എസ്റ്റേറ്റിലെ രക്ഷസ് – 3

എസ്റ്റേറ്റിലെ രക്ഷസ് 3

Estatile Rakshassu Part 3 | Author : Vasanthasena

[ Previous Part ] [ www.kambi.pw ]


വളരെ താല്പര്യത്തോടെ വായിക്കുന്നവർക്കായി,

ഡ്രാക്കുളയുടെ കഥയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഈ സാഹസകൃത്യം ചെയ്തിരിക്കുന്നത്. സന്ദർഭോചിതമായി കളികൾ ഉണ്ടാവും. തെറ്റുകുറ്റങ്ങൾ ക്ഷമിക്കുക.


ആൽപ്സ് പർവതനിരകൾക്കടുത്തുള്ള ഒരു ചെറിയ പട്ടണം. ശീതകാലമായതിനാൽ പട്ടണവാസികളെല്ലാം കതകടച്ചു വീടുകൾക്കുള്ളിലാണ്. തണുപ്പ് കാലമായതിനാൽ പർവതാരോഹകരോ സന്ദർശകരോ ആ പട്ടണത്തിലില്ല. അതുകൊണ്ട് തന്നെ ഹോട്ടലുകളെല്ലാം അടഞ്ഞു കിടക്കുന്നു. പട്ടണത്തിന്റ ഒരു കോണിലുള്ള ഒരു സത്രത്തിൽ പ്രകാശം കാണാം. കണ്ടാൽ ദാരിദ്ര്യം പിടിച്ച ഒരു ലോഡ്ജാണത്. മദ്യം കഴിക്കാനാണ് ആളുകൾ സാധാരണ അവിടെ പോവാറ്.

പതിവ് പോലെ ചില മദ്യപന്മാർ മേശകളിരുന്ന് ആപ്പിൾ വാറ്റിയുണ്ടാക്കിയ നാടൻ മദ്യം അകത്താക്കുന്നുണ്ട്. പെട്ടെന്ന് ഒരു കുതിരവണ്ടി പുറത്തു വന്നു നിൽക്കുന്ന ശബ്ദം കേട്ട് എല്ലാവരും വാതിൽക്കലേക്ക് നോക്കി. ലോഡ്ജുടമസ്ഥൻ ചുവരിൽ തൂക്കിയിരുന്ന പഴയ പെൻഡുലം ക്ലോക്കിൽ നോക്കി. സമയം അഞ്ചര. ഈ സമയത്ത് ആരാണാവോ. അയാൾ അത്ഭുതപ്പെട്ടു.

പുറത്തു നിന്നും മധ്യവയസ്സ് കഴിഞ്ഞ ഒരാൾ അകത്തു വന്നു. “ആരാണ് ഈ നിക്കോളാസ്?”   തന്റെ തൊപ്പിയൂരി അതിൽ പറ്റിപ്പിടിച്ച മഞ്ഞുകണങ്ങൾ തുടച്ചു കൊണ്ട് ഉറക്കെ ചോദിച്ചു.

“ഞാനാണ്.” മേശയിൽ മദ്യം വിളമ്പിക്കൊണ്ടിരുന്ന വൃദ്ധനായ മനുഷ്യൻ കൗണ്ടറിലേക്ക് വന്നു.

“ഞാൻ മി. ആദംസ് അയച്ച ആളാണ്.”

“ഓ മി. ഫ്രാങ്ക്ലിൻ, പക്ഷേ താങ്കൾ ഇന്നു രാവിലെ എത്തുമെന്നാണല്ലോ ആദംസ് എഴുതിയിരുന്നത്?” ഒരു നാടൻ ചുരുട്ടിന് തീ പിടിപ്പിച്ചു കൊണ്ട് വൃദ്ധൻ ചോദിച്ചു.

“കനത്ത മഞ്ഞുവീഴ്ച കാരണം ട്രെയിൻ വളരെയേറെ വൈകി. പിന്നെ സ്റ്റേഷനിൽ നിന്നും വണ്ടിക്കാരാരും വരാനും തയ്യാറായില്ല. ഇരട്ടി പണം കൊടുക്കാമെന്ന് പറഞ്ഞപ്പോഴാണ്  ഒരുത്തൻ തയ്യാറായത്.”

“ശരി, താങ്കളുടെ മുറിയിലേക്കു പോകാം.” വൃദ്ധൻ ഫ്രാങ്ക്ളിന്റെ ലഗേജുമെടുത്ത് മരഗോവണി കയറി മുകളിലേക്കു നടന്നു. ഫ്രാങ്ക്ളിൻ അയാളെ പിൻതുടർന്നു.

“വളരെ ദൂരം യാത്ര ചെയ്തു വന്നതല്ലേ, അല്പം വിശ്രമിക്കൂ. അലമാരയിൽ മദ്യമുണ്ട്. കൂജയിൽ വെള്ളവും. ഞാൻ എന്തെങ്കിലും കൊടുത്തയക്കാം.” വൃദ്ധൻ നിക്കോളസ് പുറത്തു പോയി.

ഫ്രാങ്ക്ളിൻ മുറിയാകെ നോക്കി. പഴയതെങ്കിലും വൃത്തിയുള്ള മുറി. മുറിയുടെ മൂലയിൽ ഒരു നെരിപ്പോട് എരിയുന്നു. ഫ്രാങ്ക്ളിൻ അലമാരയിൽ നിന്നും മദ്യക്കുപ്പിയെടുത്തു. പ്രാദേശികമായി നിർമ്മിച്ച എന്തോ തരം മദ്യമായിരുന്നു അത്. കുപ്പി തുറന്നു മദ്യം ഗ്ലാസിലൊഴിച്ച് അയാൾ ഗ്ലാസ് കാലിയാക്കി. തന്റെ നീളൻ കമ്പിളിക്കോട്ടഴിച്ച് ഗാംഗറിൽ തൂക്കി. വസ്ത്രം മാറി വീണ്ടും ഗ്ലാസിൽ മദ്യം നിറച്ച് കസേര നെരിപ്പോടിനരികിലിട്ട് ഇരുന്നു. അപ്പോൾ വാതിലിൽ മുട്ടു കേട്ടു.

വാതിൽ തുറന്നപ്പോൾ പതിനേഴ് പതിനെട്ട് വയസ്സ് പ്രായമുളള ഒരു  പെൺകുട്ടി. അവളുടെ കയ്യിലെ ട്രേയിൽ ഒരു പാത്രം അടച്ചു വെച്ചത്.

“അത്താഴത്തിന് റൊട്ടിയും കോഴിയിറച്ചിയും ആണ്. വേറെന്തെങ്കിലും വേണോയെന്ന് അപ്പൂപ്പൻ ചോദിച്ചു. കുറച്ചു കഴിഞ്ഞ് അപ്പൂപ്പൻ ഇങ്ങോട്ടു വരാമെന്നു പറഞ്ഞു.” ഒറ്റശ്വാസത്തിലാണ് പെൺകുട്ടി അത് പറഞ്ഞത്.

ഫ്രാങ്ക്ളിൻ അവളുടെ സംസാരം കേട്ട് ചിരിച്ചു പോയി. “എന്താ ന്ന് പേര്?”

“നിലീന.”

“നിലീന അപ്പൂപ്പനോട് വേഗം വരാൻ പറയണം.” ഫ്രാങ്ക്ളിൻ വീണ്ടും നെരിപ്പോടിനരികിൽ ചെന്ന് ഇരുന്നു. നിലീന കൊണ്ടു വന്ന പാത്രത്തിൽ നിന്നും വറുത്ത ഇറച്ചി ചവച്ചു കൊണ്ട് അയാളെ ആദംസ് ഏൽപ്പിച്ച ദൗത്യത്തെക്കുറിച്ച് ആലോചിച്ചു. നിക്കോളസ് എന്ന കിളവൻ എല്ലാം വിശദമായി പറയുമെന്നാണ് ആദംസ് പറഞ്ഞത്.

“മി. ഫ്രാങ്ക്ളിൻ, ഇവിടെ നിന്നും ഏതാണ്ട് അൻപത്  മൈലകലെയാണ്  ഞാനീ പറഞ്ഞ ബംഗ്ലാവ്. ഇടിഞ്ഞു പൊളിഞ്ഞ ഒരു പഴയ കെട്ടിടം. പണ്ടേതോ നാട്ടു പ്രഭുക്കന്മാർ നിർമ്മിച്ചതാണ്. അതുപോട്ടെ, നാളെത്തന്നെ താങ്കൾ അവിടെ പോകണം. പിന്നീട് ചെയ്യേണ്ടത് ഈ കത്തിലുണ്ട്.” നിക്കോളസ് ഒരു കവർ അയാളെ ഏൽപ്പിച്ചു. “ഈ കത്ത് ബംഗ്ലാവിലെത്തിയ ശേഷമേ തുറക്കാവൂ. ഉച്ച കഴിഞ്ഞു മൂന്നു മണിക്ക് ഒറ്റക്കുതിരയെ പൂട്ടിയ ഒരു വണ്ടി ഞാനേർപ്പാട് ചെയ്തിട്ടുണ്ട്. പക്ഷേ അത് പാറക്കെട്ടിന് താഴെ വരെ മാത്രമേ പോകൂ. മൂന്നു മൈൽ മുകളിലേക്കു കാൽനടയായി പോകണം. പക്ഷേ സൂക്ഷിക്കണം മഞ്ഞുകാലമാണ്.  താങ്കളാ കെട്ടിടത്തിൽ പോയി മടങ്ങി വരുന്നതു വരെ കുതിരവണ്ടിക്കാരൻ കാത്തു നിൽക്കും. വേറെന്തെങ്കിലും സംശയമുണ്ടോ? ” നിക്കോളസ് തന്റെ ഗ്ലാസെടുത്തു.

“ആ ഭാഗം വിജനമാണെന്നാണ് ഞാൻ കേട്ടിട്ടുള്ളത്.” ഫ്രാങ്ക്ളിൻ ഒരു സിഗററ്റ് കത്തിച്ചു.

“അതെ, ആ കെട്ടിടത്തിലേക്ക് ആരും പോകാറില്ല. പ്രേതബാധയുണ്ടെന്നാണ് പറയുന്നത്. താങ്കൾക്ക് ഇതിലൊന്നും വിശ്വാസമില്ലാത്തതു കൊണ്ടാണ് ആദംസ് താങ്കളെ ഇതിന് തിരഞ്ഞെടുത്തത്. സുഖമായി ഉറങ്ങുക. നാളെ രാത്രി ഉറങ്ങാൻ കഴിഞ്ഞെന്ന് വരില്ല.” നിക്കോളസ് മുറി വിട്ടു പോയി.

അടുത്ത ദിവസം നിക്കോളസ് പറഞ്ഞ സമയത്ത് തന്നെ കുതിരവണ്ടി എത്തി.

നിക്കോളസ് പറഞ്ഞതിലും കഠിനമായിരുന്നു പാറക്കെട്ടിലൂടെയുള്ള യാത്ര. ബംഗ്ലാവിനരികിൽ എത്തിയപ്പോഴേക്കും ഫ്രാങ്ക്ളിൻ തളർന്നു പോയി. ഒരു പരന്ന പാറയലിരുന്ന് ബാക്പാക്ക് തുറന്ന് വെള്ളക്കുപ്പിയെടുത്ത് കുറച്ചു കുടിച്ചു. പിന്നെ തന്റെ കമ്പിളിക്കോട്ടിന്റെ കീശയിൽ നിന്നും കത്തെടുത്ത് തുറന്നു വായിച്ചു. ശ്രദ്ധയോടെ കത്ത് മടക്കി പോക്കറ്റിലിട്ട് ബംഗ്ലാവിനുള്ളിൽ കടന്നു. നൂറ്റാണ്ടുകളായി ആരും തന്നെ അതിനുള്ളിൽ കടന്നിട്ടില്ലെന്ന് ഫ്രാങ്ക്ളിന് തോന്നി. കത്തിൽ പറഞ്ഞ മുറി അയാൾ കണ്ടുപിടിച്ചു. അതിലെ ചിലന്തിവലയും മറ്റും മാറ്റിയപ്പോൾ ഒരു കല്ലറ പോലെ തോന്നിക്കുന്ന ഒരു പേടകം കണ്ടു. വളരെ പ്രയാസപ്പെട്ടു അതിന്റെ മൂടി മാറ്റിയപ്പോൾ വെള്ളിയിൽ തീർത്ത ഒരു പെട്ടി. ആ പെട്ടി ഇന്ത്യയിലെ തെക്കൻ സംസ്ഥാനത്തുള്ള ഒരു ബംഗ്ലാവിലെത്തിക്കണം അതാണയാളുടെ ദൌത്യം.

കൊച്ചിയിൽ വിമാനമിറങ്ങിയ ഫ്രാങ്ക്ളിൻ നേരെ മൂന്നാറിലെത്തി. ടൂറിസ്റ്റിന്റെ വേഷത്തിലാണയാൾ. കത്തിലെ നിർദ്ദേശപ്രകാരം അയാൾ വെള്ളിപ്പേടകവുമായി പഴയ ബംഗ്ലാവിലെത്തി. അമാവാസിയിലെ രാത്രിയാണന്ന്. ബംഗ്ലാവിന്റെ അകത്തുള്ള മുറിയിലെ ടേബിളിൽ വെച്ച് പേടകം അയാൾ തുറന്നു.  ചുവന്ന മണ്ണായിരുന്നു അതിനുള്ളിൽ.പിന്നീടെന്താണ് ചെയ്യേണ്ടതെന്ന് അയാൾക്ക് വ്യക്തമായ നിർദ്ദേശമുണ്ടായിരുന്നു. അതനുസരിച്ച് അയാൾ കൊണ്ടുവന്ന ചെറിയ ബാഗിൽ നിന്നും ഒരു കത്തി അയാൾ പുറത്തെടുത്തു. തന്റെ ഇടതു കൈയിലെ തള്ളവിരൽ കത്തി കൊണ്ട് അയാൾ മുറിച്ചു. മുറിവിൽ നിന്നും മൂന്നു തുള്ളി രക്തം പേടകത്തിലെ ചുവന്ന മണ്ണിൽ അയാൾ വീഴ്ത്തിയതും ദിഗന്തം നടുങ്ങുമാറ് ഒരു വെള്ളിടി വെട്ടി. എസ്റ്റേറ്റിലെ ലയങ്ങളിലും പരിസരത്തുമുള്ള നായകൾ ഉച്ചത്തിൽ ഓലിയിടാൻ തുടങ്ങി.