“ആദി..”
വിളിച്ചു തീരുന്നതിനു മുൻപേ അവൻ തൻ്റെ അമ്മയുടെ മാറിലേക്ക് വീണ് വിങ്ങി പൊട്ടി. കരഞ്ഞാലെങ്കിലും അവൻ്റെ സങ്കടം കുറച്ച് കുറയുമെല്ലൊ എന്ന് കരുതി പൂജ മറുത്തൊന്നും പറഞ്ഞില്ല. കൂടെ അവൻ്റെ തലമുടിയിൽ മെല്ലെ തഴുകി.
“സാരമില്ലടാ, ഞാനും നിന്നെപ്പോലെയല്ലെ. ഞാനും ഒരുപാട് ആശിച്ചതല്ലെ. നമ്മക്ക് അത് വിധിച്ചിട്ടില്ലെന്ന് കരുതി സമാധാനിക്ക്,” പൂജ അവനെ ചെറുതായൊന്ന് ആശ്വസിപ്പിക്കാൻ പറഞ്ഞു.
“ഞാൻ എത്ര ആശിച്ചുന്നറിയോ അമ്മയ്ക്ക്. എപ്പഴും ഈ അച്ചൻ ഇങ്ങനാ പറ്റിക്കും,” അവൻ ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു.
“ദീപു ഏട്ടന് ബൈക്കും മൊബൈലും ടാമ്പും ക്രിക്കറ്റ് ബാറ്റും എല്ലാം വാങ്ങി കൊടുക്കും. പറയണ സ്ഥലത്തൊക്കെ കൊണ്ടോവും. എനിക്ക് മാത്രം ഒന്നൂല്ല. എല്ലാം അവന്, എനിക്ക് ഒന്നും ഇല്ല.”
“അവൻ നിന്നെക്കാളും മുതിർന്നതല്ലെ, അതുകൊണ്ടല്ലെ.”
“അല്ല, ന്നോട് സ്നേഹമില്ലാഞ്ഞിട്ടാ. എന്നെ ആർക്കും ഇഷ്ട്ടല്ലാ, അതാ.”
“ആദി, നിനക്ക് ഞാനില്ലെ. അമ്മ നിന്നോട് സ്നേഹ കുറവ് കാട്ടിട്ടുണ്ടോ?”
പൂജ അത് പറഞ്ഞപ്പോൾ ആദി കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി അമ്മയെ ഒന്ന് നോക്കി. ശരിയാ, ഈ ഭൂമിയിൽ അവന് ഏറ്റവും ഇഷ്ട്ടം അവൻ്റെ അമ്മയെയാ. അമ്മ മാത്രം എപ്പഴും അവൻ്റെ സൈഡാ.
“ഞാനിനി എൻ്റെ ഫ്രണ്ട്സിനോടൊക്കെ എന്ത് പറയും? അവരൊക്കെ എന്നെ കളിയാക്കി കൊല്ലും.”
“നീയതിന് തള്ളി മറിച്ചിട്ടല്ലെ!”
“ഞാൻ തള്ളി മറിച്ചിട്ടൊന്നും ഇല്ല. അച്ഛൻ പറഞ്ഞ് പറ്റിക്കുംന്ന് ഞാനറിഞ്ഞോ.”
പൂജയുടെ കൈയ്യിൽ അതിന് മറുപടി ഉണ്ടായിരുന്നില്ല.
“ഇനി എപ്പഴാ അച്ഛൻ വരുന്നതമ്മേ?”
“അച്ഛൻ ഇനി രണ്ട് വർഷം കഴിയും.”
“അപ്പോ ചേട്ടൻ?”
“നമ്മടെ കമ്പനിയിൽ അവനൊരു ജോലി ശരിയാക്കിയത്രെ. അതാ അവര് നേരെത്തെ പോയത്.”
“അതിന് നമ്മളെ ഒഴിവാക്കിയത് എന്തിനാ?”
“അറിയില്ല.”
ഒരു നേർത്ത നെടുവീർപ്പിന് ശേഷം അവൾ പറഞ്ഞു.
“എപ്പഴും..ഇങ്ങനാ..” ആദി അമ്മയുടെ മാറിൽ കിടന്നുകൊണ്ട് ദൂരേയ്ക്ക് നോക്കി പറഞ്ഞു.
“അല്ലെങ്കിലും. ആദ്യമായിട്ടാണോ അവർ നമ്മളെ ഒഴിവാക്കുന്നത്. അവർ രണ്ടാളും തീരുമാനിക്കും, നമ്മൾ രണ്ടാളും അനുസരിക്കും. എത്ര കാലമായി നമ്മളെല്ലാരും കൂടി ഒന്ന് ഒന്നിച്ചിരുന്ന് സംസാരിച്ചിട്ട്? ഒന്ന് ഭക്ഷണം കഴിച്ചിട്ട്? ഒന്ന് പുറത്ത് പോയിട്ട്? എപ്പഴും ബിസിനസ് ബിസിനസ്. നിനക്ക് നിൻ്റെ അച്ഛനും ഇല്ല, എനിക്ക് എൻ്റെ ഭർത്താവും ഇല്ല.”
പൂജ അത്രയും നേരം അടക്കിപ്പിടിച്ച വിഷമം മുഴുവൻ ഉണ്ടായിരുന്നു അവളുടെ ആ വാക്കുകളിൽ.
“വാ..എണീക്ക്. വേഗം പോയി കുളിക്ക്. യൂണിഫോമോടെ ഇരിക്കണ്ട,” പൂജ അതും പറഞ്ഞ് എഴുന്നേറ്റ് അവൻ്റെ ഒരു കൈ പിടിച്ച് വലിച്ച് അവനെ എഴുന്നേൽപ്പിച്ചു.
കലങ്ങിയ കണ്ണുകളുമായി അവൻ മെല്ലെ നടന്നു. അതും നോക്കി പൂജ നിന്നു.
ഗോവിന്ദാ കമ്പനിയുടെ ഉടമസ്ഥനായ ഗോവിന്ദൻ്റെ ആദ്യ ഭാര്യ മരിച്ചപ്പോൾ ഇനിയൊരു കല്യാണം വേണ്ടന്ന് വെച്ചതാണ്. പക്ഷേ ഒറ്റയ്ക്കായ തൻ്റെ മകൻ ദീപുവിന് ഒരു അമ്മയെ വേണം എന്ന് എല്ലാരും കൂടി പറഞ്ഞപ്പം ഗോവിന്ദൻ രണ്ടാമത് കല്യാണം കഴിച്ചതാണ് പൂജയെ.
18 വയസ്സ് മാത്രം പ്രായമുള്ള സുന്ദരിയായ പൂജയെ പണത്തിൻ്റെ പവ്വറും കൊണ്ടാണ് ഗോവിന്ദന് കിട്ടിയതെന്ന് എല്ലാർക്കും അറിയാം. നിർധന കുടംബത്തിലെ പൂജയ്ക്കും അതൊരു നല്ല ആലോചനയായിരുന്നു. ഇട്ട് മൂടാൻ സ്വത്ത്, സിംഗപ്പൂരിൽ സ്വന്തമായി രണ്ട് കമ്പനികൾ വലിയ വീട്, കാറ്… അങ്ങനെ എല്ലാം കൊണ്ടും ഭാഗ്യം തന്നെ.
നന്നായി പഠിക്കുമായിരുന്നു പൂജ. വലിയ ലക്ഷ്യങ്ങളൊക്കെ ഉണ്ടായിരുന്നു മനസ്സിൽ ബുക്ക് വായന ആയിരുന്നു പൂജയുടെ ഇഷ്ട്ട ഹോബി. ഒരുപാട് പുസ്തകങ്ങൾ വായിച്ച് കൂട്ടാറുണ്ട്. അവൾ ആഗ്രഹിച്ച ജോലിക്ക് ഒന്നും പോവ്വാൻ പറ്റിയില്ലങ്കിലും സമയം കിട്ടുംമ്പോഴോക്കെ ബുക്ക് വായിക്കും, അത് മാത്രമാണ് ഇപ്പഴും കൂടെയുള്ളത്.
വർഷം ഒന്ന് കഴിയുമ്പേഴേക്കും പൂജ ഒരു ആൺകുഞ്ഞിന് ജന്മം നൽകി ആദി. ഗോവിന്ദന് പൂജയെ അത്ര വലിയ ഇഷ്ട്ടമോ അനിഷ്ട്ടമോ ഇല്ലായിരുന്നു. ഭാര്യ എന്ന് പറയാൻ ഒരു സ്ത്രീ, അത്ര തന്നെ.
