” അല്ല……. മാഷെങ്ങോട്ടാ പോകുന്നത്…… ?”
പെയിന്റർ പോയിക്കഴിഞ്ഞ് സനോജിന് ചോദിക്കാതിരിക്കാനായില്ല…
” ഞാൻ നിന്നോട് പോകുന്ന കാര്യം പറഞ്ഞതല്ലേ… പിന്നെന്താ… ? ”
അവനു മുഖം കൊടുക്കാതെ വിനയചന്ദ്രൻ പറഞ്ഞു.
“അതൊന്നുമല്ല… …. ”
സനോജ് പിറുപിറുത്തു…
” പിന്നെ… ?”
” ഞാൻ കുറേയായല്ലോ മാഷിനെക്കാണാൻ തുടങ്ങിയിട്ട് … ”
സനോജിന്റെ സ്വരം ഇടറിയെങ്കിലും ഉയർന്നിരുന്നു…
വിനയചന്ദ്രൻ ഒരു നിമിഷം മിണ്ടിയില്ല…
” ആത്മഹത്യ ചെയ്യാനാണെങ്കിൽ രണ്ടു പ്രാവശ്യം ചെയ്യേണ്ട സമയം കഴിഞ്ഞില്ലേടാ… അതോർത്തു നീ പേടിക്കണ്ട… ”
ഒടുവിൽ അയാൾ പറഞ്ഞു…
സനോജിന്റെ മുഖത്ത് ചെറിയ പ്രകാശം പരന്നു……
“എന്റെ മോളൊരു പൊട്ടിയാ… ആരു പറഞ്ഞാലും വിശ്വസിക്കും…… അതല്ലേ , ബുദ്ധി തെളിയാത്ത പ്രായത്തിൽ അവളിറങ്ങിപ്പോയത്…… ”
വിനയചന്ദ്രൻ നിശ്വാസത്തോടെ കസേരയിലേക്ക് ചാഞ്ഞു …
മാഷ് പറയുന്ന കാര്യങ്ങൾക്കൊന്നും ഒരു വ്യക്തത വരാത്തത് സനോജ് ശ്രദ്ധിച്ചു……
അതേ സമയം ഒന്നു പൊട്ടിക്കരയുക പോലും ചെയ്യാതെ അയാൾ തന്റെ മുന്നിലിരുന്ന് സംസാരിക്കുന്നതിൽ അവന് അത്ഭുതവും തോന്നാതിരുന്നില്ല…
” നീ ഒന്നും കൂടെ ഒഴിക്ക്… ”
സനോജ് ഗ്ലാസ്സ് കയ്യിലെടുത്തു…
“എന്റെ മനസ്സു വിഷമിപ്പിച്ചതിന് അവൾക്ക് ശിക്ഷ, ഇത്രയും മതി … കുറച്ച് പാകതയും വന്നിട്ടുണ്ട്..”
സനോജ് നീട്ടിയ ഗ്ലാസ്സ് അയാൾ ചുണ്ടോടു ചേർത്തു..
“നീ കണ്ടില്ലേടാ അവിടുത്തെ അവസ്ഥ… ?”
വിനയചന്ദ്രൻ ഒഴിഞ്ഞ ഗ്ലാസ്സ് അരഭിത്തിയിലേക്ക് വെച്ചു……
” ഉം..”
സനോജ് മൂളി..
“ഇനിയുമവിടെ ഇട്ടു നരകിപ്പിക്കാൻ വയ്യ… ”
അയാൾ വീണ്ടും കസേരയിലേക്ക് ചാരി കണ്ണുകളടച്ചു…….
കുറച്ചു മിനിറ്റുകൾ കടന്നു പോയി..
“കിണറും ടാങ്കും കൂടി വൃത്തിയാക്കണം ട്ടോ..”
ഉറക്കത്തിൽ നിന്ന് വിളിച്ചു പറയുന്നതു പോലെ വിനയചന്ദ്രൻ പറഞ്ഞതു കേട്ട് , സനോജും ചിന്തകളിൽ നിന്ന് ഞെട്ടിയുണർന്നു……
” ചെയ്യാം…”.
രണ്ടു മിനിറ്റു കൂടി കസേരയിൽ കിടന്ന ശേഷം വിനയചന്ദ്രൻ അകത്തേക്ക് കയറിപ്പോയി…
തന്റെ എ. ടി. എം കാർഡും ചെറിയ ഒരു ഡയറിയും അയാൾ അവനു നേരെ നീട്ടി..
“നീ ഇതു പിടി…………”
“എന്താ ഇത്… ? ”
സനോജ് എഴുന്നേറ്റു..
” കണ്ടാലറിയില്ലേ … ?”
” ഇതൊന്നും ശരിയാവില്ല മാഷേ… ”
സനോജ് അത് വാങ്ങാൻ കൂട്ടാക്കിയില്ല…
“നിനക്ക് , എ.ടി.എമ്മിൽ നിന്ന് പണമെടുക്കാൻ അറിയില്ലേ… ? ”
സനോജ് മിണ്ടിയില്ല…
” കണക്ക് കൂട്ടി എഴുതി വെക്കാൻ അറിയില്ലേ….?”
സനോജ് മൗനം പാലിച്ചു നിന്നു..
” അത്രയും ചെയ്താൽ മതി… പെയിന്ററുടെ പൈസയും മോളെ കൂട്ടാൻ പോകുന്ന ചിലവും … ”
” എല്ലാത്തിനും ഒരു കണക്കുള്ളത് നല്ലതാ… ”
വിനയചന്ദ്രൻ കൂട്ടിച്ചേർത്തു…
” നിന്റെ ചിലവിനും പൈസ എടുത്തോണം. ”
സനോജിന്റെ കയ്യിലേക്ക് അയാൾ രണ്ടും ബലമായി വെച്ചു കൊടുത്തു..
” നമ്പർ ഓർത്തു വെച്ചോ…… ”
വിനയചന്ദ്രൻ നമ്പർ പറഞ്ഞു.
“വേണ്ട മാഷേ.. എനിക്കൊറക്കം വരൂലാ… “
കണ്ണു നിറഞ്ഞ് സനോജ് പറഞ്ഞു.
” അതിനുമാത്രം ഒന്നും ഇല്ലെടാ… ഇവിടെ എനിക്കൊന്നു മാറി നിൽക്കേണ്ടി വന്നാൽ നിന്നെയല്ലേ , ഇതൊക്കെ ഏൽപ്പിക്കാനുള്ളൂ … ”
അയാളവന്റെ പുറത്തു തട്ടി……
” മാഷേ……. ”
ദയനീയമായി അവൻ വിളിച്ചു…
” മൂന്നോ നാലോ ദിവസത്തെ കാര്യത്തിന് ഇങ്ങനെ പേടിക്കാതെടാ… നീയൊരണ്ണം അടിക്ക്… ഒരു ധൈര്യമൊക്കെ വരട്ടെ… ”
വിനയചന്ദ്രൻ പറഞ്ഞിട്ട് കസേരയിലേക്കിരുന്നു…
സനോജ് അയാളെ നോക്കുക മാത്രം ചെയ്തു…
” ഒളിച്ചോടിപ്പോയ മകളെ തിരിച്ചു വിളിക്കാൻ അച്ഛൻ ചെല്ലുന്നതിൽ ഒരു പൊരുത്തക്കേടുണ്ട് … പ്രത്യേകിച്ച് ഞാൻ… ”
പറഞ്ഞിട്ട് വിനയചന്ദ്രൻ ഒരു വിളറിയ ചിരി ചിരിച്ചു……
സനോജ്, അയാളെ മനസ്സിലാകാത്തതു പോലെ നിന്നു…
” പറഞ്ഞതൊന്നും മറക്കണ്ട.. നാളെ നീ പോയി വാ… നമുക്കിനി സമയമില്ല, എന്ന് നീ മറക്കരുത്…… ”
ഉറച്ച സ്വരത്തിൽ അവനു നേരെ നോക്കി അയാൾ പറഞ്ഞു……
സനോജ് നിശബ്ദം തലയാട്ടി……
****** ******** ******* *******
മുകൾ നിലയിൽ രണ്ട് സിറ്റൗട്ടുകളായിരുന്നു..
