ഇത് ഞങ്ങളുടെ കഥ – 2 Like

 

മതിലിനു മേൽ ചാരി നിന്ന് ആതിരിയയുടെ ചോദ്യം..

 

“എണീക്കാൻ വൈകിപ്പോയി ചേച്ചി ”

 

“അതെന്താ രാത്രീ ഉറക്കമില്ലായിരുന്നോ…?

എന്തായിരുന്നു പരുപാടി.. ഇനി ലേറ്റ് നൈറ്റ്‌ കോളിങ് വലതുമാണോ.. ”

 

“പൊന്നു ചേച്ചി ലേറ്റ് നൈറ്റ് പോയിട്ട് കാലത്ത് പോലും വിളിക്കാൻ എനിക്കൊന്നും ആരുല്ല.!”

 

“അച്ചോടാ.. എന്തൊരു എളിമ..ഇനിയും കുനിഞ്ഞാൽ നിന്റെ താടി നിലത്തു കുത്തും..”

 

“കാണാൻ ഇച്ചിരി ലുക്ക്‌ ഉണ്ടെന്നേ ഉള്ളു.. ഞാനൊക്കെ ഫോറെവർ സിംഗിളാണ്. ഈ കാര്യത്തിൽ മാത്രം ഞാനും ഉണ്ണിയും ഒരേ തൂവൽ പക്ഷികളാ.. ”

 

“അത് വിട്.. ഉണ്ണിയെ പോലാണോ നീ.. അവന് പെൺപിള്ളേരുടെ മുഖത്തു നോക്കാൻ പോലും നാണമുള്ള കൂട്ടത്തിലല്ലേ..

നിന്റെ കയ്യിൽ കുറച്ചു നമ്പർ ഒക്കെ ഉണ്ടാവാനുള്ള സാധ്യത ഉണ്ട്, കാണാനും തരക്കേടില്ല.. ”

 

ചേച്ചിയുടെ വായിൽ നിന്നത് കേട്ടപ്പോൾ തന്റെ ആത്മവിശ്വാസം ഇരട്ടിയായ പോലെയായിരുന്നു അരുണിന്.

 

“എന്നെങ്കിലും യോഗമുണ്ടാവുമെന്ന് കരുതാം ” എന്നും പറഞ്ഞു അരുൺ വീട്ടിലേക്ക് കയറാൻ പോവുമ്പോളാണ് ഉണ്ണി അവന്റെ വീട്ടിൽ നിന്ന് പുറത്തേക്കിയിറങ്ങിയത്..

 

ഉണ്ണി : “നീയിവിടെ കഥയും പറഞ്ഞിരിപ്പാണോ.. സമയം എത്രയായി.. ഇനി നിന്റെ കുളീം നനേം ഒക്കെ കഴിയുമ്പോളേക്ക് നല്ല പോലെ വൈകും “.

 

“സോറി സാർ, ഒരു 20മിനുട്ട്.. നീ ചേഞ്ച്‌ ചെയ്ത് വീട്ടിലേക്ക് വാ”എന്നും പറഞ്ഞു അരുൺ തന്റെ വീട്ടിലേക്ക് ഓടികയറി.

 

എല്ലാം കഴിഞ്ഞ് അരുൺ ഷൂ ലേസ് കെട്ടുമ്പോളാണ് ഉണ്ണി വീടിന്റെ ഗേറ്റും കടന്നു വരുന്നത്.

ഉണ്ണിയെ കണ്ടതും ടെറസിന് മുകളിൽ നിന്ന് പഠിക്കുകയായിരുന്ന അനു വേഗത്തിൽ പടിയിറങ്ങിയെത്തി ..

 

“ഉണ്ണിയേട്ടോയ്.. രാവിലെ ടെറസിന് മുകളിൽ എന്നെ കണ്ടിട്ടെന്താ മൈൻഡ് ചെയ്യാഞ്ഞേ.. ഒന്ന് ചിരിക്കാനും മടിയോ..

ഇത്ര ഡിമാൻഡ് പാടില്ലാട്ടോ..”

 

അനുവിനെ കണ്ടപാടേ ഉണ്ണി നിന്ന് പരുങ്ങാൻ തുടങ്ങി..

അനുവിന് ഉണ്ണിയോടുള്ള ക്രഷ് ഇന്നോ ഇന്നലയോ തുടങ്ങിയതല്ല.. നന്നേ ചെറുപ്പത്തിലെ ഉണ്ടായിരുന്ന നിഷ്കളങ്കമായ ഇഷ്ടമായിരുന്നു അത്.. അവർ നാല് പേരും ഒരുമിച്ചല്ലേ വളർന്നു വലുതായത്.. കാലങ്ങൾ കഴിഞ്ഞപ്പോൾ ആ കൊച്ചു സ്നേഹം വലിയ ഇഷ്ടമായി മാറി..എന്നാൽ കൂട്ടുകാരന്റെ അനുജത്തി ഉണ്ണിക്ക് സ്വന്തം പെങ്ങളെ പോലെ തന്നെയായിരുന്നു.. ഇതുവരെ അനുജത്തി എന്നതിലുപരി മറ്റൊരു കണ്ണിൽ അവനു അവളെ കാണാൻ സാധിച്ചിരുന്നില്ല..

ഈ അടുത്ത കാലത്തായി അവളുമായി ഇടപഴകേണ്ട സാഹചര്യങ്ങൾ ഒക്കെ ഉണ്ണി പരമാവധി ഒഴിവാക്കാറാണ് പതിവ്..

 

അനു : “എന്താ ഉണ്ണ്യേട്ടാ മുഖത്തൊരു കനം..”

 

“നിന്നെ കണ്ടിട്ടായിരിക്കും ” ലേസ് കെട്ടുന്നതിനിടെ തലയുയർത്താതെ ഒന്നാക്കിചിരിച്ചുകൊണ്ട് അരുൺ പറഞ്ഞു.

 

“അതിന് ഞാൻ എന്ത് ചെയ്തു.. ഉണ്ണ്യേട്ടനെ ഞാൻ പിടിച്ചു വിഴുങ്ങത്തൊന്നും ഇല്ലല്ലോ..”

 

ഉണ്ണീ അത് കെട്ടില്ലെന്ന മട്ടിൽ മുറ്റത്തെ ബൈക്കിൽ ചാരിയിരുന്നു..

 

“പിന്നേ ഉണ്ണ്യേട്ടാ..എന്താ മുടി വെട്ടാത്തെ? വെട്ടാനായല്ലോ.. ഇനി വെട്ടുമ്പോൾ മിലിട്ടറി സ്റ്റൈലിൽ ചെയ്യ് ട്ടോ.. കാണാൻ നല്ല ഭംഗി ഉണ്ടാവും..”

 

അറിയാതെയാണേലും പെട്ടന്ന് ഉണ്ണിയുടെ കൈ അവന്റെ തലയിലേക്ക് ഒരു നിമിഷം ഓടിപ്പോയി..

 

“അത് കൊള്ളാം.. അവന്റ കാര്യത്തിൽ പെണ്ണിനെന്താ ശ്രദ്ധ.. ഇവിടെ സ്വന്തം ചേട്ടൻ ജീവനോടെയുണ്ടോ ഇല്ലയോ എന്നൊന്നും അവൾക്കൊരു വിഷയല്ല..”

 

പറഞ്ഞു മുഴുമിക്കുന്നതിനു മുന്നേ ചേട്ടന്റെ കൈക്ക് പെങ്ങള വക ഒരു നുള്ള് കിട്ടി..

 

“ഡീ അനൂ.. ഇങ്ങോട്ട് വന്നേ..” കിച്ചണിൽ നിന്നുള്ള അമ്മയുടെ നീണ്ട വിളി കേട്ട്

“ദാ വരുണൂ ” എന്നും പറഞ്ഞു അനു അകത്തേക്ക് ഓടി

 

“ടീ കൂതറെ പോവല്ല.. എനിക്ക് ചേർന്ന ഹെയർ സ്റ്റൈൽ കൂടെ പറഞ്ഞിട്ട് പോ” എന്ന അരുണിന്റെ ചോദ്യത്തിന് “ഇയാൾ ഇയാളുടെ ഓളോട് പോയി ചോദിക്ക്” എന്നും പറഞ്ഞു കൊഞ്ഞനം കുത്തിയാണ് അനു ഓടിയത്.. അരുൺ വണ്ടിഎടുക്കാൻ തിരിഞ്ഞതും ഉണ്ണിയെ നോക്കി കണ്ണിറുക്കി ബൈ ബൈ ആക്ഷനും കാണിച്ചു..

Leave a Reply

Your email address will not be published. Required fields are marked *