“”…അതോണ്ടല്ലേ…”””_ അമ്മ വീണ്ടും തുടർന്നു..
“”…അതോണ്ടല്ലേ ഞാൻ രണ്ടൂടിവടെനിന്നാ ശെരിയാവത്തില്ലെന്നു കരുതി കോളേജിപ്പൊക്കോളാമ്പറഞ്ഞേ… എന്നിട്ടോ… രണ്ടൂടെന്നെ പറ്റിയ്ക്കാന്നോക്കുവാ ചെയ്തേ… ബാഗു കാണുന്നില്ലാ… കോട്ട് കാണുന്നില്ലാന്നൊക്കെപ്പറഞ്ഞ് കോളേജിപ്പോവാണ്ടു നിയ്ക്കുമ്പോൾ അതൊക്കെ വിശ്വസിയ്ക്കാൻ ഞാനെന്താ പൊട്ടിയാന്നു കരുതിയോ..?? എന്നിട്ടിപ്പൊക്കണ്ടില്ലേ തുണിയേല് വെള്ളോങ്കോരിയൊഴിച്ചേച്ചു നിയ്ക്കുന്നു… ഇവളെയിവടെ നിർത്തീട്ടു കൊറച്ചുകഴീമ്പമിങ്ങു വരാനാ അവന്… അവർടെ വിചാരമവർക്കുമാത്രേ ബുദ്ധിയുള്ളൂന്നാ… എനിയ്ക്കിപ്പൊ തോന്നുന്നത് അന്നിവൻ ആദ്യായ്ട്ടൊന്നുമാവൂല ഹോസ്റ്റലിക്കേറിയേന്നാ..!!”””_ അമ്മ പറഞ്ഞതുകേട്ടപ്പോൾ മീനാക്ഷിയറിയാതെ എക്കിച്ചിരിച്ചുപോയി…
എന്റെ ഭാഗ്യക്കേടിന് അതു ഞാൻമാത്രമേ കേട്ടതുമുള്ളൂ…
അല്ലേത്തന്നെ ഭാഗ്യോന്നൊക്കെ പേപ്പറിലെഴുതി വായിയ്ക്കാനേ നമുക്കു യോഗമുള്ളൂ…
“”…കണ്ടിട്ടു കോളേജിപ്പൂവാണ്ടിരിയ്ക്കാൻ വെള്ളമിവളുതന്നെ ഒഴിച്ചതാന്നാമ്മേ തോന്നുന്നേ…!!”””_ അത്രയുംനേരം വായുംപൊളന്നുനിന്ന് എല്ലാംകേട്ട കീത്തു മീനാക്ഷിയ്ക്കിട്ടൊന്നു കൊട്ടിനോക്കി…
പക്ഷേ ഒത്തില്ല.!
“”…അതിനു നിന്നോടാരാടീ അഭിപ്രായഞ്ചോയ്ച്ചേ…?? പോയ് നിന്റെ കാര്യന്നോക്കെടീ…!!”‘”_ എന്നുംപറഞ്ഞമ്മ ചാടിയപ്പോൾ കക്ഷിയസ്സലായൊന്നു ചമ്മി…
പോരാത്തേനവളെ നോക്കി മീനാക്ഷീടെ വാപൊത്തിയുള്ള ചിരികൂടായപ്പോൾ എനിയ്ക്കൊരു കൂട്ടുമായി, നിന്നുരുകുന്നതിന്…
“”…ഇനീം നീയെന്തോ കാണാനാടാ നിയ്ക്കുന്നേ… എറങ്ങിപ്പോടാ..!!”””_ കീത്തൂനേം മീനാക്ഷിയേം മാറിമാറി നോക്കിനിന്ന എന്നോടു പുറത്തേയ്ക്കു ചൂണ്ടിക്കൊണ്ടമ്മ ആജ്ഞാപിച്ചപ്പോൾ കട്ടിലേൽക്കിടന്ന ഷോർട്സുമെടുത്തു ഞാൻ പുറത്തേയ്ക്കു നടക്കാനൊരുങ്ങി…
“”…ഇനി ഇവളുള്ളപ്പോളീ റൂമിനകത്തേയ്ക്കാണം വന്നാ നിന്റെ കാലുഞാൻ കൊത്തും…!!”””_ കൂട്ടത്തിലൊരു ഭീഷണികൂടി മുഴക്കിയപ്പോൾ മീനാക്ഷിയെന്റെ കയ്യിൽക്കേറി പിടിച്ചുകൊണ്ട് അമ്മയ്ക്കു നേരേ തിരിഞ്ഞു…
“”…അമ്മയിതെന്തൊക്കെയാ പറേണേ…?? ഇതു ഞങ്ങളുതമ്മിലുള്ള കാര്യല്ലേ… അതുനോക്കാൻ ഞങ്ങക്കറിയാം… അമ്മയമ്മേടെ പാടുനോക്കിപ്പോയേ…!!”””_ അവൾടെ വായിൽനിന്നുമതു കേട്ടതും മാതാശ്രീടെ കിളിപോയി…
ഈ വീട്ടീന്നു ട്രിപ്പുപോയ കിളികളെയെല്ലാം തപ്പിപ്പിടിച്ചിരുന്നേൽ ഒരു കാഴ്ചബംഗ്ലാവ് സ്വന്തംപേരിൽ തുടങ്ങായ്രുന്നു…
“”…അപ്പോളിതെല്ലാം ചെക്കനെക്കൊണ്ടു ചെയ്യിയ്ക്കുന്ന നീയാണല്ലേ…?? ബാഗു കാണുന്നില്ല… കോട്ടു കാണുന്നില്ലാന്നുംപറഞ്ഞു കേറി അടയിരുന്നപ്പഴേ എനിയ്ക്കു തോന്നീതാ… നീയെന്തോ കരുതി നീ പറേണതൊക്കെ വിശ്വസിയ്ക്കാൻ ഞങ്ങളു വെറും മണ്ടമ്മാരാണെന്നോ… മര്യാദയ്ക്ക്… മര്യാദയ്‌ക്കെന്തേലുമുടുത്തോണ്ട് കോളേജിപ്പൊക്കോ… അല്ലേ ഞാനടിച്ചെറക്കും..!!”””_ അമ്മയുടെ ആ പെർഫോമൻസിൽ കീത്തൂന്റേം ചെറിയമ്മേടേം ശ്രീക്കുട്ടീടേമൊക്കെ മുന്നിൽ ചൂളിയ ചമ്മലുണ്ടായിരുന്നെങ്കിലും കോളേജിൽപ്പോവാനുള്ള പെർമിഷൻ കിട്ടിയ സന്തോഷത്തിലവൾ നനഞ്ഞ തുണിയിലേയ്ക്കൊന്നു നോക്കി…
“”…അതെങ്ങനാ… വീണ്ടുവിചാരമ്മേണ്ടേ… ഓരോ കന്നന്തിരിവു കാണിയ്ക്കാനായ്ട്ട് തുണിയുംമൊത്തം നനച്ചിട്ടേച്ചു നിയ്ക്കുവാ… വിവരമ്മേണ്ടേ…??”””_ മീനാക്ഷിയെനോക്കി ഒരിയ്ക്കൽകൂടി കുത്തിക്കൊണ്ട്, അമ്മ കീത്തുവിനുനേരേ തിരിഞ്ഞു…
“”…ഡീ.. പെണ്ണേ… പോയ് നിന്റേതേലും തുണിയെടുത്തോണ്ടു കൊടുക്ക്… അവള് കോളേജിപ്പോട്ടേ..!!”””
അതുകേട്ടപാടെ കീത്തു,
“”…പിന്നേ… ഇവക്കു ദാനഞ്ചെയ്യാനല്ലേ ഞാന്നടുക്കുന്നേ… തുണിയില്ലേൽ തുണിയില്ലാണ്ടു പോയേച്ചാ മതി… എന്റെ തുണിയൊന്നും ഞാങ്കൊടുക്കൂല..!!”””_ എന്നെടുത്തടിച്ചപോലെ മറുപടിയും കൊടുത്തു…
“”…നിന്നോടെടുത്തിട്ടു വരാനല്ലേടീ പറഞ്ഞേ… പോയെടുത്തിട്ടു വാടീ..!!”””_ അമ്മയുടെ ചീറൽ വീടുമൊത്തത്തിൽ മുഴങ്ങീതും ബാറ്ററിമാറ്റിയിട്ട പാവമാതിരി കീത്തു പാഞ്ഞു…
