സനോജ് അർദ്ധോക്തിയിൽ നിർത്തി.
” അവളും അവനും ഒന്നാ… …. അവൾ നമ്മളെ കണ്ടിട്ടുണ്ട്…… ”
” അതുറപ്പല്ലേ…….”
തുടർന്ന് സനോജ് പയ്യൻ വിളിച്ച കാര്യവും പറഞ്ഞു.
“ആ സ്ത്രീയെ നീ മുൻപ് കണ്ടിട്ടുണ്ടോ…? ”
” ഇല്ല മാഷേ… ആ ഭാഗത്തേക്കും ഞാനങ്ങനെ പോയിട്ടില്ല… ”
” ഉം………. ”
വിനയചന്ദ്രൻ ആലോചനയോടെ മൂളി…
എത്ര തന്നെ ആലോചിച്ചിട്ടും ആ സ്ത്രീ ആരാണെന്നും രാജീവും അവളും തമ്മിലുള്ള ബന്ധവും വിനയചന്ദ്രന് മനസ്സിലായില്ല …
” എങ്ങോട്ടാ മാഷേ പോകേണ്ടത്…… ?”
വിനയചന്ദ്രൻ ഒന്നും സംസാരിക്കാതെ വന്നപ്പോൾ ഒടുവിൽ സനോജ് ചോദിച്ചു…
” നിന്റെ വീട്ടിലേക്കൊന്ന് പോയാലോ…? ”
” എന്റെ വീട്ടിലേക്കോ…?”
സനോജ് അമ്പരന്ന് അയാളെ നോക്കി…
“അതേടാ… …. ”
വിനയചന്ദ്രൻ ചിരിച്ചു……
കാർ ബാറിന്റെ ഗേയ്റ്റ് കടന്ന് പുറത്തിറങ്ങി.
“മാഷെന്താ യാത്ര വേണ്ടാന്ന് വെച്ചത്..?”
“വേണ്ടാന്ന് വെച്ചിട്ടില്ല…… ഇന്ന് പോകുന്നില്ല…… ”
കാരണമെന്താ എന്നയർത്ഥത്തിൽ സനോജ് അയാളെ നോക്കി , അതു മനസ്സിലാക്കി വിനയചന്ദ്രൻ തുടർന്നു …
” ആ സ്ത്രീ ഏതെങ്കിലും കാരണവശാൽ നമ്മളെ കണ്ടിട്ടുണ്ടെങ്കിൽ , രാജീവ് എന്നെ തിരഞ്ഞു വരുമെന്ന് എനിക്കൊരു സംശയം ഉണ്ടായിരുന്നു.. അതുപോലെ തന്നെ സംഭവിച്ചു…”
“അതും യാത്രയുമായി എന്താ ബന്ധം… ? ”
” നമ്മൾ പോകുന്ന സ്ഥലം ഒരിക്കലും രാജീവ് അറിയാൻ പാടില്ല…… അതാണ് കാരണം… ”
ഒന്നും മനസ്സിലായില്ലായെങ്കിലും സനോജ് തല കുലുക്കി…
” മാഷിതൊക്കെ എങ്ങനെ മുൻകൂട്ടി കാണുന്നു എന്നാ എന്റെ സംശയം… ”
സനോജ് അയാളെ നോക്കി ചിരിച്ചു……
“സനോജേ……, നാല്പതിനും അമ്പതിനുമിടയിൽ കുട്ടികളുണ്ടാവും ഓരോ ക്ലാസ്സിലും.. അതിൽ നാല്പതും നാല്പതു തരക്കാരുമായിരിക്കും… അവരെയെല്ലാവരെയും പഠിച്ചവനായിരിക്കും ഒരു നല്ല അദ്ധ്യാപകൻ…… മാത്രമല്ല, ഞാൻ ഷെർലക് ഹോംസിന്റെ ഒരു ആരാധകൻ കൂടിയാണ്…… ”
വിനയചന്ദ്രനും ചിരിച്ചു.
” ഹോംസിനെ എനിക്കും ഇഷ്ടമാ…… ”
അവൻ പറഞ്ഞു…
സനോജ് ശ്രദ്ധാപൂർവ്വമാണ് കാർ ഓടിച്ചത്…… തങ്ങളെ ഏതെങ്കിലും വാഹനം അനുഗമിക്കുന്നുണ്ടോയെന്ന് അവൻ പരതിക്കൊണ്ടിരുന്നു..
വഴിയരികിൽ കാർ നിർത്തി, വിനയചന്ദ്രൻ കുറച്ചു ബേക്കറികളും സ്വീറ്റ്സും വാങ്ങി…
“ഇതൊന്നും വേണ്ടായിരുന്നു മാഷേ… ”
വിനയചന്ദ്രൻ അതിനു മറുപടി പറഞ്ഞില്ല…
കോളനിയിലേക്ക് കയറുന്ന ഭാഗത്തു തന്നെയായിരുന്നു സനോജിന്റെ വീട്..
കാർ നിർത്തി ഇറങ്ങിയപ്പോൾ, ടാപ്പിൽ നിന്നും പ്ലാസ്റ്റിക് കുടങ്ങളിൽ വെള്ളമെടുത്ത് , എളിയിലേറ്റി പോകുന്ന സ്ത്രീകളെ വിനയചന്ദ്രൻ കണ്ടു..
“ഈ കാർ എന്തെങ്കിലും പറഞ്ഞ് നീ മാറ്റിയേക്ക്… നാളെ വേറൊരു വണ്ടി മതി… ”
വീട്ടിലേക്ക് നടക്കുന്നതിനിടയിൽ വിനയചന്ദ്രൻ പറഞ്ഞു.
” ആയിക്കോട്ടെ മാഷേ… ”
പണിയൊന്നും പൂർണ്ണമായി തീരാത്തതായിരുന്നു സനോജിന്റെ വീട്…
വിനയചന്ദ്രൻ തിണ്ണയിലേക്ക് കയറിയതും , സനോജ് അകത്തു നിന്ന് ഒരു പ്ലാസ്റ്റിക് കസേരയുമായി വന്നു……
“ഇരിക്ക് മാഷേ… ”
” എവിടെടാ . മോള്… ? ”
കസേരയിലേക്ക് ഇരിക്കുന്നതിനിടയിൽ വിനയചന്ദ്രൻ ചോദിച്ചു……
” ഞാൻ വിളിക്കാം..”
സനോജ് അകത്തു പോയി , തന്റെ മകളെ വിളിച്ചു കൊണ്ടുവന്നു………
“ഇതാ മാഷിന്റെ മോള്…….”
സനോജ് അങ്ങനെയാണ് പറഞ്ഞത്..
അതിൽ നിന്നു തന്നെ അവന്റെ വിധേയത്വം വിനയചന്ദ്രൻ മനസ്സിലാക്കി..
“വാ… ”
വിനയചന്ദ്രൻ കുട്ടിയെ വിളിച്ചു……
കുട്ടി സനോജിനെ ഒന്ന് നോക്കി …
” ചെല്ല്..”
സനോജിന്റെ സമ്മതം കിട്ടിയതും കുട്ടി വിനയചന്ദ്രന്റെയടുത്തേക്ക് ചെന്നു……
വിനയചന്ദ്രൻ കയ്യെടുത്ത് അവളുടെ നെറുകയിൽ ഒന്ന് തലോടി……
അയാളുടെ ഹൃദയം പിഞ്ഞിത്തുടങ്ങിയിരുന്നു…
” എന്താ മോളുടെ പേര്… ?”
” സൗപർണ്ണിക……. ”
ഒരല്പം നാണത്തോടെ അവൾ പറഞ്ഞു……
നദീരവം പോലെയാണ് അവളുടെ ശബ്ദവുമെന്നത് വിനയചന്ദ്രനോർത്തു…
ചോക്കലേറ്റും മിഠായികളും കൊടുത്തതോടെ അവൾ അയാളുമായി പെട്ടെന്ന് ചങ്ങാത്തത്തിലായി……
വിനയചന്ദ്രന്റെ പേരും വീടും ജോലിയും വരെ അഞ്ചു മിനിറ്റിനുള്ളിൽ, അയാളുടെ മടിയിലിരുന്ന് അവൾ ചോദിച്ചു മനസ്സിലാക്കി….
