അവൾക്കായ്

“ഒരിക്കലുമല്ല……..”
അവൻ ഒറ്റ വാക്കിൽ മറുപടി ഒതുക്കിയപ്പോൾ സത്യത്തിൽ എനിക്ക് ദേഷ്യം കൂടുകയാണ് ചെയ്തത്.
“പിന്നെ എന്താ കുഴപ്പം നിനക്കു എന്നെ ഇഷ്ടമാണെന്ന് പല രീതിയിലും ഞാന്‍ മനസിലാക്കിയിടൂള്ളതാ, അല്ലെങ്കില്‍ അന്നത്തെ സംഭവം കഴിഞ്ഞ് നീ എന്തിനാ അജിത്തിനെ തല്ലിയത്.”
എന്റെ ചോദ്യത്തില്‍ അവന്‍ ഒന്നു പകച്ചത് ഞാന്‍ കണ്ടു, കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടതിനാല്‍ ഞാന്‍ തുടര്‍ന്നു.
“ഒരു പെണ്ണിന് ഏറ്റവും കൂടുതൽ വേണ്ടത് സുരക്ഷിതത്വം നൽകുന്ന ഒരാണിനെയാ അന്ന് അതെനിക്ക് മനസ്സിലാക്കി തന്നത് നീയാ, ആഹ് കൂട്ട് എനിക്ക് ജീവിതകാലം മുഴുവൻ വേണമെന്ന് എനിക്ക് തോന്നിയതാണോ ഇത്രയും വലിയ തെറ്റ്. എങ്കിൽ ഒരു കാര്യം നീ മനസ്സിലാക്കണം സ്നേഹിക്കുന്നത് തെറ്റല്ല.”
ഞാൻ നിന്ന് ചീറി എനിക്ക് എന്നെ തന്നെ കൈ വിട്ടു പോവുന്നതായി തോന്നി.
“സ്നേഹിക്കുന്നത് തെറ്റല്ല പക്ഷെ സ്നേഹം കാട്ടി ജീവൻ പറിച്ചെടുക്കുന്നത് സ്നേഹവുമല്ല.”
ഒരു സെക്കന്റ് കൊണ്ട് അവന്റെ കണ്ണുകൾ ചുവന്നതും ശബ്ദം ഉയർന്നതും ഞാൻ കണ്ടു. ആഹ് ഒരു നിമിഷം ഭയന്ന് ഞാൻ ഒന്ന് ഞെട്ടി, അത് കണ്ടിട്ടാവണം അവൻ തല കുമ്പിട്ടു ഒരു മരത്തിനു കീഴെ ഇരുന്നു.
പെട്ടെന്ന് ഉയർന്ന അവന്റെ ശബ്ദം കേട്ട് ചുറ്റുമുള്ള കുറച്ചു പേർ ഞങ്ങളെ ശ്രെദ്ധിച്ചു. അധികം പ്രേശ്നമാവേണ്ട എന്ന് കരുതി ഞാൻ ചെന്ന് അവനടുത്തിരുന്നു.
“എന്നെക്കുറിച്ചു തനിക്ക് എന്തെങ്കിലും അറിയാമോ.”
“എനിക്കറിയേണ്ടതെല്ലാം ഞാൻ അറിഞ്ഞിട്ടുണ്ട് എനിക്കതുമതി.”
അവന്റെ സ്വരത്തിൽ വീണ്ടും ശാന്തത കടന്നു വന്നിരുന്നു.
“അറിയേണ്ടതൊന്നും തനിക്കറിയില്ല ഇനി അതറിഞ്ഞു കഴിയുമ്പോൾ തന്റെ അവസ്ഥ ഇതായിരിക്കുകയുമില്ല.””അത് അറിഞ്ഞു കഴിയുമ്പോൾ ഞാൻ തീരുമാനിച്ചോളാം എന്റെ അവസ്ഥയെക്കുറിച്ച്.”
എന്റെ മുഖത്ത് ഞാൻ പോലും അറിയാതെ കുറുമ്പ് കേറിയിരുന്നിരിക്കണം. അത് കണ്ടിട്ടെന്നപോലെ അവൻ ചിരിച്ചു.
“താൻ വാ നമുക്കൊന്നു നടക്കാം.”
അപ്പോൾ ആഹ് മുഖത്ത് ഒരു ചെറു പുഞ്ചിരി നിഴലിട്ടിരുന്നു, ടൈൽ പാകിയ പാതയിലൂടെ കാറ്റേറ്റ് നടക്കുമ്പോൾ അവന്റെ കൈ ഒന്ന് കവരാൻ ഞാൻ ഏറെ കൊതിച്ചെങ്കിലും കഷ്ടപ്പെട്ട് ഞാൻ അതടക്കി.

“എനിക്ക് പെങ്ങളായി ഒരാൾ മാത്രമായിരുന്നില്ല പ്രാർത്ഥനയെ കൂടാതെ എനിക്ക് മറ്റൊരു പെങ്ങൾ കൂടി ഉണ്ടായിരുന്നു, എന്റെ തീർത്ഥ,………..”
ഞങ്ങൾ ട്വിൻസ് ആയിരുന്നു, ട്വിൻസ് ആകുമ്പോൾ തനിക്കറിയാല്ലോ obviously ഞങ്ങൾ വളരെ അധികം ബോണ്ടഡ് ആയിരുന്നു എനിക്കവളും അവൾക്ക് ഞാനും ആയിരുന്നു കൂട്ട്, എന്റെ എല്ലാ പ്രധാന തീരുമാനങ്ങൾക്കും പിന്നിൽ അവളുടെ ഇന്ഫ്ലുവൻസ് വളരെ വലുതായിരുന്നു, എന്റെ എന്തും സെലക്ട് ചെയ്തിരുന്നത് അവളായിരുന്നു. അവളെ കൂടാതെ എനിക്കൊന്നും കഴിയില്ലായിരുന്നു. ബാംഗ്ലൂരിൽ അഡ്മിഷൻ കിട്ടി ഇവിടുന്നു പോകേണ്ടി വന്നപ്പോൾ എന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് അവളെ പിരിയേണ്ടി വരുമല്ലോ എന്നോർത്തിട്ടായിരുന്നു. ഒടുക്കം മനസ്സ് മുഴുവൻ അവൾ പകർന്നു തന്ന കരുത്തിലാണ് ഞാൻ ബാംഗ്ലൂരിലേക്ക് പോയത്. പക്ഷെ ആഹ് ചെകുത്താൻ എല്ലാം തകിടം മറിക്കുന്നത് വരെ.
ഏറ്റവും സന്തോഷത്തിലായിരുന്ന ഞങ്ങളുടെ ഇടയിലേക്ക് അവൻ കയറി വന്നു, അവൻ വന്നു പറഞ്ഞപ്പോൾ തീർഥയ്ക്ക് അവനോടു തോന്നിയ ഇഷ്ടം ഒരു പരിധി വരെ ഞാനും സപ്പോർട്ട് ചെയ്തിരുന്നു, അവളോട് ഒരിക്കലും നോ പറയാൻ എനിക്ക് കഴിയുമായിരുന്നില്ല പക്ഷെ അതിനു ഞങ്ങൾ കൊടുക്കേണ്ടി വന്ന വില അവളുടെ ജീവന്റേതായിരുന്നു.
ആഹ് പിശാശ് അവളുടെ ജീവൻ കൊണ്ടാണ് വില പറഞ്ഞത്.അവൾ അവനെ സ്നേഹിച്ചതിന് അവൻ അവൾക്ക് കൊടുത്ത സമ്മാനം അവളുടെ മാനം കാറ്റിൽ പറത്തി ആയിരുന്നു.
ഒരാളെ എത്രത്തോളം മനസ്സിലാക്കിയാലും ഉള്ളിൽ ഇഴയുന്ന ചെകുത്താനെ മനസ്സിലാക്കാൻ കഴിയാതെ വരും അവൾക്കും സംഭവിച്ചതതായിരുന്നു, അവൾ പോകുന്നതിനു മുൻപ് എന്നെ വിളിച്ചു കരഞ്ഞു അന്നവളെ കുറ്റപ്പെടുത്തിയതിനു പകരം ഒന്ന് ചേർത്ത് പിടിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ കരയാത്ത ദിവസങ്ങളുണ്ടായിട്ടില്ല, ആഹ് പൊട്ട ബുദ്ധിയിൽ അവൾക് തോന്നിയ കൈയബദ്ധം എന്റെ ആത്മാവിന്റെ പകുതി അവൾ അവളുടെ കൂടെ കൊണ്ട് പോയി.”
കണ്ണിൽ ഒരു നേർത്ത പാളി പോലെ മൂടൽ വന്നു നിറഞ്ഞു അത് താഴേക്കിറങ്ങി കവിൾ പൊള്ളിച്ചപ്പോഴാണ് ഞാൻ കരയുന്നതാണെന്നു എനിക്ക് മനസ്സിലായത്. കൈകൊണ്ട് കണ്ണീർ തുടച്ചിട്ടും വീണ്ടും ഒഴുകിയിറങ്ങി.

“പൂജയ്ക്ക് ഒരാൾ മറ്റൊരാളായി മാറുന്നത് എപ്പോഴെങ്കിലും അനുഭവിച്ചിട്ടുണ്ടോ…………….ഞാൻ അനുഭവിച്ചിട്ടുണ്ട് ഒരിക്കൽ.
ആഹ് സമയം നമ്മൾ ഇതുവരെ നമ്മളെ പൂർണമായും മനസ്സിലാക്കി എന്ന വിശ്വാസം ആഹ് ഒരൊറ്റ നിമിഷത്തിൽ തകർന്നടിയും ആഹ് സമയം നമ്മളെ നിയന്ത്രിക്കുന്നത് ഇതുവരെ നമ്മുക്ക് പരിചയമില്ലാത്ത മറ്റൊരാളായിരിക്കും, ഞാൻ അതനുഭവിച്ചത് അന്നാണ് അവൾ മരിച്ച രാത്രിയിൽ.
അന്നെന്നെ നിയന്ത്രിച്ചതെന്താണെന്നു ഇപ്പോഴും എനിക്കജ്ഞാതമാണ് പക്ഷെ ഒന്നറിയാം അപ്പോൾ അവൾ എന്റെ കൂടെ ഉണ്ടായിരുന്നു.
ചില വിധികൾ, പൂജ അത് ദൈവം നേരിട്ടു വിധിക്കും അവൻ തന്നെ നേരിട്ട് നടത്തും മറ്റൊരാളിലൂടെ അങ്ങനെ ഉള്ള ഒരു വിധിക്ക് ഞാനും പാത്രമായിട്ടുണ്ട്.
അത് നടപ്പിലാക്കാൻ ഏറ്റവും അനുയോജ്യൻ ഞാൻ ആയിരുന്നത് കൊണ്ടുമാവാം.
അല്ലെങ്കിൽ അന്ന് പോലീസുകാരിൽ നിന്നും രക്ഷപെട്ടു ഓടിയ അവൻ എന്റെ മുമ്പിൽ വരില്ലായിരുന്നല്ലോ.”
പറഞ്ഞു നിർത്തി അവൻ എന്നെ നോക്കിയപ്പോൾ പറയാൻ എനിക്ക് വാക്കുകൾ ഉണ്ടായിരുന്നില്ല ഉള്ളിൽ തിങ്ങി നിന്ന വിങ്ങൽ മാത്രം ബാക്കി.
“അപ്പോൾ ആരും ഒന്നും അറിഞ്ഞില്ലേ, പോലീസ്…..”
“വിധിച്ച വിധിക്ക് കാവൽ നിന്നത് ദൈവവും അവളുമായിരുന്നിരിക്കണം തെളിവുകൾ ഇല്ലാതെ വെറുമൊരു ആക്‌സിഡന്റായി അത് മാറി, അതിനു ശേഷവും എനിക്കിപ്പോഴും എന്നെ പൂർണമായി ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല, ഒരു നിലനിൽപ്പിനായി പരതുന്ന ഞാൻ എങ്ങനെയാടോ തന്നെ കൂടെ എന്റെ ഒപ്പം കൂട്ടുന്നെ……………….അന്ന് തന്നെ അങ്ങനെ ഒരവസ്ഥയിൽ കണ്ടപ്പോൾ എനിക്ക് അവളെ തന്നെയാണ് അവിടെ കണ്ടത് നിസ്സഹായയായി എന്റെ തീർത്ഥ, അവൾക് സംഭവിച്ചപോലെ ഇനി ഒരാൾക്ക് കൂടി എന്റെ മുമ്പിൽ സംഭവിച്ചു കൂടാ എന്ന് തോന്നി. ഒരു വഴിക്കല്ലെങ്കിൽ മറ്റൊരു വഴി നിങ്ങൾ രണ്ട് പേരും ഭയന്നത് ഒരു കാര്യമായിരുന്നു.”അവൻ പറഞ്ഞു തീർന്നതും ഞാൻ അവന്റെ നെഞ്ചിലേക്ക് വീണു.
“ഇത്രയും അറിഞ്ഞിട്ടു ഞാൻ എങ്ങനാ നിന്നെ വിട്ടുകളയാ. എത്ര കാലം വേണോങ്കിലും ഞാൻ കാത്തിരുന്നോളാം എന്നെ കൂടെ കൂട്ടിയാ മാത്രം മതി പ്ലീസ്.”
ആഹ് കൈകൾ എന്നെ ചുറ്റുന്നത് ഞാൻ അറിഞ്ഞു, കണ്ണിൽ നിന്നും ഒഴുകിയിറങ്ങിയ കണ്ണീർ അവന്റെ നെഞ്ച് നനച്ചതിനോടൊപ്പം. ഞാനും അവനെ ചുറ്റിപ്പിടിച്ചു നിന്നു.
ഞങ്ങളെ കണ്ടു കൊണ്ട് അകലെ ആകാശത്ത് ഒരു നക്ഷത്രം കൂടുതൽ തിളങ്ങി കണ്ണ് ചിമ്മി.
********************************************************
ഒരു മാസത്തിനിപ്പുറം പൂജ, പൂജ ത്രിലോക് ആണ്‌.
പക്ഷെ ഇപ്പോഴും അവളുമായി പൂർണ്ണമായൊരു ജീവിതത്തിനു എനിക്ക് കഴിയുമോ എന്ന് എനിക്കിപ്പോഴും അറിയില്ല. പക്ഷെ പൂജ അവൾ വളരെ ഹാപ്പി ആണ്, എന്നോട് ഒന്നിനും പരാതി ഇല്ല, എനിക്ക് പുതിയ ഈ ജീവിതത്തിലേക്ക് അഡ്ജസ്റ്റ് ആവാൻ വേണ്ട സമയം അവൾ എനിക്ക് തന്നിരുന്നു ഒന്നിനും അവൾ എന്നെ നിർബന്ധിക്കാറില്ല ഞാൻ ഒപ്പമുണ്ടെന്ന തോന്നൽ മാത്രം മതി അവൾക് ജീവിക്കാൻ എന്ന് എനിക്ക് മനസ്സിലായി.
വീട്ടിൽ എല്ലാവർക്കും അവളെ ഇഷ്ടമായിരുന്നു തീർത്ഥയുടെ കുറവ് ഏറ്റവും ഭംഗി ആയി തന്നെ പരിഹരിച്ചു, അച്ഛനും അമ്മയ്ക്കും അവൾ മകളായി മാറിയത് എന്നെയും അത്ഭുതപ്പെടുത്തി.
മുറിയിൽ ഞാൻ സോഫയിലും അവൾ കട്ടിലിലുമാണ് കിടന്നിരുന്നത്, അവൾ ഏറെ നിർബന്ധിച്ചെങ്കിലും എനിക്കതിനു കഴിയില്ലായിരുന്നു. ഉറങ്ങുന്നത് വരെ എന്നെ നോക്കി പുഞ്ചിരിച്ചു എനിക്ക് കാവലിരിക്കുന്ന പൂജയെ കണ്ടാണ് ഞാൻ ഉറങ്ങാറുള്ളത്.
ഇടയ്ക്ക് അവളുടെ വീട്ടിലും ഞങ്ങൾ പോയി നിക്കും അവളുടെ അച്ഛനും അമ്മയും എനിക്കും സ്വന്തമായി. അവളുടെ ഡെയ്സി എനിക്ക് പ്രാർത്ഥനയെ പോലെ പെങ്ങളായി മാറി, ഇടക്കുള്ള ഔട്ടിങ്ങും കുടുംബത്തിലെ സന്തോഷ അന്തരീക്ഷവും ഞങ്ങൾക്കിടയിലെ മഞ്ഞുരുക്കി തുടങ്ങിയെങ്കിലും എന്തോ ഒന്ന് ഞങ്ങളെ തമ്മിൽ വേർ തിരിച്ചിരുന്നു.
******************************************************

Leave a Reply

Your email address will not be published. Required fields are marked *