ആരോഹി Like

“എന്താടോ ഇത്ര വലിയ ആലോചന..വന്നപ്പോൾ മുതൽ ഒരു മിണ്ടാട്ടം ഇല്ലല്ലോ.”
അവൾ കൈയിലിരുന്ന കോഫി ടേബിളിൽ വച്ചു. എന്നിട്ട് എന്നെ തന്നെ ഒന്ന് നോക്കി.
“ഇന്നലെ വീട്ടിൽ പോയി വന്നതിനു ശേഷം ആണല്ലോ നീ എങ്ങനെ.. വീട്ടിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ?”
അവളുടെ പതിഞ്ഞ സ്വരം എന്റെ കാതിൽ പതിച്ചു.
“ഇന്നലെ എന്റെ പെണ്ണ് കാണൽ ആയിരുന്നു.”
എന്റെ ഉള്ളിൽ ചെറിയൊരു ഞെട്ടൽ ഉണ്ടാകാതിരുന്നില്ല. ശബ്ദത്തിൽ ഇടറൽ ഉണ്ടാകാതിരിക്കാൻ ശ്രമിച്ചുകൊണ്ട് അവളോട് ചോദിച്ചു.
“എന്നിട്ട് വീട്ടിൽ പോകുമ്പോൾ ഇങ്ങനെ ഒരു സംഭവം ഉള്ളതായി എന്നോട് നീ പറഞ്ഞില്ലല്ലോ.”
“വീട്ടിൽ എത്തിയപ്പോഴാടാ ഞാനും അറിയുന്നത് തന്നെ.”
“എന്നിട്ട് ചെറുക്കനെ നിനക്ക് ഇഷ്ടപ്പെട്ടോ?”
അത് ചോദിക്കുമ്പോഴും അവൾക്ക് ഇഷ്ട്ടപെട്ടു കാണില്ല എന്ന മറുപടി ലഭിക്കും എന്നൊരു പ്രത്യാശ എന്റെ മനസ്സിലുണ്ടായിരുന്നു. ചെറുക്കന് ആരോഹിയെ ഇഷ്ട്ടപെടാതിരിക്കാനുള്ള ഒരു കാരണവും ഞാൻ കാണുന്നില്ലായിരുന്നു. ആര് കണ്ടാലും ഒറ്റ നോട്ടത്തിൽ ഇഷ്ട്ടപെട്ടുപോകും അവളെ.
“എനിക്കങ്ങനെ പ്രതേകിച്ച് ഇഷ്ടമോ ഇഷ്ടക്കേടോ തോന്നിയില്ല. കാണാൻ കൊള്ളാം, ആസ്‌ട്രേലിയയിൽ നല്ല ഹൈ സാലറിയുള്ള ജോലി. പപ്പക്കും മമ്മിക്കും ആ ബന്ധത്തിൽ നല്ല താല്പര്യം ഉണ്ട്. അവരുടെ ഇഷ്ട്ടം എന്താന്ന് വച്ചാൽ ചെയ്തുകൊള്ളാൻ ഞാൻ പറഞ്ഞു.”
അത് കേട്ടപ്പോൾ മുഖത്ത് ഒരു പുഞ്ചിരി പടർത്തുവാൻ ഞാൻ ശ്രമിച്ചു. പക്ഷെ മനസിനുള്ളിൽ പ്രത്യാശയുടെ അവസാന കിരണങ്ങളും അസ്തമിച്ചിരിക്കുന്നത് പോലെ.
കഴിഞ്ഞ കുറച്ച് കാലങ്ങളായി എന്റെ മനസ് എന്നോട് തന്നെ ഒരു ചോദ്യം ചോദിക്കുന്നുണ്ടായിരുന്നു… ഡാ നിനക്കവളോട് സൗഹൃദത്തേക്കാളുപരി പ്രണയം കലർന്ന ഒരു സൗഹൃദം അല്ലെ ഉള്ളതെന്ന്.
ആരോഹി കല്യാണത്തെ കുറിച്ച് പറഞ്ഞ ഈ ഒരു നിമിഷം എനിക്ക് മനസിലായി എനിക്കവളോട് സൗഹൃദത്തേക്കാളുപരി പ്രണയം ആയിരുന്നു ഉണ്ടായിരുന്നതെന്ന്.
നീറുന്ന മനസോടെ ഞാൻ ചോദിച്ചു.
“കല്യാണം ഉണ്ടെങ്കിൽ ഉടനെ തന്നെ കാണുമോ?”
“അവർക്ക് മൂന്നു മാസത്തിനുള്ളിൽ കല്യാണം നടത്തണമെന്നാണ് ആഗ്രഹം.”
അവളുടെ വാക്കുകളിൽ ഒരു താല്പര്യമില്ലായിമ ഉണ്ടോ? എന്തോ ഒരു നിസ്സംഗത അവളുടെ സ്വരത്തിൽ.
ഒരു ചെറു ചിരി നിറഞ്ഞ മുഖത്തോടെ ഞാൻ ചോദിച്ചു.
“കല്യാണം കഴിഞ്ഞാൽ നീയും ഓസ്‌ട്രേലിയയിലേക്ക് പറക്കുമായിരിക്കും അല്ലെ?”
“അഹ്.. റിസൈന്‍ തീയതി ഉടനെ ഓഫീസിൽ എഴുതികൊടുക്കേണ്ടി വരും.”
ആ ഒരു വാക്കുകളിൽ നിന്നും ഞാൻ ഉറപ്പിച്ചു. അവളുടെ വീട്ടുകാർ എല്ലാം തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു.
പിന്നീട് എനിക്കൊന്നും ചോദിക്കുവാൻ കഴിഞ്ഞില്ല. ഞാൻ നിശബ്തനായി പുറത്തേക്ക് നോക്കി ഇരുന്നു. ചിന്തകൾക്ക് തീ പിടിച്ചു. അവളോട് തന്റെ ഇഷ്ട്ടം തുറന്നു പറയണമോ? വേണ്ടയോ? പറഞ്ഞാൽ ഇത്രയും നാൾ സൗഹൃദം നടിച്ചു വഞ്ചിച്ച ഒരുത്തനായി തന്നെ അവൾ കാണില്ലേ.
മനസ്സിൽ മൊത്തം ചോദ്യങ്ങൾ മാത്രം നിറഞ്ഞു. ഒന്നിനും ഉത്തരം ലഭിച്ചില്ല. പെട്ടെന്ന് അവൾ എന്തോ പറഞ്ഞത് പോലെ എനിക്ക് തോന്നി.
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.
“എന്താ?”
“നമുക്ക് പോയാലോ? നീയെന്നെ ഫ്ലാറ്റിലേക്ക് ഒന്ന് ആക്കി തരുമോ?”
ഞാൻ ഒന്ന് മൂളി. അവൾ പഴ്സ് തുറന്ന് പൈസ ബില്ലിനൊപ്പം വച്ച ശേഷം പുറത്തേക്ക് നടന്നു. കൂടെ ഞാനും.
എന്റെ മനസ് ഒരു വികാരം ഇല്ലാത്തവനെ പോലെ ആയി കഴിഞ്ഞിരുന്നു. ചെയ്യുന്നത് മൊത്തം യന്ത്രികമായിട്ടാണ്.
ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ അവൾ എന്റെ പിന്നിൽ കയറി ഇരുവശത്തും കാലുമിട്ടിരുന്നു.
ഓഫീസിൽ വർക്ക് ചെയ്യുന്ന മറ്റൊരാൾക്കൊപ്പവും അവൾ ബൈക്കിൽ യാത്ര ചെയ്തിട്ടില്ല. ആരോടും അധികം അടുപ്പം കാണിക്കാതിരുന്ന അവൾ എന്നോടൊപ്പം ബൈക്കിൽ പോകുന്നത് കാണുമ്പോൾ ഓഫീസിലുള്ള ചിലർക്കൊക്കെ ആദ്യം അത്ഭുതമായിരുന്നു. മറ്റു ചിലർക്ക് അസൂയയും.
ഞാൻ ബൈക്ക് ഓടിച്ച് തുടങ്ങിയപ്പോൾ ആരോഹി എന്റെ ചുമലിൽ മുഖം ചേർത്ത് ചേർന്നിരുന്നു. ആരോഹിയുടെ ശരീരത്തിന്റെ ഇളം ചൂടും അവളുടെ ചൂട് നിശ്വാസവും എനിക്ക് അറിയാൻ കഴിയുന്നുണ്ട്. പക്ഷെ ഒരിക്കൽ പോലും അവളിൽ നിന്നും ഉണ്ടായിട്ടുള്ള ശരീര സ്പര്ശങ്ങള് ഞാൻ രതിചിന്തകളോടെ ആസ്വദിക്കാൻ ശ്രമിച്ചിട്ടുണ്ടായിരുന്നില്ല. ഓരോ വണ്ടികളെയും പിന്നിലാക്കി ബൈക്ക് മുന്നോട്ട് പായുന്നതിനിടയിൽ എന്റെ ചിന്തകളും പിന്നിലേക്ക് പറന്നു.
.
.
ഓഫീസിൽ മാനേജരെ കണ്ട് ജോലിക്ക് ജോയിൻ ചെയ്ത ശേഷം പിന്നെ പരിചയപ്പെടുന്നത് ടീം ലീഡർ രാജേഷേട്ടനെ ആണ്. നാൽപ്പതിനോടടുത്ത പ്രായം ഉള്ള ഒരു ഒരാൾ. സൗമ്യമായ പെരുമാറ്റം. ജോലിയെക്കുറിച്ചുള്ള ഏകദേശ രൂപം പുള്ളിക്കാരൻ പറഞ്ഞു തന്നു. ഫീൽഡ് വർക്കിനെക്കാളും ഓഫീസിൽ വർക്ക് തന്നെയാണ് കൂടുതലും ഉണ്ടാവുകയെന്ന് മനസിലായി.

Leave a Reply

Your email address will not be published. Required fields are marked *