ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ Like

ഞാൻ ആ തണുത്തുറഞ്ഞ കാപ്പി കാര്യമായിട്ട് അങ്ങ് വലിച്ചു കുടിച്ചു.

അണ്ടർവെയർ ഇടാതെ ചുമ്മാ മുണ്ടു മാത്രം ഉടുത്തു എങ്ങനെയാ താഴോട്ടു പോവുക?

“ഇന്നലെ ഇട്ടതാ, എന്നാലും സാരമില്ല, അധികം വിയര്പ്പൊന്നും പിടിചില്ലല്ലോ..”

 

ഞാനെന്റെ ‘രൂപാ’ കറുപ്പ് ഷഡി എടുത്തിട്ടു. ഒരു കറുത്ത മുണ്ടും ചുറ്റി താഴേക്ക് വെച്ച് പിടിച്ചു.

 

കോണി ഇറങ്ങുന്ന കിരുകിരി ശബ്ദം കേട്ടപ്പോൾ കാർന്നോർക്കു ഗുളികൻ കയറി…

 

“ഒഹ്ഹ് ഇറങ്ങി വരുന്നുണ്ട് വെല്യ കാരണവര്.. വൈകിട്ട് കൊടുത്ത കാപ്പി പോലും കുടിച്ചിട്ടുണ്ടാവില്ല… അല്ലെങ്കിൽ ഇങ്ങനെ വെളുത്തേടത്തി പെണ്ണുങ്ങൾ കിടക്കും പോലെ കിടന്നു ഉറങ്ങില്ലല്ലോ!”

 

“അച്ഛന് നാണം ഇല്ലേ ഇങ്ങനെ ജാതി പറയാൻ? കാലം മാറിയതും സൂര്യൻ ഉദിച്ചതും ഒന്നും അറിയില്ലേ?”

 

കോണി ഇറങ്ങും വഴി ഞാൻ ഉറക്കെ വിളിച്ചു ചോദിച്ചു

 

“നീ എന്നെ പഠിപ്പിക്കാൻ വരണ്ടാ.. നീ കോളേജിൽ പഠിക്കുന്ന ഗമ എന്നോട് കാണിക്കണ്ട. ഇടുക്കിയിൽ നിന്നും രാവൊടു രാവോളം കെട്ടിപ്പെറുക്കി വിഹിതം കിട്ടിയതിൽ മിച്ചമുള്ള ഈ വീട്ടിലോട്ടു എത്തിയപ്പോ ഒരു താണ ജാതിക്കാരനെയും കണ്ടില്ല, സഹായത്തിനു!.. ഈ തറവാട് മാത്രമേ ഉണ്ടാരുന്നുള്ളു. നിന്റെ വെല്യേ വെല്യ മുത്തച്ഛൻ ആദിശേഷൻ അയ്യർ കൊച്ചി രാജാവിന്റെ ക്ഷണം സ്വീകരിച്ചു മധുരയിൽ നിന്നും എത്തിയപ്പോ ഇത് പോലും ഇല്ലാരുന്നു. അങ്ങേരുടെ വിയര്പ്പാ ഇത്. നല്ല പാലക്കാടൻ കാറ്റ് കൊണ്ട് തന്നെയാടാ ഞാൻ ബാക്കിയെല്ലാം സമ്പാദിച്ചത്”

 

“ഒഹ്ഹ് അതുകൊണ്ടിപ്പോ എന്തൊരു ‘അദ്ധ്വാനം’ ഒക്കെ  ആയിരുന്നു വേണ്ടി വന്നത്.. ആ പൂണൂലിന്റെ കനം ഒന്ന് നീട്ടി കാണിച്ചു തന്നെയല്ലേ ഈ പറയുന്നതൊക്കെ ‘സമ്പാദിച്ചു’ എന്ന് പറയുന്നത്? ”

 

“അഹങ്കാരീ,  നിന്റെ കരണം അടിച്ചു പൊട്ടിക്കും ഞാൻ”

 

“ആ പറഞ്ഞതൊക്കെ അങ്ങ് പണ്ടാരുന്നു അച്ഛാ, ആ ഭീഷണി എന്നോട് വേണ്ട. തന്ത ആയാലും മേല് നോവിച്ചാൽ തിരിച്ചു തല്ലാൻ നിയമം ഇന്ന് അനുവദിക്കുന്നുണ്ട്”

 

“ക്ര്ര്ർ” അച്ഛൻ കസാലയിൽ നിന്നും എഴുന്നേൽക്കുന്ന ശബ്ദം കേട്ടു… ഇനി അവിടെ നിന്നാൽ ശെരിയാവില്ല എന്ന് മനസ്സിലായ ഞാൻ പടിഞ്ഞാറേ വശം വഴി മുറ്റത്തു ചാടി.

 

അച്ഛൻ നല്ല ഫോമിലാണ്, ആ മുതുക്കൻ നായര് കൊണ്ട് കൊടുത്തു കുടിപ്പിച്ചതാവും. അങ്ങേർക്കു കൈമടക്ക് കിട്ടാൻ വേറെ മാർഗം ഒന്നും ഇപ്പോൾ ഇല്ലല്ലോ.. മകൾ ഉണ്ടായിരുന്നപ്പോ അവളുടെ അരക്കെട്ടു കൊണ്ട് അയാൾ എന്തായിരുന്നു വിലസ്സു! പോളിസ്റ്റർ ലുങ്കിയും, റോത്തമൻസ് സിഗരറ്റും, നിഡോ പാൽപ്പൊടിയും… അവസാനം ആ പാവം കൊച്ചു അന്യ നാട്ടിൽ ഏതോ അറബിയുടെ കൈക്കു തീർന്നു.. ഗദ്ദാമ ആണ് അങ്ങനെ ആണ് ഇങ്ങനെ ആണ് എന്ന് സകലതും ഗൾഫിൽ നിന്നും വന്ന അസീം ഇക്ക പറഞ്ഞു മനസ്സിലാക്കാൻ നോക്കിയിട്ടും അത്യാഗ്രഹം കാരണം അയാള് നിർബന്ധിച്ചു വിട്ടു..

 

അതിമോഹം കാരണം നഷ്ടപ്പെട്ടത് സ്വന്തം മകളെ. അതോടെ അങ്ങേരുടെ പിരിയും വെട്ടി… ഫുൾ ടൈം , ‘ഊ, ഊ’ മോന്തല് മാത്രം.

ആയിടയ്ക്കാണ് വാഴക്കുല കച്ചവടത്തിന് ഒരു തിരുവനന്തുപുരത്തുകാരൻ നസ്രാണി വന്നു പെട്ടത്. പതിഞ്ഞ സ്വരത്തിൽ സംസാരിച്ചിരുന്ന, എപ്പോളും മുഖത്ത് ഒരു പുഞ്ചിരി ഉള്ള, അയാളെ എന്തൊക്കെയോ അറിയാത്ത കാരണങ്ങൾ കൊണ്ട്  എല്ലാര്ക്കും വെല്യ ഇഷ്ടമാരുന്നു. കച്ചവടത്തിൽ കള്ളത്തരം കാണിക്കാത്തത് കൊണ്ട് അയാള് സ്വസ്ഥമായി ജീവിച്ചു പോന്നു. അയാളുടെ എർത് ആയിട്ട് ഈ നായര് കൂടി പറ്റി. അയാളെ കൊണ്ട് നടന്നു കുടിപ്പിച്ചു അയാൾ നേരും നെറിയും കളയാതെ കഷ്ടപ്പെട്ട് സമ്പാദിച്ച കാശെല്ലാം കാലിയാക്കി. പാവം അച്ചായൻ ന്യൂമോണിയ വന്നു മരിച്ചപ്പോൾ, അങ്ങേർക്കു മിച്ചം സമ്പാദ്യം ഉണ്ടാരുന്നത് പ്രീഡിഗ്രി കഴിഞ്ഞു രണ്ടു വർഷമായി വീട്ടിൽ ഇരുന്ന ഒരേയൊരു മകളെ കെട്ടിച്ചു വിടാൻ നീക്കി വെച്ചിരുന്ന ഒരു ഫിക്സഡ് ഡിപ്പോസിറ്റ് മാത്രം ആരുന്നു. അങ്ങേരുടെ ഭാര്യ ആന്റി ജീവിക്കാൻ നിവർത്തി ഇല്ലാതെ ആ കാശെടുത്തു ഒരു തയ്യൽക്കട ഇട്ടു. മോളെ കെട്ടിച്ചു വിടാൻ നിവർത്തി ഇല്ലാന്ന് കണ്ടപ്പോ മഠത്തിൽ അയക്കണമെന്ന് വരെ ഓർത്തു. പക്ഷെ ‘മാലാഖ’ തയ്ച്ച ബ്ലൗസ് മേടിക്കാൻ വന്ന കോച്ചുമാളിയേക്കൽ വീട്ടിലെ റോസി ചേച്ചിയുടെ രൂപത്തിൽ വന്നു . ചേച്ചിയ്ക്ക് കൊച്ചിനെ കണ്ട് ഒരുപാടു അങ്ങ് ഇഷ്ടമായി. പിന്നെ പിന്നെ തയ്കാൻ വരുമ്പോൾ കൊച്ചുവർത്തമാനം പറയൽ കൂടുതലും മെറീന മോളോട് ആയി. അധികം വൈകാതെ ഒറ്റ പൈസ പോലും ചിലവിടീക്കാതെ ചേടത്തിയുടെ ഏറ്റവും ഇളയ ആങ്ങളയെ കൊണ്ട് കല്യാണം കഴിപ്പിച്ചു കൊണ്ടുപോയി. കുറച്ചു കഴിഞ്ഞപ്പോ ജോസ്മോൻ അവളെ നഴ്സിംഗ് പഠിക്കാൻ വിട്ടു. മെറീന മോൾ പഠിച്ചു ഇറങ്ങി  ഒന്നുരണ്ടു വര്ഷം കഴിഞ്ഞപ്പോൾ അവൾക്കു ഒമാനിൽ ജോലി കിട്ടി. ജോസ്‌മോനും മെറീനാമോളും ഇപ്പോളും അവിടെയാണ്. അന്ന് മാത്യു അച്ചായന്റെ അടക്കം കൂടാൻ കുന്നിന്പുറത്തെ ക്രിസ്ത്യൻ പള്ളിയിൽ ‘ആചാരം ലംഘിച്ചു’ കാണാൻ പോയ അച്ഛനുമായി അയാൾ ലോഹ്യം കൂടി. ഇത്തിൾകണ്ണി അല്ലെ, ഒരു മരം വീണാൽ അടുത്ത മരം തപ്പിയാൽ അല്ലെ നില നില്പുള്ളൂ. ഇളവില പാടത്തെ മുപ്പത്തഞ്ചു സെന്റ് വസ്തു മേടിച്ചു കൊടുക്കാം എന്നും പറഞ്ഞു അയാൾ അച്ഛനെ ചാക്കിലാക്കി.

 

പിറ്റേന്ന് തന്നെ ഇളവില പാടം താവഴി സ്വത്തായി കിട്ടിയ പാവം ദിവാകര മേനോനെ പറഞ്ഞു തിരിച്ചു. കച്ചോട കാര്യം സംസാരിക്കാൻ എന്നും പറഞ്ഞു അയാൾ അച്ഛനെയും മേനോനെയും വിളിച്ചു ഷാപ്പിൽ കൊണ്ടുപോയി. ‘സോമരസത്തിന്റെ ഉന്മത്ത തലങ്ങളിൽ സഞ്ചരിച്ച’ അവരെ രണ്ടു പേരെയും സംസാരിപ്പിച് പാടത്തെ വസ്തു കച്ചവടമാക്കി. പക്ഷെ വിറ്റത് പകുതി വിലയ്ക്ക്, മേടിച്ചതു മൂന്നു ഇരട്ടി വിലയ്ക്കു. ബാക്കി കാശെല്ലാം അയാള് അമുക്കി. അന്ന് മുതൽ ധൂമകേതു അച്ഛന്റെ വാൽ ആയി നടക്കുന്നു.

“അയാളുടെ ഇവിടുത്തെ വരവും അച്ഛനുമായിട്ടുള്ള കൂട്ടും എല്ലാം അവസാനിപ്പിച്ച പറ്റൂ… പക്ഷെ കിളവന് ബുദ്ധി വെളിവാകുന്നില്ലലോ.. അങ്ങേർക്കു എങ്ങാനും മദ്രാസ് പോയി പഠിച്ച ബുദ്ധി തെളിയാൻ തുടങ്ങുന്ന നേരത്തു ആ  പേട്ടു നായർക്കു ഓലസന്ദേശം കിട്ടിയ മാതിരി എഴുന്നള്ളും. അച്ഛന് നടക്കാൻ വയ്യാന്നു പറഞ്ഞാൽ ഇല വെട്ടുന്ന പെണ്ണുങ്ങളുടെ കയ്യിൽ ഒളിപ്പിച്ചു അയച്ചു കൊടുക്കും… അയാൾക്കിട്ടു രണ്ടെണ്ണം പെരുക്കാമെന്നു വെച്ചാൽ പ്രായം ആയ ആളാണ് താനും.. എങ്ങാനും അടി കൊണ്ട് തട്ടിപ്പോയാൽ അകത്താവും! വരട്ടെ, കയ്യിൽ കിട്ടും… അത് വരെ ക്ഷമ ആട്ടിൻസൂപ്പിന്റെ ഗുണം ചെയ്തോട്ടെ.. ”

 

ഏതാണ്ടൊക്കെ ആലോചിച്ചു തോന്നുംപോലെ നിന്നപ്പോൾ ‘പടക്കെ’ എന്നൊരു അടി ചന്തിയ്ക്കു കിട്ടി.

Leave a Reply

Your email address will not be published. Required fields are marked *