“ഓ…വെക്കേഷനൊക്കെ അല്ലെ അങ്കിൾ, ഒന്ന് വീട് വരെ പോയി നിൽക്കാം എന്ന് കരുതി,” പൂജ ചെരുപ്പ് ഇടുന്നതിനിടയിൽ പറഞ്ഞു.
“ഹാ…അതു കൊള്ളാം, കൊച്ചിന് കളിക്കാൻ ആളെ കിട്ടുമല്ലോ. ശരി… ശരി… പോയിട്ട് വാ” അതും പറഞ്ഞ് കേണൽ അങ്കിൾ കുത്തിപ്പിടിച്ച വടിയും ചുഴറ്റി മെല്ലെ നടന്നകന്നു.
“അമ്മ എന്തിനാ അങ്കിളിനോട് നുണ പറഞ്ഞേ?” ആദി പൂജയുടെ അടുത്തെത്തി സംശയം പ്രകടിപ്പിച്ചു.
“ഹാ, ന്നിട്ട് വേണം നാട്ടുകാരൊക്കെ അറിയാൻ. ഇത് നമ്മള് രണ്ടാളും മാത്രം അറിഞ്ഞാൽ മതി. മനസ്സിലായോ?”
ആദി തലയാട്ടി.
“ടാ… കയറ്” പൂജ വേഗം ഡ്രൈവിംങ് സീറ്റിലേക്ക് കയറി.
ആദി തൻ്റെ മുടിയൊന്ന് ഒതുക്കി കൈയ്യിൽ കരുതിയ തൊപ്പിയും വെച്ച് കാറിൽ അമ്മയുടെ അടുത്ത് മുന്നിൽ തന്നെ ഇരുന്നു.
“ടാ പൊട്ടാ. നിനക്ക് കഴിഞ്ഞ വെക്കേഷനിൽ ഡ്രൈവിങ് പടിചൂടായിരുന്നോ. ഇതിപ്പം മുഴുവൻ ഞാൻ തന്നെ ഓടിക്കേണ്ട ഗതി ആയല്ലോ.”
പൂജ വണ്ടി മുന്നോട്ട് എടുത്തു.
“അതെങ്ങനാ. അച്ഛനും ചേട്ടനും സമ്മതിക്കണ്ടേ?” ആദി വിഷമം കാണിച്ചു.
“അത് വോറൊരു കഥ” അതും പറഞ്ഞ് പൂജ വണ്ടി നിർത്തി ഇറങ്ങി വീടിൻ്റെ ഗയ്റ്റ് അടച്ച് വീണ്ടും വണ്ടിയിൽ കയറി.
“അപ്പോ നമുക്ക് തൊടങ്ങാല്ലെ” പൂജ ചിരിച്ചുകൊണ്ട് ആദിയെ നോക്കി.
“പിന്നല്ല” ആദി ത്രില്ലിലാണ്.
പൂജ കാർ മുന്നിലേക്ക് പായിച്ചു.
“ഇത് ലോകത്തെ ആദ്യത്തെ സംഭവം ആയിരിക്കും,” പൂജ തൻ്റെ മുന്നിലെ ബസ്സിനെ ഓവർ ടേക്ക് ചെയ്ത് കൊണ്ട് പാഞ്ഞ് പോകുന്നതിനിടയിൽ പറഞ്ഞു.
“എന്ത്?”
“ഒരമ്മയും മകനും വീട്ടുകാരും നാട്ടുകാരും അറിയാണ്ടെ ടൂറ് പോകുന്നത്.”
“അത് ശരിയാ” ആദി പൊട്ടിച്ചിരിച്ചു, കൂടെ പൂജയും.
ഓരോ വണ്ടികളെയും പിന്നില്ലാക്കി കൊണ്ടുള്ള പൂജയുടെ അതിവേഗത്തിലുള്ള ഡ്രൈവിംങ് കണ്ട് ആദി അതിശയിച്ചു ഇരുന്ന് പോയി.
“അമ്മ പൊളിയാണല്ലോ.”
“അത് നിനക്ക് ഇപ്പഴാണോ മനസ്സിലായെ?”
“അറിയാം, പക്ഷേ ഇത്രയ്ക്ക് ഉഷാറാന്ന് അറിയൂലായിന്ന്.”
“ടാ, നീ എൻ്റെ ഈ മുടിയൊന്ന് കെട്ടി തന്നേ” ഡ്രൈവിങിനിടയിൽ കെട്ടാതെ വെച്ച മുടി തൻ്റെ മുഖത്തേക്ക് വരുന്നതറിഞ്ഞ പൂജ അവനെ നോക്കി പറഞ്ഞു.
“ഞാൻ എങ്ങനെ കെട്ടും? വണ്ടി നിർത്തി അമ്മ തന്നെ കെട്ടിക്കോ.”
“ഈ ഹൈവേല് വണ്ടി നിർത്താനോ നീ ബാക്ക് സീറ്റില് പോയിട്ട് എൻ്റെ മുടി ഒന്ന് വാരി കെട്ടിവെച്ചാ മതി, ഈ ക്ലിപ്പ് ഇട്ടാ മതീ” പൂജ അവന് നേരെ ക്ലിപ്പ് നീട്ടി.
അത് കേട്ടതും ആദി മുന്നിൽ നിന്നും പിറകിലേ സീറ്റിലേക്ക് മാറി ഇരുന്ന് പൂജയുടെ പാറി കളിക്കുന്ന മുടിയെല്ലാം കൈയ്യിലൊതുക്കി.
“എന്ത് ഭംഗിയാ അമ്മേടെ മുടിയ്ക്ക്” ആദി ചിരിയോടെ പറഞ്ഞു.
“ആണോ, നിനക്കും കിട്ടിട്ടില്ലെ ഒരു ഭാഗം.”
“എല്ലാരും പറയും അമ്മേടെ അതെ ഗ്ലാമറാ എനിക്കെന്ന്.”
അതും പറഞ്ഞ് അവൻ പൂജയുടെ മുടി ഒതുക്കി കെട്ടി വെച്ചു. സമയവും ദൂരവും കടന്ന് പോയി കൊണ്ടിരിന്നു. വെയിൽ ഉച്ചിയിലെത്തിയിരിക്കുന്നു. പൂജ ഒരു ഐസ്ക്രീം പാർലറിൻ്റെ മുന്നിൽ നിർത്തി. ഉടനെ ആദി ചാടിയിറങ്ങി.
“ഞാൻ വാങ്ങിച്ചോളാം” അവൻ ഉള്ളിലേക്ക് ഓടി കയറി.
പൂജ ഒന്ന് പുറത്തിറങ്ങി തൻ്റെ നടുവൊന്ന് നിവർത്തി. നേരെത്തെ വാങ്ങിയ മിനറൽ വാട്ടർ കൊണ്ട് മുഖമൊന്ന് കഴുകി. അപ്പോഴെക്കും ആദി വന്നു. ആദി ഒരു കൈ അമ്മയുടെ നേരെ നീട്ടി.
“അമ്മേടെ ഫേവറൈറ്റ് ചോക്കോബാർ.”
“നിനക്ക് എങ്ങനെ അറിയാം?”
“അതൊക്കെ എനിക്കറിയാന്നെ” അവൻ ഗമയോടെ അവന് വാങ്ങിച്ച ഐസ്ക്രീം നുണഞ്ഞ് കൊണ്ട് പറഞ്ഞു.
“ന്നാലും?” പൂജ അവൻ്റെ അരികിലേക്ക് നിന്ന് സംശയം പ്രകടിപ്പിച്ചു.
“അതൊക്കെയുണ്ട്” അവൻ ചെറിയ രഹസ്യ സ്വഭാവത്തിൽ മെല്ലെ പറഞ്ഞു.
“എങ്ങനാടാ?” പൂജ അവൻ്റെ വയറ്റിൽ മെല്ലെ ഇക്കിളി കൂട്ടി.
“ഹാ അമ്മേ..എന്നോട് കളിക്കല്ലെ.”
“ന്നാ പറ, എങ്ങനറിഞ്ഞു?” പൂജ ഇക്കിളിയുടെ ശക്തി കൂട്ടി.
“ഞാൻ..അമ്മേടെ ഡയറി വായിച്ചു,” അതും പറഞ്ഞ് അവൻ ഓടി കാറിൽ കയറി ഇരുന്നു.
“അയ്യേ..നാണമില്ലെടാ ചെക്കാ, ഒരാളുടെ സമ്മതമില്ലാതെ അയാളെ ഡയറി വായിക്കാൻ” ചോക്കോ ബാറിൻ്റെ അവസാനംവരെ കഴിച്ച് കൈയ്യൊന്ന് തുടച്ച് പൂജയും കാറിലേക്ക് കയറി അവനെ കളിയാക്കി.
