നിങ്ങൾ…….. അമ്മ അവിശ്വസനീയതയോടെ അത് പറഞ്ഞു തീർക്കാൻ പോലും ആകാതെ നിന്നുപോയി.
എനിക്ക് ഇവളോട് ഭ്രാന്താണന്ന്മ്മേ.. കുഞ്ഞിലെ തൊട്ട്.. എൻറെ പ്രാണനാണ് അവൾ………. ഞാൻ അമ്മയെ നോക്കി ഉറച്ച ശബ്ദത്തിൽ പറഞ്ഞു.. അമ്മയുടെ ശരീരം ഒന്ന് വിറച്ചത് ഞാൻ കണ്ടു.. എൻറെ പൊന്നമ്മയുടെ മാൻപേട മിഴികൾ ചുവന്നു കലങ്ങി.
അമ്മയുടെ മുഖത്ത് വല്ലാത്തൊരു വേദനയും ദയനീയതയും നിറഞ്ഞു… അമ്മ കുഞ്ഞിയെ നോക്കി.
നിക്ക്.. കണ്ണേട്ടൻ ഇല്ലാണ്ട് പറ്റില്ല.. വല്യേച്ചി ഇല്ലാണ്ടും പറ്റില്ല……… അവൾ അമ്മയെ നോക്കി അമ്മയുടെ ചോദ്യത്തിന് ഉത്തരം എന്നവണ്ണം പറഞ്ഞു.
ൻറെ അമ്മ ഇല്ലാണ്ടും എനിക്ക് തീരെ പറ്റില്ലട്ടോ……… അവളുടെ വാക്കുകളിൽ തറഞ്ഞു നിൽക്കുന്ന അമ്മയെ നോക്കി അവൾ കൂട്ടിച്ചേർത്തു കൊണ്ട് പറഞ്ഞു കുഞ്ഞു ചുണ്ടുകൾ വിതുമ്പിക്കൊണ്ട് അവൾ അമ്മയെ നോക്കിയതും ഞാൻ അവളെ എന്നിലേക്ക് ചേർത്തു പിടിച്ചു.
അമ്മ ഞങ്ങൾ മൂന്നു പേരെയും മാറിമാറി അൽപനേരം നോക്കി… ഞങ്ങളെ നോക്കി അമ്മ ഒന്ന് പുഞ്ചിരിച്ചു… അതുകണ്ട് എൻറെ സർവ്വ നാഡി ഞരമ്പുകളും തളരുന്നത് പോലെ തോന്നി എനിക്ക്… കാരണം അതിൽ വേദന മാത്രമായിരുന്നു നിറഞ്ഞുനിന്നത്.
ഞങ്ങളെ ഒന്നു കൂടി നോക്കിയിട്ട് അതേ പുഞ്ചിരിയോടെ അമ്മ യാന്ത്രികമായി മുറിയിലേക്ക് നടന്നു.
അമ്മ അവസാനം നോക്കിയ ആ നോട്ടം.. എന്താണ് അതിൻറെ അർത്ഥം.. നെഞ്ച് പൊട്ടിപ്പോകുന്ന പോലെ തോന്നി എനിക്ക്.. ഞാനൊന്നു വിങ്ങിക്കൊണ്ട് മുട്ടുകാലിൽ ഇരുന്ന നിമിഷം എൻറെ അപ്പുറവും ഇപ്പുറവും നിന്ന അല്ലിയും കുഞ്ഞിയും മുട്ടുകാലിൽ നിന്നുകൊണ്ട് എന്നെ ചുറ്റിപ്പിടിച്ച് എങ്ങൽ അടിച്ചു കരയുവാൻ തുടങ്ങി…
🌹🌹🌹
അടഞ്ഞുകിടക്കുന്ന വാതിലിലേക്ക് തന്നെ മിഴിയൂന്നി സോഫയിൽ ഞാനിരുന്നു.. എൻറെ ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ സമയത്തിന്റെ പാതയിലൂടെയാണ് ഞാൻ കടന്നുപോയത് എന്ന് തോന്നി എനിക്ക്.. സമയത്തിന് ഇത്രയും ലാഗ് ഉണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ.
മനസ്സിൽ അമ്മ നൽകി കടന്നുപോയ ആ ഒരു പുഞ്ചിരി മാത്രം തെളിഞ്ഞു നിന്നു.. ഹൃദയം തകർന്നൊരു വേദനയിൽ കുതിർന്ന ആ പുഞ്ചിരിക്ക് എൻറെ ഹൃദയത്തെ കീറിമുറിക്കുവാള്ള ശേഷിയുണ്ടായിരുന്നു.
അല്ലിയും കുഞ്ഞിയും എൻറെ കൈകളിൽ ചുറ്റി എൻറെ തോളിലേക്ക് മുഖം അമർത്തി വാതിലിലേക്ക് തന്നെ കണ്ണും നട്ട് ഇരിപ്പാണ്.. അമ്മ മുറിയിൽ കയറി വാതിൽ അടച്ചിട്ട് എത്ര സമയമായി എന്നുപോലും അറിയാതെ ഞങ്ങളിരുന്നു.
പെട്ടെന്ന് ഒരു ഞരക്കത്തോടെ വാതിൽ തുറക്കുന്ന ശബ്ദം.. ചോരയില്ലാത്ത മുഖവുമായി ഞാൻ വാതിൽ തുറന്ന് വെളിയിലേക്ക് ഇറങ്ങി ഞങ്ങളെ നോക്കുന്ന അമ്മയെ നോക്കി.
മുഖത്ത് ഒരു കല്ലിച്ച ഭാവം.. പൂച്ച കണ്ണുകളിൽ എന്തോ തീരുമാനം ഉറപ്പോടെ എടുത്തതുപോലെ എന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് അമ്മ ഞങ്ങൾക്കു നേരെ നടന്നു വന്നു.. ഞങ്ങൾ പോലും അറിയാതെ യാന്ത്രികമായി സോഫയിൽ നിന്നും എഴുന്നേറ്റു നിന്നു.
ഞാൻ എൻറെ തറവാട്ടിലേക്ക് പോകുന്നു.. നിങ്ങൾ ഭാര്യയും ഭർത്താവും.. പിന്നെ ഇവൾ നിങ്ങൾക്ക് എന്തായാലും. നിങ്ങൾക്ക് ആർക്കും ഒരു ശല്യം ആകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല………. നെഞ്ചിലേക്ക് കൈ കുറുകെ കെട്ടിക്കൊണ്ട് ഞങ്ങളെ നോക്കി അമ്മ ഒരു തീരുമാനം പോലെ പറഞ്ഞു… അമ്മയുടെ ആ വാക്കുകൾ കേട്ട് കുറച്ചുസമയത്തേക്ക് എനിക്ക് തലയിൽ ഇരുട്ടു കയറുന്നത് പോലെ തോന്നി.
ഞാൻ സമ്മതിക്കില്ല……. എൻറെ അടുത്തുനിന്ന് കുഞ്ഞി പറഞ്ഞുകൊണ്ട് റബ്ബർ പന്ത് പോലെ പറന്ന് അമ്മയുടെ മേത്തേക്ക് അള്ളിപ്പിടിച്ച് കിടന്നു കരയുവാൻ തുടങ്ങി.
ഞാൻ അമ്മയെ വിശ്വസിക്കാനാവാതെ നോക്കി നിന്നു… അല്ലിയുടെ കരച്ചിൽ എന്റെ വശത്തു നിന്നും ഉയർന്നു തുടങ്ങിയത് എനിക്ക് കേൾക്കാമായിരുന്നു.
എനിക്ക് ആർക്കും ഒരു ശല്യം ആകുവാൻ താല്പര്യമില്ല.. ഞാൻ പോകുന്നത് തന്നെയാണ് നല്ലത്.. എങ്കിൽ മാത്രമേ നിങ്ങൾക്ക് ഇവിടെ സന്തോഷമായി ജീവിക്കുവാൻ സാധിക്കും…….. കുഞ്ഞിയെ അമ്മയിൽ നിന്നും അടർത്തി മാറ്റി കൊണ്ട് അമ്മ എൻറെ കണ്ണുകളിൽ നോക്കി തന്നെ പറഞ്ഞു… എനിക്ക് ചുറ്റും ലോകം കറങ്ങുന്നതു പോലെ തോന്നി എനിക്ക്.. എന്തു ചെയ്യും.. വാക്കുകൾ പോലും തൊണ്ടയിൽ നിന്നും വരാതെ ഞാൻ വിഷമിച്ചു.
