അർത്ഥം അഭിരാമം – 9അടിപൊളി 

“ഐ…….വാണ്ട് ദിസ്…… ”

ബാക്കി അവൻ അവളുടെ ചെവിയിലാണ് പറഞ്ഞത്..

“നതർ ഡേ……. ”

കൊലുസ്സിളകിയതു പോൽ അഭിരാമി ചിരിച്ചു……

“ആർ യു ഷുവർ… ….?”

” യാ……. ”

അവളുടെ കവിളിൽ കവിളുരച്ച് അവൻ നനുത്ത ചിരിയോടെ പറഞ്ഞു …

” തരമാട്ടേൻ…”

അവന്റെ കൈച്ചുറ്റിൽ നിന്ന് അവൾ പതിയെ വിടർന്നു……

“എങ്കിൽ ഉന്നെ നാൻ വിടമാട്ടേൻ..”

അജയ് പറഞ്ഞു കൊണ്ട് അവളെ ചുറ്റാനൊരുങ്ങിയതും അവൾ അവനെ കടന്ന് റൂമിനു നേർക്കോടി…

അവൻ തിരിഞ്ഞു വന്നപ്പോഴേക്കും അവൾ അകത്തു കയറിയിരുന്നു …

“തോം തോം തോം………. ”

അവനെ നോക്കി ചിരിയോടെ പറഞ്ഞിട്ട് അഭിരാമി വാതിലടച്ചു …

 

*******          ********        *******      *******

 

സിറ്റൗട്ടിലായിരുന്നു , വിനയചന്ദ്രനും സനോജും..

ഒരൊറ്റ പെഗ്ഗ് മാത്രം കഴിച്ച്, ചാരുകസേരയിൽ പുറത്തേക്ക് നോക്കി വിനയചന്ദ്രൻ കിടന്നു …

സനോജ്, മാർബിൾ വിരിച്ച അരഭിത്തിയിലായിരുന്നു..

“എന്റെ അമ്മ, അവളുടെ പേരിലും ഏതാണ്ടൊക്കെ എഴുതി വെച്ചിട്ടുണ്ട് … എന്റെ കുടി കാരണം അതൊക്കെ തറവാട്ടിൽ എവിടെയോ സൂക്ഷിച്ചിരിക്കുകയാ… ”

സനോജ് കേട്ടിരുന്നു..

” വക്കീലിനെ കാണണം …… രജിസ്ട്രാറെ കാണണം… തറവാട്ടിൽ പോകണം .. അങ്ങനെ കുറച്ച് പണികളുണ്ട് … ”

” ഞാനിവിടെ നിന്ന് ചെയ്യിപ്പിച്ചോളാം… ”

സനോജ് പറഞ്ഞു……

” ഹോസ്പിറ്റലിൽ പോകുന്ന കാര്യം അവരിവിടെ വന്നിട്ടു തീരുമാനിക്കാം… ”

സനോജ് മിണ്ടിയില്ല…

തുറന്നു കിടന്ന ഗേയ്റ്റിലൂടെ മുറ്റത്തേക്ക് ഒരു ബൈക്ക് വന്ന് നിന്നു…

സനോജ് പറഞ്ഞേൽപ്പിച്ച പെയിന്ററായിരുന്നു വന്നത്.

ജോലി സ്ഥലത്തു നിന്നും വന്നതു പോലെ അയാളുടെ കൈകളിലും വസ്ത്രങ്ങളിലും പലനിറങ്ങൾ കാണപ്പെട്ടു……

“ഇതാ മാഷേ പറഞ്ഞയാൾ… ”

സനോജ് എഴുന്നേറ്റു കൊണ്ട് പറഞ്ഞു.

പെയിന്റർ , അവർക്കടുത്തേക്ക് വന്നു…

” മൊത്തം ഒന്ന് നോക്കി നീയൊരു കരാറ് പറ..”

വിനയചന്ദ്രൻ കസേരയിൽക്കിടന്നു തന്നെ പറഞ്ഞു..

സനോജ് അയാളെയും കൂട്ടി വീടിനകവും പുറം വശങ്ങളും കാണിച്ചു കൊടുത്തു…

” പുറംഭാഗമൊക്കെ വാഷ് ചെയ്യണം മാഷേ..”

തിരികെ വന്ന് പെയിന്റർ പറഞ്ഞു.

“എല്ലാം കൂടി കൂട്ടിപ്പറഞ്ഞോ… ”

” അതിപ്പോ… മാഷിനോട് ഞാൻ.., ”

പെയിന്റർ തല ചൊറിഞ്ഞു…

“അതെന്നാ , നിനക്ക് കൂലി വേണ്ടേ..?”

വിനയചന്ദ്രൻ ചിരിയോടെ മുന്നോട്ടാഞ്ഞു ..

“അങ്ങനല്ല.. കണക്കു പറയാൻ പറ്റാഞ്ഞിട്ടാ… ”

” ഉടനെ തീർക്കണം.. ഗേയ്റ്റും മതിലും കൂടെ വേണം……”

പെയിന്റർ തല കുലുക്കി….

” കാശിന്റെ കാര്യമൊക്കെ , സനോജിനോട് പറഞ്ഞാൽ മതി…… സാധനങ്ങളുടെ ലിസ്റ്റ് കടയിൽ കൊടുത്തേക്ക്… ഇവൻ കൊണ്ടു വന്നോളും… ”

വിനയചന്ദ്രൻ പറഞ്ഞതു കേട്ട് സനോജ് അമ്പരപ്പോടെ അയാളെ നോക്കി. അതേ അമ്പരപ്പോടെ പെയിന്റർ സനോജിനേയും നോക്കി…

” അല്ല……. മാഷെങ്ങോട്ടാ പോകുന്നത്…… ?”

പെയിന്റർ പോയിക്കഴിഞ്ഞ് സനോജിന് ചോദിക്കാതിരിക്കാനായില്ല…

” ഞാൻ നിന്നോട് പോകുന്ന കാര്യം പറഞ്ഞതല്ലേ… പിന്നെന്താ… ? ”

അവനു മുഖം കൊടുക്കാതെ വിനയചന്ദ്രൻ പറഞ്ഞു.

“അതൊന്നുമല്ല… …. ”

സനോജ് പിറുപിറുത്തു…

” പിന്നെ… ?”

” ഞാൻ കുറേയായല്ലോ മാഷിനെക്കാണാൻ തുടങ്ങിയിട്ട് … ”

സനോജിന്റെ സ്വരം ഇടറിയെങ്കിലും ഉയർന്നിരുന്നു…

വിനയചന്ദ്രൻ ഒരു നിമിഷം മിണ്ടിയില്ല…

” ആത്മഹത്യ ചെയ്യാനാണെങ്കിൽ രണ്ടു പ്രാവശ്യം ചെയ്യേണ്ട സമയം കഴിഞ്ഞില്ലേടാ… അതോർത്തു നീ പേടിക്കണ്ട… ”

ഒടുവിൽ അയാൾ പറഞ്ഞു…

സനോജിന്റെ മുഖത്ത് ചെറിയ പ്രകാശം പരന്നു……

“എന്റെ മോളൊരു പൊട്ടിയാ… ആരു പറഞ്ഞാലും വിശ്വസിക്കും…… അതല്ലേ , ബുദ്ധി തെളിയാത്ത പ്രായത്തിൽ അവളിറങ്ങിപ്പോയത്…… ”

വിനയചന്ദ്രൻ നിശ്വാസത്തോടെ കസേരയിലേക്ക് ചാഞ്ഞു …

മാഷ് പറയുന്ന കാര്യങ്ങൾക്കൊന്നും ഒരു വ്യക്തത വരാത്തത് സനോജ് ശ്രദ്ധിച്ചു……

അതേ സമയം ഒന്നു പൊട്ടിക്കരയുക പോലും ചെയ്യാതെ അയാൾ തന്റെ മുന്നിലിരുന്ന് സംസാരിക്കുന്നതിൽ അവന് അത്ഭുതവും തോന്നാതിരുന്നില്ല…

” നീ ഒന്നും കൂടെ ഒഴിക്ക്… ”

സനോജ് ഗ്ലാസ്സ് കയ്യിലെടുത്തു…

“എന്റെ മനസ്സു വിഷമിപ്പിച്ചതിന് അവൾക്ക് ശിക്ഷ, ഇത്രയും മതി … കുറച്ച് പാകതയും വന്നിട്ടുണ്ട്..”

സനോജ് നീട്ടിയ ഗ്ലാസ്സ് അയാൾ ചുണ്ടോടു ചേർത്തു..

“നീ കണ്ടില്ലേടാ അവിടുത്തെ അവസ്ഥ… ?”

വിനയചന്ദ്രൻ ഒഴിഞ്ഞ ഗ്ലാസ്സ് അരഭിത്തിയിലേക്ക് വെച്ചു……

” ഉം..”

സനോജ് മൂളി..

“ഇനിയുമവിടെ ഇട്ടു നരകിപ്പിക്കാൻ വയ്യ… ”

അയാൾ വീണ്ടും കസേരയിലേക്ക് ചാരി കണ്ണുകളടച്ചു…….

കുറച്ചു മിനിറ്റുകൾ കടന്നു പോയി..

“കിണറും ടാങ്കും കൂടി വൃത്തിയാക്കണം ട്ടോ..”

ഉറക്കത്തിൽ നിന്ന് വിളിച്ചു പറയുന്നതു പോലെ വിനയചന്ദ്രൻ പറഞ്ഞതു കേട്ട് , സനോജും ചിന്തകളിൽ നിന്ന് ഞെട്ടിയുണർന്നു……

” ചെയ്യാം…”.

രണ്ടു മിനിറ്റു കൂടി കസേരയിൽ കിടന്ന ശേഷം വിനയചന്ദ്രൻ അകത്തേക്ക് കയറിപ്പോയി…

തന്റെ എ. ടി. എം കാർഡും ചെറിയ ഒരു ഡയറിയും അയാൾ അവനു നേരെ നീട്ടി..

“നീ ഇതു പിടി…………”

“എന്താ ഇത്… ? ”

സനോജ് എഴുന്നേറ്റു..

” കണ്ടാലറിയില്ലേ … ?”

” ഇതൊന്നും ശരിയാവില്ല മാഷേ… ”

സനോജ് അത് വാങ്ങാൻ കൂട്ടാക്കിയില്ല…

“നിനക്ക് , എ.ടി.എമ്മിൽ നിന്ന് പണമെടുക്കാൻ അറിയില്ലേ… ? ”

സനോജ് മിണ്ടിയില്ല…

” കണക്ക് കൂട്ടി എഴുതി വെക്കാൻ അറിയില്ലേ….?”

സനോജ് മൗനം പാലിച്ചു നിന്നു..

” അത്രയും ചെയ്താൽ മതി… പെയിന്ററുടെ പൈസയും മോളെ കൂട്ടാൻ പോകുന്ന ചിലവും … ”

” എല്ലാത്തിനും ഒരു കണക്കുള്ളത് നല്ലതാ… ”

വിനയചന്ദ്രൻ കൂട്ടിച്ചേർത്തു…

” നിന്റെ ചിലവിനും പൈസ എടുത്തോണം. ”

സനോജിന്റെ കയ്യിലേക്ക് അയാൾ രണ്ടും ബലമായി വെച്ചു കൊടുത്തു..

” നമ്പർ ഓർത്തു വെച്ചോ…… ”

വിനയചന്ദ്രൻ നമ്പർ പറഞ്ഞു.

“വേണ്ട മാഷേ.. എനിക്കൊറക്കം വരൂലാ… “

കണ്ണു നിറഞ്ഞ് സനോജ് പറഞ്ഞു.

” അതിനുമാത്രം ഒന്നും ഇല്ലെടാ… ഇവിടെ എനിക്കൊന്നു മാറി നിൽക്കേണ്ടി വന്നാൽ നിന്നെയല്ലേ , ഇതൊക്കെ ഏൽപ്പിക്കാനുള്ളൂ … ”

അയാളവന്റെ പുറത്തു തട്ടി……

” മാഷേ……. ”

ദയനീയമായി അവൻ വിളിച്ചു…

” മൂന്നോ നാലോ ദിവസത്തെ കാര്യത്തിന് ഇങ്ങനെ പേടിക്കാതെടാ… നീയൊരണ്ണം അടിക്ക്… ഒരു ധൈര്യമൊക്കെ വരട്ടെ… ”

വിനയചന്ദ്രൻ പറഞ്ഞിട്ട് കസേരയിലേക്കിരുന്നു…

സനോജ് അയാളെ നോക്കുക മാത്രം ചെയ്തു…

” ഒളിച്ചോടിപ്പോയ മകളെ തിരിച്ചു വിളിക്കാൻ അച്ഛൻ ചെല്ലുന്നതിൽ ഒരു പൊരുത്തക്കേടുണ്ട് … പ്രത്യേകിച്ച് ഞാൻ… ”

പറഞ്ഞിട്ട് വിനയചന്ദ്രൻ ഒരു വിളറിയ ചിരി ചിരിച്ചു……

സനോജ്, അയാളെ മനസ്സിലാകാത്തതു പോലെ നിന്നു…

” പറഞ്ഞതൊന്നും മറക്കണ്ട.. നാളെ നീ പോയി വാ… നമുക്കിനി സമയമില്ല, എന്ന് നീ മറക്കരുത്…… ”

ഉറച്ച സ്വരത്തിൽ അവനു നേരെ നോക്കി അയാൾ പറഞ്ഞു……

സനോജ് നിശബ്ദം തലയാട്ടി……

 

******         ********      *******       *******

Leave a Reply

Your email address will not be published. Required fields are marked *