സനോജിന്റെ ഭാര്യ ചായയും പലഹാരങ്ങളുമായി വന്നു .. അവർ ധൃതിയിൽ ഒരു മേക്കപ്പ് നടത്തിയതായി വിനയചന്ദ്രൻ കണ്ടു…
“മോൾക്കിന്ന് ക്ലാസ്സില്ലേ..?”
വിനയചന്ദ്രന്റെ ചോദ്യത്തിന് സനോജാണ് മറുപടി പറഞ്ഞത്……
” സ്കൂളിൽ നിന്ന് വൺഡേ ടൂർ…… വീഗാലാന്റിലേക്ക്… തുമ്മലും പനിയും പിടിക്കണ്ടാ എന്ന് കരുതി ഞാനാ പോകണ്ടാന്ന് പറഞ്ഞത് … ”
” ന്നോട് ആത്യം പൊക്കോളാൻ പറഞ്ഞാരുന്നു അച്ഛ…… ”
വിനയചന്ദ്രന് വല്ലായ്മ തോന്നി…
സാമ്പത്തികമാകും പ്രശ്നമെന്നതിൽ തർക്കമില്ലായിരുന്നു…
തന്റെ കാര്യങ്ങൾക്കായി ജോലിക്കു പോകാതിരിക്കുകയാണ് അവൻ……
താൻ പറഞ്ഞതല്ലാതെ പണം കൊടുത്തിട്ടില്ല……തന്നോട് ചോദിക്കുവാനും അവന് നിർവ്വാഹമില്ലല്ലോ……
” മാഷ് അച്ഛനോട് പറഞ്ഞോളാം ട്ടോ… ”
വിനയചന്ദ്രൻ അവളെ സമാധാനിപ്പിച്ചു……
“സത്യം… ?”
അവൾ അയാളുടെ കയ്യിലടിച്ചു…
“സത്യം… ”
വിനയചന്ദ്രൻ അവളെ കെട്ടിപ്പിടിച്ചു ചിരിച്ചു..
അവളുടെ ചിരിയും സംസാരവും വിനയചന്ദ്രന്റെ ഓർമ്മകളെ പിന്നോട്ടു വലിച്ചു..
തന്റെ മകൾ……….!
അമ്മയില്ലാതെ, അവളെ വളർത്തിയ ദിനങ്ങളോർത്ത് അയാളുടെ മിഴികൾ നിറഞ്ഞു…
മൃദുല വികാരങ്ങൾക്കടിപ്പെട്ട് അയാളുടെ മനസ്സും ഹൃദയവും കുത്തിയൊലിച്ചുകൊണ്ടിരുന്നു…
സനോജ് കാണാതെ അയാൾ മിഴികൾ തുടച്ചു…
****** ****** ******* *******
കുളി കഴിഞ്ഞ് ടവ്വൽ തലയിൽ ചുറ്റി, കാഞ്ചന ഹാളിൽ വന്നതും കോളിംഗ് ബൽ മുഴങ്ങി…
പീപ്പിംഗ് ഹോളിൽ നോക്കിയപ്പോൾ പുറത്ത് രാജീവ് നിൽക്കുന്നത് അവൾ കണ്ടു……
ആ സമയത്ത് അവൾ അയാളെ പ്രതീക്ഷിച്ചിരുന്നില്ല…
അവൾ വാതിൽ തുറന്നു…
” സർപ്രൈസാണല്ലോ…”
രാജീവിന്റെ വലിഞ്ഞു മുറുകിയ മുഖം കണ്ടപ്പോൾ കാര്യം ഗൗരവമേറിയതാണെന്ന് അവൾക്ക് മനസ്സിലായി……
രാജീവ് സെറ്റിയിലേക്കിരുന്നു.
” എന്തു പറ്റിയെടാ…”
ചോദിച്ചുകൊണ്ട് അവൾ അയാൾക്കരുകിലേക്കിരുന്നു……
അയാളെ തണുപ്പിക്കാനെന്നവണ്ണം അവൾ കയ്യെടുത്ത് അയാളുടെ കവിളിൽ തലോടി…
” അവന് നല്ല സംശയമുണ്ട്……”
രാജീവ് പല്ലു ഞെരിച്ചു…
” ആർക്ക്… ?”
” വിനയചന്ദ്രന്………. ”
കാഞ്ചന ഒന്നും മനസ്സിലാകാതെ അയാളെ നോക്കി……
“നിനക്കും കൂടി ലാഭമുള്ള കാര്യത്തിനിറങ്ങിത്തിരിച്ചതാ… ”
രാജീവ് അവളെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു…
വിനയചന്ദ്രനെ അപകടപ്പെടുത്താൻ ശ്രമിച്ച കാര്യം രാജീവ് അവളോട് പറഞ്ഞു……
ആ സ്ത്രീയെ രാജീവ് കഥയിൽ നിന്നും ഒഴിവാക്കി……
” അയാളു മരിച്ചാലൊന്നും എനിക്കൊന്നും കിട്ടാൻ പോകുന്നില്ലായെന്ന് നിന്നോട് ഞാൻ നേരത്തെ പറഞ്ഞിട്ടുള്ളതല്ലേ…”
കാഞ്ചന ചോദിച്ചു..
” അതിനുള്ള വഴികൾ ഞാനൊരുക്കിയതായിരുന്നു… പക്ഷേ… ?”
” നടപ്പുള്ള കാര്യം വല്ലതുമാണോടാ… ?”
കാഞ്ചനയിൽ ഉദ്വേഗം കത്തിക്കയറി..
“നീയും കൂടി മനസ്സു വെക്കണം…”.
“നീ പ്ലാൻ പറ…”
തനിക്കും കൂടെ ലാഭമുള്ള കാര്യമാണെന്നറിഞ്ഞപ്പോൾ കാഞ്ചന ഉത്സാഹം കാണിച്ചു…
” അതൊക്കെ പറയാം… തല്ക്കാലം നീ ഫോണൊന്ന് ചാർജിലിട്…”
രാജീവ് ഫോൺ അവളുടെ നേരെ നീട്ടി……
” നിന്റെ മുഖത്തെന്താ ഉറക്കച്ചടവ്… ? രാത്രി നല്ല അദ്ധ്വാനമായിരുന്നുവെന്ന് തോന്നുന്നല്ലോ..”
ഒരു ശൃംഗാര ഭാവത്തോടെ അവൾ ചോദിച്ചു..
” പോടീ… നീ , കുത്തിയിട്ടിട്ടു വാ…… ”
അനാമികയുടെ റൂമിൽ കയറി ഫോൺ ചാർജിലിട്ട ശേഷം, ഒരു മിനിറ്റ് വൈകിയാണ് കാഞ്ചന തിരികെ വന്നത്……
” ഇനി പറ ഉറക്കച്ചടവിന്റെ കാര്യം…… “
രാജീവ് കാര്യങ്ങൾ വിസ്തരിച്ചു.. കാഞ്ചന എല്ലാം കേട്ട് സ്തബ്ധയായിരുന്നു…
“ആളു കൊള്ളാമല്ലോ നിന്റെ ചെക്കൻ…… ?”
രാജീവ് അതിനു മറുപടി പറഞ്ഞില്ല… ….
” അവനെ കയ്യിലെടുക്കുകയായിരുന്നു നീ ആദ്യം ചെയ്യേണ്ടിയിരുന്നത് … ഇനി പറഞ്ഞിട്ടെന്താ കാര്യം … ”
രാജീവ് മിണ്ടിയില്ല…
അങ്ങനെയൊരു തെറ്റ് തനിക്കും പറ്റിയത് രാജീവ് മനസ്സാ കഴിഞ്ഞ രാത്രി മുതൽ അംഗീകരിച്ചു തുടങ്ങിയിരുന്നു……
“അവർ വനത്തിലായിരിക്കും എന്നല്ലേ നീ പറഞ്ഞത്… പറ്റുമെങ്കിൽ രണ്ടിനേം വനത്തിലിട്ട് തീർക്കാൻ പറ്റുമോന്ന് നോക്കടാ… ”
പാതി തമാശയും പാതി കാര്യവുമായിട്ടാണ് കാഞ്ചന പറഞ്ഞതെങ്കിലും ശബ്ദത്തിനു മൂർച്ചയുണ്ടായിരുന്നു..
