എന്റമ്മയെ കൊന്നതാണ് എന്നോ പലരും പലയിടത്തും വെച്ചു അടക്കം പറയുന്നത് ഞാൻ കേട്ടിരുന്നു. പക്ഷെ വിശ്വസിച്ചില്ല. ഇപ്പോ ദാ ഇവർ പറഞ്ഞു കൊല്ലിച്ചതാണ് എന്ന്. ഒരു നിമിഷം ഞാൻ സർവ്വതും മറന്നു കൈ വീശി ഒറ്റയടി. ഞാൻ പുറത്തേക്കിറങ്ങി. അച്ഛൻ ഇങ്ങു വരട്ടെ, ഇവർ പറഞ്ഞത് സത്യമാണോ എന്നറിയണം. രാത്രി 10 മണിയോടെ അച്ഛൻ വന്നു. ഞാൻ ഉറങ്ങിപോയിരുന്നു.
“ഡാ…….” ഒരലർച്ച കേട്ട് ഞെട്ടിയാണ് ഞാൻ എഴുന്നേൽക്കുന്നത്. “നീയെന്താടാ ഇവളെ ചെയ്തത്? ചോദ്യവും അടിയും ഒരുമിച്ചായിരുന്നു. “അച്ഛാ ഞാൻ………” എനിക്ക് വാ തുറക്കാൻ അവസരം കിട്ടിയില്ല പൊതിരെ തല്ലി എന്നെ മുറ്റത്തിറക്കി. “ഇനി മേലിൽ ഇവിടെ കണ്ടു പോകരുത്. പൊക്കോണം എങ്ങോട്ടെങ്കിലും.” ഞാൻ കരഞ്ഞു പറഞ്ഞതൊന്നും അച്ഛൻ കേട്ടില്ല. വിജയ ഗർവ്വിൻ്റെ ചിരിയുമായി അവർ വാതിൽ കൊട്ടിയടച്ചു.
എങ്ങോട്ട് പോവും, കൂട്ടുകാർ എന്ന് പറയാൻ ആരുമില്ല. അടുത്ത് സ്വന്തക്കാരുമില്ല. എങ്ങോട്ടെന്നില്ലാതെ ഇറങ്ങി നടന്നു. മെയിൻ റോഡിൽ എത്തിയപ്പോൾ ഒരു ലോറി നിർത്തിയിട്ടിയിരിക്കുന്നു. കാബിനുള്ളിൽ നോക്കി, ആരുമില്ല. ഫുൾ ലോഡ് പടുത ഇട്ടു കെട്ടിയേക്കുന്നു. വലിഞ്ഞു മുകളിൽ കയറി, ഡ്രൈവർ കാബിനു മുകളിലെ ചതുര കളത്തിൽ ചുരുണ്ടു കൂടി കിടന്നു. എവിടെയോ പോയിരുന്ന ഡ്രൈവർ തിരിച്ചു വന്നു വണ്ടി സ്റ്റാർട്ട് ചെയ്തു. വണ്ടി ഓടിതുടങ്ങി. എപ്പോഴോ അറിയാതെ ഞാൻ ഉറക്കത്തിലേക്കു വീണു.
നല്ല ചൂട് ആരുടെയൊക്കെയോ കലപില ശബ്‌ദങ്ങൾ കേൾക്കുന്നു. കണ്ണു തുറന്നു നോക്കി. ഞാനിതെവിടെയാണ്? ശരീരം മുഴുവൻ വേദനിക്കുന്നു. പെട്ടന്ന് തലേ ദിവസത്തെ സംഭവങ്ങൾ ഓർമ്മ വന്നു. ലോറിയിൽ നിന്ന് ആരും കാണാതെ ഊർന്നിറങ്ങി. എവിടെയോ ഷർട്ട് ഉടക്കി കീറിപ്പോയി. ലോറിയിൽ ഒരു മുഷിഞ്ഞ കാക്കി ഷർട്ട് കിടക്കുന്നു. അതെടുത്തിട്ട് പുറത്തേക്കു നടന്നു. തമിഴ്നാട്ടിലെ ഒരു മാർക്കറ്റ് ആണെന്ന് മനസിലായി. നേരെ റോഡ് മുറിച്ചു കടന്നു മുൻപോട്ടു നടന്നു. നല്ല വിശപ്പ്. ആദ്യം കണ്ട ഹോട്ടലിലേക്ക് കയറി. “എന്ന വേണം ശാർ?” കറുത്തു തടിച്ചൊരു പാണ്ടി ചോദിച്ചു.
കണ്ടിട്ടുള്ള തമിഴ് പടങ്ങളിലെ അറിവ് വെച്ചു ഞാൻ തിരിച്ചു ചോദിച്ചു, “സാപ്പിടരുതുക്കു എന്നായിരുക്ക്?” “ഇഡ്ഡലി, വടേ പൊങ്കൽ, പൂരി, ദോസ” അയാൾ പറഞ്ഞു. “ഇഡ്ഡലി കൊടുങ്കോ.” 4 ഇഡ്ഡലിയും വടയും കൊണ്ട് വന്നു. അയാൾ അടുത്ത ഓർഡർ എടുത്തു തീരും മുൻപേ ഞാൻ വിളിച്ചു, “അണ്ണാ ഇഡ്ഡലി.” 16 ഇഡ്ഡലി 4 വട ഒരു ജഗ്ഗ് വെള്ളവും കുടിച്ചപ്പോ ചെറിയൊരു ആശ്വാസം. “ശാർ 135 രൂപ” ഒരു ചെറിയ പേപ്പർ തുണ്ട് കയ്യിൽ കൊണ്ട് തന്നു. അപ്പോഴാണ് ആലോചിച്ചതു, കയ്യിൽ 10 രൂപ പോലുമില്ല. ഇനിയെന്ത് ചെയ്യും? എന്തും വരട്ടെ നേരെ കൌണ്ടറിലേക്ക് നടന്നു. തലയിൽ വട്ടതൊപ്പി വെച്ച സുന്ദരനായ ഒരാളിരിക്കുന്നു. പേപ്പർ തുണ്ട് കൊടുത്തു. “തമ്പി, 135 രൂപ.”
“അയ്യാ, എങ്കിട്ടെ പണമില്ലെ.” “നീ മലയാളത്താനാ?” “ആമാ അയ്യാ.” “എന്നാടാ തിരുട്ടു റാസ്കൽ, കാലയിലെ നിറയാ സാപ്പിട്ട് ഏമാത്ത പാക്കിറായ നീ” സുന്ദരമുഖം പെട്ടെന്ന് വില്ലൻ മുഖമായി മാറി. കൗണ്ടറിൽ നിന്ന് എഴുനേറ്റ് വന്നു കഴുത്തിൽ പിടിച്ചൊരു തള്ള്. ഞാൻ പുറകോട്ട് വേച്ചു വീണു. ആദ്യം കണ്ട തടിയൻ എൻ്റെ കോളറിൽ തൂക്കി ഉയർത്തി.
“ഇന്ത തിരുട്ടു നായെ അന്ത വിറകു മുട്ടിയെ ഉടക്ക വിട്” വട്ടതൊപ്പിക്കാരൻ്റെ കല്പന. ആ തടിയൻ എന്നെ പിടിച്ചു വലിച്ചു അടുക്കളയുടെ പുറകിലേക്ക് കൊണ്ട് പോയി. ഒരു മല പോലെ വിറകു മുട്ടികൾ കൂട്ടിയിട്ടിരിക്കുന്നു. ഒരു കോടാലി എടുത്തു കയ്യിൽ തന്നു. കഴുത്തിൽ പിടിച്ചൊരു തള്ള്. ആ കോടാലിക്കു ആദ്യം അവനെ വെട്ടികീറാനാ തോന്നിയത്. കോടീശ്വരനായി ജീവിക്കേണ്ട എന്നെ ഈ ഗതിയിലാക്കിയ നാദിറയെന്ന കൂത്തച്ചിയെ മനസ്സിൽ പ്രാകികൊണ്ട് വിറകു വെട്ടനാരംഭിച്ചു. അവരോടുള്ള കലി ഞാനാ വിറകു മുട്ടികളിൽ തീർത്തു. ഉച്ച കഴിയും വരെ നിർത്താതെ പണി.
