“നമ്മള് ന്ന് പറഞ്ഞാൽ?” ആദി അമ്മയുടെ നേരെ തിരിഞ്ഞിരുന്നു.
“ഞാനും നീയും.”
“ആഹാ, ബെസ്റ്റ്. നുണ ആണേലും കേൾക്കാൻ രസണ്ട്.”
ആദി വീണ്ടും മഴയിലേക്ക് തന്നെ നോക്കിയിരുന്നു.
“അതെന്താ നമ്മള് രണ്ടാളും പോയാ പുളിക്കോ?” പൂജ ഉറച്ചു നിന്നു.
“സത്യം?” ആദി വിശ്വാസം വരാതെ വീണ്ടും അമ്മയെ നോക്കി.
“ഹം” പൂജ അവനെ നോക്കി മെല്ലെ ചിരിച്ചു.
“എങ്ങോട്ട്?” അവൻ ഉത്സാഹിതനായി.
“നിനക്ക് ഇഷ്ട്ടമുള്ളിടതൊക്കെ.”
“മൂന്നാർ?”
“യ്യോ..ദാരിദ്ര്യം,” പൂജ അവനെ കളിയാക്കി ചിരിച്ചു.
“ന്നാ അമ്മ പറ, എങ്ങോട്ടാ?” അവൻ അമ്മയുടെ ഉത്തരത്തിനായി കാത്തു.
“നമുക്ക് ബാംഗ്ലൂർ വഴി മുബൈയിലേക്ക് ഒരു പിടി പിടിച്ചാലോ?”
“യൂ മീൻ മഹാരാഷ്ട്ര?”
“യാ” പൂജ അവനെ നോക്കി ഉറപ്പിച്ചു.
“പൊളി” ആദി തൻ്റെ ഊർന്ന് വീണ മുടി ഒതുക്കി ചിരിച്ചു.
“പക്ഷേ എങ്ങനെ പോവും?” അവൻ സംശയത്തോടെ തൻ്റെ അമ്മയെ നോക്കി.
പൂജ തൻ്റെ കണ്ണുകൾ കൊണ്ട് താഴേയ്ക്ക് കാണിച്ചു. ആദി അമ്മ കാണിച്ച സ്ഥലത്തേക്ക് നോക്കി. താഴെ കാർപോർച്ചിൽ കിടക്കുന്ന ഓഡി കാർ. അവൻ സന്തോഷം കൊണ്ട് അമ്മയെ നോക്കി. ഇരുവരും പരസ്പരം അവരുടെ കൈകൾ തമ്മിൽ അടിച്ചു.
“അപ്പോ സെറ്റ്.”
“പിന്നല്ല” പൂജ അവനെ നോക്കി കണ്ണിറുക്കി കൊണ്ട് ചിരിച്ചു.
“നമ്മൾ എന്നാ പോണെ?”
“നാളെ” പൂജ അവനെ സ്റ്റൈലിൽ ഒന്ന് നോക്കി.
“കൊല മാസ്സ്” അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“നിൻ്റെ സങ്കടൊക്കെ പോയോ?”
“എപ്പഴേ പോയി.”
“കള്ള തെമ്മാടി” പൂജ അവനെ ചേർത്ത് പിടിച്ചു കൊണ്ട് ചിരിച്ചു.
രാവിലെ തന്നെ രണ്ടാളും നേരെത്തെ തന്നെ എഴുന്നേറ്റ് ബാഗെല്ലാം പാക്ക് ചെയ്തു.
“ഇനി എന്തെലും ഉണ്ടേല് പോകുന്ന വഴിക്ക് വാങ്ങാം,” ബാഗെല്ലാം പാക്ക് ചെയ്യുന്നതിനിടയിൽ പൂജ പറഞ്ഞു.
“നീ വേഗം പോയി റെഡിയാവ്. ഞാനാ സരളയോട് ഒന്ന് പറയട്ടെ ഇനി കുറച്ച് ദിവസത്തെക്ക് വരണ്ടാന്ന്,” അതും പറഞ്ഞ് പൂജ തിരിഞ്ഞപ്പോൾ ആദി അവളുടെ കൈയ്യിൽ പിടിച്ചു.
“അമ്മ എനിക്ക് വേണ്ടി ഒരുപാട് കഷ്ട്ടപ്പെടുന്നുണ്ടല്ലെ.”
അത് കേട്ട് പൂജ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
“എൻ്റെ ഈ ജീവിതത്തിൽ എനിക്ക് ഈ ആദിയല്ലെ ഉള്ളു. അപ്പോ പിന്നെ നിനക്ക് വേണ്ടി ഞാൻ കഷ്ട്ടപ്പെട്ടാൽ എന്താ നീ അമ്മേടെ ആദി മോൻ അല്ലെടാ ചെക്കാ.”
“ആദിയ്ക്ക് അമ്മ കൂട്ട്” പൂജ പറഞ്ഞുകൊണ്ട് അവന് നേരെ നോക്കി.
“അമ്മയ്ക്ക് ആദി കൂട്ട്” ആദി ചിരിച്ചുകൊണ്ട് പറഞ്ഞു നിർത്തി.
ബാഗും മറ്റുമെല്ലാം കാറിൽ എടുത്ത് വെച്ച് ഷൂസിൻ്റെ ലെയ്സ് കെട്ടുകയാണ് ആദി, പെട്ടെന്നാണ് വാതിൽ അടച്ച് പൂട്ടുന്ന ശബ്ദം. കണ്ണിലേയ്ക്ക് വീണ മുടി മെല്ലെ ഒതുക്കി അവൻ ഉമ്മറത്തേയ്ക്ക് നോക്കി.
പൂജ വാതിൽ പൂട്ടി തിരിഞ്ഞു നിന്നു.
“അമ്മാ, അടിപൊളി!” സുന്ദരിയായി ഒരുങ്ങി ഇറങ്ങിയ പൂജയെ കണ്ട അവൻ ഒരു കണ്ണിറുക്കി കാണിച്ചു കൊണ്ട് പറഞ്ഞു.
പലരും പറഞ്ഞ് കേട്ടിട്ടുണ്ട്, ആദിയ്ക്ക് കിട്ടിയത് അവൻ്റെ അമ്മയുടെ സൗന്ദര്യമാണ് എന്ന്. സൗന്ദര്യത്തിൽ ആദിയേക്കാൾ ഒരു ഒന്നുരണ്ട് പടി മുകളിലാണ് പൂജ. ആദിയുടെ പോലെ മെലിഞ്ഞ ശരീരമാണ് പൂജയ്ക്ക്. നല്ല ഉയരവും. അരയ്ക്ക് ഒപ്പം എത്തുന്ന മുടി. ഈ മുടി തന്നാ ആദിയ്ക്കും എന്ന് പലരും കളിയാക്കാറുണ്ട് അവനെ.
പണ്ട് മുതലേ ഡാൻസിനോട് കമ്പമുള്ള പൂജ പ്രസവം കഴിഞ്ഞിട്ടും അത് ഉപേക്ഷിക്കാത്തതാവാം നല്ല ബോഡി ഷെയ്പ്പാണ്. കൂടാതെ ഇപ്പം യോഗയും ചെയ്യുന്നുണ്ട്. സാധാരണ മൊതലാളി കൊച്ചന്മമാരെ പോലെ കസേരയ്ക്ക് ഇരിക്കുന്ന പരിപാടി പൂജയ്ക്ക് ഇല്ലതാനും. ജോലികാരി ഉണ്ടെങ്കിലും വീട്ടിലെ ഒട്ടുമിക്ക ജോലിയും പൂജ തന്നെയാ ചെയ്യാറുള്ളത്.കൊച്ചിലെ ശീലമുള്ളതാന്നാ പൂജയുടെ പക്ഷം. അതും ഒരു കാരണമാണ് പൂജയുടെ ഈ ശരീര വടിവിന് എന്ന് സാരം.
കറുത്ത ചുരിദാറും ധരിച്ച് മൂടിയൊക്കെ പറത്തിയിട്ട് പൂജ നടന്നു വരുമ്പോൾ ആ വരുന്നത് തൻ്റെ അമ്മയാണെല്ലോ എന്ന അഹങ്കാരമാണ് ആദിയുടെ മുഖത്ത് .
“എങ്ങോട്ടാ മോളെ രാവിലെ തന്നെ രണ്ടാളും?” അടുത്ത വീട്ടിലെ കേണൽ അങ്കിൾ കുശലം ചോദിച്ചു.
