അതിമോഹം കാരണം നഷ്ടപ്പെട്ടത് സ്വന്തം മകളെ. അതോടെ അങ്ങേരുടെ പിരിയും വെട്ടി… ഫുൾ ടൈം , ‘ഊ, ഊ’ മോന്തല് മാത്രം.
ആയിടയ്ക്കാണ് വാഴക്കുല കച്ചവടത്തിന് ഒരു തിരുവനന്തുപുരത്തുകാരൻ നസ്രാണി വന്നു പെട്ടത്. പതിഞ്ഞ സ്വരത്തിൽ സംസാരിച്ചിരുന്ന, എപ്പോളും മുഖത്ത് ഒരു പുഞ്ചിരി ഉള്ള, അയാളെ എന്തൊക്കെയോ അറിയാത്ത കാരണങ്ങൾ കൊണ്ട് എല്ലാര്ക്കും വെല്യ ഇഷ്ടമാരുന്നു. കച്ചവടത്തിൽ കള്ളത്തരം കാണിക്കാത്തത് കൊണ്ട് അയാള് സ്വസ്ഥമായി ജീവിച്ചു പോന്നു. അയാളുടെ എർത് ആയിട്ട് ഈ നായര് കൂടി പറ്റി. അയാളെ കൊണ്ട് നടന്നു കുടിപ്പിച്ചു അയാൾ നേരും നെറിയും കളയാതെ കഷ്ടപ്പെട്ട് സമ്പാദിച്ച കാശെല്ലാം കാലിയാക്കി. പാവം അച്ചായൻ ന്യൂമോണിയ വന്നു മരിച്ചപ്പോൾ, അങ്ങേർക്കു മിച്ചം സമ്പാദ്യം ഉണ്ടാരുന്നത് പ്രീഡിഗ്രി കഴിഞ്ഞു രണ്ടു വർഷമായി വീട്ടിൽ ഇരുന്ന ഒരേയൊരു മകളെ കെട്ടിച്ചു വിടാൻ നീക്കി വെച്ചിരുന്ന ഒരു ഫിക്സഡ് ഡിപ്പോസിറ്റ് മാത്രം ആരുന്നു. അങ്ങേരുടെ ഭാര്യ ആന്റി ജീവിക്കാൻ നിവർത്തി ഇല്ലാതെ ആ കാശെടുത്തു ഒരു തയ്യൽക്കട ഇട്ടു. മോളെ കെട്ടിച്ചു വിടാൻ നിവർത്തി ഇല്ലാന്ന് കണ്ടപ്പോ മഠത്തിൽ അയക്കണമെന്ന് വരെ ഓർത്തു. പക്ഷെ ‘മാലാഖ’ തയ്ച്ച ബ്ലൗസ് മേടിക്കാൻ വന്ന കോച്ചുമാളിയേക്കൽ വീട്ടിലെ റോസി ചേച്ചിയുടെ രൂപത്തിൽ വന്നു . ചേച്ചിയ്ക്ക് കൊച്ചിനെ കണ്ട് ഒരുപാടു അങ്ങ് ഇഷ്ടമായി. പിന്നെ പിന്നെ തയ്കാൻ വരുമ്പോൾ കൊച്ചുവർത്തമാനം പറയൽ കൂടുതലും മെറീന മോളോട് ആയി. അധികം വൈകാതെ ഒറ്റ പൈസ പോലും ചിലവിടീക്കാതെ ചേടത്തിയുടെ ഏറ്റവും ഇളയ ആങ്ങളയെ കൊണ്ട് കല്യാണം കഴിപ്പിച്ചു കൊണ്ടുപോയി. കുറച്ചു കഴിഞ്ഞപ്പോ ജോസ്മോൻ അവളെ നഴ്സിംഗ് പഠിക്കാൻ വിട്ടു. മെറീന മോൾ പഠിച്ചു ഇറങ്ങി ഒന്നുരണ്ടു വര്ഷം കഴിഞ്ഞപ്പോൾ അവൾക്കു ഒമാനിൽ ജോലി കിട്ടി. ജോസ്‌മോനും മെറീനാമോളും ഇപ്പോളും അവിടെയാണ്. അന്ന് മാത്യു അച്ചായന്റെ അടക്കം കൂടാൻ കുന്നിന്പുറത്തെ ക്രിസ്ത്യൻ പള്ളിയിൽ ‘ആചാരം ലംഘിച്ചു’ കാണാൻ പോയ അച്ഛനുമായി അയാൾ ലോഹ്യം കൂടി. ഇത്തിൾകണ്ണി അല്ലെ, ഒരു മരം വീണാൽ അടുത്ത മരം തപ്പിയാൽ അല്ലെ നില നില്പുള്ളൂ. ഇളവില പാടത്തെ മുപ്പത്തഞ്ചു സെന്റ് വസ്തു മേടിച്ചു കൊടുക്കാം എന്നും പറഞ്ഞു അയാൾ അച്ഛനെ ചാക്കിലാക്കി.
പിറ്റേന്ന് തന്നെ ഇളവില പാടം താവഴി സ്വത്തായി കിട്ടിയ പാവം ദിവാകര മേനോനെ പറഞ്ഞു തിരിച്ചു. കച്ചോട കാര്യം സംസാരിക്കാൻ എന്നും പറഞ്ഞു അയാൾ അച്ഛനെയും മേനോനെയും വിളിച്ചു ഷാപ്പിൽ കൊണ്ടുപോയി. ‘സോമരസത്തിന്റെ ഉന്മത്ത തലങ്ങളിൽ സഞ്ചരിച്ച’ അവരെ രണ്ടു പേരെയും സംസാരിപ്പിച് പാടത്തെ വസ്തു കച്ചവടമാക്കി. പക്ഷെ വിറ്റത് പകുതി വിലയ്ക്ക്, മേടിച്ചതു മൂന്നു ഇരട്ടി വിലയ്ക്കു. ബാക്കി കാശെല്ലാം അയാള് അമുക്കി. അന്ന് മുതൽ ധൂമകേതു അച്ഛന്റെ വാൽ ആയി നടക്കുന്നു.
“അയാളുടെ ഇവിടുത്തെ വരവും അച്ഛനുമായിട്ടുള്ള കൂട്ടും എല്ലാം അവസാനിപ്പിച്ച പറ്റൂ… പക്ഷെ കിളവന് ബുദ്ധി വെളിവാകുന്നില്ലലോ.. അങ്ങേർക്കു എങ്ങാനും മദ്രാസ് പോയി പഠിച്ച ബുദ്ധി തെളിയാൻ തുടങ്ങുന്ന നേരത്തു ആ പേട്ടു നായർക്കു ഓലസന്ദേശം കിട്ടിയ മാതിരി എഴുന്നള്ളും. അച്ഛന് നടക്കാൻ വയ്യാന്നു പറഞ്ഞാൽ ഇല വെട്ടുന്ന പെണ്ണുങ്ങളുടെ കയ്യിൽ ഒളിപ്പിച്ചു അയച്ചു കൊടുക്കും… അയാൾക്കിട്ടു രണ്ടെണ്ണം പെരുക്കാമെന്നു വെച്ചാൽ പ്രായം ആയ ആളാണ് താനും.. എങ്ങാനും അടി കൊണ്ട് തട്ടിപ്പോയാൽ അകത്താവും! വരട്ടെ, കയ്യിൽ കിട്ടും… അത് വരെ ക്ഷമ ആട്ടിൻസൂപ്പിന്റെ ഗുണം ചെയ്തോട്ടെ.. ”
ഏതാണ്ടൊക്കെ ആലോചിച്ചു തോന്നുംപോലെ നിന്നപ്പോൾ ‘പടക്കെ’ എന്നൊരു അടി ചന്തിയ്ക്കു കിട്ടി.
“എന്തോന്ന് ആലോചിച്ചോണ്ടേ നില്കുവാടാ? നിനക്കിനി ശെരിക്കും കാമുകി വല്ലോം ഒണ്ടോ? അച്ഛൻ അങ്ങനെ ചലപിലാ ഓരോന്നൊക്കെ പറയും, നീ അതൊന്നും ശ്രദ്ധിയ്ക്കണ്ട… വാ വന്നു കഞ്ഞി കുടിക്ക് ” എന്നും പറഞ്ഞു എന്റെ കയ്യിൽ ചേച്ചി കേറി പിടിച്ചു വലിയ്ക്കാൻ തുടങ്ങി.
