അർത്ഥം അഭിരാമം – 6അടിപൊളി  

” ശീലമില്ല… ….”

വിനയചന്ദ്രൻ ഒരടി മുന്നോട്ടു വെച്ചു..

മറുവശത്ത് ഡോർ തുറന്ന് സനോജ് പുറത്തിറങ്ങി…

” എനിക്കു മദ്യമാ ശീലം………. ”

വിനയചന്ദ്രൻ പൂരിപ്പിക്കാതെ വിട്ടത് രാജീവന് കൊണ്ടു..

”  അവളോട് പറഞ്ഞേക്ക് , എനിക്കവളുടെ ഒരണ പോലും ആവശ്യമില്ലാ എന്ന്… പറഞ്ഞ അവധിക്ക് സെറ്റിൽ ചെയ്യാൻ രാജീവ് തയ്യാറാണെന്നും പറഞ്ഞേക്ക്……..”

മുന്നോട്ടു നീങ്ങിയ വിനയചന്ദ്രൻ രാജീവിന്റെ വാക്കുകൾ കേട്ട് തിരിഞ്ഞു..

“കയ്യിലെ മുറിവുണങ്ങിയോ രാജീവാ… ?”

അടി കിട്ടിയതു പോലെ രാജീവ് പുളഞ്ഞു…

വിനയചന്ദ്രനെ ഒന്ന് ഇരുത്തി നോക്കിയ ശേഷം, മുഖത്തെ കണ്ണട, വിരൽത്തുമ്പാൽ ഒന്നുകൂടി ഉറപ്പിച്ച് രാജീവ് പിന്തിരിഞ്ഞു…

വിനയചന്ദ്രൻ തുറന്നിട്ട ,കാറിന്റെ ഡോർ അടച്ച ശേഷം സനോജ് അയാളെ അനുഗമിച്ചു……

” അയാളത്ര ഇഷ്ടപ്പെടാതെയാ പോയത് … ”

സനോജ് പറഞ്ഞു.

” നിനക്ക് പേടിയുണ്ടോ… ?”

“എന്തിന്……….?”

വിനയചന്ദ്രനോടൊപ്പം സനോജും ബാറിനകത്തേക്ക് കയറി……

വിനയചന്ദ്രൻ വീണ്ടും രണ്ടെണ്ണം കൂടി കഴിച്ചു.

സനോജ് അയാളുടെ അംഗരക്ഷകനേപ്പോലെ മാറി നിന്നതേയുള്ളൂ…

തിരിച്ചു വന്ന് ഇരുവരും കാറിലേക്ക് കയറി..

സനോജ് കാർ സ്റ്റാർട്ട് ചെയ്യാതെ , അനങ്ങാതിരുന്നു …

“നിനക്കു വല്ലതും മനസ്സിലായോടാ… ?”

” മാഷ് പറഞ്ഞാൽ……. ”

സനോജ് അർദ്ധോക്തിയിൽ നിർത്തി.

” അവളും അവനും ഒന്നാ… …. അവൾ നമ്മളെ കണ്ടിട്ടുണ്ട്…… ”

” അതുറപ്പല്ലേ…….”

തുടർന്ന് സനോജ് പയ്യൻ വിളിച്ച കാര്യവും പറഞ്ഞു.

“ആ സ്ത്രീയെ നീ മുൻപ് കണ്ടിട്ടുണ്ടോ…? ”

” ഇല്ല മാഷേ… ആ ഭാഗത്തേക്കും ഞാനങ്ങനെ പോയിട്ടില്ല… ”

” ഉം………. ”

വിനയചന്ദ്രൻ ആലോചനയോടെ മൂളി…

എത്ര തന്നെ ആലോചിച്ചിട്ടും ആ സ്ത്രീ ആരാണെന്നും രാജീവും അവളും തമ്മിലുള്ള ബന്ധവും വിനയചന്ദ്രന് മനസ്സിലായില്ല …

” എങ്ങോട്ടാ മാഷേ പോകേണ്ടത്…… ?”

വിനയചന്ദ്രൻ ഒന്നും സംസാരിക്കാതെ വന്നപ്പോൾ ഒടുവിൽ സനോജ് ചോദിച്ചു…

” നിന്റെ വീട്ടിലേക്കൊന്ന് പോയാലോ…? ”

” എന്റെ വീട്ടിലേക്കോ…?”

സനോജ് അമ്പരന്ന് അയാളെ നോക്കി…

“അതേടാ… …. ”

വിനയചന്ദ്രൻ ചിരിച്ചു……

കാർ ബാറിന്റെ ഗേയ്റ്റ് കടന്ന് പുറത്തിറങ്ങി.

“മാഷെന്താ യാത്ര വേണ്ടാന്ന് വെച്ചത്..?”

“വേണ്ടാന്ന് വെച്ചിട്ടില്ല…… ഇന്ന് പോകുന്നില്ല…… ”

കാരണമെന്താ എന്നയർത്ഥത്തിൽ സനോജ് അയാളെ നോക്കി , അതു മനസ്സിലാക്കി വിനയചന്ദ്രൻ തുടർന്നു …

” ആ സ്ത്രീ ഏതെങ്കിലും കാരണവശാൽ നമ്മളെ കണ്ടിട്ടുണ്ടെങ്കിൽ , രാജീവ് എന്നെ തിരഞ്ഞു വരുമെന്ന് എനിക്കൊരു സംശയം ഉണ്ടായിരുന്നു.. അതുപോലെ തന്നെ സംഭവിച്ചു…”

“അതും യാത്രയുമായി എന്താ ബന്ധം… ? ”

” നമ്മൾ പോകുന്ന സ്ഥലം ഒരിക്കലും രാജീവ് അറിയാൻ പാടില്ല…… അതാണ് കാരണം… ”

ഒന്നും മനസ്സിലായില്ലായെങ്കിലും സനോജ് തല കുലുക്കി…

” മാഷിതൊക്കെ എങ്ങനെ മുൻകൂട്ടി കാണുന്നു എന്നാ എന്റെ സംശയം… ”

സനോജ് അയാളെ നോക്കി ചിരിച്ചു……

“സനോജേ……, നാല്പതിനും അമ്പതിനുമിടയിൽ കുട്ടികളുണ്ടാവും ഓരോ ക്ലാസ്സിലും.. അതിൽ നാല്പതും നാല്പതു തരക്കാരുമായിരിക്കും… അവരെയെല്ലാവരെയും പഠിച്ചവനായിരിക്കും ഒരു നല്ല അദ്ധ്യാപകൻ…… മാത്രമല്ല, ഞാൻ ഷെർലക് ഹോംസിന്റെ ഒരു ആരാധകൻ കൂടിയാണ്…… ”

വിനയചന്ദ്രനും ചിരിച്ചു.

” ഹോംസിനെ എനിക്കും ഇഷ്ടമാ…… ”

അവൻ പറഞ്ഞു…

സനോജ് ശ്രദ്ധാപൂർവ്വമാണ് കാർ ഓടിച്ചത്…… തങ്ങളെ ഏതെങ്കിലും വാഹനം അനുഗമിക്കുന്നുണ്ടോയെന്ന് അവൻ പരതിക്കൊണ്ടിരുന്നു..

വഴിയരികിൽ കാർ നിർത്തി, വിനയചന്ദ്രൻ കുറച്ചു ബേക്കറികളും സ്വീറ്റ്സും വാങ്ങി…

“ഇതൊന്നും വേണ്ടായിരുന്നു മാഷേ… ”

വിനയചന്ദ്രൻ അതിനു മറുപടി പറഞ്ഞില്ല…

കോളനിയിലേക്ക് കയറുന്ന ഭാഗത്തു തന്നെയായിരുന്നു സനോജിന്റെ വീട്..

കാർ നിർത്തി ഇറങ്ങിയപ്പോൾ, ടാപ്പിൽ നിന്നും പ്ലാസ്റ്റിക് കുടങ്ങളിൽ വെള്ളമെടുത്ത് , എളിയിലേറ്റി പോകുന്ന സ്ത്രീകളെ വിനയചന്ദ്രൻ കണ്ടു..

“ഈ കാർ എന്തെങ്കിലും പറഞ്ഞ് നീ മാറ്റിയേക്ക്… നാളെ വേറൊരു വണ്ടി മതി… ”

വീട്ടിലേക്ക് നടക്കുന്നതിനിടയിൽ വിനയചന്ദ്രൻ പറഞ്ഞു.

” ആയിക്കോട്ടെ മാഷേ… ”

പണിയൊന്നും പൂർണ്ണമായി തീരാത്തതായിരുന്നു സനോജിന്റെ വീട്…

വിനയചന്ദ്രൻ തിണ്ണയിലേക്ക് കയറിയതും , സനോജ് അകത്തു നിന്ന് ഒരു പ്ലാസ്റ്റിക് കസേരയുമായി വന്നു……

“ഇരിക്ക് മാഷേ… ”

” എവിടെടാ . മോള്… ? ”

കസേരയിലേക്ക് ഇരിക്കുന്നതിനിടയിൽ വിനയചന്ദ്രൻ ചോദിച്ചു……

” ഞാൻ വിളിക്കാം..”

സനോജ് അകത്തു പോയി , തന്റെ മകളെ വിളിച്ചു കൊണ്ടുവന്നു………

“ഇതാ മാഷിന്റെ മോള്…….”

സനോജ് അങ്ങനെയാണ് പറഞ്ഞത്..

അതിൽ നിന്നു തന്നെ അവന്റെ വിധേയത്വം വിനയചന്ദ്രൻ മനസ്സിലാക്കി..

“വാ… ”

വിനയചന്ദ്രൻ കുട്ടിയെ വിളിച്ചു……

കുട്ടി സനോജിനെ ഒന്ന് നോക്കി …

” ചെല്ല്..”

സനോജിന്റെ സമ്മതം കിട്ടിയതും കുട്ടി വിനയചന്ദ്രന്റെയടുത്തേക്ക് ചെന്നു……

വിനയചന്ദ്രൻ കയ്യെടുത്ത് അവളുടെ നെറുകയിൽ ഒന്ന് തലോടി……

അയാളുടെ ഹൃദയം പിഞ്ഞിത്തുടങ്ങിയിരുന്നു…

” എന്താ മോളുടെ പേര്… ?”

” സൗപർണ്ണിക……. ”

ഒരല്പം നാണത്തോടെ അവൾ പറഞ്ഞു……

നദീരവം പോലെയാണ് അവളുടെ ശബ്ദവുമെന്നത് വിനയചന്ദ്രനോർത്തു…

ചോക്കലേറ്റും മിഠായികളും കൊടുത്തതോടെ അവൾ അയാളുമായി പെട്ടെന്ന് ചങ്ങാത്തത്തിലായി……

വിനയചന്ദ്രന്റെ പേരും വീടും ജോലിയും വരെ അഞ്ചു മിനിറ്റിനുള്ളിൽ, അയാളുടെ മടിയിലിരുന്ന് അവൾ ചോദിച്ചു മനസ്സിലാക്കി….

സനോജിന്റെ ഭാര്യ ചായയും പലഹാരങ്ങളുമായി വന്നു .. അവർ ധൃതിയിൽ ഒരു മേക്കപ്പ് നടത്തിയതായി വിനയചന്ദ്രൻ കണ്ടു…

“മോൾക്കിന്ന് ക്ലാസ്സില്ലേ..?”

വിനയചന്ദ്രന്റെ ചോദ്യത്തിന് സനോജാണ് മറുപടി പറഞ്ഞത്……

” സ്കൂളിൽ നിന്ന് വൺഡേ ടൂർ…… വീഗാലാന്റിലേക്ക്… തുമ്മലും പനിയും പിടിക്കണ്ടാ എന്ന് കരുതി ഞാനാ പോകണ്ടാന്ന് പറഞ്ഞത് … ”

” ന്നോട് ആത്യം പൊക്കോളാൻ പറഞ്ഞാരുന്നു അച്ഛ…… ”

വിനയചന്ദ്രന് വല്ലായ്മ തോന്നി…

സാമ്പത്തികമാകും പ്രശ്നമെന്നതിൽ തർക്കമില്ലായിരുന്നു…

തന്റെ കാര്യങ്ങൾക്കായി ജോലിക്കു പോകാതിരിക്കുകയാണ് അവൻ……

താൻ പറഞ്ഞതല്ലാതെ പണം കൊടുത്തിട്ടില്ല……തന്നോട് ചോദിക്കുവാനും അവന് നിർവ്വാഹമില്ലല്ലോ……

” മാഷ് അച്ഛനോട് പറഞ്ഞോളാം ട്ടോ… ”

വിനയചന്ദ്രൻ അവളെ സമാധാനിപ്പിച്ചു……

“സത്യം… ?”

അവൾ അയാളുടെ കയ്യിലടിച്ചു…

“സത്യം… ”

വിനയചന്ദ്രൻ അവളെ കെട്ടിപ്പിടിച്ചു ചിരിച്ചു..

അവളുടെ ചിരിയും സംസാരവും വിനയചന്ദ്രന്റെ ഓർമ്മകളെ പിന്നോട്ടു വലിച്ചു..

തന്റെ മകൾ……….!

അമ്മയില്ലാതെ, അവളെ വളർത്തിയ ദിനങ്ങളോർത്ത് അയാളുടെ മിഴികൾ നിറഞ്ഞു…

മൃദുല വികാരങ്ങൾക്കടിപ്പെട്ട് അയാളുടെ മനസ്സും ഹൃദയവും കുത്തിയൊലിച്ചുകൊണ്ടിരുന്നു…

സനോജ് കാണാതെ അയാൾ മിഴികൾ തുടച്ചു…

Leave a Reply

Your email address will not be published. Required fields are marked *