അവൾക്കായ്

“ഡി മരയോന്തേ ത്രിലോക് എന്ന പേരല്ലാതെ നിനക്ക് അവനെ കുറിച്ചെന്തേലും അറിയോ.”
“മ്ച്ചും”
“ആഹ് ബെസ്റ്റ്…….. അപ്പോൾ നീ എനിക്ക് വൻ ചെലവ് തരണം.
അവന്റെ പേര് ത്രിലോക്, ത്രിലോക് കാശിനാഥ്. ബാംഗ്ലൂരിൽ നിന്നും ബി ടെക് കഴിഞ്ഞു. ഇപ്പോൾ ഇന്ഫോപാർക്കിൽ ജോലി ചെയ്യുന്നു. വീട്ടിൽ അച്ഛൻ അമ്മ അനിയത്തി..”
“ഡെയ്സി നിന്നെ സമ്മതിച്ചു തന്നിരിക്കുന്നു.”
“എങ്കിൽ നീ കൂടുതൽ സമ്മതിക്കാൻ പോവുന്നെ ഉള്ളു ഇതെന്താണെന്നറിയോ.”
ഒരു പേപ്പർ എനിക്ക് നേരെ നീട്ടി അവൾ പറഞ്ഞു.
“എന്താ.”
“നിന്റെ ആളുടെ നമ്പർ.”
“,എഹ് ഡെയ്സി നീ ഇതെങ്ങനെ ഒപ്പിച്ചു.”,
“ഡെയ്സി എന്നാ സുമ്മാവാ, ഡി അവനെ ഇതിനു മുൻപ് കോളേജിൽ നീ കണ്ടിട്ടുണ്ടോ, ഇല്ലല്ലോ, അന്ന് അവൻ വന്നത് അവന്റെ അനിയത്തിയെ ആക്കാനാ അവളെ ഞാൻ കണ്ടുപിടിച്ചു ബാക്കി എല്ലാം ഈസി.”
“ഈ നമ്പർ വെച്ചു മെസ്സേജ് അയക്കാല്ലേ.”
“ഹോ എടി പ്രാന്തി എല്ലാവരും സാധാരണ മെസ്സേജ് അല്ലെ അയക്കുന്നെ നീ വെറൈറ്റി ആയിട്ടു ആളെ അങ്ങ് വിളിക്ക്.”
“അത് വേണോ എനിക്ക് ചെറിയ പേടിണ്ട്.””ശ്ശൊ ഈ പൊട്ടിയെകൊണ്ടു ഞാൻ തോറ്റല്ലോ, നീ വിളിക്കുന്നോ അല്ലേൽ നിന്റെ ശബ്ദതിൽ ഞാൻ വിളിക്കണോ.”
ഡേയ്‌സിയുടെ ഭീഷണി കേട്ടതും എനിക്ക് സമ്മതിക്കേണ്ടി വന്നു.ഒരു ചിരിയും ചിരിച്ചു അവള് പോയി.
വിളിക്കണോ വേണ്ടയോ എന്ന് ആലോചിച്ചു വട്ട് പിടിക്കാൻ തുടങ്ങി, വിളിച്ചില്ലെങ്കിൽ ഡെയ്സി എന്നെ കൊല്ലും. അവസാനം വിളിക്കാൻ തന്നെ തീരുമാനിച്ചു.
“ഹലോ ”
അപ്പുറത്തു നിന്നും ആഹ് കനത്ത ശബ്ദം.
“ഹലോ.”
“ഹലോ ആരാ എനിക്ക് മനസിലായില്ല.”
“ഞാൻ………ഞാൻ പൂജ.”
എന്റെ ശബ്ദം എന്തിനാ വിറക്കുന്നത് എന്ന് എനിക്കുപോലും മനസിലായില്ല.
“പൂജ!…….ഓഹ് പൂജ മനസിലായി പറയെടോ.”
“ഞാൻ ഒന്ന് താങ്ക്സ് പറയാനായി….”
“എന്തിന് അതിലൊന്നും വലിയ കാര്യമില്ലഡോ, ഞാൻ അല്ലെങ്കിൽ മറ്റൊരാൾ അത് അത്രേ ഉള്ളു.”
വളരെ ഈസി ആയി അവൻ പറഞ്ഞു തീർത്തു.
“എങ്കിലും എന്റെ വക താങ്ക്സ്.”
“ആയിക്കോട്ടെ വരവ് വെച്ചിരിക്കുന്നു.”
ഉള്ളിൽ ഒളിപ്പിച്ച കുസൃതി ചിരി.
ഒരുപാട് സംസാരിക്കണം എന്നുണ്ടായിരുന്നു പക്ഷെ മനസ് മുഴുവൻ ബ്ലാങ്ക് ആയി പോയി. എന്തൊക്കെയോ കൂടി സംസാരിച്ചു ഫോൺ വെച്ചു.
അന്ന് രാത്രി അവന്റെ ഉടുപ്പും കെട്ടിപ്പിടിച്ചു കിടന്നുറങ്ങുമ്പോൾ ഒരു നൂറു സ്വപ്‌നങ്ങൾ ഒപ്പം കൂട്ടിനുണ്ടായിരുന്നു.
*****************************************
ഡേയ്‌സിയോടൊപ്പം പോയി അവന്റെ അനിയത്തിയെ കണ്ടുപിടിച്ചു പ്രാർത്ഥന അവനെ പോലെ തന്നെ ഒരു സുന്ദരിക്കുട്ടി അവളിൽ നിന്നും അവനെ കുറിച്ച് കൂടുതൽ അറിഞ്ഞു.
ആള് സിംഗിൾ ആണ് എന്നറിഞ്ഞതോടെ അവിടെ കിടന്നു തുള്ളിച്ചാടനാണ് തോന്നിയത്.
പിന്നെ ഇടയ്ക്ക് ഞാൻ അവനെ വിളിക്കും അധികം നേരം ഒന്നും ആളു സംസാരിക്കാറില്ല പക്ഷെ പറയാനുള്ളത് കുറച്ചു വാക്കുകളിൽ മുഴുവൻ വ്യാപ്തിയോടെ പറയും.
ഉള്ളിൽ തോന്നിയ ഇഷ്ടം പറയാൻ ചെറിയ ചമ്മൽ ആയിരുന്നു ചമ്മലിനപ്പുറം അവനു എന്നെ ഇഷ്ടമല്ലെങ്കിലോ എന്ന പേടിയാണ് അലട്ടിയിരുന്നത്. ചെറിയ ഫോൺ വിളികളും ചാറ്റുമൊക്കെയായി അങ്ങനെ പോയിക്കൊണ്ടിരുന്നു.
കോളേജിലും ഇപ്പോൾ അത്ര വലിയ പ്രേശ്നമൊന്നുമില്ല എല്ലാവരും അത് മറന്നു തുടങ്ങിയിരുന്നു ഞാൻ പോലും. ഇതിനിടയിൽ രാഹുൽ എന്നോട് വന്നു സോറി പറഞ്ഞു എനിക്കുപോലും അത്ഭുതം തോന്നി. അവൻ അന്നുള്ള സംഭവത്തിന് ശേഷം എന്തോ ആക്സിഡന്റ് പറ്റി മൂന്ന് ദിവസം കഴിഞ്ഞാണ് ക്ലാസ്സിൽ വന്നത്. എന്നെ നോവിച്ചതിലുള്ള ശിക്ഷ കിട്ടിയതാണെന്നാണ് ഡെയ്സി പറയുന്നത്.
ആഹ് എന്തേലും ആവട്ടെന്നു ഞാനും വെച്ചു.
*************************************************
ഇന്ന് അച്ഛനും അമ്മയും ഡേയ്‌സിയും കൂടി ത്രിലോകിന്റെ വീട്ടിൽ സംസാരിക്കാൻ പോയിരിക്കുവാണ് എന്റെ കാര്യം.
ഇത്ര പെട്ടെന്ന് ഇങ്ങനെ ആലോചിക്കാൻ കാരണം ഡെയ്സി ആണ്, അങ്ങേർക്കു കല്യാണം ആലോചിച്ചു തുടങ്ങി എന്നറിഞ്ഞപ്പോൾ മുതൽ ഡെയ്സി എനിക്കിരിക്കപ്പൊറുതി തന്നിട്ടില്ല എന്നെയും തട്ടി മാറ്റി നേരെ അച്ഛനോട് പോയി പറഞ്ഞു. പിന്നെ എന്നോടും കൂടെ ചോദിച്ചിട് അച്ഛനും നേരെ കല്യാണലോചനയ്ക്ക് ഇറങ്ങി വാല് പോലെ ഡേയ്‌സിയും കൂടി ഇന്നവരു പോയി വരുന്നവരെ ഞാൻ തീയിൽ ചവിട്ടി നിക്കുന്ന പോലെ ആയിരുന്നു.
അവർ തിരിച്ചു വന്നു വിവരം പറയുമ്പോൾ ഒരു ലോക മഹായുദ്ധം ജയിച്ച പ്രതീതി ആയിരുന്നു എനിക്ക്.അവന്റെ വീട്ടിലെ എല്ലാവര്ക്കും സമ്മതം, ജോലിക്ക് പോയിരുന്നത് കൊണ്ട് അവനെ കാണാൻ സാധിച്ചില്ല എന്ന് പറഞ്ഞു പക്ഷെ എനിക്ക് സന്തോഷം കൊണ്ട് നിൽക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥ ആയിരുന്നു. ആഗ്രഹിച്ച ഒരാളെ ജീവിത കാലം മുഴുവനും സ്വന്തമായി കിട്ടുമ്പോഴുള്ള സന്തോഷം ആഹ് നിമിഷം ഞാൻ അറിഞ്ഞു. ഡേയ്‌സിയുടെ കളിയാക്കലുകളും കഥ പറച്ചിലുകളും ഒക്കെയായി അന്ന് രാത്രി കഴിഞ്ഞു. പക്ഷെ ഒട്ടും പ്രതീക്ഷിക്കാതെ ആണ് എനിക്കാ കാൾ വന്നത് ത്രിലോകിന്റെ, അവൻ ഒരിക്കലും എന്നെ വിളിച്ചിട്ടില്ല ഞാൻ അങ്ങോട്ടേക്കെ വിളിക്കാറും മെസ്സേജ് അയാക്കാറുമുള്ളു പക്ഷെ ഇതെനിക്ക് സർപ്രൈസ് ആയിരുന്നു.
“ഹലോ പൂജ എനിക്ക് നാളെ തന്നെ ഒന്ന് കാണാൻ പറ്റുവോ,………….എപ്പോഴാ ഒന്നു ഫ്രീ ആവാൻ പറ്റുക.”
പെട്ടെന്ന് അവനിൽ നിന്ന് അങ്ങനൊരു ചോദ്യം പ്രതീക്ഷിക്കാതിരുന്നത് കൊണ്ട്, എന്ത് പറയണം എന്ന് ഒരു പിടിയും ഉണ്ടായില്ല ഒരു വിധത്തിൽ നാളെ വൈകിട്ട് സുഭാഷ് പാർക്കിൽ വെച്ച് കാണാം എന്ന് പറഞ്ഞതും ഓക്കെ പറഞ്ഞു അവൻ കട്ട് ചെയ്തു.
ഉള്ളിൽ ചെറിയ പേടി തോന്നി തുടങ്ങിയിരുന്നു. അവന്റെ ശബ്ദം വല്ലാതെ ഗൗരവത്തിലായിരുന്നു അങ്ങനെ അവൻ എന്നോട് സംസാരിച്ചു ഇതുവരെ ഞാൻ കേട്ടിട്ടില്ല, കണ്ട സ്വപ്‌നങ്ങൾ എല്ലാം ചീട്ടുകൊട്ടാരം പോലെ എന്റെ മുമ്പിൽ തകർന്നു വീഴുമോ എന്ന് ഞാൻ ഭയന്നു. ഒന്നിലേക്കും ഇപ്പോൾ ചിന്തിച്ചു എടുത്ത് ചാടേണ്ട എന്ന് സ്വയം തീരുമാനിച്ചു കിടന്നു, ഉറക്കം പക്ഷെ എന്നെ തൊട്ടില്ല.
രാവിലെ പതിവ് പോലെ ഡേയ്‌സിയുടെ വിളി കേട്ടാണ് ഉണർന്നത്.
ഡെയ്സി തൊട്ടപ്പുറത്താണ് താമസം അവളുടെ പപ്പയും അമ്മയും ഗൾഫിലാണ് ഇവിടെ അമ്മൂമ്മയോടൊപ്പമാണ് അവൾ നിൽക്കുന്നത്. പിന്നെ എന്താവശ്യത്തിനും ഇപ്പുറം ഞങ്ങൾ ഉണ്ടല്ലോ, രാവിലെ എണീറ്റാൽ കക്ഷി ഇങ്ങോട്ടു പോരും. പിന്നെ അമ്മയുടെ കൂടെ ആയിരിക്കും അവളുടെ വീട്ടിൽ അവൾക്കും അമ്മമ്മയ്ക്കും കഴിക്കാനുള്ളത് ഇവിടെ അമ്മയോടൊപ്പം കൂടിയാണ് ഉണ്ടാക്കുന്നത്. അവളാണ് എന്റെ അലാറം.
ഉണർന്നതും ഇന്നത്തെ കാര്യം ആലോചിച്ചു ടെൻഷൻ തുടങ്ങി. എന്റെ മുഖം മാറുന്നത് കണ്ടതും ഡെയ്സി കാര്യം ചോദിച്ചു. ഒന്നും മറച്ചു വെക്കാനില്ലാത്തത് കൊണ്ട് ഞാൻ കാര്യം പറഞ്ഞു.
“അവൻ നിന്നോട് ഭാവി കാര്യങ്ങളൊക്കെ പറയാനും ഒന്ന് സൊള്ളാനും വരാൻ പറഞ്ഞതായിരിക്കും പെണ്ണെ നീ അതിനെന്തിനാ ഇങ്ങനെ പേടിക്കണേ.”
അവൾ അങ്ങനെ പറഞ്ഞെങ്കിലും അതായിരികില്ല കാര്യം എന്ന് മനം ഉള്ളിൽ പറഞ്ഞു കൊണ്ടിരുന്നു. പക്ഷെ അവൾ പറഞ്ഞത് പോലെ ആവണേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് ഞാൻ വൈകുന്നേരത്തിനായി കാത്തിരുന്നു.
അവൻ പറഞ്ഞിരുന്നത് കൊണ്ട് വീട്ടിൽ പറഞ്ഞിട്ടാണ് അവനെ കാണാനായി സുഭാഷ് പാർക്കിൽ എത്തിയത് പാർക്കിന്റെ പല ഭാഗവും കമിതാക്കളും പാർക്കിലെത്തിയ ചെറിയ കുടുംബങ്ങളും കയ്യടക്കിയിരുന്നു. ഞാൻ മാത്രം ഒരു മൂലയിൽ ടെൻഷൻ കൊണ്ട് ഷാൾ കൈയിൽ ചുറ്റിയും അഴിച്ചും പിരിമുറുക്കം കുറക്കാൻ ശ്രെമിച്ചു.
അധികം വൈകിയില്ല ദൂരെ നിന്നെ അവൻ എന്റെ അടുത്തേക്ക് വരുന്നത് ഞാൻ കണ്ടു ഹൃദയം നിലവിട്ടു മിടിക്കുന്നത് എനിക്കെന്റെ ചെവിയിൽ കേൾക്കാം.
“വന്നിട്ട് ഒത്തിരി നേരമായോ.”
ഒരു ചെറിയ ചിരിയോടെ അവനത് ചോദിച്ചപ്പോൾ ഇല്ലെന്നു കണ്ണ് ചിമ്മി തലയാട്ടി.
“പൂജ താൻ ഈ കല്യാണത്തിൽ നിന്ന് പിന്മാറണം അത് പറയാനാണ് ഞാൻ കാണണം എന്ന് പറഞ്ഞത്.”
എത്ര പെട്ടെന്നാണ് ഇവൻ മറ്റൊരു ഭാവത്തിലേക്ക് ചുവടു മാറിയത്. തൊട്ടു മുന്നേ എന്നോട് ചിരിച്ചു സംസാരിച്ച ത്രിലോക് ഇപ്പോൾ മുമ്പിൽ നിൽക്കുന്ന ത്രിലോകുമായി ഏറെ വ്യത്യാസമുണ്ടെന്നു തോന്നി. ഞെട്ടൽ അല്ല പെട്ടെന്ന് ഒരു മുഖവുര പോലും കൂടാതെ അവൻ പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ ഒരു തരം മരവിപ്പായിരുന്നു എനിക്ക്.”താൻ ഈ തീരുമാനത്തിൽ നിന്ന് പിന്മാറണം എന്റെ കൂടെ ഒരു ജീവിതം അതിനു മാത്രം പാപം താൻ ചെയ്തിട്ടില്ലെടോ, എനിക്ക് തന്നെ ഒരു ജീവിതമുണ്ടോ എന്നെനിക്കറിയില്ല, ആഹ് ഞാൻ എങ്ങനാ തന്നെ കൂടെ കൂടെകൂട്ടുന്നെ.”
എന്റെ കണ്ണിലെ നിസ്സംഗ ഭാവം തിരിച്ചറിഞ്ഞതിനാലാവണം അവൻ എന്നെ നോക്കി.”
“താൻ വീട്ടിൽ പറഞ്ഞാൽ മതി തനിക്ക് ഇപ്പോൾ ഈ കല്യാണം വേണ്ടെന്ന്, എനിക്ക് പറയാൻ കഴിയില്ല കാരണം ഇനിയും അവരെ വേദനിപ്പിക്കാൻ എനിക്ക് കഴിയില്ല.”
“നിൽക്ക്…..”
തിരിഞ്ഞു നടക്കാനൊരുങ്ങിയ അവൻ എന്റെ വിളി കേട്ടാണ് തിരിഞ്ഞു എന്നെ നോക്കിയത്. അത്രയും സ്വരം എനിക്കുണ്ടായിരുന്നോ എന്ന് പോലും ഞാൻ അത്ഭുതപ്പെട്ടു. പക്ഷെ അവന്റെ മുഖം മാത്രം ഒരു കൂസലുമില്ലാതെ നിന്നു.
“എന്നെ എന്താ നിനക്കിഷ്ടപ്പെടാതിരിക്കാൻ കാരണം. ഞാൻ അങ്ങനെ അന്ന് അതുപോലെ ഒരു സാഹചര്യത്തിൽ പെട്ടതാണോ അതിനു കാരണം.”

Leave a Reply

Your email address will not be published. Required fields are marked *