ഇത് ഗിരിപർവ്വം – 5അടിപൊളി  

വീണ്ടും ഉമ സൗമ്യയായി……….

ഗിരി, അത്ഭുതത്തോടെ പഴംപൊരി കടിച്ചു……

“”എന്നോട് എല്ലാം പറയുമായിരുന്നു……….”

ഉമയുടെ ശബ്ദം മാറി……….

“”ഈ നശിച്ച നാട്ടിൽ വന്നതോണ്ടാ……….””

ഉമ മഴ മേഘമായിത്തുടങ്ങിയിരുന്നു……….

പുറത്ത്, മല്ലികയുടെയും അമ്പൂട്ടന്റെയും സ്വരം കേട്ടതും ഉമ, മുഖം തുടയ്ക്കുന്നത് ഗിരി കൺകോണിൽ കണ്ടു……….

പ്രകൃതിയെ ഇരുട്ടു ബാധിച്ചു തുടങ്ങിയിരുന്നു…

ഹൃദയമുണ്ടവൾക്ക്……….

ആ ഹൃദയം പൊട്ടി കരയാൻ ഒരുപാട് കാരണങ്ങളുമുണ്ട്……

പക്ഷേ………..?

“”നിങ്ങളെന്നാ നീരാട്ടായിരുന്നോ……?””

പിൻവശത്തു നിന്ന് ഉമയുടെ ശബ്ദം ഗിരി കേട്ടു……

മറുപടി കേട്ടില്ല……….

“” രാത്രിയാകുന്നത് കാണാൻ പാടില്ലേ……….?”

അതിനും മറുപടി ഇല്ലായിരുന്നു……

അകത്ത് , ചന്ദനത്തിരിയുടെ എരിഞ്ഞ ഗന്ധം പരന്നതും ഗിരി, എഴുന്നേറ്റ് മുറ്റത്തേക്കിറങ്ങി……

ജാക്കി , അവനരുകിലേക്ക് വന്നു……

ഗിരി, വസ്ത്രം, മാറാത്തതു കൊണ്ടാകണം ജാക്കി , വീണ്ടും ചണച്ചാക്കിലേക്ക് കയറി, ചെവിയും ശരീരവും ചൊറിഞ്ഞു തുടങ്ങി…

പുറത്തെ ബൾബുകൾ തെളിഞ്ഞു… ….

മല്ലിക വാഴക്കന്നുകളെല്ലാം തന്നെ പിൻവശത്തേക്ക് മാറ്റിയിരുന്നു……

ഗിരി അസ്വസ്ഥനായിരുന്നു… ….

മനസ്സിൽ കരുതിയതെല്ലാം വഴി മാറിത്തുടങ്ങി…

മൂന്നോ നാലോ ദിവസം കൊണ്ട് തിരികെ പോകണം എന്ന് കരുതിയാണ് വന്നത്…

ഇനിയും എത്ര ദിവസം… ?

ഗാഥയുടെ മുഖം മനസ്സിലേക്ക് വന്നതും , അവന്റെ ഹൃദയം നീറിത്തുടങ്ങി…

ഒരേ ഒരു മാസം… !

അതിൽ തന്നെ നാലഞ്ചു ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു…

ഒന്നിനും ഒരുറപ്പുമില്ല……..

“ ചേട്ടായീ……..””

അമ്പൂട്ടൻ വിളിച്ചതും ഗിരി തിണ്ണയിലേക്ക് നോക്കി..

“” അമ്മ  വിളിക്കുന്നു… …. “

ഗിരി തിണ്ണയിലേക്ക് കയറി…

അത്താഴം റെഡിയാണ് , അതിന്റെ സൂചനയാണത്…

ഭക്ഷണം കഴിഞ്ഞ് മരുന്നും കഴിച്ച് ഗിരി കിടന്നു……

ഇപ്പോൾ എഫ്.എം വെക്കാറില്ലെന്ന് തോന്നുന്നു…

പുറത്തെ ശബ്ദം കേൾക്കാതിരിക്കാനാകും പാട്ടു വെച്ച് തുടങ്ങിയത്……

താനുള്ളതു കൊണ്ടാകും…

വേദന ഉണ്ടെങ്കിലും മരുന്നിന്റെ ക്ഷീണം കാരണം ഗിരിയുടെ മിഴികൾ മയങ്ങിത്തുടങ്ങി…

ഹർഷൻ സാർ , വിളിച്ചില്ലല്ലോ എന്ന് ഗിരി ഓർത്തു……

നമ്പർ കൊടുത്തിരുന്നു…

അവർ രക്ഷപ്പെട്ടു കാണുമായിരിക്കും……….

ഹർഷൻ…….!

ഗിരി അയാളെ ഒന്നുകൂടി വിശകലനം നടത്തി നോക്കി..

പുറത്തെ നിശബ്ദതയിൽ നിന്ന് ജാക്കിയുടെ ചിണുങ്ങലും നേർത്ത മൂളലുകളും കേൾക്കുന്നുണ്ടായിരുന്നു..

പതിയെ . ഗിരി ഉറക്കത്തിലേക്ക് വഴുതിത്തുടങ്ങി…….

ഒരു തണുത്ത കാറ്റ് തന്നെ വലയം ചെയ്യുന്നതു പോലെ ഗിരിക്കു തോന്നി…

മണിക്കൂറുകൾ കഴിഞ്ഞു……

ജാക്കി , മുറ്റത്ത് കാല്പെരുമാറ്റം കേട്ടതു പോലെ ചണച്ചാക്കിൽ നിന്ന് മുഖമുയർത്തി……

പിന്നെ, നേർത്തൊരു മുരളലോടെ ചണച്ചാക്കിലേക്ക് തന്നെ ചുരുണ്ടു……

പുറത്തു നിന്ന് അലർച്ച പോലൊരു ശബ്ദം കേട്ടതും മല്ലിക ഞെട്ടി കണ്ണു തുറന്നു ….

മുറിയിൽ വോൾട്ടേജ് കുറഞ്ഞ ബൾബ് കത്തി നിന്നിരുന്നു…

അവൾ വലിയ കട്ടിലിൽ അമ്പൂട്ടനൊപ്പം കിടക്കുന്ന ഉമയെ കുലുക്കി വിളിച്ചു…

“” ടീ… …. പുറത്തെന്തോ ഒച്ച കേട്ടു……. “

ഉമ ചാടിയെഴുന്നേറ്റു… ….

“”ഗിരീ……….. ഗിരിയേ……..”

മുൻവശത്തെ വാതിലനടുത്തേക്കു വന്നതും മല്ലിക, കുറച്ചുറക്കെ വിളിച്ചു… ….

“” ഒന്നുമില്ല ചേച്ചീ…….”

പുറത്തു നിന്ന് ഗിരി വിളിച്ചു പറഞ്ഞു……

മല്ലികയും ഉമയും കൂടി വാതിൽ തുറന്ന് തിണ്ണയിലേക്കിറങ്ങി……

മുൻ വശത്തെ മുറിയുടെ വാതിൽ തുറന്നതും ഗിരി കട്ടിലിൽ എഴുന്നേറ്റിരിക്കുന്നത് കണ്ടു…

“ എന്നതാടാ……….?””

മല്ലിക അകത്തേക്ക് കയറിച്ചെന്നു……….

ഉമയും അവളുടെ പിന്നാലെ കയറി…

ഗിരി ചെറുതായി വിയർത്തിരുന്നു……

“” ഒരു ദു:സ്വപ്നം കണ്ടതാ ചേച്ചീ……. “

ഗിരി, ഒരു ചിരി എടുത്തണിഞ്ഞു..

“” പേടിച്ചു പോയല്ലോടാ…””

മല്ലിക, അവന്റെ വലത്തേ തോളിൽ ചെറുതായി ഒരടി കൊടുത്തു…

“” നിന്നോട് പറഞ്ഞതല്ലേ, അകത്തു കിടന്നോളാൻ… “

“” അകത്തു കിടന്നാലെന്താ സ്വപ്നം കാണത്തില്ലേ… ?””

ഗിരി വിളറിയ ചിരിയോടെ ചോദിച്ചു…

“” ഓ………. “

പാതിരാത്രിക്കാണവന്റെ തമാശ, എന്ന രീതിയിൽ മല്ലിക മുഖം കോട്ടി……

ഉമ, മുറിവിട്ടിറങ്ങി…

“” ചേച്ചീ……………”

മല്ലിക  ഇറങ്ങാൻ തുടങ്ങിയതും ഗിരി വിളിച്ചു…

“” കുറച്ചു വെള്ളം എടുത്തു വെച്ചേക്കുമോ… ?””

മല്ലിക അടുക്കളയിൽ നിന്ന് വെള്ളവും ഗ്ലാസ്സും എടുത്ത് , സ്റ്റൂളിൽ കൊണ്ടു വെച്ചു…

“” വല്ല പ്രശ്നവുമുണ്ടോടാ……….?””

“” ഒന്നുമില്ല…… ചേച്ചി പോയിക്കിടന്നോ… “”

മല്ലിക അകത്തു കയറി വാതിലടച്ചതും ഗിരി, എഴുന്നേറ്റു…

ബാഗിലിരുന്ന അര ലിറ്ററിന്റെ മദ്യക്കുപ്പിയെടുത്ത് , അവൻ ഗ്ലാസ്സിലേക്ക് പകുതിയോളം ഒഴിച്ചു……

വെള്ളമൊഴിച്ച് ഒറ്റ വലി വലിച്ചിട്ട് അവൻ ശ്വാസം മൂന്നു നാലു തവണ ഊതി വിട്ടു…

ഒന്നാമത് വേദന…

രണ്ടാമത് ഉറക്കമില്ല…

ഇപ്പോൾ ദു:സ്വപ്നവും… ….

ഒന്നു കൂടി ഒഴിച്ചു കഴിച്ച ശേഷം അവൻ മദ്യം തിരികെ ബാഗിലേക്ക് വെച്ചു…

ഗിരി കിടക്കയിലേക്ക് ആലോചനയോടെ ഇരുന്നു…

സ്വപ്നത്തിൽ സുധാകരേട്ടനായിരുന്നു…

പകൽ അയാളുടെ ഫോട്ടോ കണ്ടതുമാണ്…

എന്നും പറഞ്ഞിരുന്ന കാര്യങ്ങൾ തന്നെയേ , അയാളിന്നും പറഞ്ഞിട്ടുള്ളൂ…

അല്ലെങ്കിലും സുധാകരേട്ടനെ സ്വപ്നം കണ്ട് ഇതുവരെ ഞെട്ടിയിട്ടില്ല……

പക്ഷേ…………?

താൻ കണ്ണു തുറന്നപ്പോൾ ഈ മുറിക്കുള്ളിൽ ആരോ ഉള്ളതു പോലെ തോന്നിയിരുന്നു…

ഇനി സുധാകരേട്ടന്റെ ആത്മാവെങ്ങാനും… ….?

ഏയ്……….!

ഗിരി, ചിരിയോടെ തല കുടഞ്ഞു…

മദ്യം അകത്തു പ്രവർത്തിച്ചു തുടങ്ങിയതും ഗിരി, പഴയ  മാനസികാവസ്ഥയിലേക്ക് എത്തിച്ചേർന്നു…

എല്ലാം തോന്നലാണ്……….!

തോന്നൽ മാത്രം… !

അയാളെ ആദ്യമായിട്ടല്ല സ്വപ്നം കാണുന്നത്…

മനസ്സിന്റെ ആഗ്രഹങ്ങളും വ്യാകുലതകളാണ് ഏറിയ പങ്കും സ്വപ്നമായിത്തീരുക……

ഗിരി വൈകിയാണ് ഉണർന്നത്…

ഉമ പോയിരുന്നു..,

അമ്പൂട്ടൻ സ്കൂളിൽ പോകാനുള്ള തയ്യാറെടുപ്പിലും…

പല്ലു തേച്ചു വന്നപ്പോഴേക്കും മല്ലിക ചായ എടുത്തു വെച്ചിരുന്നു…

അമ്പൂട്ടൻ യൂണിഫോം ധരിക്കുകയായിരുന്നു…

“” ഉറങ്ങാനുള്ള മരുന്നൊക്കെ കയ്യിൽ സ്റ്റോക്കാണോ..?””

മല്ലിക ചിരിയോടെ ഗിരിയെ നോക്കി……

ഗിരി, വിളറിയ ചിരി ചിരിച്ചു…

“” ഗ്ലാസ്സിനു നല്ല മണമുണ്ടായിരുന്നു… “

മല്ലിക കൂട്ടിച്ചേർത്തു..

“” എനിക്കൊന്ന് പുറത്തു പോകണം ചേച്ചീ… “

ചായ കുടി കഴിഞ്ഞതും ഗിരി പറഞ്ഞു……

“” ഗിരി ഇവിടുന്ന് എങ്ങോട്ടും പോകുന്നില്ല……””

മല്ലിക ഉറച്ച സ്വരത്തിൽ പറഞ്ഞു ….

അവനെ നിയന്ത്രിക്കാനുള്ള അവകാശം തനിക്കുണ്ട് എന്നവർ വിളിച്ചോതിയതാണോ എന്ന് ഗിരിക്ക് തോന്നി……

“ എന്താ വേണ്ടതെന്ന് പറഞ്ഞാൽ മതി, ഉമ കൊണ്ടു വന്നോളും…… “

മല്ലിക പറഞ്ഞിട്ട് അകത്തേക്ക് കയറിപ്പോയി…

ബാഗുമായി അമ്പൂട്ടൻ തിണ്ണയിലേക്ക് വന്നു…