ആഴങ്ങളിൽ – 2 9

പണിക്കർ കാറിന്റെ താക്കോൽ എടുത്ത് മഹേഷിന്റെ കയ്യിലേക്ക് കൊടുത്തു. “ഐശ്വര്യമായിട്ട് വണ്ടി എടുത്താട്ടെ” മഹേഷ്‌ താക്കോൽ വാങ്ങി പോർച്ചിൽ ചെന്നു കാറിൽ കയറി.
*******
പോകുന്ന വഴി പണിക്കർ സംസാരം തുടർന്നു, ” ഇതിപ്പോ പഴയ വണ്ടിയാ, മഹേഷിന് ഓടിക്കാൻ പുതിയ വണ്ടി പോലൊരു സുഖം കാണില്ല, പക്ഷെ ഇതിലെ യാത്രാസുഖം അത് ഒരു പുതിയ വണ്ടിയിലും കിട്ടില്ല” മഹേഷ്‌ അഭിപ്രായം ഒന്നും പറഞ്ഞില്ല. വണ്ടി ഓടി കവലയിൽ എത്തിയിരുന്നു, ആദ്യമായിട്ടാണ് ഈ സ്ഥലം കാണുന്നത്, കുറച്ചു കടകൾ ചെറിയൊരു ഹോട്ടൽ, റേഷൻ കട,

ബാർബർ ഷോപ്പ് അങ്ങനെ ചെറിയൊരു കവല. സ്റ്റേഷനിലേക്ക് പിന്നെയും കുറച്ചു ദൂരമുണ്ടായിരുന്നു. അവിടെ വഴിയിൽ ഒരു ചെറിയ ആൾകൂട്ടം കണ്ടു. വഴിയിൽ ഒരു വടംവലി മത്സരം നടക്കാൻ പോകുന്നതിന്റെ അന്നൗൺസ്‌മെന്റ്, കുറച്ചു പയ്യന്മാർ നിന്ന് നാസിക്ക് ഡോൽ കൊട്ടുന്നു. ആളുകൾക്കിടയിലൂടെ കാർ കടന്നു പോയി.

“വല്ലാത്ത ശബ്ദമാ ഈ കൊട്ടിന്” ഇന്ദിരാമ്മ പുറകിൽ നിന്ന് പറഞ്ഞു.”ഓണം കഴിഞ്ഞപ്പോഴാ ഇവന്മാരുടെ വടം വലിയും ആഘോഷവുമൊക്കെ”പണിക്കർ പറഞ്ഞു കൊണ്ട് മിററിലൂടെ പുറകിലേക്ക് നോക്കി. ആഘോഷം നടക്കുന്ന സ്ഥലത്തേക്ക് ഒരു ജീപ്പ് വന്നു നിൽക്കുന്നത് കണ്ട് അയാളുടെ മുഖത്ത് ദേഷ്യം നിറഞ്ഞു.

ട്രെയിൻ അര മണിക്കൂർ ലേറ്റ് ആയിരുന്നു, മഹേഷ്‌ കാർ തണൽ ഉള്ള സ്ഥലത്ത് പാർക്ക് ചെയ്തു പുറത്തിറങ്ങി നിന്നു. പണിക്കരും ഭാര്യയും പ്ലാറ്റ്ഫോമിലേക്ക് പോയി. കുറച്ച് കഴിഞ്ഞു ട്രെയിൻ എത്തി. ആദ്യം സ്റ്റേഷനിൽ നിന്ന് ഒരു യുവതി ഇറങ്ങി വന്നു, മഹേഷ്‌ അവരെ ശ്രദ്ധിച്ചു, നല്ല പൊക്കം,

ആരും നോക്കിപ്പോകുന്ന ആകാരസൗഷ്ടവം, ഒരു ജീൻസും ടി ഷർട്ടുമാണ് വേഷം. ഫോണിൽ സംസാരിച്ചു കൊണ്ട് അവർ നടന്നു “അതേ, റയിൽവേ സ്റ്റേഷനിൽ തന്നെ, ട്രെയിൻ കുറച്ച് ലേറ്റ് ആയിരുന്നു, ഇവിടെ ഓട്ടോ ഒന്നും കാണുന്നില്ല, നിങ്ങൾ വേഗം ഇങ്ങോട്ട് വരണം” അവർ തിരിച്ചു റയിൽവേ സ്റ്റേഷന്റെ ഉള്ളിലേക്ക് തന്നെ തിരിച്ചു പോയി.

പണിക്കരും ഭാര്യയും മകളും സ്റ്റേഷനിൽ നിന്ന് ഇറങ്ങി വരുന്നുണ്ടായിരുന്നു, മഹേഷ്‌ ബാഗ് വാങ്ങാൻ കൈ നീട്ടി. പണിക്കരുടെ മകൾ ചോദ്യഭാവത്തിൽ അമ്മയെ നോക്കി “നമ്മുടെ പുതിയ ഡ്രൈവറാ മോളേ ബാഗ് അങ്ങോട്ട് കൊടുത്തേക്ക്” ഇന്ദിരാമ്മ പറഞ്ഞു.”ഹായ് ഞാൻ ആര്യ” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു “മഹേഷ്‌” അയാൾ പേര് പറഞ്ഞു, ബാഗ് വാങ്ങി കാറിന്റെ ഡിക്കിയിൽ വെച്ചു.

ആര്യയ്ക്ക് ഇന്ദിരാമ്മയുടെ അതേ ഛായ ആയിരുന്നു, വട്ട മുഖം, അത്ര മെലിഞ്ഞിട്ടല്ലാത്ത ശരീരം. കാറിൽ കയറിയതും ഇന്ദിരാമ്മ പറഞ്ഞു തുടങ്ങി “നിന്നോട് ഇത്തരം തുണിയൊന്നും ഇട്ടോണ്ട് ഈ നാട്ടിലോട്ടു വരരുതെന്ന് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ?” അവിടവിടെ കീറലുള്ള ജീൻസും ഒരു ലൂസ് ഷർട്ടുമായിരുന്നു അവളുടെ വേഷം.”ഇത് കേട്ടോ അച്ഛാ ഈ അമ്മ പറയുന്നത്, ഇതിനിപ്പോ എന്താ പ്രശ്നം?

കഴിഞ്ഞ തവണത്തെപ്പോലെ ഷോർട്സ് ഒന്നും അല്ലല്ലോ?” ആര്യ പണിക്കരോട് ചിണുങ്ങി “വീട്ടിൽ എത്തുന്ന വരെ ഞാൻ കാറിൽ നിന്ന് ഇറങ്ങുന്നില്ല പോരേ” അവൾ തന്നെ അതിന് പരിഹാരവും കണ്ടെത്തി. കാർ വടംവലി നടക്കുന്ന സ്ഥലത്തേക്ക് എത്തിയിരുന്നു അപ്പോൾ. അവർ പോയപ്പോൾ ഉള്ളതിലും വളരെയധികം ആളുകൾ വഴിയിൽ കൂട്ടം കൂടി നിൽക്കുന്നു.”നമുക്ക് ഇത് വഴി വരേണ്ടായിരുന്നു”

ഇന്ദിരാമ്മ പറഞ്ഞു.”നമ്മൾ ഇത് വഴി തന്നെ പോകും, ഇവന്മാർ നമുക്ക് വഴി മാറിത്തരും” പണിക്കർ എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ പറഞ്ഞു. മഹേഷ്‌ ഹോൺ അടിച്ചു, ആളുകൾ മാറുന്ന ലക്ഷണമൊന്നും കണ്ടില്ല.”അങ്ങോട്ടിറങ്ങി ചെന്ന് വഴി തരാൻ പറ” പണിക്കർ മഹേഷിനോട് പറഞ്ഞു.

മഹേഷ്‌ എഞ്ചിൻ ഓഫ്‌ ആക്കി കാറിന് പുറത്തിറങ്ങി. കാറിന്റെ മുൻപിലേക്കയാൾ ചെന്നു, കുറച്ച് ചെറിയ കുട്ടികൾ വടത്തിൽ പിടിച്ചു കൊണ്ട് നിൽക്കുകയായിരുന്നു അവിടെ. പൊക്കം കുറഞ്ഞു തടിച്ച ഒരു മനുഷ്യൻ മഹേഷിന്റെ മുൻപിൽ വന്നു നിന്നു “ഉം” അയാൾ എന്ത് വേണം എന്ന അർഥത്തിൽ മഹേഷിനെ നോക്കി മൂളി.

Leave a Reply

Your email address will not be published. Required fields are marked *