ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ

 

ചുട്ടൻ മൂപ്പൻ ശേഖരന്റെ അകന്ന ബന്ധത്തിലുള്ള ഒരാളാണ്. ഒരു അറുപതു വയസ്സെങ്കിലും ഉണ്ടാവും. കരിംപന കുന്നിന്റെ അപ്പുറത്തു വശത്തു അവരുടെ ഒരു കുടുംബക്കാവിൻറെ ‘ഇൻചാർജ്’ അദ്ദേഹമായിരുന്നു. എട്ടാം ക്ലാസിലെ അവധിക്കു ഒരു ദിവസം അവന്റെ കൂടെ അവിടെയൊരു പൂജ കാണാൻ ഞാനും പോയി. അച്ഛന്റെ ഓർഡർ കാരണം മറ്റു സമുദായങ്ങളിലോ ജാതികളിലോ ഉള്ള ആൾക്കാരുടെ ചടങ്ങുകളിൽ പങ്കെടുക്കുക എന്നത് കടുത്ത ആചാര ലംഘനം ആയിരുന്നു. എങ്കിലും ഒഴിച്ച് കൂടാത്ത സാഹചര്യങ്ങളിൽ അച്ഛൻ പോകാറുമുണ്ടായിരുന്നു. ആ വാശിപ്പുറത്താണ് ശേഖരന്റെ കൂട്ടത്തിൽ ഉള്ളവരുടെ പൂജയിൽ സംബന്ധിക്കാൻ എനിക്ക് താല്പര്യം തോന്നിയത്.

അവരുടെ കാവിനുള്ളിൽ ചുവപ്പും കറുപ്പും പച്ചയും മാത്രമേ കാണാൻ ഉള്ളായിരുന്നു. കർമ്മികൾ എല്ലാം കറുപ്പ് വേഷം. മൂപ്പൻ ചുവപ്പു വേഷം. വിഗ്രഹങ്ങൾക്ക് പകരം കല്ലുകൾ ആയിരുന്നു. അവയിലെല്ലാം ചുവന്ന തുണി ആണ് ഉടയാടയ്ക്കു പകരം. അക്ഷതവും ഹോമകുണ്ഡവും ഇല്ല. ആർക്കും പൂണുനൂലുകളുമില്ല. പൂക്കളെല്ലാം ചുവപ്പു നിറം.കുമ്പളങ്ങയ്ക് പകരം ജീവനുള്ള ബലിമൃഗങ്ങൾ. ശേഖരന്റെ നിർദ്ദേശം അനുസരിച്ചു ഞാൻ കയ്യും കൂപ്പി അവിടെ നിന്നു. അൽപനേരം കഴിഞ്ഞപ്പോൾ മൂപ്പൻ ഒരു വാളും കയ്യിൽ പിടിച്ചു ഉറഞ്ഞു തുള്ളാൻ തുടങ്ങി. കുപ്പിയിൽ വെച്ചിരുന്ന വെള്ളമെടുത്തു വീണ്ടും വീണ്ടും കുടിച്ചു കൊണ്ട് തുള്ളുന്നത് കണ്ടപ്പോഴാണ് എനിക്ക് മനസ്സിലായത് അത് വെള്ളം അല്ല ചാരായം ആണെന്ന്. തുള്ളലിന്റെ പാരമ്യം എത്തിയപ്പോൾ ബലിമൃഗങ്ങളെ അവിടെ വെച്ച് തന്നെ അറുത്തു രക്തം കല്ലുകളിൽ അഭിഷേകം ചെയ്തു.

മൂപ്പൻ തുള്ളിയുറഞ്ഞ് കാവിനു വെളിയിലേക്കു പോയപ്പോൾ ആരും പിന്നാലെ പോകാഞ്ഞത് കണ്ടു ഞാൻ അത്ഭുതപ്പെട്ടപ്പോൾ ശേഖരൻ പറഞ്ഞു “അതൊന്നും നോക്കണ്ട, ഇങ്ങു വരും. ദേഹത്തു നിന്നും ദേവി ഇറങ്ങി കഴിയേണ്ട താമസമേയുള്ളു”

അല്പം കഴിഞ്ഞപ്പോൾ അതാ മൂപ്പൻ ശാന്ത രൂപത്തിൽ നടന്നു വന്നു കാവിനുള്ളിലെ ഒരു ഉയര്ന്ന കല്ലിൽ കയറി ഇരുന്നു ഓരോരുത്തരെ ആയി അടുത്തേക്ക് വിളിച്ചു കല്ലിന് ചുവട്ടിൽ കിടന്ന ഒന്ന് രണ്ടു പൂക്കൾ കയ്യിൽ കൊടുത് നെറ്റിയിൽ കൈവെച് അനുഗ്രഹിച്ചു വിടുന്നു. ദക്ഷിണ നൽകുന്നതിന് പകരം ആളുകൾ കുപ്പിയിൽ ചാരായവും പുകയിലക്കെട്ടും ഒക്കെ കാൽക്കൽ വെച്ച് മടങ്ങുന്നു. ശേഖരനെ വിളിക്കാഞ്ഞപ്പോൾ എനിക്കെന്തോ അപാകത തോന്നി. ഞാൻ കൂടെ ഉള്ളത് കൊണ്ടാണോ എന്നൊരു അങ്കലാപ്പ്. അവസാനം ശേഖരനെ വിളിച്ചപ്പോൾ കൂടെ ചെല്ലാൻ ഞാൻ മടിച്ചു നിന്നു. ശേഖരൻ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് മൂപ്പന്റെ അടുത്തേക്ക് നടന്നു.

 

“ഇന്നത്തെ പൂജ കേമം ആയിരുന്നു മൂപ്പാ. ഇടവിരുത്തൽ തുടങ്ങാൻ നേരമായോ എന്തോ ” ശേഖരൻ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.

 

കാവ് മുഴുവൻ പ്രതിധ്വാനി കൊള്ളിച്ചു മൂപ്പൻ “ഹ.ഹ ഹ ഹ ” എന്ന് അട്ടഹസിച്ചു.

 

“ഇല്ലാണ്ടെന്താ, പുള്ള എല്ലാം എടുത്തോണ്ട് പോന്നോള്” എന്നും പറഞ്ഞു കല്ലിൽ നിന്നും ഇറങ്ങി പുറത്തേക്കു നടന്നു. ശേഖരൻ കാവിനുള്ളിൽ നിന്നൊരു ഇഞ്ച നാരു തല്ലിയെടുത്തു കുപ്പികളും പുകയിലയും പൊതികളും എല്ലാം ഭദ്രമായി കെട്ടി. തലയിലെ തോർത്ത് അഴിച്ചു എല്ലാം അതിലേക്കു എടുത്തു ഒരു ഭാണ്ഡം പോലെ ചുറ്റി. ഞാൻ ഇതെല്ലാം ആദ്യമായി കാണുന്നത് കൊണ്ട് ഒരു കൊച്ചു കുഞ്ഞിനെ പോലെ നോക്കി നിന്നു.

 

“വാ തംബ്രാ, ഇന്ന് ഇനി ശേലായിരിക്കും” എന്നും പറഞ്ഞു ശേഖരന്കുട്ടി ഭാണ്ഡം എടുത്തു എന്നെ വിളിച്ചു. അവൻ മുൻപിലും ഞാൻ പിന്നിലുമായി ഞങ്ങൾ കുന്നിന് വഴിയിലൂടെ നടന്നു. അല്പം കഴിഞ്ഞപ്പോൾ ഒരു കണ്ട ഒരു ചെറിയ കുടിലിലേക്ക് ശേഖരന്റെ കൂടെ ഞാനും ചെന്നു. ചാണകം മെഴുകിയ പനയോല മേഞ്ഞൊരു കുടിൽ ആണെങ്കിലും അവിടൊരു പ്രസരിപ്പ് നില നിന്നിരുന്നു. ഇരിക്കാൻ പരമ്പ്‌ മാത്രമേ ഉള്ളു. ഒരു വശത്തു നീട്ടി വിരിച്ചതിൽ മൂപ്പൻ ഇരിക്കുന്നു മറു വശത്തു ഒരെണ്ണം കൂടി വിരിച്ചിരിക്കുന്നു.

 

“ആ വന്നാട്ടെ.. അല്പം കുലമഹിമ ഉള്ളവർ വരുമ്പോൾ ഇരുത്താൻ ഇവിടെ ഇത് മാത്രമേ ഉള്ളല്ലോ എന്നോർത്ത് വിരിച്ചിട്ടതാണ്. ഇരിക്കുമോ എന്തോ” എന്ന് മൂപ്പൻ അല്പം നാക്കു കുഴഞ്ഞ സ്വരത്തിൽ പറഞ്ഞു.

 

“കൊച്ചമ്പ്രാൻ നമ്മുടെ സ്വന്തം ആളാണ് മൂപ്പാ. അങ്ങനൊന്നും ഇല്ല”

 

എന്റെ കുലവും തറവാടും ഒക്കെ മൂപ്പൻ അറിഞ്ഞത് ദിവ്യ ശക്തി കൊണ്ടാണെന്നു ഞാൻ നിനച്ചു. കൂടുതൽ അത്ഭുതങ്ങൾ ഒക്കെ കാണാൻ കഴിയും എന്നോർത്ത് ഒരു ഉത്സാഹം തോന്നി.

 

ശേഖരൻ ഭാണ്ഡം അഴിച്ചു കുപ്പിയും പുകയിലയും ഇലപ്പൊതികളും എല്ലാം മൂപ്പന്റെ മുൻപിൽ നിരത്തി വെച്ച് മാറി നിന്നു.

 

ഇരിയ്ക്കു പുള്ളേ, പറയാൻ ഉണ്ടെന്നു പറഞ്ഞപ്പോൾ ശേഖരൻ എന്നെ ഇരിക്കാൻ കണ്ണുകാണിച്ചു. ഞാൻ ഇരുന്നപ്പോൾ ശേഖരൻ അവിടെ മൂലയ്ക്ക് കിടന്ന ഒരു കല്ലെടുത്തു മൂപ്പന്റെ അടുത്ത് മുറ്റത്തു ഇട്ടു കൂനിക്കൂടി ഇരുന്നു. ആ ഇരുപ്പിൽ ഭവ്യതയും ബഹുമാനവും എല്ലാം വ്യെക്തമാണ്. മൂപ്പൻ ഒരു കുപ്പി തുറന്നു മട മടാന്നു ചാരായം അകത്താക്കി. ഒരു ഇലപ്പൊതി മണത്തു നോക്കിയിട്ടു അത് അഴിച്ചു. അതിൽ പുഴമീൻ വറുത്തത് ആയിരുന്നു. അല്പം അകത്താക്കി കൊണ്ട് മൂപ്പൻ എന്തോ ഓർത്തെടുത്തു പറയാൻ തുടങ്ങി

 

“ഞാനൊരു പത്തു പതിനഞ്ചു കൊല്ലം മുൻപേ കാവിൽ ഉറഞ്ഞു കഴിഞ്ഞു കുടിയിലേക്കു പോരാൻ നേരം, തല്ലിയലച്ചു കൊണ്ട് ഒരു സ്ത്രീയും ഭർത്താവും ഓടി വന്നു. അവരുടെ ഒരേയൊരു പെങ്കൊച്ചിനു ബാധ കേറിയിട്ടു പാടില്ല, ആരെ കാണിച്ചിട്ടും ഭേദമില്ലാ, കൈവിടരുത് എന്നൊക്കെ കരഞ്ഞു പറഞ്ഞു. സഹായിക്കാമെന്ന് ഞാനും ഏറ്റു. ”

“ആ കാണുന്ന പാറക്കൂട്ടം കണ്ടില്ലേ, അതിനപ്പുറത്താരുന്നു അവരുടെ തറവാട്. അര ദിവസത്തെ നടത്ത. യോഗ്യരാണ്, വെച്ചാരാധന ഒക്കെയുള്ള കേമപ്പെട്ട തായ്‌വഴിയിലെ ഒരു നായർ തറവാട്…” മൂപ്പൻ വടക്കുള്ള പാറക്കൂട്ടത്തിലേക്കു ചൂണ്ടിക്കൊണ്ട് പറഞ്ഞു.

 

“ആളെ കണ്ടാലേ ഭഗവതി മനസ്സിൽ പറയും, ദീനമാണോ അഭിനയമാണോ എന്ന്. അത് പണ്ടേയുള്ള ഒരു അനുഗ്രഹമാണ്. അതുകൂടാതെ മറ്റൊരു അനുഗ്രഹവും കിട്ടിയിട്ടുണ്ട് ജന്മനാ. അത് വഴിയേ പറയാം. ചെന്ന് കണ്ടപ്പോൾ നല്ലൊരു സുന്ദരി കുട്ടി. ഇരുപതിന്‌ അടുത്ത് പ്രായമുണ്ട്. നെല്കതിരിന്റെ നിറം. ഉടുത്തിരിക്കുന്ന തുണി പറിച്ചു കളയുന്നത് കാരണം കൈ രണ്ടും പിന്നിലേക്ക് കെട്ടി തൂണിൽ കെട്ടിയിട്ടിരിക്കുകയാണ്. ആദ്യം കണ്ടപ്പോൾ ഭഗവതി ഉള്ളിൽ തെളിഞ്ഞു ചിലതു പറഞ്ഞു തന്നു. അപ്പോൾ തന്നെ വീട്ടുകാരോട് കുറച്ചു ഇളനീര് സംഘടിപ്പിക്കാൻ പറഞ്ഞു. കൂടെ സഹായത്തിനു രണ്ടാളെയും. എല്ലാം ഞൊടിയിടയിൽ എത്തി”

Leave a Reply

Your email address will not be published. Required fields are marked *