴുന്നുള്ളൂ,
“ഡോ,………………………. ഡോ”
പേട്ടെന്ന് മയക്കത്തിൽ നിന്നെന്ന പോലെ ഞാൻ ഞെട്ടി.
“താൻ എന്താ സ്വപ്നം കാണുവാ, നോക്ക്……ചുറ്റും നോക്ക്, നമ്മളെ ശ്രേധിക്കുന്ന ആരെങ്കിലും ഇവിടെ ഉണ്ടോ.”
ബ്രോഡ്വേയുടെ നടുവിൽ തിരക്കുള്ള തെരുവിൽ ഞങ്ങൾ നിന്നു, ചുറ്റും സ്വന്തം കാര്യം നോക്കി പായുന്ന ആളുകൾ. ഇന്നലെ തന്നെ തുറിച്ചു നോക്കിയ കണ്ണുകൾ ഇന്നവിടെ ഇല്ല, തന്നെ കരയിച്ച തെരുവിന് ഇന്ന് താൻ വെറുമൊരു അപരിചിതയായി മാറിയത് ഞാൻ കണ്ടു.
എന്റെ കൈ വിട്ടു മുന്നോട്ടു നടക്കാൻ ഒരുങ്ങിയ അവന്റെ കൈയിൽ ഞാൻ ചുറ്റിപിടിച്ചു.എന്നെ നോക്കി അവൻ ചിരിച്ച ചിരി ഈ ലോകത്തു എനിക്കേറ്റവും പ്രിയപ്പെട്ടതായി.
“ഡോ ഇതാണ് നമ്മൾ ജീവിക്കുന്ന ലോകം. ഒരു ദിവസം അല്ലെങ്കിൽ ഒരു മാസത്തിനപ്പുറം മറ്റുള്ള ഒരാളുടെ ജീവിതം ഇവർക്ക് ഒന്നുമല്ല. ഇന്ന് ഇവിടെ ഇപ്പോൾ ഇന്നലത്തെ ആഹ് കാര്യം ഓർത്തിരിക്കുന്ന ഒരേ ഒരാള് ചിലപ്പോ താൻ മാത്രം ആയിരിക്കും.”
അവന്റെ കൈയിൽ ചുറ്റിപിടിച്ചു അവനോട് ചേർന്ന് ആഹ് ആള്കൂട്ടത്തിലൂടെ നടക്കുമ്പോൾ ഞാൻ എന്റെ അച്ഛന്റെ കൈകൾക്ക് ശേഷം ഏറ്റവും സുരക്ഷിതമായിരിക്കുന്ന കൈകൾ ഇതായിരിക്കുമെന്നു തോന്നി. ഇതൊരിക്കലും ഇനി നഷ്ടപ്പെടുത്തരുത് എന്ന് തോന്നി.
എന്നെയും കൊണ്ട് അവൻ അടുത്തുള്ള ഒരു ചെറിയ ഹോട്ടലിലേക്ക് കയറി.
“ആഹ് മോനെ കേറിയിരി, മോന് പതിവ് കടുംകാപ്പി അല്ലെ,…..അല്ല ഇതാരാപ്പ കൂടെ,”

“ഒന്ന് പതിവ് പിന്നെ……….തനിക്ക് എന്താ വേണ്ടെ”.
എന്നെ നോക്കി കണ്ണുയർത്തി ചോദിച്ചപ്പോൾ, അത് തന്നെ മതിയെന്ന രീതിയിൽ കണ്ണ് ചിമ്മാനെ എനിക്ക് കഴിഞ്ഞുള്ളു. അറിഞ്ഞോ അറിയാതെയോ അവന്റെ ഇഷ്ടം നിമിഷത്തിനപ്പുറം എന്റേത് കൂടിയാവുന്നത് ഞാൻ അറിഞ്ഞു.
“ഇക്ക ഇതെന്റെ ഫ്രണ്ട് ആഹ്, അവൾക് ഇവിടെ എന്തോ പർച്ചേസ് ഉണ്ടെന്നു പറഞ്ഞിട്ടു കൊണ്ട് വന്നതാ.”
അവൻ അയാളോട് സംസാരിക്കുമ്പോഴും എനിക്ക് എന്റെ കണ്ണുകൾ അവനിൽ നിന്നും മാറ്റാൻ കഴിയുന്നുണ്ടായിരുന്നില്ല, കാപ്പി കുടിക്കുമ്പോഴും ഓരോ കാര്യങ്ങൾ അവൻ പറയുമ്പോഴുമെല്ലാം, എന്നിൽ ഞാൻ പോലും അറിയാതെ അവൻ ചേക്കേറിയിരുന്നു.
അവന്റെ നീല കണ്ണുകൾ എന്റേതുമായി ഉടക്കുമ്പോഴെല്ലാം ഉള്ളിൽ തറക്കുന്ന പോലെ തോന്നി.
“ഡോ താൻ എന്താ സ്വപ്നം കാണുവാ കാപ്പി കുടിക്ക്..”
ചെറുചിരിയോടെയാണ് അവൻ എന്നോട് പറഞ്ഞത്.”പൂജ…..”
“എഹ്….”
“പൂജ കൃഷ്ണൻ, ന്റെ പേരാ.”
“ഓഹോ ഞാൻ വിചാരിച്ചു ഇത്രയും നേരം മിണ്ടാതെ ഇരുന്നത് കൊണ്ട് ഊമയായിരിക്കുമെന്നു.”
അവന്റെ മറുപടിക്ക് ഒരു കൊഞ്ഞനം കുത്തലായിരുന്നു അവളുടെ മറുപടി.
“എനിവേ ഐ ആം ത്രിലോക്.”
കണ്ണിലൊളിപ്പിച്ച കുസൃതിയുമായി അവൻ നീട്ടിയ കൈയിൽ കൈ ചേർത്ത് ഷേക്ക് ഹാൻഡ് നൽകുമ്പോൾ അവന്റെ കൈയിലെ ചൂട് എന്നിലേക്കും പകരുന്നത് ഞാൻ അറിഞ്ഞു.
അവിടുന്നു ഇറങ്ങിയപ്പോഴും കൈ അവന്റെ കൈയിൽ ചുറ്റി തന്നെയാണ് ഞാൻ നടന്നത്.
“ഇതെന്താ ഇവിടെ…..” ഒരു ടെക്സ്ടൈൽ ഷോപ്പിന്റെ മുമ്പിൽ എന്നെയും കൊണ്ട് നിന്ന അവനെ നോക്കി ഞാൻ ചോദിച്ചപ്പോൾ പതിവ് ചിരിയോടെ എന്നെയും കൊണ്ട് അകത്തേക്ക് കയറി.
ഒരു നല്ല ചുരിദാർ എനിക്ക് വേണ്ടി അവൻ തന്നെ സെലക്ട് ചെയ്തു വാങ്ങി തന്നു, അവന്റെ പിന്നിൽ ബൈക്കിൽ അവനോടു ചേർന്ന് ഇരിക്കുമ്പോൾ ഇങ്ങോട്ടു വന്ന പോലെ അല്ല ഞാൻ തിരിച്ചു പോകുന്നത് എന്ന് എനിക്ക് തന്നെ അറിയാമായിരുന്നു അത്രത്തോളം അവനെന്നെ സ്വാധീനിച്ചിരുന്നു.
വീടിനു മുന്നിൽ ബൈക്ക് വെച്ച് അവനോടൊപ്പം ഇറങ്ങുമ്പോൾ ഞങ്ങളെ കാത്ത് എന്ന പോലെ മുമ്പിൽ അമ്മയും അച്ഛനും ഡേയ്‌സിയും ഉണ്ടായിരുന്നു.
അവരെ കണ്ടപ്പോൾ ഞാൻ ഒന്ന് പരുങ്ങി.
പക്ഷെ അവനു ഒരു കുലുക്കവുമുണ്ടായിരുന്നില്ല, അച്ഛന്റെ മുഖത്ത് ഒരു നനുത്ത പുഞ്ചിരി ഉണ്ടായിരുന്നത് ചെറിയ ആശ്വാസമേകി.
“ഹലോ സാർ ഞാൻ ത്രിലോക്.”
“എനിക്ക് മനസിലായി ഈ കാന്താരി ഇവിടെ വന്നു പറഞ്ഞു അന്ന് രക്ഷിച്ച ആള് തന്നെ ഇന്നും വന്നു രക്ഷപ്പെടുത്തിയെന്നു,.”
ഡേയ്‌സിയെ ചൂണ്ടി പറഞ്ഞപ്പോൾ ഡെയ്സി എന്നെ നോക്കി കൊഞ്ഞനം കുത്തി.
ഞാൻ പതിയെ നടന്നു അമ്മയുടെ പിറകിൽ നിന്നു, പെട്ടെന്നൊരു ചളിപ്പ്. ഉടനെ ഡെയ്സി വന്നു എന്നെ നുള്ളി എന്താ എന്ന ഭാവത്തിൽ ചോദിച്ചു. ഒന്നുമില്ലെന്ന രീതിയിൽ ഞാനും ഒന്ന് കണ്ണ് ചിമ്മി.
“എനിവേ ത്രിലോക് ഞാൻ ശിവപ്രസാദ് ഇത് എന്റെ ഭാര്യാ ശ്രീദേവി. പൂജയെ പിന്നെ പരിചയപ്പെടുത്തേണ്ടതില്ലല്ലോ. പിന്നെ ഇത് ഡെയ്സി….”
“ഞാൻ ആരാണെന്നു ഞാൻ പറഞ്ഞോളാട്ടോ അപ്പൻ ബുദ്ധിമുട്ടണ്ടാ.”
ഇടയിൽ കയറി ഡെയ്സി ചിരിയോടെ പറഞ്ഞു.
“ഞാൻ ഇവരുടെ രണ്ടു പേരുടെയും മോളാ പൂജയുടെ സിസ്റ്റർ.””
“അതെ ഈ കാന്താരി ഞങ്ങളുടെ മോളാ പൂജയും ഇവളും ഇരട്ടകളാണോ എന്ന് സംശയിക്കുന്ന പലരും ഉണ്ട്, അയ്യോ ഞാൻ മോനെ വീട്ടിലേക്കു വിളിച്ചില്ലലോ വാ അകത്തേക്കു കയറ്.”
“വേണ്ട സാർ ഇനിയെപ്പോഴെങ്കിലും ആവട്ടെ ഒരു വർക് ഉണ്ടായിരുന്നു അത് തീർക്കണം അതുകൊണ്ടാ.”
“എന്നാലും ആദ്യമായി വന്നിട്ടെങ്ങനാ, ഒന്ന് കയറുക പോലും ചെയ്യാതെ,”
“സാരമില്ല മാഡം..”
“മാഡം അല്ല ആന്റി അല്ലേൽ ഡെയ്സി വിളിക്കുന്ന പോലെ അമ്മെന്നു വിളിച്ചോളൂ.””ഞാനും അത് പറയാനിരുന്നതാ സാർ അല്ല അച്ഛൻ അങ്ങനെയാ ഇവര് വിളിക്കുന്നെ.”
അച്ഛനെ അപ്പോൾ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാൻ തോന്നിപ്പോയി.
അവിടുന്ന് അവൻ പോവുന്നത് വരെ എന്റെ കണ്ണ് അവനെ വലയം ചെയ്യുകയായിരുന്നു, എപ്പോഴോ എങ്ങനെയോ എന്റെ മനസ് അവനോടൊപ്പം പോയപോലെ,
ഇന്നത്തെ സംഭവത്തെക്കുറിച്ചു അച്ഛനും അമ്മയുമെല്ലാം ചോദിക്കുമ്പോഴെല്ലാം പറയാനുള്ളത് മുഴുവൻ അവനെകുറിച്ചായിരുന്നു. പറയുമ്പോഴെല്ലാം എന്റെ ഹൃദയം എനിക്കുപോലും അന്യമായ രീതിയിൽ ഇടിക്കുന്നത് എന്റെ ചെവിക്കുള്ളിൽ എനിക്കറിയാൻ കഴിയുന്നുണ്ടായിരുന്നു. അവനെ വീണ്ടും വീണ്ടും കാണാൻ ഉള്ളിൽ നിന്നൊരു തോന്നൽ, ഇതായിരിക്കുവോ ഇനി അവരൊക്കെ പറയുന്ന പ്രണയം.
“എന്താടി മോളെ ഒരിളക്കം.”
പിറകിൽ റൂമിന്റെ കതകിൽ ചാരി ചൂഴ്ന്നു നോട്ടവുമായി ഡെയ്സി.
“എന്തിളക്കം…”
“ദേ മോളെ എന്നോട് നുണ പറയുമ്പോ സൂക്ഷിച്ചു പറയണം ഒന്നൂല്ലേലും ഓര്മ വെച്ച നാളു മുതൽ നീ അല്ലെ എനിക്ക് കൂട് ഞാൻ അല്ലെ നിനക്ക് കൂട്ട് നിന്റെ ചെറിയ ഇളക്കം പോലും എനിക്ക് മനസിലാവും പോന്നുമോളെ.”
എന്റെ രണ്ടു കവിളിലും പിടിച്ചാട്ടി അവൾ അത് പറഞ്ഞു.
“ത്രിലോക് മോൾടെ മനസ്സിൽ കേറി ന്നു നിക്കറിയാട്ട അച്ഛന്റടുത് പറഞ്ഞേക്കാം മോൾക് ഇനി വേറെ ആരേം തപ്പി നടക്കണ്ടാന്നു.”
ചിരിയോടെ അവൾ പുറത്തേക്കു പോയി.
ഞാൻ എണീറ്റ് അലമാരയുടെ ഏറ്റവും അടിയിൽ വെച്ചിരുന്ന ആഹ് ടി ഷർട്ട് എടുത്തു, അന്ന് അവൻ എന്നെ അണിയിച്ച ഡ്രസ്സ് അതും നെഞ്ചിലടക്കി എപ്പോഴോ നിദ്രയിലാണ്ടു.
***********************************************
പിറ്റേന്ന് ഡെയ്സി നിർബന്ധിച്ചാണ് എന്നെ കോളേജിലേക്ക് കൊണ്ടുപോയതെങ്കിലും ഉള്ളിൽ ഇനി വീണുപോകാരുത് എന്ന ഉറച്ച തീരുമാനമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പതിവുപോലെ ഉള്ള കുത്തി നോട്ടവും അടക്കംപറച്ചിലുകളും ഞാൻ കാര്യമാക്കിയില്ല, എന്റെ മാറ്റത്തിൽ ഡേയ്‌സിയും ഒന്ന് അത്ഭുതപ്പെടാതിരുന്നില്ല.
അന്ന് അജിത്ത് വരാതിരുന്നതും എന്റെ ആത്മവിശ്വാസം കൂട്ടി.
അന്ന് ക്ലാസ് കഴിഞ്ഞു വരുമ്പോൾ അവനെ കാണണമെന്നുണ്ടായിരുന്നു, ഇന്നലെ എന്തിനായിരിക്കും അവൻ വന്നത് എന്നെ കാണാനായിരിക്കുമോ. തുടങ്ങിയ ചോദ്യങ്ങൾ എന്റെ ഉള്ളിൽ ഉയർന്നു കൊണ്ടിരുന്നു.
“ശെ ഒന്ന് കാണാൻ പറ്റിയിരുന്നേൽ.”
പണിപാളി പറഞ്ഞപ്പോൾ ശബ്ദം കൂടിപ്പോയി. നോക്കുമ്പോൾ ഡെയ്സി എന്നെ നോക്കി ചിരിച്ചോണ്ട് ഇരിപ്പുണ്ട്.
“ഞാൻ നിന്നെ കാണിക്കാടി നീ ഇപ്പോൾ വണ്ടിയിൽ കേറ്.”
വീട്ടിലെത്തി ചായേം കുടിച്ചിരിക്കുമ്പോഴാണ് ഡേയ്‌സിയുടെ വരവ്,
“ശ്രീയമ്മോ ചായ .”
“നീ വന്ന ഉടനെ എവിടെ പോയതാടി കാന്താരി സാധാരണ ഇവിടുന്നു ചായേം കുടിച്ചല്ലേ അങ്ങോട്ടു പോണേ.”
“ഓഹ് ഇവിടുത്തെ പൊന്നുമോൾക് ഒരു സഹായം ചെയ്യാൻ വേണ്ടി പോയതാണെ.”
എന്നെ നോക്കി കണ്ണിറുക്കി അവൾ പറഞ്ഞു. ഞാൻ എന്താ എന്ന് ചുണ്ടനക്കി ചോദിച്ചപ്പോൾ പറയാം എന്ന രീതിയിൽ അവളും ചുണ്ടനക്കി.

Leave a Reply

Your email address will not be published. Required fields are marked *