പ്രഹേളികഅടിപൊളി  

പ്രഹേളിക

Prahelika | Author : NeNa


സമയം രാത്രി 10 മണി കഴിഞ്ഞിരുന്നു. പൗർണമി ആയതിനാൽ നല്ല നിലാവെളിച്ചം ഉണ്ട്.രമേശൻ കട അടച്ച് ഷട്ടർ ഇട്ടു തിരിയുമ്പോഴാണ് ഒരു കാർ അതിവേഗത്തിൽ അവിടം കടന്നു പോയത്. തൊട്ടു പിന്നാലെ അതെ വേഗതയിൽ ഒരു ചുവന്ന ഇന്നോവയും.

കടത്തിണ്ണയിൽ ഇരിക്കുകയായിരുന്ന കുട്ടൻപിള്ള ആരോടെന്നില്ലാതെ പറഞ്ഞു.

“ഇവനൊക്കെ ഇത് ആർക്ക് വായു ഗുളിക വാങ്ങാൻ പോകുവാണോ എന്തോ?”

“ഇപ്പോഴത്തെ പിള്ളേർക്ക് ഒരു നോട്ടവും പാക്കവും ഇല്ലല്ലോ. കാറിലോട്ടു കയറിയാൽ അങ്ങ് കത്തിച്ചു വിടുവല്ലേ. അപ്പുറത്തെ വളവിൽ തന്നെ എപ്പോൾ ആക്സിഡന്റ് എത്ര ആയെന്നാണ്. റ ഷെയ്പ്പിൽ കിടക്കുന്ന വളവാണ്‌, അവിടെത്തുമ്പോഴാണ് ഓരോരുത്തന്മാർ ഓവർടേക്ക് ചെയ്തു കളിക്കുന്നത്.”

രമേശൻ പറഞ്ഞു തീർന്നില്ല അപ്പോഴേക്കും വളവിൽ നിന്നും ഉച്ചത്തിലുള്ള ഒരു ശബ്‌ദം കേട്ടു. പിന്നാലെ നിർത്താതെയുള്ള ഹോണിന്റെ ഒച്ചയും.

പൂട്ടിന്റെ ചാവി പോക്കറ്റിലേക്ക് ഇട്ട് അങ്ങോട്ട് ഓടുന്നതിനിടയിൽ രമേശൻ ഉറക്കെ വിളിച്ചു പറഞ്ഞു.

“വണ്ടി ഇടിച്ചെന്നാണ് തോന്നുന്നേ.”

കടത്തിണ്ണയിൽ നിന്നും എഴുന്നേറ്റ കുട്ടൻ പിള്ളയും ഇളിയിൽ നിന്നും ലൂസ് ആയ കൈലി ഇടുപ്പിൽ അമുക്കിപ്പിടിച്ചു കൊണ്ട് രമേശന്റെ പിന്നാലെ ഓടി. അവിടിവിടെ നിന്നവരും ശബ്‌ദം കേട്ടിടത്തേക്ക് ഓടുന്നുണ്ടായിരുന്നു.

അവർ ഓടിച്ചെല്ലുമ്പോൾ കാണുന്നത് വളവിൽ റോഡിനു കുറുകെ കിടക്കുന്ന ഒരു കറുത്ത ഹോണ്ട സിറ്റി കാർ ആണ്. അതിൽ ഇടിച്ച നിർത്തിയിരിക്കുകയാണ് ഒരു ചുവന്ന ഇന്നോവ കാർ. ഇന്നോവയുടെ ഡ്രൈവിംഗ് സീറ്റിന്റെ ഡോർ തുറന്ന് ഒരാൾ കാല് പുറത്തേക്ക് വച്ചപ്പോഴാണ് ആളുകൾ ബഹളം വച്ച് ഓടിവരുന്ന ശബ്‌ദം കേട്ടത്. അയ്യാൾ അതെ വേഗതയിൽ ഡോറടച്ച് ഇന്നോവ പിന്നിലേക്ക് എടുത്ത ശേഷം അതിവേഗതയിൽ ഹോണ്ടാസിറ്റിയുടെ അരികിൽ കൂടി മുന്നിലേക്ക് പാഞ്ഞു പോയി.

അവിടേക്ക് ഓടി വന്നവർക്ക്ചുവന്ന ഇന്നോവ പാഞ്ഞു പോകുന്നത് ഒരു മിന്നായം പോലെ കാണാനേ കഴിഞ്ഞുള്ളു. ഇന്നോവ അവിടെ നിന്നും പോയതും ഹോണ്ടാസിറ്റിയുടെ ഡ്രൈവിംഗ് ഡോർ തുറന്നു ഒരു കൈ പുറത്തേക്ക് നീണ്ടു. ഒരു പെൺകുട്ടിയുടെ കൈ. വെളുത്തു നീണ്ട ആ കൈ ആരോഗ്യം പൂർണമായും നശിച്ചപോലെ പതുക്കെ താഴേക്ക് താന്നു. വേദനയാൽ നിറഞ്ഞു തുളുമ്പിയ അവളുടെ കണ്ണുകൾ ഒരു നിമിഷം ആകാശത്തെ പൂർണ ചന്ദ്രനിൽ പതിഞ്ഞു. പതിയെ ആ കണ്ണുകളും അടഞ്ഞു.

. . . .

മൂന്നു മാസങ്ങൾക്ക് ശേഷം…

കാറിൽ നിന്നും ഇറങ്ങി ഡോറടച്ച നവീൻ പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നവണ്ണം ഡോർ വീണ്ടും തുറന്നു. അവന്റെ നോട്ടം നേരെ പോയത് സീറ്റിലേക്കാണ്. അച്ഛൻ ഏൽപ്പിച്ച കവർ ഭദ്രമായി അവിടെ തന്നെയുണ്ട്. അവൻ സീറ്റിൽ നിന്നും കവർ കൈയിലെടുത്തു കാറിന്റെ ഡോറടച്ച് കാവ്യയുടെ വീടിനകത്തേക്ക് നടന്നു.

ഹാളിൽ ആരെയും കാണാഞ്ഞ അവൻ നേരെ അടുക്കളയിലേക്ക് നടന്നു.

അവൻ പ്രതീക്ഷിച്ചപോലെ തന്നെ തകർത്തു കുക്കിങ്ങിൽ ഏർപ്പെട്ടിരിക്കുകയാണ് അവന്റെ സുധ അപ്പച്ചി.

“അപ്പച്ചി.. മാമൻ ഇവിടെ ഇല്ലേ?”

കൈ വെള്ളയിൽ മീൻ കറിയുടെ ചാർ ഒഴിച്ച് ടേസ്റ്റ് നോക്കുകയായിരുന്ന സുധ ഞെട്ടി തിരിഞ്ഞു നോക്കി.

“നീ ആയിരുന്നോ, പേടിപ്പിച്ച് കളഞ്ഞല്ലോ.”

ഒരു ചിരിയോടെ നവീൻ ചോദ്യം ആവർത്തിച്ചു.

“മാമൻ എവിടെ?”

“രാവിലെ തന്നെ കളി ഉണ്ടെന്നും പറഞ്ഞു ഇറങ്ങി പോകുന്നത് കണ്ടു.”

നവീന്റെ മുഖത്ത് ആകാംഷ നിഴലിച്ചു.

“കളിയോ?”

സുധ ഒരു ചിരിയോടെ പറഞ്ഞു.

‘ഇവിടത്തെ ക്ലബ്ബിലെ പിള്ളേരുടെ ക്രിക്കറ്റ് ടീമിന്റെ മാനേജരും കോച്ചും ആണെന്നും പറഞ്ഞാണ് ഇപ്പോൾ നടപ്പ്. ഇന്നെവിടെയോ ക്രിക്കറ്റ് ടൂർണമമെന്റ് ഉണ്ട്. അതിനു പിള്ളേരെയും കൊണ്ട് പോയേക്കുവാണ്.

അത് കേട്ട നവീന്റെ മുഖത്ത് ചിരി നിറഞ്ഞു.

വയസ് 55 കഴിഞ്ഞു നവീന്റെ രവി മാമന്. പക്ഷെ ഇപ്പോഴും ചെറുപ്പക്കാരുടെ ചുറുചുറുക്കോടെ ആണ് നടപ്പ്.

നവീന്റെ അച്ഛൻ വിജയൻറെ ഒരേയൊരു സഹോദരിയാണ് സുധ. സുധയുടെയും രവിയുടെയും പ്രണയ വിവാഹം ആയിരുന്നു. വീട്ടുകാരുടെ എതിർപ്പൊന്നും ഇല്ലാത്തതിനാൽ രണ്ടുവീട്ടുകാരുടെയും പൂർണ സമ്മതത്തോടെ വിവാഹം നടന്നു. 20 വർഷം ലണ്ടനിൽ ആയിരുന്നു രവി. പ്രവാസ ജീവിതം അവസാനിപ്പിച്ചിട്ട് കുറച്ചു വർഷങ്ങളായി. 20 വർഷം കൊണ്ട് ഒറ്റ മകൾ കാവ്യയ്ക്ക് വേണ്ടി ആവിശ്യത്തിലേറെ സമ്പാദിച്ച് കൂട്ടിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ വിശ്രമ ജീവിതത്തിൽ നാട്ടുകാര്യങ്ങളും ക്ലബ് പ്രവർത്തനങ്ങളും ആയി നടക്കുകയാണ് നവീന്റെ രവി മാമൻ.

കൈയിലെ കവർ അപ്പച്ചിയുടെ നേരെ നീട്ടികൊണ്ടു നവീൻ പറഞ്ഞു.

“ഇത് മാമന് കൊടുക്കാൻ തന്ന് വിട്ടതാണ് അച്ഛൻ.”

“കുപ്പി ആയിരിക്കും.”

ചിരിയോടെ അവൻ പറഞ്ഞു.

“മെനങ്ങാന്ന് സിംഗപ്പൂർ നിന്ന് വന്നപ്പോൾ മാമന് സ്പെഷ്യൽ ആയി അച്ഛൻ വാങ്ങി കൊണ്ട് വന്നതാണ്.”

അവന്റെ കൈയിൽ നിന്നും കവർ വാങ്ങുന്നതിനിടയിൽ സുധ ചോദിച്ചു.

“എന്നാൽ പിന്നെ നിന്റെ അച്ഛന് തന്നെ ഇത് ഇവിടെ കൊണ്ട് വന്നാൽ പോരായിരുന്നോ?”

അച്ഛൻ അതിനു ഇന്നലെ രാവിലെ തന്നെ ബിസിനസ് മീറ്റിങ്ങിനു ബാംഗ്ലൂർ പോയി.”

“ഇവിടന്ന് രണ്ടു കിലോമീറ്റെർ തികച്ചില്ല നിന്റെ വീട്ടിലേക്ക്. എങ്കിലും എന്റെ ഏട്ടന് ഇവിടേക്ക് വരാൻ സമയം ഇല്ല.”

അത് കേട്ട നവീൻ ഒന്ന് പുഞ്ചിരിക്ക് മാത്രം ചെയ്തു.

“ഇനിയെങ്കിലും എന്റെ ഏട്ടനെ വിശ്രമിക്കാൻ വിട്ടിട്ട് നിനക്ക് ബിസിനസ് ഒകെ നോക്കി നടത്തിക്കൂടേ.”

“ഒരു രണ്ടു വർഷം കൂടി ഞാൻ ഇങ്ങനെ നടന്നോട്ട്‌ എന്റെ പൊന്ന് അപ്പച്ചി. വീട്ടിലും ഇത് തന്നാണ് എന്നും സംസാരം.”

സുധയ്ക്കും രവിയ്ക്കും കാവ്യ ഒറ്റ മോളെന്നപോലെ വിജയനും ജയശ്രീക്കും ഒറ്റ മകനാണ് നവീൻ. MBA കഴിഞ്ഞു നിൽക്കുകയാണ്. വയസ് 25 കഴിഞ്ഞു. പ്രാരാബ്‌ധങ്ങൾ ഒന്നും ഇല്ലാത്തതിനാലും ആവശ്യത്തിലേറെ പണം അച്ഛൻ ഉണ്ടാക്കി വച്ചിരിക്കുന്നതിനാലും ഇപ്പോഴും ചുറ്റിക്കറങ്ങി നടക്കുകയാണ് അവൻ.

“കാവ്യ എവിടെ അപ്പച്ചി?”

“റൂമിൽ കാണും. ഏതോ കല്യാണത്തിന് പോകണമെന്നും പറഞ്ഞു കുളിച്ചൊരുങ്ങുന്നത് കണ്ടു.”

“ആഹ്, അവളുടെ കൂടെ പഠിച്ച കൂട്ടുകാരിയുടെ കല്യാണം.”

“നീയാണോ കൊണ്ട് പോകുന്നത് കാവ്യയെ?”

അവൻ മൂളുക മാത്രം ചെയ്തു.

“നിങ്ങളുടെ കല്യാണവും ഇനി അധികം നീട്ടികൊണ്ടു പോകാൻ പറ്റില്ല കേട്ടോ.”

നവീൻ അതിനു മറുപടിയായി ഒരു ചിരി സമ്മാനിച്ച് കാവ്യയുടെ റൂമിലേക്ക് നടന്നു.

നവീനെക്കാളും ഒരു വയസ് ഇളയതാണ് കാവ്യ. അവളും പഠിത്തമൊക്കെ കഴിഞ്ഞു നിൽക്കെയാണ്. ഒരു ജോലി ഉണ്ടായിരുന്നെങ്കിലും മടുപ്പ് കാരണം നിർത്തി. എപ്പോൾ വീട്ടിലും നവീനൊപ്പം കറക്കവുമായി നടക്കുന്നു. ചെറുപ്പത്തിൽ തന്നെ വീട്ടുകാർ തമ്മിൽ അവരുടെ കല്യാണം പറഞ്ഞു ഉറപ്പിച്ച് വച്ചിരിക്കുന്നതിനാൽ അവർ രണ്ടുപേരും ഒരുമിച്ചുള്ള ചുറ്റിക്കറക്കത്തിൽ രണ്ടു വീട്ടുകാർക്കും എതിർപ്പൊന്നും ഇല്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *